കരിപ്പൂരിനെ കബളിപ്പിച്ചവര്‍
text_fieldsകരിപ്പൂര്‍ വിമാനത്താവളത്തിലെ പരിശോധനകളെല്ലാം കഴിഞ്ഞ് വലിയ വിമാനങ്ങളിറക്കാന്‍ അനുമതി ലഭിക്കുന്നതിനുള്ള അവസാന കടമ്പയും പൂര്‍ത്തിയാക്കി ജനുവരി 19ന് നീക്കിയ ഫയല്‍ ആറു മാസമായിട്ടും തുടര്‍നടപടിയില്ലാതെ ചലനമറ്റ് കിടക്കുമ്പോഴാണ് കഴിഞ്ഞ മാസം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.െഎ) ചീഫ് വിജിലന്‍സ് ഓഫിസര്‍ക്ക് മുമ്പാകെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഒരു പരാതി ലഭിക്കുന്നത്. എ.എ.െഎ ജൂണ്‍ 26ന് ആ പരാതി കൈപ്പറ്റിയെന്ന് രേഖാമൂലം മറുപടി നല്കിയപ്പോഴേക്കും സമാന പരാതി കേന്ദ്ര വിജിലന്‍സിലും ദേശീയ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയിലുമെത്തിയിരുന്നു. റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ക്കായി 2015 ഫെബ്രുവരി നാലിന് ആറു മാസത്തേക്ക് നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വിസ്, പറഞ്ഞ പണിയും നാനാവിധ പരിശോധനയും പൂര്‍ത്തിയാക്കിയശേഷവും പുനരാരംഭിക്കാതിരിക്കുന്നതിനു പിന്നില്‍ നടന്ന അഴിമതിയും ക്രിമിനല്‍ ഗുഢാലോചനയും പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. കേന്ദ്ര വിജിലന്‍സിലും പരാതി എത്തിയതിെൻറ രേഖ ലഭിച്ചപ്പോള്‍ സി.ബി.ഐയുടെ കൊച്ചി ഓഫിസില്‍നിന്ന് പരാതിക്കാര്‍ക്ക് നേരിട്ട് വിളിവന്നു. അടുത്തയാഴ്ച കൊച്ചി സി.ബി.ഐ ഓഫിസില്‍ വന്ന് പരാതിക്കാധാരമായ വിഷയത്തിെൻറ വിശദാംശങ്ങള്‍ അറിയിക്കണമെന്നാണ് എസ്.പി ആവശ്യപ്പെട്ടിരിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനസര്‍വിസുകള്‍ നിര്‍ത്തുകയും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറ് കേരളത്തിലെ ഉന്നതരായ പലര്‍ക്കും ഓഹരികളുള്ള കൊച്ചി വിമാനത്താവളത്തിലേക്കു മാറ്റുകയും ചെയ്തത് പൂര്‍വസ്ഥിതിയിലാക്കാന്‍ വഴിമുടക്കുന്ന എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളും അവര്‍ അതിനായി നടത്തിയ വഴിവിട്ട നീക്കങ്ങളും വ്യക്തമാക്കി സമര്‍പ്പിച്ച പരാതി മലബാര്‍ െഡവലപ്മെൻറ് ഫോറം എന്ന കോഴിക്കോട് കേന്ദ്രമായുള്ള സമര സമിതിയുടേതായിരുന്നു. ആരുടെയൊക്കെയോ താല്പര്യങ്ങള് സംരക്ഷിക്കാന്‍ പ്രവാസികളുടെ താല്പര്യങ്ങളത്രയും ബലികഴിച്ച് കരിപ്പൂരിനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനെതിരെ ശബ്ദിക്കാന്‍ മലബാറിലെ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളിലൊരാളും തയാറാകാതിരുന്ന ഘട്ടത്തില്‍ കക്ഷിഭേദെമന്യേ ജനങ്ങളെ കൂട്ടി സമരരംഗത്തിറങ്ങിയ സംഘമാണ് മലബാര്‍ െഡവലപ്മെൻറ് ഫോറം. ഇവരെ കൂടാതെ പല സംഘടനകളും പലപ്പോഴായി കരിപ്പൂരിനുവേണ്ടി ശബ്ദിച്ചു നോക്കിയിട്ടുണ്ടെങ്കിലും അവക്കൊന്നും ഇതുപോലൊരു നൈരന്തര്യമില്ലായിരുന്നു.
