കശ്മീരിൽ പിന്തുണയാണ് വേണ്ടത്; വേദിയിലെ കൈയടിയല്ല
text_fieldsഅമേരിക്കയുടെ ചൈന നയത്തിൽ മോദിക്ക് നിർണായക സ്ഥാനമാണ് അവർ കൽപിക്കുന്നത്. ‘ഓട്ടോഗ്രാഫ് ചോദിക്കൽ’ പോലുള്ള നുറുങ്ങുവിദ്യകൾകൊണ്ട് മോദിയുടെ തൻപ്രമാണിത്തഭാവത്തെ താലോലിക്കുന്നത് ഇന്ത്യയിലെ പി.ആർ സംവിധാനങ്ങൾക്ക് ഏറെ അനുയോജ്യമാണെന്നും അങ്ങനെ കുറഞ്ഞ ചെലവിൽ മോദിയെയും ഇന്ത്യയെയും തങ്ങളുടെ പക്ഷത്ത് നിർത്താനാകുമെന്നും ബൈഡന് നന്നായറിയാം
വിദേശകാര്യ നയതന്ത്രം കൈകാര്യംചെയ്യുന്നതിലെ ഇന്ത്യയുടെ മിടുക്ക് സംബന്ധിച്ച് പോയവാരം പുറത്തുവന്ന രണ്ട് ആഖ്യാനങ്ങൾ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. ആഖ്യാനം ഒന്ന്: ജപ്പാൻ, പാപ്വന്യൂഗിനി, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ സന്ദർശനം കഴിഞ്ഞതോടെ അന്താരാഷ്‌ട്ര നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കൂടുതൽ ഉയരങ്ങളിലെത്തിയിരിക്കുന്നു.
ജി7 ഉച്ചകോടിയിൽ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണിതാവായി എത്തിയ അദ്ദേഹം യുക്രെയ്ൻ പ്രസിഡൻറ് വൊളോദിമിർ സെലൻസ്‌കിയുമൊത്ത് നിൽക്കുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തനിക്ക് മോദി ഓട്ടോഗ്രാഫ് വേണ്ടിവരുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ തമാശയായി പറഞ്ഞതും ചർച്ചയായി.
പാപ്വന്യൂഗിനിയിൽ, അവിടത്തെ പ്രധാനമന്ത്രി ജെയിംസ് മറാപെ ഭാരതീയ രീതിയിൽ മോദിയുടെ പാദങ്ങളിൽ തൊട്ടത് വിസ്മയത്തിന് ആക്കംകൂട്ടി. അവസാനമെത്തിയ സിഡ്‌നിയിൽ സംഘടിപ്പിക്കപ്പെട്ട പൊതുപരിപാടിയിൽ, ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻറണി ആൽബനീസ്, വലിയ ജനക്കൂട്ടത്തെ ആകർഷിക്കാൻ പല റോക് താരങ്ങളേക്കാൾ കഴിവുള്ള മോദിയെ ‘ദി ബോസ്’ എന്നാണ് വിശേഷിപ്പിച്ചത്.
ആഖ്യാനം രണ്ട്: അടുത്തിടെ ശ്രീനഗറിൽ സംഘടിപ്പിച്ച ജി20 രാജ്യങ്ങളുടെ മൂന്നാമത് ടൂറിസം വർക്കിങ് ഗ്രൂപ് യോഗത്തിൽ, ഒട്ടുമിക്ക രാജ്യങ്ങളും പങ്കെടുത്തപ്പോൾ, ഒരു പ്രധാന സംഘം വിട്ടുനിന്നു. സൗദി അറേബ്യക്കും തുർക്കിയക്കും പുറമെ ഈജിപ്തും ഒമാനുമാണ് പങ്കെടുക്കാതെ മാറിനിന്നത്.
