Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകഠ്​വ:...

കഠ്​വ: സംഘ്​പരിവാറി​െൻറ അടുത്ത ചുവട്​

text_fields
bookmark_border
കഠ്​വ: സംഘ്​പരിവാറി​െൻറ അടുത്ത ചുവട്​
cancel

എട്ടു വയസ്സുകാരിയുടെ സ്വകാര്യ അവയവം കുത്തിത്തുരക്കാനുള്ള ക്ഷണം സ്വീകരിച്ച് മീറത്തിൽനിന്ന്​ ജമ്മുവിലേക്ക് പുറപ്പെട്ടുപോയ വിശാൽ ജംഗോത്ര, ഏതാണ്ട് ശവം പോലെയായി മാറിയ ആ പെൺകുട്ടിയുടെ നേർക്ക് കൊല്ലുന്നതിനു മുമ്പുള്ള അവസാനത്തെ ആ ഒരു വട്ടത്തിന് വേണ്ടി കുനിഞ്ഞ പൊലീസുകാരൻ ദീപക് കജൂരിയ, സംഭവം നടന്ന ക്ഷേത്രത്തി​​​െൻറ പുരോഹിതനും മുഖ്യ പ്രതിയുമായ സൻജി റാം,  പീഡനത്തി​​​െൻറ ചോരപ്പാടുകൾ മായ്ച്ചുകളയാൻ സഹായിച്ച മറ്റ് നിയമപാലകർ, അവർക്കു വേണ്ടി കോടതി വളപ്പിൽ പ്രതിരോധമൊരുക്കിയവർ, അങ്ങാടിയിലൂടെ കൊലയാളികളെ പിന്തുണച്ച് ദേശീയപതാകയേന്തി ജയ്ശ്രീറാം വിളിച്ചവർ^ഇവരെല്ലാം രണ്ട് തരം ചോദ്യങ്ങൾ ഉയർത്തുന്നു. നിർഭയ കേസിലെ പോലെ രാജ്യം ഈ വിഷയത്തിൽ ഒറ്റക്കെട്ടാവുകയല്ല ഉണ്ടായത്. നടന്ന സംഭവത്തി​​​െൻറ നൈതികതയെക്കുറിച്ചുള്ള ചോദ്യം പതിവുപോലെ ബി.ജെ.പി വിരുദ്ധരുടേതു മാത്രമായി മാറി. മറുഭാഗത്ത് പ്രതിഷേധത്തി​​​െൻറ മതവും രാഷ്​ട്രീയവും കൃത്യമായി തരംതിരിച്ച കണക്കെടുപ്പുകൾ അശോകാ റോഡിൽ നടക്കുന്നുണ്ട്. കഠ്​വ സംഭവത്തിലെ പ്രതികളെ പിന്തുണക്കുന്ന റാലിയിൽ പങ്കെടുക്കാൻ ബി.ജെ.പി നേതൃത്വമാണ് ആവശ്യപ്പെട്ടതെന്ന് രാജിവെച്ച രണ്ട് മന്ത്രിമാരും ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. സ്വന്തം പാർട്ടിക്ക് പങ്കാളിത്തമുള്ള സർക്കാർ ആയിട്ടും ജമ്മു ^കശ്മീർ ൈക്രം ബ്രാഞ്ച് നടത്തിയ അന്വേഷണം പോരെന്നും കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്​ അടക്കമുള്ള ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നു. കേസിനെ അട്ടിമറിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് അങ്ങനെയൊരു ആവശ്യം?

