കേരള ബജറ്റ് 2022-23: പ്രഖ്യാപനങ്ങൾ ചെറുതുമതി; യാഥാർഥ്യബോധമാണ് വേണ്ടത്
text_fieldsകേന്ദ്ര സർക്കാർ 2014ൽ കേന്ദ്ര പ്ലാനിങ് കമീഷൻ നിർത്തിയെങ്കിലും കേരളം പ്ലാനിങ് ബോർഡ് നിലനിർത്തിക്കൊണ്ട് പഞ്ചവത്സര-വാർഷിക പദ്ധതി തുടരുകയാണ്. 2022 ഏപ്രിൽ ഒന്നു മുതൽ പതിനാലാം പദ്ധതി ആരംഭിക്കാനുള്ളതാണ്. കിഫ്ബി, നവകേരള നിർമാണം, കെ-റെയിൽ തുടങ്ങി 100 ഇന പരിപാടി പ്രഖ്യാപിച്ചതോടെ പഞ്ചവത്സര പദ്ധതിക്കു പരിഗണന കുറഞ്ഞേക്കുമെന്ന സാഹചര്യമാണുള്ളത്. 2019-20 മുതൽ വാർഷിക പദ്ധതി വിഹിതം കുറഞ്ഞു വരുകയാണ്. 2019-20ൽ വാർഷിക പദ്ധതിക്കു നീക്കിെവച്ചതു 30610 കോടിയാണ്. 2020-21ലും 2021-22ലും ഇത് 27610 കോടി ആയി കുറച്ചു. ഇതേ കാലയളവിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം 7800 കോടിയിൽനിന്ന് 7280 കോടി ആയി. പതിനാലാം പഞ്ചവത്സര പദ്ധതി തയാറായില്ലെങ്കിലും ആദ്യ വർഷത്തേക്ക് (2022-23) നീക്കിെവച്ചിട്ടുള്ളത് 30370 കോടിയാണ്. അതായത്, 2019-20ൽ നീക്കിെവച്ചതിനേക്കാൾ 240 കോടി രൂപ കുറവ്. പൊതുകടമെടുപ്പ് ജി.ഡി.പി.യുടെ 4-5 ആയി ഉയർത്തിയിട്ടും വാർഷിക പദ്ധതി വിഹിതം കുറയുന്ന ധനമാനേജ്മെന്റ് രീതി ധനപ്രതിസന്ധിയും വികസന തളർച്ചയും കൂടുതൽ രൂക്ഷമാക്കും. വാർഷിക പദ്ധതി വിഹിതം കുറക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും പ്രത്യേക ഘടക-പട്ടികവർഗ ഉപ പദ്ധതി വിഹിതവും കുറയും. ഇതു സാമൂഹിക അനീതിയും സാമ്പത്തിക അസമത്വവും സൃഷ്ടിക്കും.
വാർഷിക പദ്ധതിയും ധനവിനിയോഗവും
2021-22 വാർഷിക പദ്ധതിവിഹിതം 27610 കോടിയാണ്. 2022 മാർച്ച് അഞ്ചുവരെ സംസ്ഥാനം ചെലവഴിച്ചത് 69.9 ശതമാനവും. തദ്ദേശസ്ഥാപനങ്ങൾ 49 ശതമാനവും. കേന്ദ്രവിഹിതത്തിലെ ചെലവ് 64 ശതമാനവും. അതായത്, 2021-22 ലെ മൊത്തം പദ്ധതി തുകയുടെ 64.5 ശതമാനമാണ് മാർച്ച് ആദ്യവാരം വരെ ചെലവഴിച്ചത്. ഇതിനു മുഖ്യമായും രണ്ടു കാരണങ്ങൾ പറയാം. ഒന്ന്, ധനപ്രതിസന്ധി. രണ്ട് പദ്ധതി നിർവഹണത്തിലെ കാര്യക്ഷമതയില്ലായ്മ. പതിനാലം പഞ്ചവത്സര പദ്ധതി തയാറാക്കുമെന്ന് 2021-22 ബജറ്റിൽ പറഞ്ഞെങ്കിലും പൂർണ പദ്ധതി തയാറായതുമില്ല. എന്നാൽ, 2022-23 ലെ വാർഷിക പദ്ധതി അടങ്കൽ 39,637 കോടി ആയി നിശ്ചയിച്ചിട്ടുമുണ്ട്. ഇതിൽ കേന്ദ്രവിഹിതം 9267 കോടി ആയി കണക്കാക്കിയിട്ടുണ്ട്. പതിനാലാം പദ്ധതിയുടെ അടങ്കൽ ഇതുവരെ കണക്കാക്കിയിട്ടില്ല. അതുകൊണ്ട്, വിഭവലഭ്യത, വളർച്ച നിരക്ക്, തദ്ദേശ സ്ഥാപന വിഹിതം, തൊഴിൽ ലക്ഷ്യം, മുതലായ ഘടകങ്ങൾക്ക് അന്തിമ രൂപം നൽകിയിട്ടില്ല.