ഫയല്‍ അനങ്ങിയപ്പോള്‍ കണ്ട തിക്കും തിരക്കും
കരിപ്പൂരിനെ മലബാറിലെ വലിയൊരു വികസനവിഷയമാക്കി മാറ്റുകയും സ്ഥലമേറ്റെടുപ്പാണ് പ്രശ്നമെന്നുപറഞ്ഞ് അജണ്ട വഴിതെറ്റിക്കാന്‍ നോക്കിയവരെ ശാസ്ത്രീയമായ പഠന റിപ്പോര്‍ട്ടുകളിലൂടെ നേരിടുകയും ചെയ്ത് തടസ്സം നില്ക്കുന്നവരാരാണെന്ന് കൃത്യമായി നിര്‍ണയിച്ചത് ഈ ഫോറമായിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ സാമ്പത്തികതാല്പര്യമുള്ളവരാണ് കരിപ്പൂരിനെ ശ്വാസംമുട്ടിക്കുന്നതെന്ന് മനസ്സിലാക്കിയിട്ടും പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള മലബാറിലെ രാഷ്ട്രീയനേതാക്കളാരും അക്കാര്യം തുറന്നുപറയാന്‍ തയാറാകാതിരുന്നപ്പോഴാണ് അവരെ സഹായിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുകയെന്ന അവസാന വഴി ഫോറം നോക്കിയത്. ഫോറം പ്രസിഡൻറ് കെ.എം. ബഷീര്‍ ജൂണില്‍ സമര്‍പ്പിച്ച മൂന്നു പരാതികളുടെ ഇളക്കങ്ങള്‍ കണ്ടത് അനക്കമറ്റു കിടന്ന കരിപ്പൂരിെൻറ ഫയലില്‍ തന്നെയായിരുന്നു. പഴുതുകൊടുക്കാതെ ഒരു ജനകീയസമരത്തെ സമാധാനപരമായി എങ്ങനെ കൊണ്ടുപോകാമെന്ന് കാണിച്ചുതരുകയായിരുന്നു മലബാറിെൻറ ഈ ജനകീയ ഫോറം. കഴിഞ്ഞ ആറു മാസമായി എവിടെയോ പൂണ്ടുകിടന്ന ഫയല്‍ പൊങ്ങിയെന്നും അത് നീങ്ങിത്തുടങ്ങിയെന്നുമുള്ള വിവരം പുറത്തുവന്നതോടെ കരിപ്പൂരിന് വീണ്ടും ജീവന്വെക്കുമെന്നു കണ്ട് പോരാട്ടവിജയത്തിെൻറ പിതൃത്വമേറ്റെടുക്കാനുള്ള തിക്കും തിരക്കുമാണിപ്പോള്‍ കാണുന്നത്. നീണ്ട ഇടവേളകളില്‍ സമരം നടത്തിയെങ്കിലും വിഷയത്തെ സജീവമാക്കിയവരും ഒരിക്കല്‍പോലും ഒരക്ഷരം ഉരിയാടാത്തവരും ഇതിലുണ്ട്.