ബക്കർവാലുകൾക്കെതിരെ രൂപം കൊണ്ട സൻജി റാം അനുകൂലികളുടെ വികാരത്തെ ജമ്മുവിലെ ഹിന്ദുക്കളുടെ പൊതുവികാരമാക്കി മാറ്റി അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പാർട്ടി മന്ത്രിമാരെ പറഞ്ഞയച്ചത്. പെൺകുട്ടികളെ രക്ഷിക്കുന്നതി​​​െൻറയോ നിയമവാഴ്ച ഉറപ്പുവരുത്തുന്നതി​​​െൻറയോ തത്വങ്ങൾക്കതീതമായ ഇതേ രാഷ്​ട്രീയ താൽപര്യമാണ് മുസഫർ നഗറിലെ കലാപ കേസുകൾ എഴുതിത്തള്ളിയും യു.പിയിലെ ദലിത് യുവതി ബലാത്സംഗം ചെയ്യപ്പെട്ട കേസിൽ പാർട്ടി എം.എൽ.എ കുൽദീപ് സിങ്​ സെങ്കാറിനെ അവസാനത്തെ ശ്വാസം വരെയും രക്ഷിക്കാൻ തിടുക്കം കാണിച്ചും ബി.ജെ.പി നടത്തിക്കൊണ്ടിരുന്നത്. 

Kathua-BJP-Minister
കഠ്​വ കേസിൽ പ്രതികളെ അനുകൂലിച്ച്​ നടത്തിയ റാലിയിൽ പ​െങ്കടുത്ത ബി.ജെ.പി മന്ത്രി ചന്ദർ പ്രകാശ്​ ഗംഗ
 

ഗുജ്ജറുകൾ എന്ന ബക്കർവാലുകളുടെ കാര്യത്തിൽ പക്ഷേ, ബി.ജെ.പിക്ക് ചെയ്യാൻ കഴിഞ്ഞ ഏറ്റവും കടുത്ത വഞ്ചനയായിരുന്നു ഇത്. ഹൈകോടതി അന്വേഷണത്തിലൂടെ കണ്ടെത്തിയ പ്രതികളെ സാങ്കേതികതകൾ നിരത്തി ന്യായീകരിക്കുക മാത്രമായിരുന്നില്ല പാർട്ടി ചെയ്തത്. രസാന, കൂട്ട, ദംയാൽ ഗ്രാമങ്ങളിൽ താമസിക്കുന്ന ബക്കർവാലുകളെ ഭയപ്പെടുത്തി ഓടിച്ചു വിട്ട് ഈ പ്രദേശം അവിടെയുള്ള വിരലിലെണ്ണാവുന്ന ബ്രാഹ്മണ കുടുംബങ്ങളുടേതുമാത്രമാക്കി മാറ്റി ‘ശുദ്ധീകരിച്ചെടുക്കാനുള്ള’ ശ്രമമായിരുന്നു ആ ബലാത്സംഗം. ദേശവിരുദ്ധമായ ഒരു ലക്ഷ്യത്തെ, അതിലടങ്ങിയ കൊടും ക്രിമിനൽ വശം കണ്ടില്ലെന്നു നടിച്ചാണ് പാർട്ടി പരസ്യമായി പിന്തുണച്ചത്. ഒരു ബലാത്സംഗിയായ പുരോഹിതൻ ഓർക്കേണ്ട കാര്യമല്ലെങ്കിലും ഗുജ്ജറുകൾ എന്ന ബക്കർവാൽ വിഭാഗം ആരാണെന്ന് സംസ്​ഥാനത്തി​​​െൻറ രാഷ്​ട്രീയ തന്ത്രം മെനയുന്ന  റാം മാധവും കൂട്ടരും ഓർക്കണമായിരുന്നു. ഇന്ദിര ഗാന്ധിയുടെ കാലത്തും വാജ്പേയിയുടെ കാലത്തും നടന്ന ഇന്തോ–പാക് യുദ്ധങ്ങളുടെ ചരിത്രം ഒഴിവുനേരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വായിക്കണമായിരുന്നു. മൈനസ്​ 60 ഡിഗ്രി വരെ മഞ്ഞുറയുന്ന കാർഗിലിലെ പന്ത്രാസ്​ ഗ്രാമത്തിലെ ബക്കർവാലകളെക്കുറിച്ച് പഠിക്കണമായിരുന്നു.  അവർ എങ്ങനെയാണ് ടൈഗർ ഹില്ലിൽ ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കാൻ രാജ്യത്തി​​​െൻറ സൈന്യത്തിന് സഹായകരമായി മാറിയതെന്ന്. ടാങ്ക്മറിലെ മുഹമ്മദ് ജാഗിറിനെ കുറിച്ചും പൂഞ്ചിലെ മലീബിയെ കുറിച്ചും അവർ ഓർക്കണമായിരുന്നു. എന്തിന് രാജ്യം അവർക്ക് പത്മശ്രീ അടക്കമുള്ള ബഹുമതികൾ നൽകി ആദരിച്ചുവെന്ന്. 

