കർണാടക: കേവലാഹ്ലാദങ്ങൾക്കപ്പുറം
text_fieldsമുസ്ലിം സംഘടനകളാണ് എപ്പോഴും നമ്മുടെ സോഫ്റ്റ് ടാർജറ്റ്. അവരെ ഉപദേശിക്കാൻ, നന്നാക്കാൻ, വോട്ടു ഭിന്നിപ്പിക്കരുതെന്നു പറയാൻ, നിന്ദിച്ചു ചിരിക്കാനായി ചുറ്റും ആളെക്കൂട്ടാനൊക്കെ നിരവധി പേരുണ്ടാവും. പക്ഷേ കുമാരസ്വാമിയോടും ‘ഹിന്ദുക്കളോടും’ വോട്ടു ‘ഭിന്നിപ്പിക്കരു’തെന്നു പറയാൻ നമുക്കാവില്ല. അതവരുടെ രാഷ്ട്രീയമാണ്, അവകാശമാണ്. തെരഞ്ഞെടുപ്പിൽ ഹിന്ദുക്കളില്ല, മതേതരരും മുസ്ലിംകളുമേയുള്ളൂ എന്നത് എത്ര വിചിത്രമായ രാഷ്ട്രീയബോധമാണ്!
കർണാടക നിയമസഭ തെരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവന്നപ്പോൾ ആലോചിച്ച കാര്യങ്ങളുടെ കൂട്ടത്തിൽ ഒ.വി. വിജയൻ ഇപ്പോഴുണ്ടായിരുന്നെങ്കിൽ എന്തുപറയുമായിരുന്നു എന്ന ചിന്തകൂടി മനസ്സിലേക്ക് കടന്നുവന്നു. ഇത്തരം ഉത്സാഹമുഹൂർത്തങ്ങൾ ഉണ്ടാവുമ്പോൾ അവയെ അതിവൈകാരികമായി സമീപിക്കുന്നതിനെ നിസ്സംഗമായൊരു സിനിക്കൽ യുക്തിയോടെ കാണാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു.
ഇന്ത്യയെക്കുറിച്ചു വളരെ വേവലാതിപ്പെട്ടിരുന്ന ആളായിരുന്നു വിജയൻ. ഇന്ത്യയെക്കുറിച്ച് എന്നുമാത്രം പറഞ്ഞാൽ അത് പൂർണമായും ശരിയല്ല. ദക്ഷിണേഷ്യയായിരുന്നു അദ്ദേഹത്തിന്റെ സ്വകീയഭൂപടം. പാകിസ്താനികളെയും ശ്രീലങ്കരെയും ബംഗ്ലാദേശികളെയും നേപ്പാളുകാരെയുമെല്ലാം അദ്ദേഹം ഒരു വിശാല രാഷ്ട്രീയ ഭൂപടത്തിൽ ഒരുമിച്ചുകണ്ടിരുന്നു.
അതിലദ്ദേഹം ഇന്ത്യയുടെ പ്രാദേശിക സാമ്രാജ്യത്വമോഹങ്ങൾ തുന്നിച്ചേർത്തിട്ടില്ല. ദേശീയ സങ്കുചിതത്വങ്ങൾക്കപ്പുറം നമ്മളെല്ലാം ഒന്നിച്ചുനിൽക്കേണ്ടവരാണെന്ന് ദക്ഷിണേഷ്യ പങ്കിടുന്ന പൊതുവായ കൊളോണിയൽ ഭൂതകാലത്തെക്കുറിച്ചും പ്രത്യക്ഷത്തിൽ സൂചിപ്പിക്കാതെതന്നെ അദ്ദേഹം പറയുമായിരുന്നു.