2016ൽ അധികാരത്തിൽ വന്ന ഇടതുമുന്നണിക്കുവേണ്ടി ധനമന്ത്രി ഡോ. ഐസക് ആറ് ബജറ്റുകൾ അവതരിപ്പിച്ചു. അഞ്ചു വർഷം 25 ലക്ഷം തൊഴിൽ എന്ന 2016-17 ബജറ്റ് പ്രഖ്യാപനം യാഥാർഥ്യമായിട്ടില്ലെങ്കിലും 2021-22 ബജറ്റ് അഞ്ചു വർഷംകൊണ്ട് 20 ലക്ഷം തൊഴിൽ പ്രഖ്യാപിച്ചു. 2018 ലെ പ്രളയാനന്തരം നവകേരള നിർമാണം ലക്ഷ്യമിട്ടു രൂപം നൽകിയ 36,500 കോടിയുടെ പരിപാടിയുടെ കഥയെന്തായി? ഇതിന്റെ ഭാഗമായി 2019ൽ ഒരു വികസന കോൺക്ലേവ് നടത്തിയെങ്കിലും മൂലധനസമാഹരണം, മൂലധനവിനിയോഗം എന്നിവ ഇപ്പോഴും നിശ്ശബ്ദമാണ്.
2016ൽ ആസ്തി വികസനം ലക്ഷ്യമിട്ടു കിഫ്ബി വഴി അഞ്ചുവർഷംകൊണ്ടു 50,000 കോടി രൂപയുടെ ലോക നിലവാര നിർമാണ പ്രവർത്തനങ്ങൾ 2016-17 ബജറ്റിൽ പ്രഖ്യാപിച്ചു. ആറു വർഷം പൂർത്തിയാകുന്ന 2022ൽ ആകെ 70,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കു ഭരണാനുമതി നൽകിയെങ്കിലും 21,309 കോടി രൂപയുടെ 488 േപ്രാജക്ടുകളേ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുള്ളൂ. േപ്രാജക്ടുകൾ സമയബന്ധിതമായി ഏറ്റെടുത്തു പൂർത്തിയാക്കുവാൻ കഴിയാത്തതുമൂലമുണ്ടാവുന്ന അധിക ചെലവുകൾ ഭാവിയിൽ ബാധ്യതയുമാകും.
വ്യവസായ ഇടനാഴികൾ
കഴിഞ്ഞ ബജറ്റിൽ നിരവധി വൻകിട വികസന പരിപാടികൾ പ്രഖ്യാപിച്ചു. കൊച്ചി- പാലക്കാട് ഇടനാഴി, കിയാൽ മാതൃകയിൽ മലബാർ വികസനം, കാപ്പിറ്റൽ സിറ്റി വികസനം ലക്ഷ്യമിട്ടു വിഴിഞ്ഞം- നാവായിക്കുളം ഇടനാഴി എന്നിവക്ക് പ്രഖ്യാപിച്ചതു 50,000 കോടി രൂപയാണ്. ഇതുകൂടാതെ നിരവധി പ്രഖ്യാപനങ്ങളും കഴിഞ്ഞ ബജറ്റിൽ കണ്ടു. ഇതിൽ പ്രധാനം വയനാട്, ഇടുക്കി വികസന പാക്കേജുകളാണ്. കൊച്ചി മെേട്രായുടെ രണ്ടാം ഘട്ടം, വയനാട്-ഇടുക്കി എയർ സ്ട്രിപ്പുകൾ, വയനാട് മെഡിക്കൽ കോളജ്, വയനാട് ബ്രാന്റ് കാപ്പി എന്നിവയും പ്രധാനമാണ്. നവകേരള നിർമാണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 2400 കോടി രൂപയുടെ കുട്ടനാട് പാക്കേജുമുണ്ട്. പുതുതായി ആരംഭിച്ച 221 ഫാമിലി ഹെൽത്ത് കേന്ദ്രങ്ങൾക്കും കിഫ്ബി വഴി ആരോഗ്യമേഖലയിൽ സൃഷ്ടിച്ച സൗകര്യങ്ങൾ വിനിയോഗിക്കുവാനും 4000 തസ്തികകൾ ആരോഗ്യമേഖലയിൽ സൃഷ്ടിക്കുമെന്നും 2021-22 ബജറ്റ് പറഞ്ഞു. 