പ്രഭുവിനെ കണ്ട മുഖ്യമന്ത്രിയും കാണാത്ത ജനപ്രതിനിധികളും
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഓപറേഷന്‍സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജനുവരി 19ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സിന് അയച്ച അപേക്ഷയില്‍ വിദഗ്ധ സംഘം എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കിയെന്നും ആവശ്യപ്പെട്ട നാലു രേഖകള്‍ അയക്കുന്നുണ്ടെന്നും അതിനാല്‍ കോഡ് ഇ വിഭാഗത്തില്‍പ്പെട്ട വലിയ വിമാനങ്ങളായ ബോയിങ് 777-200 ഇ.ആര്, ബോയിങ് 777-200 എല്‍.ആര്, എയര്‍ബസ് 330-300 ആര്, ബോയിങ് 777^300 ഇ.ആര്, ബോയിങ് 787-800 എന്നീ വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. 2017 ഡിസംബറില്‍ വിദഗ്ധസമിതി സമര്‍പ്പിച്ച പഠനറിപ്പോര്ട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു അത്.
ജനുവരി 19ന് അക്കാര്യമറിയിച്ച് ഡി.ജി.സി.എക്ക് എഴുതി ആറു മാസങ്ങൾക്കുശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയില്‍ വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെ കണ്ടത്. കൂടിക്കാഴ്ച കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടിയായിരുന്നുവെന്നും കരിപ്പൂരിെൻറ കാര്യവും മുഖ്യമന്ത്രി കൂട്ടത്തില്‍ പരാമര്ശിെച്ചങ്കിലും അത് വിപരീത ഫലമാണുണ്ടാക്കിയതെന്നും സമരക്കാര്‍ പറയുന്നത് വെറുതെയല്ല. പരിശോധനയെല്ലാം കഴിഞ്ഞ് കരിപ്പൂരില്‍ വലിയ വിമാനമിറക്കാന്‍ അനുമതി കിട്ടുന്ന ഘട്ടത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉദ്യോഗസ്ഥന് വന്ന് വീണ്ടുമൊരു പരിശോധന നടത്തുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അവര്‍ പറയുന്നു. സ്ഥലം എം.എല്‍.എയുടെ അജ്ഞത അതിലേറെ കഷ്ടമാണ്. എയര്‍പോര്‍ട്ട് അതോറിറ്റിയിലും ഡി.ജി.സി.എയിലും കാര്യങ്ങള്‍ മുന്നോട്ടുപോയതറിയാത്ത വള്ളിക്കുന്ന് എം.എല്‍.എ ഭൂമി ഏറ്റെടുക്കുന്ന കാര്യവുമായി ബന്ധപ്പെട്ടാണ് പോയവാരവും നിയമസഭയില്‍ ചോദ്യമുന്നയിച്ചത്.
മുഖ്യമന്ത്രിയുടെ മറുപടിയും തഥൈവ. എല്ലാ പരിശോധനകളും പൂര്‍ത്തിയായി ഡി.ജി.സി.എക്ക് ശിപാര്‍ശ പോയിക്കഴിഞ്ഞിട്ടും നടപടികളില്ലാത്തത് സംബന്ധിച്ചോ മുഖ്യമന്ത്രി സുരേഷ് പ്രഭുവിനെ കണ്ട് വീണ്ടുമൊരു പരിശോധനക്ക് വഴിയൊരുക്കിയതിനെ കുറിച്ചോ ചോദിക്കാന്‍ കരിപ്പൂരിെൻറ എം.എല്‍.എക്കും കഴിഞ്ഞില്ല. കരിപ്പൂരിലേക്ക് എയര്‍ബസ് നിയോ കൊണ്ടുവരാന്‍ ആവശ്യപ്പെടുമെന്ന പ്രസ്താവനയും ഇതിനിടയില്‍ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായി. ഇന്ധനക്ഷമത കൂടുതലുണ്ടെങ്കിലും കൂടുതല്‍ ഇന്ധനം നിറക്കാന്‍ പറ്റാത്തതിനാല്‍ ഒരു വിമാനക്കമ്പനിയും ആ വിമാനം ഉപയോഗിച്ച് സര്‍വിസ് നടത്താന്‍ തയാറാകില്ല എന്നുപോലും അറിയാതെയായിരുന്നു ഇത്.