ഈ വിശാലമായ ഭൂപടക്കാഴ്ചയെ ഹിന്ദുത്വക്കാഴ്ചയിൽനിന്ന് വേറിട്ടതാക്കുന്നതെങ്ങനെയെന്ന് കൃത്യമായി പറയുകയും ചെയ്തിരുന്നു അദ്ദേഹം: “രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ വടിത്തല്ലുകാരൻ അഖണ്ഡഭാരതമെന്നുപറയുന്നത് ഈ ഉപഭൂഖണ്ഡത്തിൽനിന്ന് ഇസ്ലാമിനെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു ശിവാജിസാമ്രാജ്യമാണ്” എന്ന് 1980ൽതന്നെ എഴുതി. “വടിത്തല്ലുകാർ” എന്നത് ആർ.എസ്.എസിനെ സൂചിപ്പിക്കാൻ ഒ.വി. വിജയൻ സ്ഥിരമായി ഉപയോഗിച്ച പരിഹാസപദമായിരുന്നു.
“ആധുനിക സംവിധാനമുള്ള, ആര്യാവൃത്തത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ ആധിപത്യമില്ലാത്ത, മതങ്ങളുടെ കുത്തകയില്ലാത്ത” ഒരു ഫെഡറേഷനെപ്പറ്റി ചിന്തിക്കണമെന്ന് ഓർമിപ്പിക്കുകയും ചെയ്തിട്ടുണ്ട് (നഷ്ടപ്പെടുന്ന അവസരങ്ങൾ, ഇന്ദ്രപ്രസ്ഥം, 1980).
തെരഞ്ഞെടുപ്പുകളുടെ യുക്തിയെ കേവലാഹ്ലാദങ്ങളുടെയോ ക്രുദ്ധമായ നൈരാശ്യബോധത്തിലൂടെയോ കാണാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. ബി.ജെ.പി ജയിക്കുമ്പോഴും തോൽക്കുമ്പോഴും ഹിന്ദുത്വപോലുള്ള ഒരു സാംസ്കാരികശക്തിയോടു പൊരുതുക എളുപ്പമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ചില നിർമമതകളുടെ രാഷ്ട്രീയപരിസരം.
കർണാടക തെരഞ്ഞെടുപ്പ് ഫലത്തിൽ ആഹ്ലാദിക്കാൻ ഏറെ വകയുണ്ടെങ്കിലും അതിന്റെ ഭാഗമായി നാം മുന്നിൽകാണേണ്ട ചില വലിയ അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള ആശങ്കകൾകൂടി എനിക്ക് ആലോചിക്കേണ്ടി വരുന്നത് അദ്ദേഹത്തിന്റെ ഈ സമീപനത്തിലെ യാഥാർഥ്യബോധം മനസ്സിലാകുന്നതുകൊണ്ടാണ്. ബി.ജെ.പിയെ തോൽപിക്കുക എന്നത് ഏതൊരു ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയത്തിന്റെയും ദീർഘകാല വിജയത്തിന്റെ മുന്നുപാധിയാണ് എന്നുള്ളതുകൊണ്ടാണ്.
വിചിത്രമായ രാഷ്ട്രീയബോധം
കർണാടകയിലെ വിജയത്തിൽ അപ്രതീക്ഷിതമായി ഒന്നും ഉണ്ടായിരുന്നില്ല. ഭരണവിരുദ്ധവികാരം ശക്തമായിരുന്നു എന്നതുകൊണ്ടുമാത്രമല്ല, കേരളത്തെപ്പോലെ അടിയന്തരാവസ്ഥക്കാലത്തുപോലും കോൺഗ്രസിനെ കൈവിടാത്ത സംസ്ഥാനമായിരുന്നു അത്.
റായ്ബറേലിയിൽ തോറ്റപ്പോൾ വീണ്ടും ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നൽകി ഷാ കമീഷനെനോക്കി പുച്ഛിച്ചുകൊണ്ട് ചിക്കമഗളൂരുവിൽനിന്ന് ഇന്ദിരഗാന്ധിയെ വിജയിപ്പിച്ചവരാണവർ എന്നത് നാം വിസ്മരിക്കരുത്.