സമീപകാല ചരിത്രം പോലും ബി.ജെ.പിക്ക് മാപ്പുനൽകുന്നില്ല. 2014 നവംബറിൽ ജമ്മുവിലെ രജൗരിയിൽ ചൗധരി താലിബ് ഹുസൈ​​​െൻറ തെരഞ്ഞെടുപ്പ് റാലി നടക്കുന്നു. ജമ്മുവിലെ കോൺഗ്രസിലും നാഷനൽ കോൺഫറൻസിലുമൊക്കെ കയറിയിറങ്ങിയ മുൻ പാർലമ​​​െൻറംഗം കൂടിയായ താലിബ് ആയിടക്കാണ് ബി.ജെ.പിയിൽ ചേർന്നത്. സർക്കാർ സർവിസിൽനിന്നും കാലാവധിയെത്തും മുമ്പേ വിരമിച്ച് രാഷ്​ട്രീയത്തിലിറങ്ങിയ മുൻ എക്സിക്യുട്ടീവ് എൻജിനീയർ അബ്​ദുൽ ഗനി കോലി ബി.ജെ.പി ടിക്കറ്റിൽ തെട്ടടുത്ത മണ്ഡലമായ കാലകോട്ടിലും ഭാഗ്യം പരീക്ഷിക്കുന്നു. സൻജി റാമിനെയും ജംഗോത്രയെയും കജൂരിയയെയും പോലുള്ള ‘ദേശഭക്തർ’ അന്ന് ബക്കർവാലുകളെ ആട്ടിയോടിച്ച് ഗ്രാമങ്ങൾ ശുദ്ധീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നില്ല. ഉദ്ദംപുർ ബെൽറ്റിനു പുറത്ത് പാർട്ടിയുടെ സ്വാധീനം മുസ്​ലിം മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതി​​​െൻറ കൂടി നിദർശനമായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുമെന്നറിയിച്ച ഈ റാലി. പുതിയ കേന്ദ്ര സർക്കാർ നൽകുന്ന പ്രതീക്ഷകളുടെ തിളക്കം സലാനി പാലത്തിനു സമീപം ബസ്​സ്​റ്റാൻഡ് മൈതാനത്തു നടന്ന ആ റാലിയിൽ തടിച്ചു കൂടിയ ആയിരക്കണക്കിന് ബക്കർവാലുകളിൽ കാണാനുണ്ടായിരുന്നു. നരേന്ദ്ര മോദി ഗുജറാത്തിലെ ബക്കർവാൽ സമുദായത്തിലെ അംഗമാണെന്നും അമിത് ഷാ ഹിന്ദുക്കളിലെ സയ്യിദ് ആണെന്നുമായിരുന്നു അവർ വിശ്വസിക്കുന്നുണ്ടായിരുന്നത്. ഷാ എന്ന ജാതിപ്പേര് ഹിന്ദുക്കളിലും മുസ്​ലിംകളിലും ഒരുപോലെയുള്ളതുകൊണ്ട് മുസ്​ലിം ഗുജ്ജറുകൾക്കിടയിൽ ഇങ്ങനെയൊരു പ്രചാരണം വളരെ എളുപ്പത്തിൽ ബി.ജെ.പിക്ക് ഫലിപ്പിച്ചെടുക്കാനായി. എന്തായാലും ഹിന്ദുക്കളിലെ മാന്യന്മാരിൽപെട്ട ഒരാൾ നയിക്കുന്ന പാർട്ടിയിൽനിന്നും ആട്ടിടയന്മാരിൽപെട്ട മറ്റൊരാൾ പ്രധാനമന്ത്രിയായതിലെ നിഷ്കളങ്കമായ അതേ ആഹ്ലാദമായിരുന്നു രജൗരിയിൽനിന്നും മുഗൾ റോഡിലൂടെയുള്ള വഴിയിൽ ഭാവ്​ലി ഗ്രാമത്തിൽ കണ്ടുമുട്ടിയ അബ്​ദുറഷീദ് ഗുജ്ജറിലും കാണാനായത്. അയാൾ പക്ഷേ, പി.ഡി.പി അനുഭാവിയായിരുന്നു. അന്നേക്ക് അഞ്ചു മാസമേ ആയിരുന്നുള്ളു എങ്കിലും മോദിയുടെ ഗവൺമ​​​െൻറ് മാറ്റം കൊണ്ടുവരുമെന്നാണ് അദ്ദേഹം വിശ്വസിച്ചത്.  

