ക്രൈസ്തവരെ സ്വാധീനിക്കാൻ ബി.ജെ.പിക്കാവില്ല
text_fieldsഎൽ.ഡി.എഫിനൊപ്പം ചേർന്നശേഷം ആദ്യമായി പൊതു തെരഞ്ഞെടുപ്പ് നടക്കവേ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി രാഷ്ട്രീയ സാധ്യതകളും സാഹചര്യങ്ങളും ‘മാധ്യമ’വുമായി പങ്കുവെക്കുന്നു. പാർട്ടിയെ യു.ഡി.എഫ് ആട്ടിപ്പുറത്താക്കിയതാണെന്നും എൽ.ഡി.എഫ് മാന്യമായ പരിഗണന നൽകിയെന്നും പറയുന്നു അദ്ദേഹം
ലോക്സഭ തെരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു?
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ്. കഴിഞ്ഞ പത്ത് വർഷത്തെ ബി.ജെ.പി ഭരണം പരിശോധിച്ചാൽ ഫെഡറൽ സംവിധാനത്തിന്റെ ദയാവധമാണ് നടക്കുന്നത്. ആരും അറിയാതെ നിയമഭേദഗതികൾ വരുത്തി സംസ്ഥാനങ്ങളുടെ അധികാരവും ജനങ്ങളുടെ സ്വാതന്ത്ര്യവും സംസ്കാരവും വിശ്വാസവുമെല്ലാം ഇല്ലാതാക്കുകയാണ്. ഇനിയും ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029ൽ തെരഞ്ഞെടുപ്പ് പോലും നടത്താൻ അവർ തയാറാകുമെന്ന് തോന്നുന്നില്ല. അതിനാൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ബി.ജെ.പിക്കെതിരെ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക തന്നെ ചെയ്യും.
കേരള കോൺഗ്രസ് -എമ്മിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം?
പാർട്ടി എൽ.ഡി.എഫിൽ എത്തിയ ശേഷം നടക്കുന്ന ആദ്യ ലോക്സഭ തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് മുമ്പില്ലാത്ത വലിയ നേട്ടം കൈവരിക്കാൻ കേരള കോൺഗ്രസ് എമ്മിന്റെ സാന്നിധ്യം കൊണ്ട് സാധിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ പാർട്ടിക്കും സാധിച്ചു. കോട്ടയത്ത് ഒരു സീറ്റിൽ മാത്രമാണ് പാർട്ടി സ്ഥാനാർഥി മത്സരിക്കുന്നതെങ്കിലും 20 മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയത്തിനുവേണ്ടി പാർട്ടി പ്രവർത്തകർ പ്രയത്നിക്കും. കോട്ടയത്തെ ജനങ്ങൾ ഇക്കുറിയും തോമസ് ചാഴികാടനെ തന്നെ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുക്കും.
സംസ്ഥാനത്ത് ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൽ.ഡി.എഫ് പ്രചാരണം ആരംഭിച്ച മണ്ഡലമാണിത്. ഈ മണ്ഡലത്തിൽ ജനിച്ച് കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളിൽ രണ്ടില ചിഹ്നത്തിൽ മത്സരിച്ച ചാഴികാടന് വോട്ടർമാർക്കിടയിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. മറ്റൊരു പ്രദേശത്ത് നിന്നുള്ള, പല മുന്നണികളിൽ പല ചിഹ്നങ്ങളിൽ മത്സരിച്ച വ്യക്തിയാണ് എതിർ സ്ഥാനാർഥി. അതൊക്കെ മനസ്സിലാക്കാൻ ശേഷിയുള്ളവരാണ് കോട്ടയത്തെ വോട്ടർമാർ.
യു.ഡി.എഫിൽനിന്ന് ജയിച്ച് മറുകണ്ടം ചാടിയെന്ന പ്രചാരണത്തെ എങ്ങനെ അതിജീവിക്കും?
മറുകണ്ടം ചാടിയതല്ല, ഞങ്ങളെ ഇല്ലായ്മ ചെയ്യാൻ ഒരു കാരണവുമില്ലാതെ യു.ഡി.എഫിൽനിന്ന് പുറത്താക്കിയതാണ്. എന്നിട്ടും ഞങ്ങൾ പ്രതീക്ഷയോടെ മാസങ്ങൾ കാത്തിരുന്നു. അവഗണന തുടർന്നപ്പോഴാണ് രണ്ടുകൈയും നീട്ടി സ്വീകരിച്ച എൽ.ഡി.എഫിനൊപ്പം പോയത്. എൽ.ഡി.എഫിൽ ഞങ്ങൾക്ക് നല്ല പരിഗണനയാണ് ലഭിച്ചത്. നിയമസഭയിൽ മത്സരിക്കാൻ 13 സീറ്റുകളും രാജ്യസഭ സ്ഥാനവും നൽകി. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നിൽ കൂടുതൽ സീറ്റിന് പാർട്ടിക്ക് അർഹതയുണ്ട്.
എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ദേശീയ പാർട്ടികൾ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നതാണ് ഉചിതമെന്നും മുന്നണി ബന്ധങ്ങൾക്ക് കോട്ടമുണ്ടാകരുതെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഒരു സീറ്റിൽ മാത്രം മത്സരിക്കുന്നത്. എൽ.ഡി.എഫ് സർക്കാർ പല നയപരമായ തീരുമാനങ്ങളും പാർട്ടിയുടെ കൂടി അഭിപ്രായം കേട്ടശേഷമാണ് കൈക്കൊള്ളുന്നത്. എന്റെ കാലാവധി അവസാനിച്ചാൽ വീണ്ടും രാജ്യസഭാംഗത്വം നൽകുമോയെന്നത് മുന്നണിയും പാർട്ടിയുമൊക്കെ തീരുമാനിക്കേണ്ട കാര്യമാണ്. അതിനെക്കുറിച്ച് അഭിപ്രായം ഇപ്പോൾ പറയേണ്ട കാര്യവുമല്ല.
ക്രൈസ്തവ വിഭാഗങ്ങളെ സ്വാധീനിക്കാനുള്ള ബി.ജെ.പി ശ്രമം വിജയിക്കുമോ?
ക്രൈസ്തവ സഭകൾക്ക് രാഷ്ട്രീയമില്ല. ഒരു തെരഞ്ഞെടുപ്പിലും പരസ്യമായി അവർ അഭിപ്രായം പ്രകടിപ്പിക്കാറുമില്ല. എന്നിട്ടും രാഷ്ട്രീയ പാർട്ടികൾ അവരുടെ പിന്തുണ തേടിയെത്താറുണ്ട്. അതിനെ നിരുത്സാഹപ്പെടുത്താൻ സഭകൾ ശ്രമിക്കാറുമില്ല. എന്നാൽ, ചില വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ അവർക്കുണ്ട്. അത് അവർ പ്രകടിപ്പിക്കുകയും ചെയ്യും. ക്രൈസ്തവ സഭകളെ ലക്ഷ്യമിട്ട് ബി.ജെ.പി കേരളത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ വിജയിക്കില്ല. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെല്ലാം മനസ്സിലാക്കുന്നവരാണ് ഈ വിഭാഗം. പക്ഷേ, തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്ന സ്വതന്ത്രന്മാരെ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ മുമ്പും പലകുറി വിജയിച്ച ചരിത്രമുണ്ട്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച് ജയിക്കുന്നവരെ പ്രലോഭിപ്പിച്ച് തങ്ങളുടെ ഇരയാക്കാൻ അവർക്ക് സാധിക്കുന്നു. അക്കാര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗരൂകരാകേണ്ടതുണ്ട്.
ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ആരും ബി.ജെ.പിക്കൊപ്പം പോകില്ല. എന്നാൽ, കോൺഗ്രസിൽനിന്ന് കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോവുകയാണ്. അപ്പോൾ കോൺഗ്രസിൽ എന്തോ പ്രശ്നമുണ്ട്. അവർ അതിനെക്കുറിച്ച് അന്വേഷിക്കുന്നതാകും ഉചിതം. ഇ.ഡി ഉൾപ്പെടെ സംവിധാനങ്ങളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു എന്നതിൽ എന്താണ് സംശയം. പലരുടെയും കൂടാരം മാറ്റത്തിന് പിന്നിലും അതാണ്. സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല.
എൽ.ഡി.എഫ് സർക്കാറിന്റെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു, ജനങ്ങൾക്കിടയിൽ അതൃപ്തിയും ആരോപണങ്ങളും വ്യാപകമല്ലേ?
ഏഴെട്ട് വർഷമായി ഒരു മുന്നണി സർക്കാർ ഭരിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ മടുപ്പ് മാത്രമാണ് കാണുന്നത്. അല്ലാതെ ഭരണത്തിന്റെ പ്രശ്നമല്ല. മുന്നണികൾ മാറിമാറി ഭരിക്കുന്ന രീതിയാണ് മുൻകാലങ്ങളിൽ കേരളത്തിലുണ്ടായിരുന്നത്. ആ രീതി മാറിയതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമായി ഇതിനെ കണ്ടാൽ മതി. ഇച്ഛാശക്തിയോടെ ഈ സർക്കാർ ഓരോ കാര്യങ്ങൾ നടപ്പാക്കുമ്പോൾ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ട്.
എന്നാൽ, ഒരു ആരോപണംപോലും തെളിയിക്കാൻ അവർക്ക് സാധിക്കുന്നില്ല. കേരളത്തിന്റെ ആവശ്യം നേടിയെടുക്കാൻ കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാൻ പോലും തയാറാകാത്ത പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. എൽ.ഡി.എഫിനെ ശക്തിപ്പെടുത്താൻ, യോജിക്കാൻ കഴിയുന്ന ഏത് രാഷ്ട്രീയ പാർട്ടി വന്നാലും കേരള കോൺഗ്രസ് എമ്മിന് വിയോജിപ്പില്ല. മുസ്ലിം ലീഗിന്റെ കാര്യത്തിലും പാർട്ടിക്ക് ഇതേ നിലപാടാണ്.
രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതിനെക്കുറിച്ച് ?
ബി.ജെ.പിക്ക് യാതൊരു സ്വാധീനവുമില്ലാത്ത ഒരു മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെപ്പോലൊരു നേതാവ് വന്ന് മത്സരിക്കുന്നതിന്റെ സാംഗത്യം എന്താണ്? ബി.ജെ.പിയെ അധികാരത്തിൽനിന്ന് ഒഴിവാക്കാൻ രൂപം നൽകിയ ‘ഇൻഡ്യ’ മുന്നണി സംവിധാനത്തിന് വിരുദ്ധമായ തെറ്റായ സന്ദേശമാണിത് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.