തെലുഗുദേശം എന്‍.ഡി.എ വിടുകയും കരിപ്പൂരിനോട് അനങ്ങാപ്പാറ നയം സ്വീകരിച്ചിരുന്ന തെലുഗുദേശം നേതാവ് കൂടിയായ അശോക് ഗജപതി രാജു കേന്ദ്ര വ്യോമയാന മന്ത്രിപദം രാജിവെക്കുകയും സുരേഷ് പ്രഭു പകരം ചുമതലയേല്‍ക്കുകയും ചെയ്തിട്ട് നാളുകളേറെയായി. മലബാറില്‍ നിലവിലുള്ള ഏകവിമാനത്താവളമായ കരിപ്പൂരില്‍നിന്ന് വലിയ വിമാനം പറത്തുന്നതിനുള്ള തടസ്സം നീക്കിക്കിട്ടാന്‍ മലബാറിലെ അരഡസനിലേറെ വരുന്ന എം.പിമാരില്‍ എത്ര പേര് മന്ത്രാലയത്തിലെ മാറിയ സാഹചര്യം മുതലെടുത്തെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ ഇതുവരെ കണ്ടു എന്ന് ചോദിക്കാനുള്ള അവകാശം അവരെ തെരഞ്ഞെടുത്തയച്ച ജനങ്ങള്‍ക്കുണ്ട്.
മന്ത്രാലയം അറിയാതെ ഇറക്കുന്ന വിമാനങ്ങള്‍
കരിപ്പൂരിെൻറ ഫയലനങ്ങിയെന്ന വിവരം കേട്ടറിഞ്ഞുവന്നവര്ക്ക് അതേക്കുറിച്ച് ധാരണയൊന്നുമില്ലെന്ന് തെളിയിക്കാന്‍ അവരുടെ പ്രസ്താവനകള്‍ മതി. ഈ മാസം 31നകം കരിപ്പൂരില്‍ വലിയ വിമാനമിറക്കുമെന്ന അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമുണ്ടായി. ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരമേ മറ്റൊരു രാജ്യത്തിെൻറ വിമാനം കോഴിക്കോട് ഇറങ്ങുകയുള്ളൂ. എയര്‍ ഇന്ത്യയും എമിറേറ്റ്സും സൗദി എയര്‍ലൈന്‍സുമാണ് വലിയ വിമാനം ഇറക്കേണ്ടവര്‍.
യു.എ.ഇയുടെ ദേശീയ വിമാന സര്‍വിസായ എമിറേറ്റ്സും ഇന്ത്യയും തമ്മിലുള്ള ഉടമ്പടിയനുസരിച്ച് ഒരാഴ്ച 60,000 സീറ്റുകള്‍ക്കാണ് അനുമതി. തിരിച്ച് യു.എ.ഇയിലേക്ക് ഇന്ത്യന്‍ വിമാനങ്ങള്‍ക്കും 60,000 സീറ്റുപയോഗിക്കാം. എമിറേറ്റ്സ് ഒരു സീറ്റുപോലും ബാക്കിയാക്കാതെ ഈ 60,000 സീറ്റുകളും ഉപയോഗപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ അതിെൻറ 40 ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അത് വര്‍ധിപ്പിച്ചുകിട്ടാന്‍ നിരവധി തവണ എമിറേറ്റ്സ് ഇന്ത്യന്‍ അധികൃതരെ സമീപിെച്ചങ്കിലും അനുകൂല മറുപടി കിട്ടിയില്ല. എമിറേറ്റ്സ് ചോദിച്ചിരിക്കുന്നത് ഇപ്പോള്‍ അനുവദിച്ചതിെൻറ ഇരട്ടി (1,20,000) സീറ്റുകള്‍ ആഴ്ച തോറും വേണമെന്നാണ്. ഇന്ത്യയാണെങ്കില്‍ കൊടുക്കില്ലെന്നും. അതിനാല്‍, നേരത്തേ സര്‍വിസ് നടത്തിയിരുന്ന വലിയ വിമാന സര്‍വിസുകള്‍ വീണ്ടും ആരംഭിക്കുന്നതിനുള്ള ചര്‍ച്ചയില്‍ എമിറേറ്റ്സ് ഇല്ല. രാജ്യത്തൊട്ടാകെയുള്ള വിമാനത്താവളങ്ങളില്‍ അവര്‍ക്ക് അനുവദിച്ച സീറ്റുകളില്‍ ഒന്നും ബാക്കിയില്ലാത്തതുകൊണ്ടാണിത്. കരിപ്പൂരിലേക്കുള്ള സര്‍വിസ് സംബന്ധിച്ച് ഏറ്റവുമൊടുവില്‍ എമിറേറ്റ്സ് പങ്കെടുത്ത ചര്‍ച്ച 2017 ഡിസംബറിലായിരുന്നു. ശേഷം 2018 മാര്‍ച്ചില്‍ സുരക്ഷ വിലയിരുത്തല്‍ യോഗം വിളിച്ചുവെങ്കിലും അവര്‍ പങ്കെടുത്തില്ല.
സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ കരാര്‍ അനുസരിച്ച് സൗദി എയര്‍ലൈന്‍സിന് അനുവദിച്ചത് 20,000 സീറ്റുകളാണ്. എന്നാല്‍, അനുവദിച്ച 20,000 ഇന്ത്യ ഉപയോഗിക്കാത്തതിനാല്‍ സൗദിക്കും സീറ്റ് കൂട്ടിക്കൊടുക്കുന്നില്ല. കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് നടത്താന്‍ ഉഭയകക്ഷി കരാര്‍ പ്രകാരം അവരുടെ പക്കലും ഇപ്പോള്‍ സീറ്റില്ല. കരിപ്പൂരില്‍ സര്‍വിസ് നടത്താന്‍ ഉപയോഗിച്ചിരുന്ന ക്വോട്ട ആറ് മാസം മുമ്പ് തിരുവനന്തപുരത്തേക്ക് മാറ്റിയതുകൊണ്ടാണിത് സംഭവിച്ചത്. ആ ക്വോട്ട ഉപേയാഗിച്ചാണ് തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും ജിദ്ദയിലേക്കും അവരിപ്പോള്‍ സര്‍വിസ് നടത്തുന്നത്. തിരുവനന്തപുരത്തേക്ക് ലഭിച്ച അനുമതി റദ്ദാക്കി കോഴിക്കോട് നിന്ന് സര്‍വിസ് തുടങ്ങാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്സില്നിന്ന് അനുമതി വാങ്ങാന്‍ ചുരുങ്ങിയത് മൂന്നു മാസമെടുക്കും. ഇതിനു പുറമെ ഹജ്ജും വന്നത്. അതിനാല്‍, ഡി.ജി.സി.എ അനുമതി കൊടുത്താല്‍പോലും ഹജ്ജിെൻറ തിരക്ക് കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയത് സെപ്റ്റംബറില്‍ മാത്രമേ സൗദി എയര്‍ലൈന്‍സിന് കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ പറപ്പിക്കാന്‍ കഴിയൂ. ഇക്കാര്യം സൗദി എയര്‍ലൈന്‍സ് ഒൗദ്യോഗികമായി തന്നെ ഡി.ജി.സി.