കേരളം എന്ന പാഠപുസ്തകം
text_fieldsസഞ്ചാരികളുടെ പറുദീസയാണല്ലോ സ്വിറ്റ്സർലൻഡ്. സഞ്ചാരഹൃദയമുള്ള ഏവരുടെയും അഭിലാഷങ്ങളിലൊന്നാണ് സ്വിറ്റ്സർലൻഡ് യാത്ര. അവിടെ മഞ്ഞുപുതച്ച മലമടക്കുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമുണ്ട് - ദാവോസ്. എല്ലാ വർഷവും ജനുവരിയിൽ ലോകമൊട്ടുക്കുള്ള രാഷ്ട്രമേധാവികളും അതിസമ്പന്നരും കോർപറേറ്റ് പ്രമുഖരും സാമ്പത്തിക ശാസ്ത്രജ്ഞരുമെല്ലാം ലോക സാമ്പത്തിക ഉച്ചകോടിക്കായി ആ കുന്നിൻമുകളിൽ ഒത്തുകൂടി തലപുകക്കുന്ന ചർച്ചകൾ കൊണ്ട് അതിശൈത്യകാലത്തിന് ചൂടുപിടിപ്പിക്കും.
ജനുവരി 20 മുതൽ 24 വരെയായിരുന്നു ഈ വർഷത്തെ ഉച്ചകോടി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളെയും പ്രതിനിധാനം ചെയ്ത് മുഖ്യമന്ത്രിമാർ ഉച്ചകോടിയിൽ പങ്കെടുക്കാറുണ്ടെങ്കിലും മലയാളികളായ വ്യവസായ പ്രമുഖരും ഗീതാഗോപിനാഥ് അടക്കമുള്ള സാമ്പത്തിക വിദഗ്ധരും എല്ലാ വർഷവും എത്താറുണ്ടെങ്കിലും കേരള സർക്കാറിന്‍റെ സാന്നിധ്യം കുറേകാലങ്ങളായി ഇല്ലായിരുന്നു.
19 വർഷം മുമ്പ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ഉച്ചകോടിക്ക് എത്തിയതും അവിടെ മഞ്ഞിൽ തെന്നിവീണ് അദ്ദേഹത്തിന്‍റെ തുടയെല്ലിന് പരിക്കേറ്റതും പലരുടെയും ഓർമയിലുണ്ടാകും. അതിനു ശേഷം ഇക്കുറിയാണ് കേരളം ഔദ്യോഗികമായി ദാവോസ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വ്യവസായ മന്ത്രി പി. രാജീവ് നേതൃത്വം നൽകിയ സംഘത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഈ കുറിപ്പുകാരനും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
ലോക സാമ്പത്തിക ഉച്ചകോടിയിലെത്തിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഏറെ കൗതുകത്തോടെയാണ് നമ്മുടെ പവിലിയനെ കണ്ടത്. പല രാഷ്ട്രങ്ങളുടെയും മന്ത്രിമാർ നമ്മുടെ പവിലിയൻ സന്ദർശിക്കുകയും കേരളത്തെ ക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ആ മനോഹര പട്ടണത്തിൽ ചെലവഴിച്ച നാലു ദിവസത്തിനുള്ളിൽ കേരള സംഘം ഏതാണ്ട് 72 ചർച്ചകൾ നടത്തി.
നാല് പാനൽ ചർച്ചകളിലും പങ്കെടുത്തു. അതിലൊന്നിൽ ഞാനുമുണ്ടായിരുന്നു. അന്തർദേശീയതലത്തിലും ദേശീയതലത്തിലുമുള്ള കമ്പനികൾക്കിടയിൽ കേരളത്തിന്റെ മതിപ്പുയരാൻ കാരണമാകുന്ന പല സന്ദർഭങ്ങളും അതിനിടയിലുണ്ടായി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജ്യത്തെ ഏറ്റവും പുരോഗതി കൈവരിച്ച സംസ്ഥാനമാണെന്ന് സംയുക്ത വാർത്തസമ്മേളനത്തിൽ കേരളത്തെ സാക്ഷ്യപ്പെടുത്തിയത് നമ്മുടെ പ്രയത്നങ്ങൾക്കുള്ള വലിയ അംഗീകാരവുമായി.
