പാളിപ്പോയ ‘കരടിപ്പിടിത്തം’
text_fieldsഅമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ഇസ്രായേലിലേക്ക് പറന്നുചെന്ന് നെതന്യാഹുവിനെ കെട്ടിപ്പിടിച്ചത് എന്തിനായിരുന്നു? അതുകൊണ്ട് എന്തു ഫലമാണ് നേടാനായത്?
കഴിഞ്ഞ ദിവസം ‘ജൂത രാഷ്ട്ര’ത്തിലേക്ക് ജോ ബൈഡൻ നടത്തിയ യാത്ര അതിന്റെ സത്തയും പ്രതീകാത്മകതയും വെച്ച് നോക്കുമ്പോൾ ഈ വർഷം ആദ്യം യുദ്ധത്തിൽ തകർന്ന യുക്രെയ്നിലേക്ക് അദ്ദേഹം നടത്തിയ യാത്രയുമായി പൊരുത്തപ്പെടേണ്ടതായിരുന്നു. യു.എസ്. സേനയുടെ നിയന്ത്രണത്തിലല്ലാത്ത ഒരു യുദ്ധമേഖലയിലേക്ക് ഒരു അമേരിക്കൻ പ്രസിഡന്റ് സന്ദർശനം നടത്തുന്നത് ഇത് രണ്ടാം തവണയാണ്.
കിഴക്കൻ യൂറോപ്പിലേക്ക് നടത്തിയ യാത്രക്കിടെ പോളണ്ടിലെത്തി നാറ്റോ രാജ്യങ്ങളെ റഷ്യക്കെതിരെ വിജയകരമായി ഒരുമിച്ച് അണിനിരത്തിക്കാൻ ബൈഡന് കഴിഞ്ഞിരുന്നുവെങ്കിൽ അഞ്ഞൂറോളം ഫലസ്തീനികളെ അറുകൊല ചെയ്ത് ഗസ്സയിലെ അൽ അഹ്ലി ആശുപത്രിക്ക് നേരെ നടന്ന ബോംബാക്രമണത്തെ തുടർന്ന് ജോർഡനിൽ നിശ്ചയിച്ചിരുന്ന അറബ്-അമേരിക്കൻ ഉച്ചകോടി റദ്ദാക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഈ യാത്രയുടെ വിലയിടിഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ബോംബാക്രമണത്തെ അപലപിച്ച അറബ് നേതാക്കൾ ഫലസ്തീനികളെ അവരുടെ മാതൃരാജ്യത്ത് നിന്ന് നിഷ്കാസിതരാക്കുന്നതിലേക്ക് നയിക്കുന്ന ‘മാനുഷിക ഇടനാഴി’ എന്ന അമേരിക്കയുടെ നിർദേശം തള്ളുകയും ചെയ്തു.
ഫെബ്രുവരിയിൽ വാർസോയിൽ ബൈഡന് വേണ്ടി ആർപ്പുവിളിച്ച വൻജനക്കൂട്ടത്തിൽനിന്ന് വ്യത്യസ്തമായി, ജോർഡാനികൾ ഈ ആഴ്ച ഇസ്രായേലിനും അമേരിക്കക്കുമെതിരെ ശക്തമായ പ്രകടനങ്ങൾ നടത്തി.
അതിനും പുറമെ, ലബനീസ് ഹിസ്ബുല്ലയും ഇസ്രായേൽ സൈന്യവും തമ്മിലെ അതിർത്തി സംഘർഷം രൂക്ഷമാകുകയും ഇസ്രായേൽ സിറിയയിലെ രണ്ട് വിമാനത്താവളങ്ങളിൽ ബോംബിടുകയും ചെയ്തതോടെ ഗസ്സ യുദ്ധം വ്യാപിപ്പിക്കുന്നതിനെതിരെ ബൈഡൻ നൽകിയ മുന്നറിയിപ്പുകളും ബധിരകർണങ്ങളിൽ ചെന്ന് വീണു.
