ഭീകര വിരുദ്ധ പോരാട്ടത്തിൽ സർക്കാറിന് ഇരട്ട നിലപാട്
text_fieldsമാവോവാദി സാഹിത്യമടങ്ങുന്ന ലഘുലേഖ കൈവശംവെച്ചുവെന്നാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് കേസന്വേഷണം എൻ.ഐ.എയെ ഏൽപിച്ച സർക്കാർ എന്തുകൊണ്ട് കളമശ്ശേരി സ്ഫോടനക്കേസിൽ യു.എ.പി.എ ചുമത്താനോ കേസന്വേഷണം എൻ.ഐ.എയെ ഏൽപിക്കാനോ ശുഷ്കാന്തി കാണിച്ചില്ല?2023 ഒക്ടോബർ 29ന് കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ വേദിയിലുണ്ടായ സ്ഫോടനം കേരളപ്പിറവിക്കുശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം തന്നെയായിരുന്നു. എട്ടുപേർ...
മാവോവാദി സാഹിത്യമടങ്ങുന്ന ലഘുലേഖ കൈവശംവെച്ചുവെന്നാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് കേസന്വേഷണം എൻ.ഐ.എയെ ഏൽപിച്ച സർക്കാർ എന്തുകൊണ്ട് കളമശ്ശേരി സ്ഫോടനക്കേസിൽ യു.എ.പി.എ ചുമത്താനോ കേസന്വേഷണം എൻ.ഐ.എയെ ഏൽപിക്കാനോ ശുഷ്കാന്തി കാണിച്ചില്ല?
2023 ഒക്ടോബർ 29ന് കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ വേദിയിലുണ്ടായ സ്ഫോടനം കേരളപ്പിറവിക്കുശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം തന്നെയായിരുന്നു. എട്ടുപേർ കൊല്ലപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കുപറ്റുകയും ചെയ്ത കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ഡൊമിനിക് മാർട്ടിൻ എന്ന വ്യക്തി കൊടകര പൊലീസ് സ്റ്റേഷനിൽ ഹാജരായെങ്കിലും സംഭവത്തിനു പിന്നിലെ ഗൂഢാലോചന ഇനിയും വെളിവായിട്ടില്ല. കളമശ്ശേരി പൊലീസ് നിയമവിരുദ്ധ പ്രവർത്തനം (തടയൽ) നിയമം (യു.എ.പി.എ) അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് കുറ്റപത്രത്തിൽ നിന്ന് യു.എ.പി.എ വകുപ്പുകൾ നീക്കിയതായി മനസ്സിലാക്കുന്നു. ഭീകരതയോട് ഈ സർക്കാറിന്റെ സമീപനം എപ്രകാരമാണ് എന്നതാണ് ഈ നടപടിയിലൂടെ വ്യക്തമാവുന്നത്.
2008ലെ മുംബൈ സ്ഫോടന പരമ്പരയെ തുടർന്നാണ് 1967ലെ ഭീകര വിരുദ്ധനിയമം (യു.എ.പി.എ) പാടേ ഉടച്ചുവാർത്തത്.പുതുതായി ചേർത്ത 15-ാം വകുപ്പനുസരിച്ച് സ്ഫോടക വസ്തുക്കളോ ആസിഡ് തുടങ്ങിയ മറ്റ് മാരക വസ്തുക്കളോ ഉപയോഗിച്ച് മനുഷ്യനെ കൊല്ലുകയോ പരിക്കേൽപിക്കുകയോ കൊല്ലാൻ ശ്രമിക്കുകയോ ഭീകരത അഴിച്ചുവിടാൻ സാഹചര്യമുണ്ടാക്കുകയോ ചെയ്യുന്ന ഏതൊരു കൃത്യവും ഭീകരപ്രവർത്തനമാണ്. ചുമത്തപ്പെട്ട കുറ്റം നിലനിൽക്കുന്നതല്ലെന്നും പ്രതി നിരപരാധിയാണെന്നും പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികൾക്ക് ജാമ്യം ലഭിക്കുകയുള്ളൂ.
