ചൂഷണങ്ങൾക്കെതിരെ ശബ്ദിച്ചുകൊണ്ടേയിരിക്കുക
text_fieldsതൊഴിലിടങ്ങളിലും മറ്റു മേഖലകളിലും അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ പുറത്തുപറഞ്ഞാലുള്ള പ്രത്യാഘാതം ഭയന്ന് പല സ്ത്രീകളും ഡിപ്രഷനിലേക്ക് നയിക്കപ്പെടുകയും ജോലിയോടും പ്രഫഷനോടും മടുപ്പ് സംഭവിക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നുണ്ട്സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ പുരോഗതി കൈവരിച്ച കാലത്താണ് ജീവിക്കുന്നതെന്ന് നാം ഊറ്റംകൊള്ളുമ്പോഴും ഈ സമൂഹത്തില്‍ അസമത്വവും ചൂഷണവും വലിയ തോതിൽ നടമാടുന്നുണ്ട്...
തൊഴിലിടങ്ങളിലും മറ്റു മേഖലകളിലും അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ പുറത്തുപറഞ്ഞാലുള്ള പ്രത്യാഘാതം ഭയന്ന് പല സ്ത്രീകളും ഡിപ്രഷനിലേക്ക് നയിക്കപ്പെടുകയും ജോലിയോടും പ്രഫഷനോടും മടുപ്പ് സംഭവിക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നുണ്ട്
സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ പുരോഗതി കൈവരിച്ച കാലത്താണ് ജീവിക്കുന്നതെന്ന് നാം ഊറ്റംകൊള്ളുമ്പോഴും ഈ സമൂഹത്തില്‍ അസമത്വവും ചൂഷണവും വലിയ തോതിൽ നടമാടുന്നുണ്ട് എന്നത് വിസ്മരിക്കാനാവില്ല. സമൂഹത്തിന്റെ പാതിവരുന്ന സ്ത്രീകളാണ് അതിന്റെ ഏറ്റവും വലിയ ഇര. വിദ്യാഭ്യാസം നേടാനും ലോകത്തെ മുന്നിലേക്ക് നയിക്കാനുള്ള ദൗത്യങ്ങളുടെ നിർണായക ഭാഗമാകാനും മുന്നോട്ടുവരുന്ന സ്ത്രീകൾക്ക് തുല്യവും സുരക്ഷിതവുമായൊരു തൊഴിലിടം ഉറപ്പാക്കുന്നതിൽ ഭരണകൂടവും സമൂഹവും സ്ഥാപനങ്ങളുമെല്ലാം കുറ്റകരമായ വീഴ്ചവരുത്തുന്നു.
ഏറെ തിളക്കമുള്ളത് എന്ന് ഏവരും വിശ്വസിച്ചുപോരുന്ന സിനിമ മേഖലയിൽ വർഷങ്ങളായി തുടരുന്ന കൊടിയ ചൂഷണങ്ങളുടെ അറിയാക്കഥകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഈയിടെ നാം കേട്ടത്. പുരുഷമേധാവികളുടെ സ്വാർഥ താൽപര്യങ്ങൾക്ക് വഴങ്ങിക്കൊടുത്താൽ മാത്രം അംഗീകരിക്കപ്പെടുകയും അല്ലാത്ത സ്ത്രീകൾ തഴയപ്പെടുകയും ചെയ്യുന്ന സാഹചര്യം എത്രമാത്രം അപമാനകരമാണ്. നിരന്തരം പീഡനങ്ങൾ സഹിച്ചിട്ടും അവ പുറത്തുപറയാൻ ധൈര്യമില്ലാതെ നൂറുകണക്കിന് സ്ത്രീകൾ മരിച്ചുജീവിക്കുന്നുവെങ്കിൽ എന്ത് സ്ത്രീ ശാക്തീകരണവും സുരക്ഷയും സമത്വവുമുണ്ടെന്നാണ് നമ്മുടെ സമൂഹം അവകാശപ്പെടുന്നത്?
ഇത്തരം അരുതായ്മക്ക് ചൂട്ടുപിടിക്കുന്നവരിലും മൗനം കൊണ്ട് കൂട്ടുനിൽക്കുന്നവരിലും സ്ത്രീകളുമുണ്ട് എന്നത് ഖേദകരമായ മറ്റൊരു വസ്തുത. പ്രതിഭാധനയായ നടി വിജയശ്രീക്ക് 1974ൽ തന്റെ 21ാം വയസ്സിൽ ജീവിതം അവസാനിപ്പിക്കേണ്ടിവന്നത് സിനിമ മേഖലയിൽനിന്ന് നേരിട്ട അതിക്രമത്തിന്റെ ഫലമായാണ്. അര നൂറ്റാണ്ടിനിപ്പുറം 2024ലും അത്രമേൽ അരക്ഷിതമായ അവസ്ഥയിലാണ് നമ്മുടെ നടിമാരും എഴുത്തുകാരികളും സംവിധായികകളും മേക്കപ് ആർട്ടിസ്റ്റുകളും സാങ്കേതിക പ്രവർത്തകരുമടങ്ങുന്ന സിനിമാ രംഗത്തെ വനിതകൾ തൊഴിലെടുക്കുന്നതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനെ തുടർന്നുള്ള തുറന്നു പറച്ചിലുകളും സാക്ഷ്യപ്പെടുത്തുന്നു. ആ റിപ്പോർട്ട് പ്രകാരം ജൂനിയർ ആർട്ടിസ്റ്റുകളായി ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്, അടിസ്ഥാന സൗകര്യമായ ശുചിമുറി പോലും തൊഴിലിടങ്ങളിൽ ലഭ്യമല്ല എന്നതാണ്.