പ്രാദേശികമായ തിരിച്ചടികൾ ബൈഡന്റെ യാത്രയുടെ നിറം മങ്ങിച്ചു, ഒപ്പം യുക്രെയ്നും ഇസ്രായേലും തമ്മിലെ കേന്ദ്ര വ്യത്യാസം എടുത്തു കാണിക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളും അമേരിക്കയുടെ സഖ്യകക്ഷികളാണെങ്കിലും, യുക്രെയ്നെതിരായി നടന്നത് റഷ്യയുടെ ക്രൂരമായ അധിനിവേശമാണ്, നേരേമറിച്ച് ഇസ്രായേൽ എന്ന അപാർതൈറ്റ് രാഷ്ട്രം ഫലസ്തീനികൾക്ക് മേൽ പതിറ്റാണ്ടുകളായി അധിനിവേശ ക്രൂരത അഴിച്ചുവിടുകയാണ്. അമേരിക്കയുടെ സ്വന്തക്കാരാണെന്നതിന്റെ പേരിൽ മാത്രം ഇരുരാജ്യങ്ങളെയും ഇരകളായി ചിത്രീകരിക്കുന്നത് അന്യായ കാപട്യമാണ്.
എന്നുവെച്ച്, പശ്ചിമേഷ്യയിലെ രോഷമൊന്നും പ്രസിഡന്റിനെ തളർത്തിയില്ല. അദ്ദേഹം നീതിമാനായ ഇസ്രായേലിനായുള്ള സ്തുതികൾ ആവർത്തിച്ചും ഐസിസ് പോലുള്ള ഹമാസിന്റെ തിന്മയെ പ്രതിരോധിക്കാനുള്ള അവരുടെ അവകാശത്തെ ഉയർത്തിപ്പിടിച്ചും തന്റെ നിലപാടിൽ ഉറച്ചുനിന്നു. നെതന്യാഹു സർക്കാറിനുള്ള അമേരിക്കയുടെ അസന്ദിഗ്ധമായ പിന്തുണ ഉറപ്പിച്ചു പറഞ്ഞ ബൈഡൻ ആശുപത്രിക്ക് നേരെ നടന്ന ബോംബാക്രമണത്തിന് ഫലസ്തീനികളെയാണ് കുറ്റപ്പെടുത്തിയത്.
സമയവും, അധ്വാനവും പാഴാക്കാതെ, റിസ്കുകളെല്ലാം ഒഴിവാക്കി ബൈഡന് ഈ പ്രസ്താവനകൾ വൈറ്റ്ഹൗസിലിരുന്ന് പുറപ്പെടുവിച്ചാൽ മതിയായിരുന്നു എന്നിരിക്കെ ഇത്ര കഷ്ടപ്പെട്ട് കടൽകടന്ന് വന്ന് കണ്ട് ഇസ്രായേലികളെ ആശ്ലേഷിച്ചത് എന്തിനാവും എന്ന ചോദ്യമുയരുന്നു.
ബൈഡൻ ഒരു വല്ലാത്ത കെട്ടിപ്പിടിത്തക്കാരനാണ് എന്നതാണ് കാരണം. ഇസ്രായേലിൽ കാലുകുത്തിയപാടെ തന്നെ അദ്ദേഹം ഉത്കണ്ഠാകുലനായ പ്രധാനമന്ത്രിയേയും പ്രസിഡന്റിനേയും കെട്ടിപ്പിടിക്കാനോടി. സഹ സയണിസ്റ്റുകൾ തമ്മിലെ ഊഷ്മളമായ, സ്നേഹനിർഭരമായ ആലിംഗനവും ഹസ്തദാനവും നടന്നു.
ആ ക്ലാസിക് ആലിംഗനത്തിലും വൈകാരികമായ ആശംസയിലും മയങ്ങിയ മാധ്യമങ്ങൾ അതിനെ വികാര തീവ്രതയോടെ തന്നെ അവതരിപ്പിച്ചു. പക്ഷേ, ഒരു അമേരിക്കൻ പ്രസിഡന്റിന്റെ ആലിംഗനം ഒരിക്കലും നിഷ്കളങ്കമായിരിക്കില്ല.
യുക്രെയ്നോ ഇസ്രായേലോ ആവട്ടെ, ഞെട്ടലിലും നടുക്കത്തിലും നിൽക്കുന്ന ഒരു ദുർബലമായ സഖ്യകക്ഷിയെ ഒരു വൻശക്തി ആലിംഗനം ചെയ്യുമ്പോൾ അതിനർഥം അവർക്ക് അഭയം നൽകുന്നു എന്ന് മാത്രമല്ല, അവരുടെ സ്വഭാവം തങ്ങൾക്കനുസൃതമായി രൂപപ്പെടുത്തുന്നു എന്നു കൂടിയാണ്. അതായത് ക്ലാസിക്കൽ ആയി തോന്നിയ ബൈഡന്റെ കെട്ടിപ്പിടിത്തം തന്ത്രപരമായ ഒരു ‘കരടിപ്പിടിത്തം’ തന്നെയായിരുന്നു.
