വിനാശകാലേ വിപരീത ബുദ്ധി
text_fields2023-24ലെ കേരള ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്നത് സംസ്ഥാനം അങ്ങേയറ്റം ധനകാര്യ ഞെരുക്കം അനുഭവിക്കുമ്പോഴാണ്. കേന്ദ്രം കടമെടുക്കാനുള്ള പരിധി പരിമിതപ്പെടുത്തി. ചരക്കുസേവന നികുതിയുടെ നഷ്ടപരിഹാരം നിന്നു. അതിന്‍റെ പിറകെ 15ാം ധനകാര്യ കമീഷൻ ശിപാർശ ചെയ്തിരുന്ന റവന്യൂ കമ്മി ഗ്രാന്‍റ് അവസാനിക്കാൻ പോകുകയുമാണ്. ഇതൊന്നും മുൻകൂട്ടി കാണാനാകാത്ത പ്രശ്നങ്ങളല്ലായിരുന്നു എന്നതാണ് സത്യം. 2021ലെ പുതുക്കിയ ബജറ്റിലും 2022ലെ ബജറ്റിലും ഇതൊക്കെ മുൻകൂട്ടികണ്ട് വേണ്ട നടപടികൾ എടുക്കാമായിരുന്നതാണ്.
പക്ഷേ, ഇന്നത്തെ ധനകാര്യ ഞെരുക്കത്തിന്‍റെ അടിസ്ഥാനകാരണം 2021ലെ ശമ്പള-പെൻഷൻ പരിഷ്കരണമാണെന്ന വസ്തുത മറച്ചുവെച്ചിട്ട് കാര്യമില്ല. 2020-21ൽ 46671.14 കോടി രൂപയായിരുന്ന ശമ്പള-പെൻഷൻ ചെലവ് 2021-22 ആയപ്പോൾ 71523.97 കോടി രൂപയായി. അതായത് 53.25 ശതമാനം!
എങ്ങനെയും തുടർഭരണമെന്ന ലക്ഷ്യംവെച്ച് സമൂഹത്തിലെ വെറും അഞ്ച് ശതമാനം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും വാരിക്കോരി നൽകി. പ്രളയത്തിന്‍റെയും കോവിഡ് മഹാമാരിയുടെയുമൊക്കെ കാരണം പറഞ്ഞ് ശമ്പള-പെൻഷൻ പരിഷ്കരണം നീട്ടിവെക്കാമായിരുന്നു. അതിന് മുമ്പുള്ള ശമ്പള കമീഷനുകൾ പരിഷ്കരണം 10 വർഷം കൂടുമ്പോൾ മതിയെന്ന് ശിപാർശ ചെയ്തതുമാണ്. ഈ സാഹസം ഒഴിവാക്കിയിരുന്നെങ്കിൽ സംസ്ഥാന ഖജനാവിൽ എല്ലാ ആവശ്യങ്ങൾക്കുമുള്ള വിഭവങ്ങൾ കാണുമായിരുന്നു. പോയ ബുദ്ധി പക്ഷേ ആന പിടിച്ചാലും കിട്ടില്ലല്ലോ.
ഈ സാഹചര്യത്തിൽ ഒരു ധനമന്ത്രിയുടെ മുന്നിൽ അധിക വിഭവസമാഹരണവും ചെലവ് ചുരുക്കലും മാത്രമാണ് വഴിയുള്ളത്. പക്ഷേ, ഇവിടെയും നമ്മുടെ ധനമന്ത്രിക്ക് ഭാഗ്യക്കേട് സംഭവിച്ചു. അദ്ദേഹം രണ്ടു ബജറ്റുകളിൽ കാര്യമായ വിഭവസമാഹരണ ശ്രമങ്ങളൊന്നും നടത്താതെ ഈ ബജറ്റിൽ കുറേ മേഖലകളിൽ ഒന്നിച്ച് നിരക്കുകൾ വർധിപ്പിച്ചു. അവിടെയും പാവപ്പെട്ടവരെയും പുറമ്പോക്കിൽ കിടക്കുന്നവരെയും ഒഴിവാക്കാമായിരുന്നു. അതല്ല പക്ഷേ സംഭവിച്ചത്. പെട്രോളിയം ഉൽപന്നങ്ങളുടെ മേലുള്ള ലിറ്ററിന് രണ്ടുരൂപ സെസ് തന്നെ എടുക്കാം. പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനക്കെതിരായി എന്തെല്ലാം കോലാഹലങ്ങൾ ഉണ്ടാക്കിയവരാണ് ഈ ഭരണക്കാർ.
