ഹിന്ദുവായ ഞങ്ങൾ മൂന്നുമക്കൾ; മുസ്‍ലിമായ വളർത്തുമകൻ; ഞങ്ങൾ ഒരുമിച്ചാണ് അമ്മയെ യാത്രയാക്കിയത്
text_fieldsമലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി എന്ന കമല സുരയ്യ. എഴുത്തും ജീവിതവും ഒക്കെ എപ്പോഴും വിവാദങ്ങളാൽ വലയംചെയ്യപ്പെട്ട എഴുത്തുകാരി. അവർ ഇസ്‍ലാം മതം സ്വീകരിച്ചത് കേരളത്തിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അത് സംബന്ധിച്ച് ഏറെ വ്യാജപ്രചാരണങ്ങളും നടന്നിരുന്നു. മാധവിക്കുട്ടിയിൽനിന്ന് കമല സുരയ്യയായി മാറിയ എഴുത്തുകാരിയെ കുറിച്ച പലരും അസത്യങ്ങൾ പ്രചരിപ്പിച്ചു. പ്രണയത്തിൽ കുടുങ്ങിയാണ് മാധവിക്കുട്ടി മതംമാറിയതെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തക ലീലാമേനോൻ ആയിരുന്നു ഈ പ്രചാരണങ്ങളിൽ മുൻപന്തിയിൽ.
കേരളത്തിലെ പ്രമുഖനായ ഒരു മുസ്‍ലിം മതപണ്ഡിതനുമായി മാധവിക്കുട്ടിക്ക് പ്രണയമാണെന്നും അദ്ദേഹം പറഞ്ഞിട്ടാണ് മതം മാറിയതെന്നും വിവിധ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ, താൻ ഇസ്ലാമിലേക്ക് എങ്ങനെയാണ് എത്തിയതെന്ന് നിരവധി അഭിമുഖങ്ങളിൽ കമല സുരയ്യ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താൻ കൽക്കത്തയിൽ ആയിരിക്കെ രണ്ട് മുസ്‍ലിം കുട്ടികളെ വീട്ടിൽ ദത്തെടുത്ത് വളർത്തിയിരുന്നെന്നും അവരിൽനിന്നും നിരവധി കാര്യങ്ങൾ പഠിച്ചിരുന്നെന്നും അതിനുശേഷമാണ് ഇസ്ലാമിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കിയതെന്നും അവർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
ഇപ്പോൾ മാധവിക്കുട്ടിയുടെ ദത്തുമകനായ ഇർഷാദ് അമ്മയെ കുറിച്ച് എഴുതിയ കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. ഇർഷാദിന്റെ ഹൃദയംതൊട്ട കുറിപ്പിനെ സംബന്ധിച്ച് മാധവിക്കുട്ടിയുടെ ഇളയ മകനായ ജയസൂര്യയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഒരു മലയാളം വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച കുറിപ്പ് വന്നത്. ഇർഷാദ് ഗുലാം അഹമ്മദ് ആണ് തങ്ങളുടെ അമ്മയെ കുറിച്ച കുറിപ്പ് എഴുതിയത്. മാധവിക്കുട്ടിയുടെ വളർത്തുമകൻ ആണ് ഇർഷാദ്. ഇർഷാദ് അഹമ്മദും ഇംതിയാസ് അഹമ്മദും തന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരൻമാരായിരുന്നു എന്നും അവരുമായി ബന്ധപ്പെട്ട് ഒരുപാട് ബാല്യകാല ഓർമകൾ ഉണ്ടെന്നും ജയസൂര്യ ഓർക്കുന്നു.
'രണ്ടുപേരുടെയും ഓര്‍മശക്തിയെ ഞങ്ങള്‍ 'ഫോട്ടോഗ്രാഫിക് മെമ്മറി' എന്നായിരുന്നു വിശേഷിപ്പിക്കാറ്. ഇംത്യാസ് അഹമ്മദ് നിയമപഠനത്തില്‍ ബിരുദാനന്തരബിരുദം നേടിയത് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ലോയില്‍ നിന്നും സ്‌കോളര്‍ഷിപ്പോടെയാണ്. ഇര്‍ഷാദ് ഞങ്ങളുടെ അമ്മയുടെ പാതയാണ് തെരഞ്ഞെടുത്തത്' -ജയസൂര്യ പറയുന്നു.