കശ്മീർ സംബന്ധിച്ച തർക്കത്തിൽ പാക് അവകാശവാദത്തോടുള്ള ഐക്യദാർഢ്യമായാണ് ഈ വിട്ടുനിൽപ് വ്യാഖ്യാനിക്കപ്പെട്ടത്. ഒരർഥത്തിൽ അത് ഇന്ത്യയെ വിഷമവൃത്തത്തിലാക്കുന്നു.
മേൽചൊന്ന രണ്ട് ആഖ്യാനങ്ങളും വിലപ്പെട്ടതാണ്. പക്ഷേ, ഏതിനാണ് കൂടുതൽ പ്രാധാന്യമെന്ന് ചോദിക്കപ്പെട്ടാൽ എന്തു പറയും- പ്രധാനമന്ത്രിയുടെ ജനപ്രീതി മോദിയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി ഒരു നേട്ടംതന്നെയാണ്. ഇൻസ്റ്റഗ്രാം റീലുകൾ ഉണ്ടാക്കാനും ചാനലുകളുടെ അന്തിച്ചർച്ചകൾക്കും പറ്റിയ സംഭവമാണ്.
മോദിയുടെ സാന്നിധ്യം സദാ ചർച്ചാവിഷയമാവുകവഴി അന്താരാഷ്‌ട്ര സമ്മേളനങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായ ഉയരുന്നുവെന്ന് പറയുന്നതിൽ തെറ്റില്ല. പണ്ഡിറ്റ് നെഹ്‌റുവും ഇന്ദിരയും മുതൽ വാജ്‌പേയി വരെ അതീവവ്യക്തിപ്രഭാവമുള്ള പ്രധാനമന്ത്രിമാരുടെ ഒരു നിരതന്നെ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ടെങ്കിലും, അന്താരാഷ്‌ട്ര വേദികളിൽ മോദി മറ്റൊരർഥത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നു എന്ന കാര്യത്തിൽ തെല്ല് സംശയമില്ല.
എന്നാൽ, പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ആകർഷണീയത ഒരു വിദേശനയ വിജയമായി കണക്കാക്കാനാകുമോ? അത് ഇന്ത്യൻ വിദേശനയത്തിലെ ഘടകംപോലുമല്ല എന്ന് ഞാൻ പറയും. എന്നാൽ, കശ്മീരോ?- അത് ഏറെക്കാലമായി ഇന്ത്യൻ വിദേശനയത്തിന്റെ സുപ്രധാനമായ ആണിക്കല്ലുകളിൽ ഒന്നാണ്.
ജമ്മു-കശ്മീർ തർക്കഭൂമിയാണെന്ന പാക് വീക്ഷണത്തെ ഒറ്റപ്പെടുത്താൻ ഇന്ത്യ ഒട്ടേറെ ഊർജവും നയതന്ത്ര പ്രയത്നങ്ങളും ചെലവിട്ടിട്ടുണ്ട്. ഒട്ടുമിക്ക ലോക രാഷ്ട്രങ്ങളും ഇന്ത്യയുടെ നിലപാട് അംഗീകരിക്കുകയോ പക്ഷംചേരാതെ നിൽക്കുകയോ ചെയ്യുന്നു.
കൂടാതെ, ജമ്മു-കശ്മീർ വിഷയത്തിൽ സമാധാനവും സംഭാഷണവും തുടരാൻ ഇരുരാജ്യങ്ങളോടും ആവശ്യപ്പെടുന്ന പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ, മിഡിലീസ്റ്റിലും ഇസ്‍ലാമിക രാജ്യങ്ങൾക്കിടയിലും തങ്ങളുടെ നിലപാടിന് പിന്തുണ സ്വരൂപിക്കാൻ പാകിസ്താന് സാധിക്കുന്നു.
ആകയാൽ കഴിയുന്നത്ര അറബ്, മിഡിലീസ്റ്റ് രാജ്യങ്ങളെ പാക് വീക്ഷണകോണിൽനിന്ന് അകറ്റിനിർത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നയതന്ത്ര ലക്ഷ്യമാണ്.
