മാർക്ക് ജിഹാദ്: കരീമിെൻറ മലയാളവും പാണ്ഡെയുടെ ഹിന്ദിയും
text_fieldsപത്മഭൂഷൺ ജേതാവായ മാധ്യമപ്രവർത്തകനാണ് രജത് ശർമ. അദ്ദേഹത്തിെൻറ 'ആപ് കി അദാലത്ത്' ടോക് ഷോ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുടങ്ങാതെ തുടരുന്ന ടി.വി പരിപാടിയെന്ന നിലക്ക് ശ്രദ്ധേയമാണ്. 2014 സെപ്റ്റംബറിൽ, ഇന്ത്യ ടി.വി സംേപ്രഷണം ചെയ്ത പ്രസ്തുത പരിപാടിയിൽ അന്ന് ഉത്തർപ്രദേശ് രാഷ്്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായ യോഗി ആദിത്യനാഥാണ് അതിഥി. യോഗിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ ആകമാനം ലവ് ജിഹാദ് കാമ്പയിൻ പൊടിപൊടിക്കുന്ന സമയം. അതേക്കുറിച്ചാണ് പരിപാടിയിലെ പ്രധാന ചോദ്യങ്ങൾ. ഉത്തരം നൽകവേ, യോഗി ആദിത്യനാഥ് അവതാരകനെ നിരായുധനാക്കി മുന്നോട്ടുവെക്കുന്ന വാദം ഇതാണ്: ലവ് ജിഹാദ് എന്നത് ഞാൻ കണ്ടു പിടിച്ച പുതിയ കാര്യമല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദൻ പറഞ്ഞതു മാത്രമാണ് ഞാൻ പറയുന്നത്. തുടർന്ന് യു.പി തെരഞ്ഞെടുപ്പു പ്രചാരണത്തിൽ അച്യുതാനന്ദൻ പറഞ്ഞ കാര്യങ്ങൾ ഹിന്ദിയിൽ പ്രസംഗിക്കുകയെന്ന പണി മാത്രമേ യോഗിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. പുള്ളി കൂളായി തെരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തു.
ലവ് ജിഹാദിനു ശേഷം ദിനേനയെന്നോണം പലവിധ ജിഹാദുകൾ നാട്ടിൽ ചർച്ചയായി. യു.പി.എസ്.എസി ജിഹാദ്, ലാൻഡ് ജിഹാദ്, മെഡിക്കൽ ജിഹാദ്, ഹലാൽ ജിഹാദ് എന്നിങ്ങനെ പോയി അത്. ഇത്രയുമധികം ജിഹാദുകൾ നടത്താൻ മുസ്ലിംകൾക്ക് എങ്ങനെ സാധിക്കുന്നു ദൈവമേ എന്നൊരാൾ ആശ്ചര്യപ്പെടും വിധം അത് പെരുത്തു. അതിനിടയിലാണ് നാർകോട്ടിക് ജിഹാദുമായി പാലാ ബിഷപ് രംഗത്തു വരുന്നത്. അതു പറഞ്ഞയാൾ മഹാനായ പണ്ഡിതനാണെന്നും അങ്ങേർക്കെതിരെ പറയുന്നവർ തീവ്രവാദികളാണെന്നും സംസ്ഥാനത്തെ ഒരു സി.പി.എം മന്ത്രി സാക്ഷ്യപ്പെടുത്തി.