ബൈഡൻ ഇസ്രായേലിന് വ്യക്തമായ പിന്തുണ നൽകി, കിഴക്കൻ മെഡിറ്ററേനിയനിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയച്ചുകൊടുത്തു, ഇസ്രായേലി സഹനങ്ങളോട് സഹാനുഭൂതി പ്രകടിപ്പിച്ചു, വാർഷിക സൈനിക സഹായമായ നാല് ബില്യൺ ഡോളറിന്റെ സ്ഥാനത്ത് 14 ബില്യൺ ഡോളറിന്റെ അധിക സഹായം വാഗ്ദാനം ചെയ്തു.
എന്നാൽ 9/11 ന് ശേഷം രോഷംപൂണ്ട് യു.എസ് വരുത്തിവെച്ച പിഴവുകൾ ആവർത്തിക്കരുതേയെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകി, ഗസ്സ വീണ്ടും പിടിച്ചടക്കുക എന്ന ‘വൻതെറ്റി’ നെതിരെ താക്കീതും നൽകി. ഫലസ്തീനി സിവിലിയന്മാരെ ഉപദ്രവിക്കുന്നത് ഒഴിവാക്കണമെന്നും ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ അനുവദിക്കണമെന്നും ഇസ്രായേലിനോട് അഭ്യർഥിച്ചു.
അതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. ചരിത്രപരമായ വിശകലനം നടത്തുമ്പോൾ, ഇപ്പോൾ നെതന്യാഹുവിന് ആവശ്യമുള്ളതെല്ലാം അമേരിക്കൻ പ്രസിഡന്റിൽനിന്ന് ലഭിച്ച സ്ഥിതിക്ക് ഒരു മുന്നറിയിപ്പും അദ്ദേഹം പാലിക്കാൻ സാധ്യതയില്ല, അതായത് മറ്റൊരു പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴക്കാൻ അദ്ദേഹം മടിക്കില്ല. കരടി ആലിംഗന തന്ത്രത്തിന്റെ പോരായ്മകൾക്ക് ഇത് അടിവരയിടുന്നു.
സത്യത്തിൽ, ആലിംഗന തന്ത്രത്തിന്റെ പ്രധാന പോരായ്മ ഇസ്രായേലിന്റെ സവിശേഷമായ ധാര്ഷ്ട്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇസ്രായേലി നേതാക്കൾ, പ്രത്യേകിച്ച് വലതുപക്ഷക്കാർ ദേശസുരക്ഷയുടെ കാര്യത്തിൽ യു.എസ് രക്ഷാകർതൃത്വം വകവെക്കാത്ത അതിദേശീയതാവാദികളാണ്.
ഏറെക്കാലമായി ഇസ്രായേലികൾ അമേരിക്കയുടെ പണവും പടക്കോപ്പുകളും പിന്തുണയും സ്വീകരിച്ചുപോരുന്നു, എന്നാൽ ഫലസ്തീനെയും പശ്ചിമേഷ്യയെയും സംബന്ധിച്ച അവരുടെ ഉപദേശം പൊതുവെ നിരസിക്കുന്നു.
ഇതേ നെതന്യാഹു പണ്ട് ഒബാമയുടെയും ബൈഡന്റെയും കരടി ആലിംഗന തന്ത്രത്തിന് തുരങ്കം വെച്ചിട്ടുണ്ട്. 2013 മാർച്ചിൽ തന്റെ ആദ്യ സന്ദർശനത്തിനായി ഇസ്രായേലിൽ ചെന്നിറങ്ങിയ ഉടൻ ഒബാമ നെതന്യാഹുവിന് ആലിംഗനം നൽകി, ഇസ്രായേലിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചു.
അദ്ദേഹത്തിന്റെ സുപ്രധാന സന്ദർശന ശേഷം 10 വർഷം കൊണ്ട് 38 ബില്യൺ ഡോളറിന്റെ സൈനിക സഹായത്തിന് പുറമേ, അത്യാധുനിക യുദ്ധവിമാനങ്ങളും നൽകി. ഇതുകൊണ്ടൊന്നും ഫലസ്തീനിലെ അനധികൃത കടന്നുകയറ്റം വ്യാപിപ്പിക്കുന്നതിൽനിന്ന് ഇസ്രായേലിനെ തടുത്തുനിർത്താൻ സാധിച്ചില്ല. അതല്ലെങ്കിൽ ഇറാൻ ആണവകരാറിനോടുള്ള ഉഗ്രമായ എതിർപ്പ് കുറക്കാൻ പോലും സഹായിച്ചില്ല.