കശ്മീർ ഇന്ത്യയുടെ അവകാശം
വിദേശ രാജ്യങ്ങളിൽനിന്നുള്ള വിശിഷ്ടാതിഥികളെ ജമ്മു-കശ്മീരിലേക്കു ക്ഷണിക്കാൻ തീർച്ചയായും ഇന്ത്യക്ക് എല്ലാവിധ അവകാശാധികാരങ്ങളുമുണ്ട്, കഴിഞ്ഞ ഡിസംബറിൽ ജി20 അധ്യക്ഷ പദവി ഏറ്റെടുത്ത ഇന്ത്യ ജമ്മു-കശ്മീരിലും അരുണാചൽപ്രദേശിലും ജി20 അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുന്നതുതന്നെ അവിടങ്ങളിൽ സാധാരണ നിലയും വികസനവും സാധ്യമാണ് എന്ന ഒരു സുപ്രധാന സന്ദേശം നൽകാനും ഇവിടങ്ങളിലെ പ്രവിശ്യകൾക്കുമേൽ പാകിസ്താനും ചൈനയും ഉയർത്തുന്ന അവകാശവാദങ്ങളെ തള്ളിക്കളയാനുമാണ്.
പാകിസ്താൻ സ്വാഭാവികമായും കശ്മീരിൽ വേദി വെച്ചതിനെ എതിർത്തു. പ്രതീക്ഷിച്ച മട്ടിൽത്തന്നെ ചൈനയും പരിപാടി ബഹിഷ്കരിച്ചു. തെക്കൻ തിബത്തിന്റെ ഭാഗമെന്ന് തങ്ങൾ അവകാശപ്പെടുന്ന അരുണാചൽപ്രദേശിൽ സംഘടിപ്പിച്ച ജി20 പരിപാടിയിൽനിന്ന് ചൈന വിട്ടുനിന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രീനഗറിലെ ജി20 യോഗത്തിന് മറ്റൊരു സവിശേഷതകൂടിയുണ്ടായിരുന്നു. 2019 ആഗസ്റ്റിൽ ഭരണഘടനയുടെ 370ാം വകുപ്പ് അസാധുവാക്കിയശേഷം അവിടെ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ അന്താരാഷ്‌ട്ര പരിപാടിയായിരുന്നു അത്.
മിഡിലീസ്റ്റ് രാജ്യങ്ങളുടെ പ്രതികരണം സമ്മിശ്രമായിരിക്കുമെന്ന് കരുതിയിട്ടുണ്ടാകാം. പക്ഷേ, അതുപോലുമല്ല സംഭവിച്ചത്. നേരത്തേ സൂചിപ്പിച്ചതുപോലെ, സൗദി അറേബ്യക്കും തുർക്കിയക്കും പുറമെ ഇന്ത്യയുടെ ചങ്ങാതിരാജ്യങ്ങളായ ഈജിപ്തും ഒമാനുംപോലും ഒഴിഞ്ഞുനിന്നു.
ഇന്തോനേഷ്യ അവരുടെ ഡൽഹി എംബസിയിൽനിന്ന് ഉദ്യോഗസ്ഥരെ അയക്കുക മാത്രമാണ് ചെയ്തത്. ഇപ്പറഞ്ഞ രാജ്യങ്ങളിൽ പലതുമായും ഇന്ത്യയുടെ ഉഭയകക്ഷി സമവാക്യങ്ങൾ അതിശക്തമാണെന്ന് വാദിച്ചേക്കാം, കശ്മീർ വിഷയത്തിലെ വിശാല അറബ് ദേശീയ നിലപാടിനൊപ്പം ചുണ്ടനക്കൽ അവരിൽ പലർക്കും ഒഴിഞ്ഞുനിൽക്കാൻ പറ്റാത്ത അനിവാര്യതയാണെന്നും വാദിക്കാം.