ഒടുവിൽ ഡൽഹി സർവകലാശാലയിലെ ഒരു പ്രഫസർ പുതിയൊരു കിടിലൻ ജിഹാദ് പരിചയപ്പെടുത്തി രംഗത്തു വന്നു; മാർക്ക് ജിഹാദ്. കേരളത്തിലെ വിദ്യാർഥികൾ വ്യാപകമായി ഡൽഹി സർവകലാശാലയിൽ അഡ്മിഷൻ എടുക്കുന്നതിൽ കലിപ്പ് കേറിയാണ് സംഘ്പരിവാർ അനുകൂല അധ്യാപക സംഘടന നേതാവായിരുന്ന രാകേഷ് പാണ്ഡെ മാർക്ക് ജിഹാദുമായി രംഗത്തു വന്നത്. ദിനേന ഓരോരോ ജിഹാദുമായി വന്നാൽ ആളുകൾ വിശ്വസിക്കില്ലെന്നു തോന്നിയതുകൊണ്ടാവണം, തുടക്കത്തിൽ മാർക്ക് ജിഹാദ് ഏറ്റുപിടിക്കാൻ സംഘ്പരിവാർ അനുകൂലികൾ അൽപമൊന്ന് മടിച്ചു.
എന്നാലിപ്പോൾ, മാർക്ക് ജിഹാദ് ആശയം അവർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭ എം.പിയുമായ എളമരം കരീം 2021 ഫെബ്രുവരിയിൽ നടത്തിയ പ്രസംഗമാണ് മാർക്ക് ജിഹാദ് പ്രചാരണവുമായി കൂടുതൽ ആവേശത്തോടെ മുന്നോട്ടുപോകാൻ സംഘ്പരിവാർ സോഷ്യൽ മീഡിയ െപ്രാഫൈലുകൾക്ക് ധൈര്യം നൽകിയത്. ആറാം നൂറ്റാണ്ട് ഫെയിം ആയ കോഴിക്കോട്ടെ ഒരു സി.പി.എം നേതാവ് എഴുതിയ പുസ്തകത്തിെൻറ പ്രകാശന ചടങ്ങിലാണ് കേരളത്തിലെ മുസ്ലിം വിദ്യാർഥികൾ സെൻട്രൽ യൂനിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്നതിനെ പൈശാചികവത്കരിച്ചുള്ള എളമരം കരീമിെൻറ പ്രഭാഷണം.
സാധാരണ ചെയ്യുന്നതുപോലെ മൗദൂദി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ ചേരുവകൾ പാകത്തിന് ചേർത്താണ് പ്രഭാഷണം. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന സമൂഹമാണ് മുസ്ലിംകൾ എന്നതിന് ഇനിയും കണക്കുകളുടെയും രേഖകളുടെയും ആവശ്യമില്ല. അത്തരമൊരു സമൂഹത്തിലെ വിദ്യാർഥികൾ കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം നേടുന്നുവെങ്കിൽ അത് േപ്രാത്സാഹിപ്പിക്കപ്പെടേണ്ട നല്ല കാര്യമാണ് എന്നേ സാധാരണ ആരും കരുതുകയുള്ളൂ. എന്നാൽ, അതിൽപോലും വർഗീയതയും തീവ്രവാദവും ആരോപിക്കുകയാണ് സി.പി.എം നേതാവ് ചെയ്തത്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് കരിയർ ഗൈഡൻസ് ഇന്ത്യ (സിജി) എന്ന സ്ഥാപനത്തെ മുൻനിർത്തിയാണ് കരീമിെൻറ വിദ്വേഷ പ്രസംഗം. ഭാഭാ ആറ്റമിക് റിസർച് സെൻററിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ. കെ.എം. അബൂബക്കറിെൻറ നേതൃത്വത്തിൽ, സമുദായ നേതാക്കളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും പിന്തുണയോടെ, 1996ൽ സ്ഥാപിതമായതാണ് 'സിജി'. കരിയർ ഗൈഡൻസ്, വിദ്യാഭ്യാസ േപ്രാത്സാഹനം തുടങ്ങിയവയാണ് പ്രവർത്തന മേഖലകൾ. സൊസൈറ്റീസ് രജിസ്േട്രഷൻ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നു. അടുത്ത കാലത്ത് മുസ്ലിം സമൂഹത്തിലുണ്ടായ വിദ്യാഭ്യാസ ഉണർവുകളിൽ 'സിജി'ക്ക് നിശ്ചയമായും നല്ല പങ്കുണ്ട്. മലപ്പുറം ജില്ല പഞ്ചായത്തുമായി ചേർന്ന് അവർ നടത്തിയ വിജയഭേരി എന്ന പദ്ധതി ആ ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വഹിച്ച പങ്ക് ചരിത്രപരമാണ്. 'സിജി'യുടെ ഗുണഭോക്താക്കൾ ഒരിക്കലും മുസ്ലിംകൾ മാത്രമായിരുന്നില്ല. അതേസമയം, പിന്നാക്ക സമൂഹമെന്ന നിലക്ക് മുസ്ലിം സമൂഹത്തിൽ അതിെൻറ പ്രവർത്തനങ്ങൾ വലിയ ഫലങ്ങളുണ്ടാക്കിയിട്ടുണ്ട്. അത്തരമൊരു പ്രസ്ഥാനത്തെ ഇരുട്ടിൽ നിർത്തി ദുരൂഹത ആരോപിച്ച് പൈശാചികവത്കരിക്കാനാണ് സി.പി.എം നേതാവ് തുനിഞ്ഞത്. പ്രച്ഛന്നവേഷത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് 'സിജി' എന്നാണ് കരീമിെൻറ ഒരു ആരോപണം.