കഴിഞ്ഞ കുറേ കാലമായി കേരള സർക്കാറും വ്യവസായ വകുപ്പും കൊണ്ടുപിടിച്ച് നടത്തുന്ന ശ്രമങ്ങൾക്ക് മകുടം ചാർത്തുന്നതായാണ് ദാവോസിലെ ഈ നേട്ടത്തെ ഞാൻ കാണുന്നത്. വ്യവസായ നയത്തിന്‍റെ ഭാഗമായ ഉദാര വ്യവസ്ഥകളെല്ലാം ഉപയോഗപ്പെടുത്തിയുള്ള വ്യവസായ വളർച്ചയുടെ ഏടുകളാണ് അതിലൂടെ പ്രകാശിപ്പിക്കപ്പെട്ടത്.
ദാവോസിൽ നാം അതിഥികളായിരുന്നെങ്കിൽ മറ്റൊരു ആഗോള സംഗമത്തിന് ഈയാഴ്ച കേരളം ആതിഥ്യമരുളുന്നുമുണ്ട്. ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന കേരള ആഗോള നിക്ഷേപ സംഗമത്തിൽ നാം ഈ കാലമത്രയും നടത്തിയ പ്രയത്നങ്ങളുടെയും ദാവോസിലെ ചർച്ചകളുടെയുമെല്ലാം ഗുണമുണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നത്.
നാം മലയാളികൾ കേരളത്തെക്കുറിച്ച് പൊതുവായി കൊണ്ടുനടക്കുന്ന ‘ഇവിടെ ഒന്നും നടക്കില്ല’ എന്ന നിഷേധ സമീപനത്തെക്കുറിച്ച് ഈ കോളത്തിൽതന്നെ ഞാൻ മുമ്പ് എഴുതിയിരുന്നു. അതിന്നായി പല കാരണങ്ങളും ന്യായങ്ങളും നിരത്താറുമുണ്ട്. അതിൽ പലതിനും വസ്തുതകളുമായി അത്ര ബന്ധമില്ലെന്ന് പറയ െട്ട. പണ്ടെങ്ങോ നടന്ന കാര്യങ്ങളുമായി ചേർത്തു വെച്ച് പൊടിപ്പും തൊങ്ങലുമൊക്കെയായി ആ ആഖ്യാനം അങ്ങനെ മുന്നോട്ടുപോകും.
പല മുഖ്യധാരാ അഭിപ്രായ രൂപവത്കരണ കേന്ദ്രങ്ങളും അതിനൊപ്പം ചേരുകയും ചെയ്യും. സ്വാഭാവികമായും ഇന്നാട്ടിൽ ഒന്നും നടക്കില്ല എന്ന പ്രതീതി പുറംനാടുകളിലെ നിക്ഷേപകരിലും എത്തും. നമ്മുടെ സംസ്ഥാനത്തിന്‍റെ പുരോഗതിയെ മന്ദീഭവിപ്പിക്കുന്നതിൽ ഈ പ്രചാരണത്തിന് വലിയ പങ്കുണ്ട്.
എന്നാൽ, ഇത്തരം നെഗറ്റിവ് പ്രചാരണത്തിന് ഒരുപരിധിവരെ തടയിടാൻ കഴിഞ്ഞ കുറച്ചുകാലങ്ങളായി നമുക്ക് സാധിക്കുന്നുണ്ട്. തൊഴിൽ സമരങ്ങൾ, തൊഴിൽ നഷ്ടങ്ങൾ, സമരങ്ങൾകൊണ്ട് പൂട്ടിപ്പോയ സ്ഥാപനങ്ങൾ എന്നിവയുടെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്‍റെ സ്ഥിതി മെച്ചമാണെന്ന് കേന്ദ്ര സർക്കാറിന്‍റെ കണക്കുകൾതന്നെ വ്യക്തമാക്കുന്നുണ്ട്. പല തരത്തിലുമുള്ള അനിശ്ചിതത്വങ്ങൾ നമ്മുടെ വ്യവസായ രംഗത്തുണ്ടായിരുന്നു. അവ പരിഹൃതമാകുന്നു.