Kathua-Rally

നാഷനൽ കോൺഫറൻസും കോൺഗ്രസും വഴിപിരിഞ്ഞതു മാത്രമായിരുന്നില്ല ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച വിജയം കൊയ്യാനുണ്ടായ കാരണം. ചിനാബ് താഴ്വരയിൽ കോൺഗ്രസി​​​െൻറ തട്ടകങ്ങളായിരുന്ന ബാനിഹാൾ, ബഡേർവ, റമ്പാൻ, ഡോഡ, ഇന്ദർവാൾ തുടങ്ങിയ ഗുജ്ജർ സ്വാധീനമുള്ള മണ്ഡലങ്ങളിലെല്ലാം അക്കാലത്ത് ബി.ജെ.പിക്കനുകൂലമായ അടിയൊഴുക്ക് രൂപപ്പെടുന്നുണ്ടായിരുന്നു. കശ്മീർ താഴ്വരയിലെ മുസ്​ലിംകളിൽ പോലും മാറ്റത്തി​​​െൻറ കാറ്റ് വീശുന്നുണ്ടായിരുന്നു. ശ്രീനഗറിലെ അമിറ കടൽ മണ്ഡലത്തിൽ കശ്മീരിലെ തലമൂത്ത നാഷനൽ കോൺഫറൻസ്​ നേതാവ്  മുഹമ്മദ് ശഫീ ഭട്ടി​​​െൻറ മകൾ ഡോ. ഹിന ഭട്ട് ബി.ജെ.പിക്കു വേണ്ടി രംഗത്തിറങ്ങി. പ്രധാനമന്ത്രിയെ  ഡൽഹിയിൽ കണ്ട് സന്ദർശനം നടത്തിയവരിൽ പീപ്​ൾസ്​ കോൺഫറൻസ്​ നേതാവ് സജ്ജാദ് ഗനി ലോണും ബി.ജെ.പിക്ക് പിന്തുണ നൽകുമോ ഇല്ലേ എന്ന് ഉറപ്പിച്ചുപറയാൻ മടിച്ചുനിന്നവരിൽ ഹക്കീം മുഹമ്മദ് യാസീനും ഗുലാം ഹസൻ മീറുമൊക്കെ ഉൾപ്പെട്ടു. ​മഹ്ബൂബ മുഫ്തിപോലും ബി.ജെ.പി പിന്തുണയുടെ കാര്യത്തിൽ ചീട്ട് നെഞ്ചോടു ചേർത്തു പിടിച്ചാണ് കളിയിൽ മുന്നോട്ടു പോയത്. കൊക്കർനാഗിലെ റാലിക്കു ശേഷം ഈ ലേഖകനോടു സംസാരിക്കവെ പിന്തുണ നൽകുമെന്നോ ഇല്ലെന്നോ അവർ വിട്ടുപറഞ്ഞില്ല. അതുതന്നെയാണ് ബീർവയിലെ റാലിക്കു ശേഷം ഉമർ അബ്​ദുല്ലയും പറഞ്ഞത്. കശ്മീരി​​​െൻറ കാര്യത്തിൽ വാജ്പേയി 2001ൽ തുടക്കമിട്ട നീക്കങ്ങൾ നരേന്ദ്ര മോദി മുന്നോട്ടു കൊണ്ടുപോകുകയാണെങ്കിൽ സംസ്​ഥാനത്തി​​​െൻറ ചിത്രം മാറുമെന്ന പ്രതീക്ഷ ഒരുവേള ഹുർറിയത്ത് കോൺഫറൻസ്​ നേതാക്കളിൽ പോലുമുണ്ടായിരുന്നു. ദുഖ്​തറാനെ മില്ലത്ത് അധ്യക്ഷ ആസ്യ അന്ത്രാബി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ പറയുന്നുണ്ടായിരുന്നില്ല. ജനങ്ങളുടെ നിത്യ ജീവിത പ്രശ്നങ്ങൾക്ക് തെരഞ്ഞെടുപ്പ് പരിഹാരം നൽകുമെങ്കിൽ അത് നടക്കട്ടെ എന്നായിരുന്നു ദേശീയ സുരക്ഷ നിയമ പ്രകാരം തടവിലിടാനായി പൊലിസ്​ അന്വേഷിച്ചു നടന്ന അക്കാലത്ത് ആസ്യ നടത്തിയ ഒരു പ്രസ്​താവന. 