ജനതാദൾ രാഷ്ട്രീയത്തിന്റെ വകതിരിവില്ലായ്മകളാണ് അവിടെ ചുവടുറപ്പിക്കാൻ ബി.ജെ.പിക്ക് അവസരം നൽകിയത്. ആ ബുദ്ധിശൂന്യതകൾ അവരിപ്പോഴും തുടരുന്നുണ്ട്. പാൻ-ഇന്ത്യൻ പശ്ചാത്തലമുള്ള പഴയ ജനതാദൾ രാഷ്ട്രീയത്തെ ദേവഗൗഡ-കുമാരസ്വാമി ദ്വന്ദം കർണാടക സംസ്ഥാനത്തെ അധികാര രാഷ്ട്രീയത്തിലേക്കു മാത്രമായി ചുരുക്കിയതിന്റെ ചരിത്രം അവിടത്തെ ബി.ജെ.പി വളർച്ചയുമായി കൂടി ബന്ധപ്പെട്ടതാണ്. മുസ്ലിം സംഘടനകളാണ് എപ്പോഴും നമ്മുടെ സോഫ്റ്റ് ടാർജറ്റ് .
അവരെ ഉപദേശിക്കാൻ, നന്നാക്കാൻ, വോട്ടു ഭിന്നിപ്പിക്കരുതെന്നു പറയാൻ, നിന്ദിച്ചു ചിരിക്കാനായി ചുറ്റും ആളെക്കൂട്ടാനൊക്കെ നിരവധി പേരുണ്ടാവും. പക്ഷേ കുമാരസ്വാമിയോടും ‘ഹിന്ദുക്കളോടും’ വോട്ടു ‘ഭിന്നിപ്പിക്കരു’തെന്നു പറയാൻ നമുക്കാവില്ല. അതവരുടെ രാഷ്ട്രീയമാണ്, അവകാശമാണ്. തെരഞ്ഞെടുപ്പിൽ ഹിന്ദുക്കളില്ല, മതേതരരും മുസ്ലിംകളുമേയുള്ളൂ എന്നത് എത്ര വിചിത്രമായ രാഷ്ട്രീയബോധമാണ്!
അടിയന്തരാവസ്ഥക്കാലത്തെ തെരഞ്ഞെടുപ്പിൽ കേരളത്തെയും, പൊതുവിൽ ദക്ഷിണേന്ത്യയേയുംപോലെ കോൺഗ്രസിന് അനുകൂലമായി കൂട്ടത്തോടെ വോട്ടുചെയ്ത പ്രദേശങ്ങളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. ആ സംസ്ഥാനങ്ങൾ പൂർണമായിട്ടല്ലെങ്കിലും ഒന്നൊന്നായി ബി.ജെ.പി പിടിച്ചെടുത്തു.
അവിടത്തെ സാംസ്കാരിക സംവിധാനങ്ങളും രാഷ്ട്രീയ സംവിധാനങ്ങളും കോൺഗ്രസ് കാലത്തുതന്നെ പലവിധ അരക്ഷിതത്വങ്ങളും ക്ഷതസാധ്യതകളും നേരിട്ടിരുന്നു എന്നതാണ് യാഥാർഥ്യം. ബി.ജെ.പി ശക്തമായതോടെ ഇത്തരം ആന്തരിക വൈരുധ്യങ്ങൾ കൂടുതൽ സങ്കീർണമായിത്തീർന്നു.
കോൺഗ്രസിനെ കൈവിട്ടു ബി.ജെ.പിയെ ആശ്ലേഷിച്ചതിന്റെ പരിണിതഫലങ്ങൾ എത്ര ദുരന്തപൂർണമാണെന്ന സത്യത്തിലേക്ക് വടക്കുകിഴക്കൻ പ്രദേശങ്ങൾ ഇപ്പോൾ കണ്ണുതുറക്കാൻ തുടങ്ങുന്നതേയുള്ളൂ.
അജയ്യമോ ബി.ജെ.പി?