അവർ ചെയ്യുന്ന ഗുരുതരമായ തെറ്റ് എെന്തന്നറിയേണ്ടേ– ഉന്നത കലാലയങ്ങളിലേക്ക് വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നു! അതിൽ ഡൽഹി സർവകലാശാലയുടെ പേര് കരീം പ്രത്യേകം എടുത്തുപറയുന്നുണ്ട്. സംഘ്പരിവാറുകാരെ ആവേശം കൊള്ളിച്ചത് അതാണ്.
പ്രച്ഛന്നവേഷം, റിക്രൂട്ട്മെൻറ് തുടങ്ങിയ മുദ്രകൾ നന്നായി ശ്രദ്ധിക്കണം. കാഡർമാരെ മോസ്കോയിലെ പാർട്ടി സ്കൂളുകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന പരിപാടി മുമ്പ് കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്നു. ഡൽഹി സർവകലാശാലയിലേക്കും ജെ.എൻ.യുവിലേക്കും അങ്ങനെ റിക്രൂട്ട് ചെയ്യാൻ പറ്റില്ല. 'സിജി' പോലുള്ള സംഘടനകൾ ചെയ്യുന്നത് അത്തരം മുൻനിര സ്ഥാപനങ്ങളുടെ എൻട്രൻസ് പരീക്ഷകൾക്ക് കുട്ടികളെ പരിശീലിപ്പിക്കുകയാണ്. സാധാരണ നിലയിൽ പ്രകീർത്തിക്കപ്പെടേണ്ട കാര്യം. പക്ഷേ, അതിൽ ദുരൂഹത ആരോപിക്കുകയും അത്തരമൊരു സ്ഥാപനത്തെ തകർക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്നതിെൻറ ചേതോവികാരം എന്തായിരിക്കും?
'സിജി' തീവ്രവാദ റിക്രൂട്ട്മെൻറ് കേന്ദ്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകൾ മുമ്പ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഹിന്ദുത്വവാദികളുടെ ആരോപണത്തെ പൂർണമായി ഏറ്റെടുക്കുകയാണ് കരീം ചെയ്യുന്നത്. ഇപ്പോൾ ഉത്തരേന്ത്യയിലെ ഹിന്ദുത്വ വാദികൾ കരീമിനെയും ഏറ്റെടുക്കുന്നു.