ശുചിമുറി ആവശ്യപ്പെട്ട സ്ത്രീകളോട് “വെള്ളം കുറച്ച് കുടിച്ചാൽ നിങ്ങൾക്ക് അതിന്റെ ആവശ്യമുണ്ടാവില്ല” എന്ന് പറഞ്ഞവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സർക്കാർ മടിക്കുന്നതെന്തിനാണ്? 2010ൽ വിജി എന്ന ധീര വനിതയുടെ നേതൃത്വത്തിൽ ‘പെൺകൂട്ട്’ കൂട്ടായ്മ കോഴിക്കോട് നഗരത്തിൽ നടത്തിയ ഇരിപ്പ് സമരത്തി ന്റെ ഫലമായാണ് സ്ത്രീകൾക്ക് ജോലി സമയത്ത് ശുചിമുറി ഉപയോഗിക്കാനുള്ള അവകാശം അംഗീകരിക്കപ്പെട്ടത്.
അതായത്, സ്ത്രീകൾക്ക് പ്രാഥമികാവശ്യം നിർവഹിക്കാനുള്ള അവകാശം അംഗീകരിച്ചു കിട്ടുന്നതിനുപോലും സമരം ചെയ്യേണ്ടിവന്നു. അതിനൊപ്പം, എല്ലാ കടകളിലും കുറഞ്ഞത് ഒരു ശുചിമുറി എങ്കിലും ഉണ്ടായിരിക്കണമെന്ന നിബന്ധനയും പ്രാബല്യത്തിൽ വന്നിരുന്നു. പക്ഷേ, ടെക്സ്റ്റൈൽ ഷോപ്പുകളിലുൾപ്പെടെ അസംഘടിത തൊഴിൽ മേഖലയിൽ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കപ്പെടാതെ ഇന്നും സ്ത്രീകൾ പത്ത് മണിക്കൂറോളം ജോലി ചെയ്യുന്നുണ്ട്. ഇത്തരം തൊഴിലിടങ്ങളിൽ ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രതിസന്ധികൾ ചെറുതല്ല.
തലപ്പത്തിരിക്കുന്ന പുരുഷന്മാരുടെ എല്ലാ തരത്തിലുള്ള അതിക്രമങ്ങളും സഹിച്ച് നിസ്സഹായരായി ജീവിക്കേണ്ടിവരുന്ന സ്ത്രീകൾ എല്ലാ മേഖലയിലുമുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2021ജൂൺ മുതൽ 2024 ജൂൺ വരെ, സംസ്ഥാനത്തെ 126 സർക്കാർ തൊഴിലിടങ്ങളിൽ പോഷ് നിയമപ്രകാരം സ്ത്രീകൾക്കെതിരെയുള്ള പീഡന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്ലാന്റേഷൻ കോർപറേഷനിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ തന്റെ സൂപ്പർവൈസറുടെ ലൈംഗികാതിക്രമം സഹിക്കാൻ കഴിയാതെ ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റിയെ സമീപിച്ചിരുന്നു. ആരോപിതൻ കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടിട്ടും കമ്മിറ്റി അയാൾക്കെതിരെ ഒരു നടപടിയും എടുത്തില്ലെന്ന് മാത്രമല്ല, പരാതിക്കാരി അയാൾക്കുകീഴിൽ ജോലി ചെയ്യാനും വീണ്ടും നിർബന്ധിതയായി.
തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന അനീതികളുടെ ഒരു ഉദാഹരണം മാത്രമാണിത്. വിക്ടിം ഷെയിമിങ്ങും അധിക്ഷേപങ്ങളും ഭയന്ന് ഒരുപാട് സ്ത്രീകൾ തങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നുണ്ട്. തൊഴിലിടങ്ങളിലും മറ്റു മേഖലകളിലും അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ പുറത്തുപറഞ്ഞാലുള്ള പ്രത്യാഘാതം ഭയന്ന് പല സ്ത്രീകളും ഡിപ്രഷനിലേക്ക് നയിക്കപ്പെടുകയും ജോലിയോടും പ്രഫഷനോടും മടുപ്പ് സംഭവിക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നുമുണ്ട്. പല സ്ത്രീകളും ഉയിർത്തെഴുന്നേൽക്കാൻ സാധിക്കാത്ത വിധം തന്റെ ജീവിതത്തോടുപോലും വിരസത തോന്നി സ്വയംഹത്യയെക്കുറിച്ച് ചിന്തിക്കുന്നു.