ബലാത്സംഗ വിവാദത്തിൽ രാജിവെക്കേണ്ടി വന്ന ജമ്മു^കശ്മീർ മന്ത്രി ലാൽസിങ്​ ചൗധരി കോൺഗ്രസ്​ നേതാവായിരുന്ന കാലത്ത് വളർത്തി​െക്കാണ്ടുവന്ന വോട്ടുബാങ്കാണ് കഠ്​വയിലേത്. രാംനഗറിലെ കോൺഗ്രസ്​ സ്​ഥാനാർഥി രൺബീർ പത്താനിയ അവസാന നിമിഷം കൂറുമാറി ബി.ജെ.പിയിലെത്തിയതും 2014ൽ ജമ്മുവി​​​െൻറ കിഴക്കൻ മേഖലയിൽനിന്നും  മേഖലയിലെ നല്ലൊരു ശതമാനം വോട്ടർമാർ ബി.ജെ.പിയിലേക്കു പോകാൻ കാരണമായി.  ഗുലാം നബി ആസാദിന് സ്വന്തം സീറ്റ് വിട്ടു നൽകേണ്ടിവന്നതി​​​െൻറ അമർഷമാണ് ലാൽസിങ്​ രാജിവെക്കാനുള്ള കാരണമായി പറയപ്പെടുന്നതെങ്കിലും പിന്നീടങ്ങോട്ട് തീർത്തും വ്യത്യസ്​തനായ മറ്റൊരു സിങ്ങിനെയാണ് ഇന്ത്യ കണ്ടത്. ജമ്മു^കശ്മീരിലെ വനം പരിസ്​ഥിതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ലാൽസിങ്​ എല്ലാ അർഥത്തിലും ബക്കർവാലുകളുടെ മന്ത്രികൂടിയായിരുന്നു. കൊല്ലപ്പെട്ട ബക്കർവാൽ പെൺകുട്ടിയുടെ നാട്ടുകാരനും കൂടിയാണ്​ ഇദ്ദേഹം. എന്നിട്ടും താൻ സത്യപ്രതിജ്ഞ ചെയ്ത അതേ ഭരണഘടനയുടെ തത്ത്വങ്ങളെ പരസ്യമായി ലാൽസിങ്​ ത​​​​െൻറ പുതിയ പാർട്ടിക്കു വേണ്ടി പുച്ഛിച്ചു. ഇന്ത്യ മഹാരാജ്യത്ത് ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച 1432 എം.എൽ.എമാരിലെ നാലേ നാലു മുസ്​ലിംകളിൽ ഒരാളായ കാലക്കാട്ട് എം.എൽ.എ അബ്​ദുൽ ഗനി കോലിയാണ് ​മഹ്ബൂബ മുഫ്തി ഗവൺമ​​​െൻറിൽ മൃഗസംരക്ഷണ വകുപ്പ് കൈകാര്യം ചെയ്യുന്നത്്. ബി.ജെ.പിയിൽ ജനപിന്തുണയുള്ള ഒരേയൊരു മുസ്​ലിം മന്ത്രി! ബക്കർവാലുകളെ സംബന്ധിച്ചിടത്തോളം നിർണായക പ്രാധാന്യമുള്ളരണ്ട് വകുപ്പുകൾക്കും ഈ മാന്യദേഹങ്ങളുമായി ബന്ധമുണ്ടായിരുന്നു. നിലവിൽ സംഘ്പരിവാറിനെ ഭയന്ന് ഗ്രാമം വിട്ടോടി പോയ ബക്കർവാലുകളെ ഒരു നിലക്കും സഹായിക്കാൻ ഈ രണ്ടു മന്ത്രിമാർക്കും കഴിഞ്ഞിരുന്നില്ല. മാനവികതയോടും സ്​ത്രീത്വത്തോടും പൊതുവെയും കശ്മീരികളോട് പ്രത്യേകിച്ചുമുള്ള വഞ്ചനയായിരുന്നു കഠ്​വ സംഭവം. 