2016 -17 ലെ ബജറ്റ് പ്രഖ്യാപനം 7000 മെഡിക്കൽ തസ്തികകളായിരുന്നു. കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങൾ വളരെ വ്യാപകമായിരുന്നെങ്കിലും പൂർണമായും പരിഹരിച്ചിട്ടില്ല. 2011-16ൽ ആരംഭിച്ച കോന്നി, ഇടുക്കി, പാലക്കാട്, കാസർകോട്, മെഡിക്കൽ കോളജുകൾ ഭൗതിക സൗകര്യങ്ങളും, ആവശ്യത്തിനു സ്റ്റാഫും ഇല്ലാതെ വീർപ്പുമുട്ടുകയാണ്. 2021-22ൽ യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട വയനാട് മെഡിക്കൽ കോളജ് ഇനിയും ആരംഭിച്ചിട്ടില്ല.
ലൈഫ് മിഷൻ
ഭവനരഹിത, ഭൂരഹിത, വിശപ്പ് രഹിത, ദാരിദ്യ്രരഹിത കേരളമാണ് 2016-17 ബജറ്റ് പ്രഖ്യാപിച്ചത്. എല്ലാവർക്കും ഭവനം നൽകുവാൻ പ്രത്യേക ലൈഫ് മിഷൻ പദ്ധതിയും ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും നടപ്പിലാക്കി വന്നിരുന്ന ഭവന നിർമാണ സഹായം കേന്ദ്രീകരിച്ച് ലൈഫ് മിഷനു കീഴിൽ കൊണ്ടുവന്നു സംസ്ഥാന പദ്ധതിയാക്കിയെടുത്തു. 2021ൽ എല്ലാ ഭവനരഹിതർക്കുംകൂടി അഞ്ചു ലക്ഷം വീടുകൾ പ്രഖ്യാപിച്ചു. എന്നാൽ, 2022 വരെ നൽകിയത്. 2.79 ലക്ഷം വീടുകൾ മാത്രം. ലൈഫ് മിഷൻ ഭവനരഹിതരുടെ രണ്ടാംഘട്ട കണക്കെടുപ്പു നടത്തിയപ്പോൾ 9.25 ലക്ഷം അപേക്ഷകൾ ലഭിച്ചു. യഥാർഥ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാൻ അപേക്ഷകൾ സ്ക്രൂട്ടിനൈസ് ചെയ്യുന്നതിനു കൃഷി-ഗ്രാമവികസന വകുപ്പുകളിൽ നിന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതും വിവാദമായിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ ഗ്രാമ-വാർഡ് സഭകൾ വഴി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു നടപ്പിലാക്കി വന്ന ഭവന നിർമാണ പദ്ധതി വ്യക്തത ഇല്ലാതെ തുടരുകയാണ്.