ഇന്ത്യയിൽ എവിടെയാണ് ബി.ജെ.പി എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഡൽഹി, പഞ്ചാബ്, എന്നിവിടങ്ങളിൽ ആം ആദ്മി പാർട്ടിയും ഹിമാചൽപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിൽ കോൺഗ്രസും, ബംഗാളിൽ തൃണമൂൽ കോൺഗ്രസും, തമിഴ്നാട്ടിൽ ഡി.എം.കെയും, കേരളത്തിൽ എൽ.ഡി.എഫും, ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസും, തെലങ്കാനയിൽ ഇപ്പോൾ ബി.ആർ.എസ് ആയി മാറിയ തെലങ്കാന രാഷ്ട്രസമിതിയും, ബിഹാറിൽ ആർ.ജെ.ഡിയും ജെ.ഡി.യുവും കോൺഗ്രസും അടങ്ങുന്ന മഹാഘട്ബന്ധനും, ഝാർഖണ്ഡിൽ ജെ.എം.എം-കോൺഗ്രസ് സഖ്യവും, മിസോറമിൽ എം.എൻ.എഫും ഒഡിഷയിൽ 2009-ൽ ബി.ജെ.പി ബന്ധം വേർപെടുത്തിയ ബി.ജെ.ഡിയുമാണ് ഭരിക്കുന്നത്.
അതായതു 15 സംസ്ഥാനങ്ങളിൽ ബി.ജെ.പി- ഇതര സർക്കാറുകളാണ് നിലവിലുള്ളത് എന്നർഥം. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ബി.ജെ.പി അധികാരത്തിലുണ്ടെങ്കിലും അത് കുതിരക്കച്ചവടത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിച്ചിട്ടായിരുന്നു. അതല്ലെങ്കിൽ ബി.ജെ.പിയും സഖ്യകക്ഷികളും ഇപ്പോൾ 13 സംസ്ഥാനങ്ങൾ മാത്രമെ ഭരിക്കുകയുണ്ടായിരുന്നുള്ളൂ.
അതിൽത്തന്നെ യു.പിയും ഗുജറാത്തും ഒഴിച്ചാൽ ബി.ജെ.പി ഉറപ്പായി ജയിക്കും എന്ന് അവർക്കുതന്നെ പറയാവുന്ന സംസ്ഥാനങ്ങൾ കുറവാണ്. ദക്ഷിണേന്ത്യയിൽ ഇപ്പോഴുള്ള ബി.ജെ.പി മുക്താവസ്ഥ മെച്ചപ്പെടുത്തുകയും, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഒഡിഷ, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിലെ സർക്കാറുകൾ അവകൾക്കുള്ള ജനകീയാംഗീകാരം നിലനിർത്തുകയും യു.പിയിൽ ശക്തമായ ഒരു പ്രതിപക്ഷ മുന്നണി (എസ്.പി, ബി.എസ്.പി,കോൺഗ്രസ്) രൂപവത്കരിക്കപ്പെടുകയും ചെയ്താൽ അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെങ്കിൽപോലും കേവലഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെടുമെന്നത് തീർച്ചയാണ്.