'സിജി' എന്താണെന്ന് അറിയാത്ത ആളല്ല കരീം. അദ്ദേഹത്തിെൻറ വീട്ടിൽനിന്ന് ഏതാനും വാര അകലെ മാത്രമാണ് ആ സ്ഥാപനം. അദ്ദേഹംതന്നെ അതിെൻറ പരിപാടികളിൽ മുമ്പ് പങ്കെടുത്തിട്ടുണ്ട്. പക്ഷേ, 2021ൽ പ്രത്യേകമായ ഒരറിവ് അദ്ദേഹത്തിന് കിട്ടുന്നത് എങ്ങനെയാണ്? അത് സി.പി.എം കേരളത്തിൽ പയറ്റുന്ന ഒരു രാഷ്ട്രീയത്തിെൻറ പ്രതിഫലനമാണ്. മുസ്ലിം വിരുദ്ധതയാണ് അതിെൻറ രാഷ്ട്രീയ ഊർജം. സമുദായത്തിെൻറ അഭിമാന സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള വിദ്വേഷ പ്രചാരണം അവർ അടുത്തിടെ ഒരു രീതിയാക്കി മാറ്റിയിട്ടുണ്ട്. മുസ്ലിം മാധ്യമ സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത് പുരോഗമന യുവബിംബമായി കാൽപനികവത്കരിക്കപ്പെട്ട അതിെൻറ നേതാവാണ്.
'സിജി'ക്കെതിരായ പ്രചാരണവും അതിെൻറ മറ്റൊരു മുഖം മാത്രമാണ്. മലപ്പുറത്തെ കോപ്പിയടി മുതൽ, ലവ് ജിഹാദ് വരെ കേരളം കണ്ട ഏറ്റവും വിഷലിപ്തമായ മുസ്ലിം വിരുദ്ധത ഉൽപാദിപ്പിച്ച വി.എസ്. അച്യുതാനന്ദനെ ആ വിഷയത്തിൽ തിരുത്താൻ പാർട്ടി ഒരിക്കലും മുതിർന്നിട്ടില്ല. കുട നന്നാക്കുന്നവരെയും ചെരിപ്പുകുത്തികളെയും അധ്യാപകരാക്കുന്നുവെന്നതായിരുന്നു മുമ്പ് സി.എച്ച്. മുഹമ്മദ് കോയക്കെതിരെ സി.പി.എം ഉന്നയിച്ച വിമർശനം. വർഗരാഷ്ട്രീയത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും നടത്താൻ പാടില്ലാത്ത പ്രയോഗമായിരുന്നു അത്.
പക്ഷേ, വർഗപരമായ ലളിത വിശകലനത്തിൽതന്നെ തെറ്റായ അത്തരമൊരു പ്രയോഗം നടത്തുന്നതിൽ ഒരു കുഴപ്പവും സി.പി.എമ്മിന് തോന്നാതിരുന്നത് വർഗരാഷ്ട്രീയത്തെയും അതിലംഘിക്കുന്ന മുസ്ലിം വിരുദ്ധത അതിൽ സ്വാഭാവികമായിപ്പോയതിെൻറ ഫലമായിരുന്നു. ഇപ്പോൾ കുട നന്നാക്കുന്നവരെ മാഷന്മാരാക്കും, അവരുടെ അടുത്ത തലമുറയെ ഐ.എ.എസുകാരാക്കും എന്നാണ് അന്ന് സി.എച്ച് അതിനു കൊടുത്ത മറുപടി. അന്നു പറഞ്ഞ ആ അടുത്ത തലമുറക്കിടയിൽ പ്രവർത്തിച്ച് അവരെ മുൻനിരയിലെത്തിക്കാൻ പരിശ്രമിച്ച പ്രസ്ഥാനമാണ് 'സിജി'. അന്ന് സി.എച്ചിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ മറ്റൊരു ഭാഷയിൽ ആവർത്തിക്കുക മാത്രമായിരുന്നു എളമരം കരീം.