ഇന്നു വിഴിഞ്ഞം ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖമായി രൂപംകൊണ്ടിരിക്കുന്നു. കിഴക്ക് ദേശങ്ങളിൽനിന്ന് പശ്ചിമേഷ്യയിലേക്കും അവിടെനിന്ന് യൂറോപ്പിലേക്കുമുള്ള ചരക്കുഗതാഗതത്തിൽ 10 ദിവസത്തിന്‍റെ കുറവാണ് ഇതുവഴി സാധ്യമാകുന്നത്. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് വ്യവസായ നഗരം, ചെറുകിട വ്യവസായ രംഗത്തെ അഭൂതപൂർവമായ മുന്നേറ്റം എന്നിവയെല്ലാം മുൻധാരണകളെ തിരുത്താൻ ഉതകുന്ന കാര്യങ്ങളാണ്.
നിർമിതബുദ്ധിയും റോബോട്ടിക്സും എല്ലാം നമ്മുടെ വ്യവസായ സങ്കൽപങ്ങളുടെ മുൻപന്തിയിൽ എത്തി. മെഡിക്കൽ സാേങ്കതികവിദ്യ രംഗത്ത് രാജ്യത്തുള്ള മൊത്തം വിറ്റുവരവിന്‍റെ 24 ശതമാനം കേരളത്തിലെ കമ്പനികൾക്കാണ്. സ്റ്റാർട്ടപ്പുകളിലൂടെയുള്ള യുവജനങ്ങളുടെ വളർച്ച, കാമ്പസുകളിലെ സ്റ്റാർട്ടപ് സംരംഭങ്ങൾ തുടങ്ങിയവയെല്ലാം സജ്ജമായപ്പോൾ കേരളത്തിന്‍റെ വ്യവസായ രംഗത്ത് വലിയ ഉണർവുണ്ടായി. ഇതെല്ലാം സംസ്ഥാനത്തിന്‍റെ ഭാവിവികസനത്തിന് സത്പ്രതീക്ഷ നൽകുന്നതാണ്.
ഇതെന്തേ നമ്മളാരും ഇതുവരെ അറിഞ്ഞില്ല എന്ന ചോദ്യം ഉയർന്നുവന്നേക്കാം. ഉത്തരവും ലളിതമാണ്. നമുക്ക് അത്തരം കാര്യങ്ങൾ അറിയാനുള്ള ഉത്സാഹക്കുറവുണ്ടായിരുന്നു. മുൻധാരണകളുടെ തടവറകളിൽ സ്വയം സൃഷ്ടിച്ച ചങ്ങലകളിൽ ബന്ധിതരായിരുന്നു നമ്മൾ.
നമ്മുടെ ക്രയശേഷിയെയും മാനവവിഭവശേഷിയെയും പരമാവധി ഉപയോഗപ്പെടുത്തുന്ന നിലയിലേക്ക് ഇന്നു കേരളം മാറുന്നു. അതുകൊണ്ടു തന്നെ, നമ്മുടെ കേരളം ഇതര സംസ്ഥാനങ്ങൾക്കും, നമുക്കുതന്നെയും ഒരു പാഠപുസ്തകമാണ്, തീർച്ച. ജർമൻ എഴുത്തുകാരൻ ഗൊയ്ഥേയുടെ വാക്കുകൾ അന്വർഥമാണ്. ‘‘ജീവിതം ജീവിക്കുന്നവരുടേതാണ്. ജീവിക്കുന്നവരാകട്ടെ, മാറ്റങ്ങൾക്ക് ഒരുങ്ങുകയും വേണം.’’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.