ഭീകരതയോട് ഒരുവിധ വിട്ടുവീഴ്ചയുമില്ലെന്ന് വീമ്പു പറയുന്ന കേന്ദ്ര - സംസ്ഥാന സർക്കാറുകളിലെ ഉന്നത സ്ഥാനീയർ കളമശ്ശേരി സ്ഫോടനം അർഹിക്കുന്ന ഗൗരവത്തിൽ അന്വേഷിക്കാൻ തയാറാവുന്നില്ലെന്നത് തികച്ചും അപലപനീയമാണ്. സംസ്ഥാന സർക്കാർ ആരംഭത്തിൽത്തന്നെ യു.എ.പി.എ ചുമത്തി കേന്ദ്ര സർക്കാറിന് എൻ.ഐ.എ ആക്ട് പ്രകാരം വിവരമറിയിക്കേണ്ടതായിരുന്നു; അതുണ്ടായില്ല. സംസ്ഥാന സർക്കാറിന് വീഴ്ച സംഭവിച്ചെങ്കിൽ എൻ.ഐ.എ ആക്ട് 6-ാം വകുപ്പ് 2-ാം ഉപവകുപ്പ് അനുശാസിക്കും വിധം രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു ഭീകരപ്രവർത്തനമെന്ന നിലയിൽ കേന്ദ്ര സർക്കാറിന് നേരിട്ട് കളമശ്ശേരി സംഭവം എൻ.ഐ.എക്കൊണ്ട് അന്വേഷിപ്പിക്കാമായിരുന്നു; അതുമുണ്ടായില്ല. സംഭവം ആസൂത്രണം ചെയ്ത രീതിമാത്രം പരിശോധിച്ചാൽ കളമശ്ശേരി ഭീകരാക്രമണത്തിനു പിന്നിൽ വൻ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും ഒരിക്കലും ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്ന ആശയമല്ലായെന്നും ബോധ്യപ്പെടുന്നതാണ്. ഇതൊരു ഭീകര പ്രവർത്തനമാണെന്ന യാഥാർഥ്യം വിസ്മരിച്ച് യു.എ.പി.എ വകുപ്പുകൾ ചുമത്താൻ ആവശ്യമായ അനുമതി നിഷേധിച്ച സർക്കാർ നിലപാട് തികച്ചും ദൗർഭാഗ്യകരമാണ്.
സർക്കാറുകളുടെ ഇരട്ടത്താപ്പ്
രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിൽപോലും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ജാഗ്രത പുലർത്തുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് കളമശ്ശേരി സ്ഫോടനക്കേസ് കൈകാര്യം ചെയ്യുന്നതിലെ കുറ്റകരമായ വീഴ്ച. അലൻ ശുഹൈബ്, താഹ ഫസൽ എന്നീ ചെറുപ്പക്കാരെ മാവോവാദി സാഹിത്യമടങ്ങുന്ന ലഘുലേഖ കൈവശംവെച്ചുവെന്നാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് കേസന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ എൻ.ഐ.എയെ ഏൽപിച്ച സർക്കാർ എന്തുകൊണ്ട് കളമശ്ശേരി സ്ഫോടനക്കേസിൽ യു.എ.പി.എ ചുമത്താനോ കേസന്വേഷണം എൻ.ഐ.എയെ ഏൽപിക്കാനോ ശുഷ്കാന്തി കാണിച്ചില്ല? അലനും താഹയും ഏതെങ്കിലും ഭീകര സംഘടനകളിലും അംഗമല്ലാഞ്ഞിട്ടുപോലും അവർക്കെതിരെ യു.എ.പി.എ ചുമത്തുകയുണ്ടായി.
ഭീകര സംഘടനയിൽ അംഗമായാൽ മാത്രം പോര, ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതിനു തെളിവുണ്ടെങ്കിലേ യു.എ.പി.എ ചുമത്താവൂവെന്ന സുപ്രീംകോടതി വിധിപോലും കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു അനിഷ്ടമുള്ള ആ രണ്ട് ചെറുപ്പക്കാർക്കെതിരെ കേരള സർക്കാർ യു.എ.പി.എ ചുമത്തിയതും മാസങ്ങളോളം ജയിലിലടച്ചതും. ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് യുവതി ബലാത്സംഗക്കൊലക്കിരയായ സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദീഖ് കാപ്പൻ എന്ന മലയാളി മാധ്യമ പ്രവർത്തകനെ യു.എ.പി.എ ചുമത്തി മാസങ്ങളോളം തടവിലാക്കിയ ഉത്തർപ്രദേശ് സർക്കാർ നടപടിയും സമാനമാണ്.
ഭീകര പ്രവർത്തനം നടത്തിയവർക്കെതിരെ ഭീകര വിരുദ്ധ നിയമം ചുമത്താതെ ഉദാസീന നയം സ്വീകരിക്കുകയും നിരപരാധികൾക്കെതിരെ കർശന നിയമങ്ങൾ ചുമത്താൻ അത്യുത്സാഹം കാണിക്കുകയും ചെയ്യുന്ന സർക്കാറുകളുടെ ഏകപക്ഷീയവും വിവേചനപരവുമായ നടപടികൾ, നീതിനിഷേധവും രാജ്യസുരക്ഷയുടെ വിഷയത്തിൽ പുലർത്തുന്ന കുറ്റകരമായ അനാസ്ഥയും ഫലത്തിൽ രാജ്യത്തോടും പൗരന്മാരോടുമുള്ള അനീതിയുമാണ്.
(മുൻ കേരള ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.