എയെ അറിയിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയും കരിപ്പൂരിലെ അവസാനത്തെ സുരക്ഷ വിലയിരുത്തല്‍ യോഗത്തിന് വന്നിട്ടില്ല. കരിപ്പുരിലെ തടസ്സം നീങ്ങാനുള്ള സാധ്യത കണ്ട് എയര്‍ ഇന്ത്യ ഉടന്‍ അനുമതിക്കുള്ള അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന. സാമ്പത്തികമായി ഏറെ ലാഭം തരുന്ന കരിപ്പൂരില്‍ അവര്‍ ഒരിക്കലും വരാതിരിക്കില്ല. ഈ മൂന്നു കമ്പനികളില്‍ ഒൗദ്യോഗിക നടപടിക്രമങ്ങള്‍ മുന്നോട്ടുനീക്കിയത് സൗദി എയര്‍ലൈന്‍സ് മാത്രമായതിനാല്‍ നിലവിലുള്ള സാഹചര്യത്തില്‍ കരിപ്പൂരില്‍നിന്ന് വലിയ വിമാന സര്‍വിസ് ആദ്യമായി പുനരാരംഭിക്കാനും കഴിയുക അവര്‍ക്കാണ്. എങ്കില്പിന്നെ കോഴിക്കോടുനിന്ന് ഏതു വിമാനക്കമ്പനിയാണ് ഈ മാസം 31ന് വിമാന സര്‍വിസ് തുടങ്ങുകയെന്ന ചോദ്യത്തിന് വ്യോമയാന മന്ത്രാലയത്തിനുത്തരമില്ല.
വലിയ വിമാനമിറക്കാനുള്ള അപേക്ഷ നൽകുന്ന പ്രാഥമിക നടപടി എയർ ഇന്ത്യയും എമിറേറ്റ്സ്ും തുടങ്ങാത്തതിനാൽ ആ രണ്ടു കമ്പനികൾക്കും ഇൗ മാസം വിമാനമിറക്കാൻ പറ്റില്ലെന്നുറപ്പാണ്. ‘സൗദിയ’ വലിയ വിമാനസർവിസ് ആരംഭിക്കാൻ ഹജ്ജ് എങ്കിലും കഴിയണമെന്നിരിക്കേ മാധ്യമങ്ങൾക്ക് മുന്നിൽ തിക്കിത്തിരക്കി ഇൗ മാസം തന്നെ അതുണ്ടാകുമെന്ന് വിവരം കിട്ടിയെന്നൊക്കെ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വെച്ചുകാച്ചിയത് ജനത്തെ കബളിപ്പിക്കാനാണ്. ആ പ്രസ്താവനയുമായി ഇറങ്ങിയവരാരെയും വ്യോമയാന മന്ത്രാലയത്തിലെ സുരേഷ് പ്രഭുവിെൻറ മുറിയുടെ പരിസരത്തു കണ്ടിട്ടില്ല.
ഇത്രയും കാലം കരിപ്പുരിെൻറ വഴിമുടക്കിയത് കൊച്ചിയിലും കണ്ണൂരിലും താൽപര്യങ്ങളുള്ള തങ്ങളല്ലെന്ന് പറയാനുള്ള ധൈര്യം ജനപ്രതിനിധികളടക്കമുള്ള മലബാറിലെ ഉന്നത രാഷ്ട്രീയ നേതാക്കൾക്കുണ്ടെങ്കിൽ മലബാർ െഡവലപ്മെൻറ് ഫോറം നടത്തിയ നീക്കങ്ങൾ ഏറ്റെടുത്ത കൂട്ടത്തിൽ എയർപോർട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സി.ബി.െഎക്കും വിജിലൻസിനും നൽകിയ പരാതിയുടെ പിതൃത്വം കുടി അവർ ഏറ്റെടുക്കെട്ട. കരിപ്പൂരിനെതിരെ ഗൂഢാലോചന നടത്തിയവർക്കെതിരായ സി.ബി.െഎ, വിജിലൻസ് അന്വേഷണങ്ങൾക്ക് ഇതേ നേതാക്കൾ നിയമസഭയിലും ലോക്സഭയിലും രാജ്യസഭയിലും സമ്മർദം തുടങ്ങെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.