ഇര്‍ഷാദിന്റെ മനസ്സില്‍ അമ്മ ഇത്രയധികം പതിഞ്ഞുകിടക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ മകന്‍ എന്ന നിലയില്‍, സഹോദരന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്. അമ്മയുടെ ഭൗതികദേഹം അടക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ചാണ് പാളയം പള്ളിയിൽ എത്തിയത്. പാളയം പള്ളിയിലെ ഇമാം നല്ല മനഃസ്ഥിതിയുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടല്‍ എന്നും ഓര്‍ത്തിരിക്കും. ഞങ്ങളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുകയായിരുന്നു ഇമാം.
ഇമാം പറഞ്ഞു:'അകത്തേക്ക് വരൂ, തലയില്‍ ഒരു തൂവാല കെട്ടിയാല്‍ മതി.' പ്രാര്‍ഥനയില്‍ പങ്കെടുക്കാനായി പള്ളിക്കകത്തേക്ക് ഞങ്ങള്‍ കടന്നു. ചിന്നന് നടുവിന് സര്‍ജറി ചെയ്ത സമയമായിരുന്നു. മുട്ടുകുത്തി പ്രാര്‍ഥിക്കാന്‍ കഴിയില്ല. ഇമാം ഒരു കസേരയിട്ടുകൊടുത്തു. അമ്മക്കായുള്ള അവസാന ചടങ്ങുകള്‍ നടന്നു. സനാതനധര്‍മത്തില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ മൂന്നുമക്കള്‍, മുസ്ലിമായ വളര്‍ത്തുമകന്‍! ഇര്‍ഷാദ് ഭായിയും ഞങ്ങളും ഒരുമിച്ചാണ് അമ്മയെ യാത്രയാക്കിയത്.
മാധവദാസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ സേവനമനുഷ്ഠിക്കുന്ന കാലത്താണ് മാധവിക്കുട്ടി രണ്ട് മുസ്‍ലിം കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. നാഷനൽ അസോസിയേഷൻ ഫോർ ബ്ലൈൻഡ്സ് എന്ന സംഘടനയിലെ സന്നദ്ധപ്രവർത്തകയായിരുന്നു മാധവിക്കുട്ടി. കാഴ്ച പകുതിയോളം നഷ്ടപ്പെട്ട ഇംതിയാസ് അഹമ്മദ്, ഇർഷാദ് അഹമ്മദ് എന്നീ സഹോദരന്മാർ നാഷനൽ അസോസിയേഷൻ ഫോർ ബ്ലൈൻഡ്സിനെ ആശ്രയിച്ച കാലം കൂടിയായിരുന്നു അത്. കമലാദാസ് താമസിച്ചിരുന്ന ബാങ്ക് ഹൗസിനടുത്തുള്ള ഹോസ്റ്റലിൽ താമസിച്ചു പഠിച്ച ഇംതിയാസും ഇർഷാദും കമലാദാസിന്റെ മക്കളായിത്തന്നെ വളർന്നു. കാലം കഴിയേ നിയമപഠനത്തിൽ തൽപ്പരനായ ഇംതിയാസ് പ്രശസ്ത അഭിഭാഷകനായപ്പോൾ അമ്മ മാധവിക്കുട്ടിയുടെ സാഹിത്യാഭിരുചികളിൽ ആകൃഷ്ടനായ ഇർഷാദ് അഹമ്മദ് പ്രശസ്തനായ ഇംഗ്ലീഷ് പ്രൊഫസറായി. ഇവരും മാധവിക്കുട്ടിയുടെ മൂന്ന് ആൺമക്കളും ഇപ്പോഴും ഹൃദ്യമായ ബന്ധം കാത്തുസൂക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.