കൊൽക്കത്തയിലെ സർക്കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗക്കൊലക്കിരയായ സംഭവം ചൂടേറിയ വാർത്തയായി കുറച്ചു ദിവസങ്ങൾ നിലകൊണ്ടെങ്കിലും മറ്റൊരു ചൂടുവാർത്ത കിട്ടിയതോടെ മാധ്യമങ്ങൾ അതിനു പിന്നാലെ പോയി. ചാനലുകൾക്ക് അന്തിചർച്ചകളിൽ റേറ്റിങ് വർധിപ്പിക്കാനുള്ള ഒരു ഉരുപ്പടി മാത്രമാണ് സ്ത്രീയുടെ ജീവനും മാനവും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ പൊലീസുകാര്‍ക്കുണ്ടായ ഗുരുതരവീഴ്ച വിസ്മരിക്കാൻ കഴിയില്ല. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാന്‍ ശ്രമിക്കാതെ ആക്രമണത്തിനിടെ പൊലീസുകാര്‍ സ്വയരക്ഷാർഥം ഓടിയൊളിക്കുകയാണ് ചെയ്തത്.
സ്വപ്നങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും എത്താൻ ആത്മവിശ്വാസത്തോടെ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീകൾക്ക് തൊഴിലിടങ്ങളിലെ അരക്ഷിതാവസ്ഥ നിരാശയും ആത്മവിശ്വാസക്കുറവും പകരുന്നു.
സ്ത്രീകളെ എല്ലാ അർഥത്തിലും ഭയപ്പെടുത്തിയും പീഡിപ്പിച്ചും കീഴ്പ്പെടുത്താൻ സകലകോണുകളിലും ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും മുൻ ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിൽനിന്ന് നേരിട്ട ലൈംഗിക ചൂഷണത്തിനെതിരെ പ്രതികരിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ടും കൂട്ടുകാരികളും മുന്നോട്ടുവന്നത്. എതിരാളികൾ അതിശക്തരാണെന്ന് അറിയുമായിരുന്നിട്ടും സത്യം തുറന്നു പറയാനും നീതി ഉറപ്പാക്കാനും വിനേഷും കൂട്ടരും നടത്തിയ കഠിന സമരം ഐതിഹാസികമായിരുന്നു. സമാനമാണ് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നറിഞ്ഞിട്ടും അതിക്രമകാരികൾക്കും ചൂഷകർക്കുമെതിരെ പ്രതികരിക്കാൻ മുന്നോട്ടുവന്ന വിമൻ ഇൻ സിനിമ കലക്ടിവ് പോലുള്ള കൂട്ടായ്മകൾ.
കൈയടി നേടാനും അവകാശവാദങ്ങൾ മുഴക്കാനുമായല്ലാതെ ഭരണകൂടങ്ങൾ സ്ത്രീനീതിയെ പരിഗണിക്കുന്നതേയില്ല. പൊതുസമൂഹവും ഏറിയകൂറും വേട്ടക്കാർക്കനുകൂലമായ നിലപാടാണെടുക്കുന്നത്. വിജിയും വിനേഷ് ഫോഗട്ടും വിമൻ ഇൻ സിനിമ കലക്ടിവും മൂന്ന് വ്യത്യസ്ത മേഖലയിൽനിന്ന് സ്ത്രീകളുടെ തൊഴിലിട അവകാശങ്ങളും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ച് പോർമുഖം തുറന്നവരാണ്. ഇവർ മാത്രമല്ല, പേരറിയുന്നവരും അല്ലാത്തവരുമായ ആയിരക്കണക്കിന് പെൺപോരാളികളും നാടിന്റെ പല കോണുകളിൽ അടിച്ചമർത്തലുകളെയും വിവേചനത്തെയും ചോദ്യംചെയ്തുകൊണ്ടിരിക്കുന്നു. അവർ കൊളുത്തിയ ജ്വാലകൾ ഏറ്റെടുത്ത് സ്ത്രീ സമൂഹം മുന്നോട്ടുവന്നാൽ മാത്ര മേ നടമാടുന്ന ചൂഷണങ്ങളെ കൂടുതൽ ഉച്ചത്തിൽ ചോദ്യം ചെയ്യാനും അനീതികൾക്ക് അറുതി വരുത്താനുമാവൂ.
(എം.എസ്.എഫ് ഹരിത മുൻ സംസ്ഥാന അധ്യക്ഷയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.