മുസ്​ലിം സമുദായത്തിലെ പുരുഷ ജീവനുകൾക്ക് കന്നുകാലികളുടെ വിലപോലും ഇല്ലെന്നു തെളിയിച്ചതി​​​െൻറ തുടർച്ചയായി അവരുടെ സ്​ത്രീകളുടെ ശരീരം, അത് എട്ടു വയസ്സുകാരിയുടേതായാൽ പോലും, എങ്ങനെ നിയമവാഴ്ചയുടെ പൊതുതത്ത്വങ്ങൾക്ക് അതീതമാക്കാൻ കഴിയുമെന്ന പരീക്ഷണമാക്കി കഠ്​വ സംഭവത്തെ മാറ്റിയെടുക്കാനാണ് ഇപ്പോഴും ശ്രമം നടക്കുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജമ്മുവെങ്കിലും പിടിച്ചടക്കാനുള്ള ഈ ഉദ്യമം പരാജയപ്പെടുമോ എന്നു പറയാനായിട്ടില്ല. മാധ്യമങ്ങളും ഭരണസംവിധാനങ്ങളും കാണിച്ച അവഗണനയും സാംസ്​കാരിക സമൂഹത്തിെല പ്രധാനികളുടെ മൗനവും കഴിഞ്ഞ മൂന്നു മാസക്കാലം ബി.ജെ.പിയെ സഹായിച്ചിരുന്നു. മുസഫർ നഗറി​​​െൻറ അലയൊലികൾ യു.പിയിലേക്കു പടർന്നതുപോലെ കഠ്​വയിൽ ‘ഹിന്ദുക്കളോട് കാണിച്ച അനീതി’ കത്തിച്ചെടുക്കുന്ന പണി വ്യാജമേൽവിലാസത്തിൽ ഹിന്ദു ഏകതാ മഞ്ചിനെ ഏൽപിച്ച് രാം മാധവും കൂട്ടരും കാത്തുനിൽക്കുകയാണ്, 2020നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirarticlemalayalam newsKathuaKathua Rape
News Summary - Kathua: Next step Of RSS - Article
Next Story