പാർട്ടിയുടെ നടപ്പുരീതി പിന്തുടരുന്ന ഒരു ഉത്തമ സഖാവിെൻറ ഉത്തരവാദിത്തം നിർവഹിക്കുക മാത്രമായിരുന്നില്ല എളമരം കരീം. മറ്റു സഖാക്കൾക്കില്ലാത്ത അധിക ഉത്തരവാദിത്തം ഉള്ളയാളാണ് അദ്ദേഹം. തെൻറ മണ്ഡലത്തിലെ ഘർവാപസി കേന്ദ്രത്തിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്ന വാർത്ത പുറത്തുവന്നപ്പോൾ, ആ പീഡന കേന്ദ്രത്തിനെതിരെ ഒന്നും പറയാതെ ആ വാർത്ത പുറത്തുവിട്ട മാധ്യമ സ്ഥാപനത്തെ കുറ്റപ്പെടുത്താൻ തുനിഞ്ഞ എം. സ്വരാജിന് അതിെൻറ പേരിൽ മതേതര പുരോഗമന യുവബിംബ സ്ഥാനത്തിന് ഒരു കോട്ടവും പറ്റിയിട്ടില്ല. പക്ഷേ, ആ ആനുകൂല്യം കെ.ടി. ജലീലിനോ എ.എ. റഹീമിനോ എ.എൻ. ഷംസീറിനോ ഒന്നുമുണ്ടാവില്ല. പ്രത്യക്ഷത്തിൽതന്നെ കോമാളിത്തം നിറഞ്ഞതെന്ന് തോന്നുന്ന പ്രസ്താവനകളുമായി ഇവർക്ക് ഇടക്കിടെ രംഗത്തുവരേണ്ടിവരുന്നത് അതുകൊണ്ടാണ്. 'സിജി' പോലുള്ള ഒരു അഭിമാന സ്ഥാപനത്തെ ആക്രമിക്കാനും ഉത്തരേന്ത്യയിലെ സംഘ്പരിവാർ പ്രചാരകർക്ക് മരുന്നിട്ട് കൊടുക്കാനും എളമരം കരീം മുന്നോട്ടുവരുന്നതും ആ അധിക ഉത്തരവാദിത്തത്തിെൻറ ഭാഗമാണ്.
മലബാറിലെ വിദ്യാർഥികൾ പഠിക്കാൻ സീറ്റില്ലാതെ പരക്കംപായുമ്പോൾ, അതേക്കുറിച്ച് നടന്ന ടി.വി ചർച്ചയിൽ ഷിജു ഖാൻ എന്ന സി.പി.എം നേതാവ് പറഞ്ഞത്, ഇങ്ങനെ മലബാർ, തിരുവിതാംകൂർ എന്നൊക്കെ പറയുന്നത് വർഗീയ വിഭാഗീയ അജണ്ടയാണെന്നാണ്. ഇങ്ങനെയൊരു ഗതികേട് ഒരു സഖാവിനും കൊടുക്കല്ലേ മുത്തപ്പാ എന്ന് ആരും പ്രാർഥിച്ചുപോകുന്ന സ്ഥിതിയിലാണ് ഇവർ. അത്തരമൊരു സാഹചര്യത്തിൽ നടത്തുന്ന പിടച്ചിലിൽ നടത്തുന്ന പ്രസ്താവനകൾ അപ്പുറത്ത് ആർ.എസ്.എസിന് മികച്ച മരുന്നാവുകയാണ് എന്നവർ അറിയുന്നില്ല.
കഴിഞ്ഞ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വി.എസ്. അച്യുതാനന്ദെൻറ പ്രസംഗമാണ് യോഗി ആദിത്യനാഥ് പ്ലേ ചെയ്തതെങ്കിൽ ഇത്തവണ അത് എളമരം കരീമിേൻറതായിരിക്കും. കേരളത്തിലെ സി.പി.എം നേതാക്കളുടെ പ്രസംഗം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുകയെന്ന പണി മാത്രമേ അവിടെ സംഘ കാര്യകർത്താക്കൾക്കുള്ളൂ. കരീം മലയാളത്തിൽ പറഞ്ഞത് രാകേഷ് പാണ്ഡെയും യോഗി ആദിത്യനാഥും ഹിന്ദിയിൽ പറയുമ്പോൾ എസ്.എഫ്.ഐക്കാർ അതിനെതിരെ പ്രതിഷേധിക്കുന്നത് വൻ കോമഡിയാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.