ധനമാനേജ്മെന്റ്
2015-16 ലെ 17818 കോടിയുടെ ധനകമ്മി 2020-21-ൽ 29,295 കോടി ആയി ഉയർന്നു. 2021-22 ലെ റവന്യൂകമ്മി 16,910 കോടി ആയി കണക്കാക്കിയിട്ടുമുണ്ട്. 2015-16 ലെ മൊത്തം പൊതു കടബാധ്യത 1,57,370 കോടി ആയിരുന്നതു 2020-21 ൽ 3,23,230 കോടി ആയി ഉയരുമെന്നു പ്രതീക്ഷിക്കുന്നു. 2021-22 ൽ വീണ്ടും ഉയർന്നു മൂന്നരലക്ഷം കോടി കടക്കും. അഞ്ചുവർഷംകൊണ്ട് കേരളത്തിന്റെ പൊതുകടം ഇരട്ടി വർധിച്ചു. കിഫ്ബിക്കുവേണ്ടി സമാഹരിക്കേണ്ട വായ്പ കൂടി ചേർത്താൽ പൊതുകടം വീണ്ടും ഉയരും. എന്നാൽ, മറുഭാഗത്തു വാർഷിക പദ്ധതി തുക താഴുകയും ചെയ്യുന്നു. ഉദാഹരണത്തിനു കേരളത്തിന്റെ വാർഷിക പദ്ധതി അടങ്കൽ 2019-20 ൽ 30,610 കോടി ആയിരുന്നതു 2021-22ൽ 27,610 കോടി ആയി താഴ്ത്തി. 2022-23 ലെ വാർഷിക പദ്ധതി അടങ്കൽ 30,370 കോടി ആയി ഉയർത്തിയെങ്കിലും 2019-20 നെ അപേക്ഷിച്ച് 240 കോടി ഇപ്പോഴും കുറയുന്നു. ധനപ്രതിസന്ധിയും വികസന തളർച്ചയും ധനമാനേജ്മെന്റ് ക്ഷമതയില്ലായ്മയും ഇവിടെ പ്രകടമാക്കുകയാണ്. കേന്ദ്രം വായ്പ പരിധി 2020-21ൽ അഞ്ചു ശതമാനവും 2021-22ൽ നാലു ശതമാനമായും ഉയർത്തിയെങ്കിലും ആസൂത്രണ വികസനം താളംതെറ്റുന്ന കാഴ്ച പ്രകടമാകുകയാണ്. കേരളത്തിന്റെ റവന്യൂകമ്മി നികത്തുവാൻ പതിനഞ്ചാം ധനകാര്യകമീഷൻ 2020-21ൽ 16,000 കോടിയും 2021-22ൽ 19,000 കോടിയും നൽകിയിട്ടുണ്ട്. 2022-23 ൽ ഏകദേശം 15,000 കോടിയും വീണ്ടും കിട്ടും. കേന്ദ്ര ധനകാര്യകമീഷൻ ഉദാരമായ രീതിയിൽ ഗ്രാന്റു നൽകിയിട്ടും എന്തുകൊണ്ട് കേരളത്തിന്റെ റവന്യൂകമ്മിയും പൊതുകടവും താഴ്ത്തി പദ്ധതി വിഹിതം ഉയർത്തുവാൻ കേരളത്തിനു കഴിയുന്നില്ല. കിഫ്ബി വഴി നടപ്പാക്കാനുദ്ദേശിച്ച ലോകനിലവാര റോഡുകളും പാലങ്ങളും, തീരദേശ മലയോര ഹൈവേകളും തെക്കു വടക്കു ദേശീയ ജലപാതയും, തിരുവനന്തപുരം കാസർകോട് കേന്ദ്ര ദേശീയ പാതയും എങ്ങും എത്താതെ ഇഴഞ്ഞുനീങ്ങുമ്പോഴാണ് അതിവേഗ കെ-റെയിലിനായി വാശിപിടിച്ചു വായ്പക്ക് ശ്രമിക്കുന്നത്.
2022-23 ബജറ്റ് ഒരു പുനർചിന്തനം നടത്തണം. നടക്കാത്ത വലിയ പ്രഖ്യാപനങ്ങൾ ഒഴിവാക്കി നടക്കുന്ന ചെറിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു സാമൂഹികനീതിയും സാമ്പത്തിക സമത്വവും ചെറുപ്പക്കാർക്കു തൊഴിലും നൽകി കൈവരിക്കുവാൻ ശ്രമിക്കണം. ജനകീയാസൂത്രണം സിൽവർ ജൂബിലി ആഘോഷിക്കുമ്പോൾ ഇതുവരെയുള്ള നേട്ടങ്ങൾ വിലയിരുത്തി ലക്ഷ്യത്തിലെത്തിയോ എന്നു പഠിക്കണം. ഭക്ഷ്യസുരക്ഷയും വിശപ്പ് രഹിത കേരളവും തരിശ് ഭൂമിരഹിത കേരളവും ഭൂരഹിത-ഭവനരഹിത കേരളവും സൃഷ്ടിക്കുവാൻ യാഥാർഥ്യ ബോധമുള്ള ചെറിയ ചെറിയ പ്രഖ്യാപനങ്ങളും കാര്യശേഷിയുള്ള ധനവിനിയോഗ നയസമീപനവും ഉൾക്കൊള്ളുന്നതായിരിക്കണം 2022-23 കേരള ബജറ്റ്.
(സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.