പക്ഷേ, അവരാരും ഈ വഴിക്ക് വന്നുനോക്കുകപോലും ചെയ്തില്ല. അതായത്, രാഷ്ട്രത്തലവന്മാരുമായി മോദിയുടെ വ്യക്തിപരമായ സമവാക്യങ്ങൾ എത്രതന്നെ ശക്തമാണെങ്കിലും കശ്മീർ വിഷയത്തിൽ അത് ഗുണകരമായി പ്രതിഫലിക്കുന്നില്ല. അതായത്, ഇന്ത്യൻ നയതന്ത്രം ഇനിയുമേറെ മുന്നേറാനുണ്ട്.
സൗഹൃദങ്ങളുടെ സമവാക്യങ്ങൾ
മോദിയുടെ ജപ്പാൻ, ആസ്‌ട്രേലിയ, പാപ്വന്യൂഗിനി സന്ദർശനങ്ങളൊന്നും ഒട്ടുംതന്നെ നയതന്ത്രപരമായി വെല്ലുവിളി നിറഞ്ഞവയായിരുന്നില്ല. മേഖലയിൽ ചൈനയെ ചെറുക്കുന്നതിൽ ജപ്പാന്റെയും ആസ്ട്രേലിയയുടെയും സ്വാഭാവിക സഖ്യകക്ഷിയാണ് ഇന്ത്യ. വാസ്തവത്തിൽ, ചൈനയുമായുള്ള ഇന്ത്യയുടെ ദീർഘകാല വൈരാഗ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇരു രാജ്യങ്ങളും ചൂണ്ടകോർക്കുന്നതുതന്നെ.
സ്വാഭാവികമായും ഇരു രാജ്യങ്ങളും മോദിക്ക് സുഖിപ്പിക്കുന്ന പരിഗണന നൽകും. അമേരിക്കയുടെ ചൈന നയത്തിൽ മോദിക്ക് നിർണായക സ്ഥാനമാണ് അവർ കൽപിക്കുന്നത്.
‘ഓട്ടോഗ്രാഫ് ചോദിക്കൽ’ പോലുള്ള നുറുങ്ങുവിദ്യകൾകൊണ്ട് മോദിയുടെ തൻപ്രമാണിത്തഭാവത്തെ താലോലിക്കുന്നത് ഇന്ത്യയിലെ പി.ആർ സംവിധാനങ്ങൾക്ക് ഏറെ അനുയോജ്യമാണെന്നും അങ്ങനെ കുറഞ്ഞ ചെലവിൽ മോദിയെയും ഇന്ത്യയെയും തങ്ങളുടെ പക്ഷത്ത് നിർത്താനാകുമെന്നും ബൈഡന് നന്നായറിയാം.
അതേസമയം, ശ്രീനഗർ യോഗത്തിൽനിന്ന് വിട്ടുനിന്ന നമ്മുടെ ചങ്ങാതിരാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം ഒന്നോർത്തുനോക്കൂ-
സൗദിയുടെ ഉദാഹരണമെടുക്കാം. അമേരിക്കയും ചൈനയും യു.എ.ഇയും കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളികളാണവർ. 2021-22 സാമ്പത്തികവർഷം സൗദിയുമായി 42.8 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നാം നടത്തിയത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന പെട്രോളിന്റെ 18 ശതമാനവും പാചകവാതകത്തിന്റെ 22 ശതമാനവും വരുന്നത് അവിടെനിന്നാണ്.
ആസ്ട്രേലിയയുമായി 25 ബില്യൺ ഡോളറിന്റെയും ജപ്പാനുമായി 20.57 ബില്യൺ ഡോളറിന്റെയും കച്ചവടമേ നടത്തിയിട്ടുള്ളൂ. തെളിച്ചുപറഞ്ഞാൽ, സൗദിയുമായുള്ള സമവാക്യം നിലനിർത്തുന്നതിലാണ് കൂടുതൽ പ്രാമുഖ്യം വേണ്ടത്.