സഖ്യങ്ങളുടെ സാധ്യതകൾ
കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേവലമായ ആഹ്ലാദാരവങ്ങൾക്കപ്പുറത്ത് നാം അന്വേഷിക്കേണ്ട വസ്തുത ഇത്തരമൊരു സാധ്യത മുന്നിൽകാണുന്ന ഒരു പ്രതിപക്ഷം ഇപ്പോഴിവിടെയുണ്ടോ എന്നതാണ്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ കേരളമടക്കം മുഴുവൻ ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസും സഖ്യകക്ഷികളും ജയിച്ചിട്ടും കോൺഗ്രസ് തോറ്റതെങ്ങനെ എന്നത് നാം വിസ്മരിക്കരുത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മനുഷ്യരുടെ അടിയന്തരാവസ്ഥക്കെതിരെയുള്ള രോഷാഗ്നി എന്നൊക്കെ പറയാമെങ്കിലും സത്യമെന്താണ്? ജനസംഘം, സിൻഡിക്കേറ്റ് കോൺഗ്രസ്, ലോക്ദൾ, കോൺഗ്രസ് ഫോർ ഡെമോക്രസി, സോഷ്യലിസ്റ്റ് പാർട്ടി തുടങ്ങി ഉത്തരേന്ത്യയിൽ ഭാഗികമായി വേരോട്ടമുള്ള സകല പ്രതിപക്ഷ പാർട്ടികളെയും ജയപ്രകാശ് നാരായണനും ആർ.എസ്.എസും ചേർന്ന് ഒരേ ബാനറിനു കീഴിൽ കൊണ്ടുവന്ന് കോൺഗ്രസ് വിരുദ്ധ വോട്ടുകൾ സമാഹരിച്ചതുകൊണ്ടുണ്ടായ നേട്ടമായിരുന്നു അത്.
അതുകൊണ്ടാണ് അടിയന്തരാവസ്ഥക്ക് മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ജനതമോർച്ച എന്ന പേരിൽ ആ സഖ്യം വിജയിച്ചത്. ആ പ്രതിലോമ രാഷ്ട്രീയത്തിന് ആളോട്ടവും വേരോട്ടവും ഇല്ലാതിരുന്നതുകൊണ്ടാണ് ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥക്കാലത്തും കോൺഗ്രസ് നിഷ്പ്രയാസം ജയിച്ചത്.
തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന പാർട്ടികളുടെ സ്വാധീനം പ്രത്യയശാസ്ത്രപരമാണ്. എന്നാൽ അത് തെരഞ്ഞെടുപ്പുഫലങ്ങളിൽ പ്രതിഫലിക്കണമെങ്കിൽ സഖ്യങ്ങളുടെ സാധ്യതകൂടി പരിശോധിക്കണം. കർണാടകയിൽത്തന്നെ കുമാരസ്വാമിയുടെ ജനതാദൾ ദുർബലപ്പെട്ടെങ്കിലും 23സീറ്റാണ് നേടിയത്.
അവർക്ക് ബി.ജെ.പിയുമായി ഒരു സഖ്യമുണ്ടാക്കാൻ കഴിയാതെപോയ സാഹചര്യം കോൺഗ്രസ് വിജയത്തിൽ ഒരു വലിയപങ്ക് വഹിച്ചിട്ടുണ്ടെന്ന യാഥാർഥ്യം മനസ്സിലാക്കാതെയുള്ള കണക്കുകൂട്ടലുകൾ പോസ്റ്റ്ഫാക്റ്റോ ജേണലിസത്തിന്റെ നിലവാരത്തിനപ്പുറം പോകുന്നില്ല.
കർണാടക തെരഞ്ഞെടുപ്പിൽ നിന്നല്ല പാഠങ്ങൾ ഇപ്പോൾ പഠിക്കാനുള്ളത്. മറിച്ച്, ഇന്ത്യചരിത്രത്തിലെ കോൺഗ്രസ്-കോൺഗ്രസ്സിതര രാഷ്ട്രീയത്തിന്റെ സഖ്യചരിത്രത്തിൽ നിന്നാണ്. 1965ൽതന്നെ ജനസംഘവും സ്വതന്ത്രപാർട്ടിയും ഒന്നിച്ചുനിന്നു തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കമ്യൂണിസ്റ്റ്പാർട്ടിയെ അട്ടിമറിച്ചു അവർ പ്രധാന പ്രതിപക്ഷമായി മാറിയത് ഒരു ദുഃസ്വപ്നം മാത്രമല്ല, ഇനിയെന്ത് ചെയ്യണം എന്നതിന്റെ ചരിത്രത്തിലെ ഒരു വലിയ ചൂണ്ടുപലക കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.