അമേരിക്കൻ കരടിപ്പിടിത്തത്തിന്റെ മറ്റൊരു പ്രശ്നം ഇസ്രായേലിന്റെ അതിപ്രബലമായ യു.എസ് ലോബിയിലാണ്. അമേരിക്കക്ക് അതിന്റെ തന്ത്രപരവും സാമ്പത്തികവുമായ സ്വാധീനം ചെറുതോ വലുതോ സമ്പന്നരോ ദരിദ്രരോ ആയ ഏതൊരു സഖ്യകക്ഷിക്കു മേലും ചുമത്താൻ കഴിഞ്ഞേക്കും, എന്നാൽ ഇസ്രായേലിന്മേൽ യഥാർഥ സമ്മർദം നിലനിർത്താൻ അതിന് സാധിക്കില്ല, അമേരിക്കൻ പാർലമെന്റിന്റെ ഇരുസഭകളും അവർക്ക് പിന്നിൽ ശക്തമായി നിലകൊള്ളുന്നുണ്ട്.
വാഗ്ദത്ത ഭൂമി എന്ന പുസ്തകത്തിൽ ഒബാമ എഴുതിയതുപോലെ: ‘‘ഇസ്രായേലിന് അമേരിക്കയുടെ അചഞ്ചലമായ പിന്തുണ ഉറപ്പാക്കാൻ സമർപ്പിതമായ ഉഭയകക്ഷി ലോബിയിങ് സംഘടനയായ അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റിയെ മറികടക്കുന്നതിൽ ഇരു പാർട്ടികളിലെയും അംഗങ്ങൾ ആശങ്കാകുലരാണ്’’.
മാത്രമല്ല, ഈ കരടി ആലിംഗനം അമേരിക്ക ഇസ്രായേലിന്റെ കീശയിലാണെന്ന പ്രതീതി പകരുന്നു, പ്രത്യേകിച്ചും യു.എസിലെ ജനപ്രതിനിധികൾ ഇസ്രായേലിനോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ മത്സരിക്കുന്ന സാഹചര്യത്തിൽ. ബൈഡൻ ഈ ആഴ്ച ട്രംപിനെ പോലും നാണിപ്പിച്ചിട്ടുണ്ടാവും.
ഗസ്സയുടെ നാശത്തെ ന്യായീകരിച്ചത് അറബികളെ പ്രകോപിപ്പിക്കുകയും അവർക്കിടയിലെ യു.എസ് അനുകൂല നേതാക്കളെ പോലും ഈ പ്രക്രിയയിൽനിന്ന് അകറ്റിക്കളയുകയും ചെയ്തു. പരസ്യമായി പറഞ്ഞതിനേക്കാൾ വ്യക്തമായ സ്വരത്തിൽ ബൈഡൻ ഇസ്രായേലികളോട് സ്വകാര്യസംസാരം നടത്തുന്നുണ്ടാവാം, എന്നിരിക്കിലും രാഷ്ട്രീയമെന്നാൽ പ്രത്യക്ഷബോധമാണ്.
എല്ലാത്തിനുമുപരി, ഈ ജൂനിയർ സഖ്യകക്ഷിയോട് വർഷങ്ങളായി അമേരിക്ക തുടർന്നു പോരുന്ന പ്രീണനം അതിന്റെ നയം രൂപപ്പെടുത്തുന്നതിൽ പരാജയമായിരുന്നു; അതേസമയം അന്ത്യശാസനങ്ങളും ഭീഷണികളും മികച്ച ഫലം സൃഷ്ടിച്ചു.
മടങ്ങിയെത്തിയ ശേഷം നടത്തിയ പ്രസംഗത്തിലും ബൈഡൻ ഇസ്രായേലിനുള്ള നിരുപാധിക പിന്തുണ ആവർത്തിച്ചു. തന്ത്രം പാളുകയും പശ്ചിമേഷ്യ വീണ്ടും പൊട്ടിത്തെറിക്കുകയും ചെയ്തതതോടെ കാര്യമായ ഒരു നേട്ടം പോലും എടുത്തുകാട്ടാൻ അദ്ദേഹത്തിന് സാധിക്കാതെ പോയി.
(ലേഖകൻ അൽ ജസീറയുടെ മുതിർന്ന രാഷ്ട്രീയ നിരീക്ഷകനാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.