കശ്മീർ വിഷയത്തിൽ തുടരത്തുടരെ, ഐക്യരാഷ്ട്ര സഭയിൽപോലും പാകിസ്താനുവേണ്ടി വാദിക്കുന്ന തുർക്കിയയുമായി ഇന്ത്യ പതിറ്റാണ്ടുകളായി വഴക്കിലായിരുന്നു. എന്നാൽ, ഭൂകമ്പം കനത്ത നാശം വിതച്ച വേളയിൽ തർക്കങ്ങളെല്ലാം മറന്ന് ആശ്വാസദൂതുമായി ഇന്ത്യ അവിടെയെത്തി.
ഓപറേഷൻ ദോസ്ത് എന്ന മാനവിക ദൗത്യത്തിന്റെ ഭാഗമായി ദുരിതാശ്വാസ-മെഡിക്കൽ സാമഗ്രികളുമായി ദുരന്തനിവാരണ വിദഗ്ധർ തുർക്കിയയിലേക്കും സിറിയയിലേക്കും കുതിച്ചു. അതുകൊണ്ടും അവരുടെ നിലപാടിൽ മാറ്റമുണ്ടായില്ലെന്ന് തുർക്കിയയുടെ വിട്ടുനിൽപ് വ്യക്തമാക്കിത്തരുന്നു. ശ്രീനഗർ യോഗത്തിലെ പ്രത്യേക ക്ഷണിതാവായിരുന്നു ഈജിപ്ത്.
അവരുടെ പ്രസിഡൻറ് സിസി ഇക്കഴിഞ്ഞ റിപ്പബ്ലിക്ദിന പരേഡിലെ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ കരസേന മേധാവി മനോജ് പാണ്ഡെ വെറും ഒരാഴ്ച മുമ്പാണ് ഈജിപ്തിൽ സന്ദർശനം നടത്തിയത്. സൈനിക ഹെലികോപ്ടറുകളും ഭാരംകുറഞ്ഞ 70 തേജസ് എയർക്രാഫ്റ്റുകളും ഈജിപ്തിന് വിൽക്കാനാകുമെന്ന പ്രതീക്ഷ നമുക്കുണ്ട്.
പ്രതിവർഷം സൂയസ് കനാൽ വഴി പോകുന്ന 200 കോടി ഡോളറിന്റെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഭീഷണി സൃഷ്ടിക്കാൻ ജിബൂതിയിലുള്ള ചൈനീസ് നാവികസേന ബേസിന് സാധിക്കുമെന്ന സാഹചര്യത്തിൽ ഈജിപ്തുമായുള്ള ബന്ധം നാം കൂടുതൽ സുദൃഢമാക്കേണ്ടത് അനിവാര്യമാണ്.
ഒമാന്റെ കാര്യം നോക്കൂ, ഗൾഫിൽ ഇന്ത്യയുടെ ഏറ്റവും അടുപ്പമുള്ള പ്രതിരോധപങ്കാളികളാണവർ. അവിടെനിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അവരും ശ്രീനഗറിൽനിന്ന് വിട്ടുനിന്നു എന്നത് അമ്പരപ്പിക്കുന്നതു മാത്രമല്ല, കൂടുതൽ പ്രയത്നങ്ങൾ ആവശ്യമാണെന്ന് ഓർമപ്പെടുത്തലുമാണ്.
ഇക്കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോൾ ലഭിക്കുന്ന സംക്ഷിപ്ത രൂപം ഇതാണ്: പോകുന്നിടത്തെല്ലാം പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന സ്വീകരണവും ആർപ്പുവിളികളുമെല്ലാം നല്ല കാര്യം തന്നെയാണ്. പക്ഷേ, ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാനമായ നയതന്ത്ര വെല്ലുവിളിയായ ജമ്മു-കശ്മീർ വിഷയം കൈകാര്യംചെയ്യുന്നതിന് വേണ്ടുന്ന പ്രയത്നങ്ങൾക്ക് പകരമാവില്ല അദ്ദേഹത്തിന്റെ ജനപ്രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.