ഈ മന്ത്രിസഭയുടെ കാലത്ത് പല സംസ്ഥാനങ്ങളും പെട്രോളിയം ഉൽപന്നങ്ങളുടെ വാറ്റ് അല്ലെങ്കിൽ വിൽപന നികുതി കുറച്ചപ്പോൾ വിഭവദാരിദ്ര്യം പറഞ്ഞ് അത് വേണ്ടെന്ന് വെച്ചയാളാണ് ധനമന്ത്രി. ഈ വർധന മൊത്തത്തിലുള്ള വിലവർധനയിലേക്ക് നയിക്കുമെന്ന കാര്യം അറിയാത്ത ആളല്ല ഇദ്ദേഹം. എന്നിട്ട് വിലക്കയറ്റം നേരിടാൻ 2000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരിക്കുന്നു!! ഇതുപോലെ ഒരു തമാശ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. പാവപ്പെട്ടവരും പുറമ്പോക്കിൽ കിടക്കുന്നവരും ഇത്രമാത്രം വിഭവങ്ങൾ ഖജനാവില്ലെത്തിക്കുന്ന മറ്റൊരു സംസ്ഥാനമില്ല. ഏകദേശം 62 ശതമാനം വരുന്ന തനത് വരുമാനം പെട്രോളിയം ഉൽപന്നങ്ങൾ, മോട്ടോർ വാഹനങ്ങൾ, മദ്യം, ഭാഗ്യക്കുറി എന്നിവയിൽനിന്നാണ് സമാഹരിക്കുന്നതെന്ന് ഓർക്കണം.
ഇവയിൽ മോട്ടോർ വാഹനങ്ങൾ ഒഴിച്ചുള്ള മൂന്നും സർക്കാർ കൈകാര്യം ചെയ്യുന്നതാണ്. കാര്യമായ വെട്ടിപ്പില്ല. നനഞ്ഞിടം കുഴിക്കാൻ എന്തു സുഖം! അദ്ദേഹത്തിന്‍റെ മറ്റൊരു നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിൽപെട്ട കെട്ടിട നികുതി വർധിപ്പിക്കലാണ്. 1000 കോടി സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഈ നിർദേശം എത്രമാത്രം വിജയിക്കുമെന്ന കാര്യം കണ്ടറിയണം. കാരണം പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഈ നികുതി കാര്യക്ഷമമായി പിരിച്ചെടുക്കുന്നതിൽ സഹജമായ പരിമിതികളുണ്ട്. അവക്ക് ജീവനക്കാരുടെയും സാങ്കേതിക വിദ്യയുടെയും പരിമിതിയുണ്ട്. മാത്രമല്ല, പ്രാദേശികതലത്തിൽ നികുതി വർധനക്കെതിരെ എതിർപ്പ് ഉയരുകയും ചെയ്യും. ഇതിനുപകരം പ്രാദേശിക സർക്കാറുകളുടെ നഷ്ടം നികത്തിക്കൊടുക്കാമെന്ന കരാറിന്മേൽ ഈ നികുതി സംസ്ഥാന സർക്കാറിന് ഏറ്റെടുക്കാം. ജി.പി.എസ് പോലെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനമൊട്ടാകെ ഒരേ നിരക്കിൽ വസ്തു നികുതി ചുമത്തിയാൽ 15000 കോടി സമാഹരിക്കാമെന്നാണ് ഈ ലേഖകന്‍റെ ഒരു ഏകദേശ കണക്ക്.
ഭൂമിയുടെ ന്യായവില വർധന സംസ്ഥാനത്തെ മാന്ദ്യം പരിഗണിക്കുമ്പോൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യുമോ എന്ന് സംശയിക്കണം. പിന്നെയുള്ളത് മോട്ടോർ വാഹനങ്ങളുടെ നികുതി വർധനയാണ്. അത് മുഖ്യമായും സമ്പന്നരെ മാത്രമേ ബാധിക്കുകയുള്ളൂ എന്നതുകൊണ്ട് വലിയ ദോഷമില്ല. മറ്റ് നികുതി നിർദേശങ്ങൾ അടക്കം ധനമന്ത്രി ലക്ഷ്യംവെക്കുന്നത് 2900 കോടി മാത്രം. മിക്കവാറും 2000 കോടി കിട്ടിയാലായി. റവന്യൂ കമ്മി 23,942.24 കോടി ആണെന്നോർക്കണം.
ധനമന്ത്രിക്ക് മറ്റെന്ത് വഴിയാണ് ഉണ്ടായിരുന്നതെന്ന ചോദ്യമുയരാം. വൈദ്യുതി കരം അദ്ദേഹം കൂട്ടിയില്ലേ? ഇതൊക്കെ മധ്യവർഗത്തെയും സമ്പന്നരെയുമല്ലേ ബാധിക്കുക. ശരിയാണ്. പക്ഷേ, മധ്യവർഗത്തിൽനിന്നും സമ്പന്നരിൽനിന്നും വിഭവസമാഹരണത്തിനുള്ള നല്ലൊരു അവസരം അദ്ദേഹം പ്രയോജനപ്പെടുത്തിയില്ല. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ ഫീസുകളാണ് അത്. 1970-71ൽ ഈ രംഗത്തെ റവന്യൂ ചെലവിന്‍റെ 5.55 ശതമാനം ഫീസുകളായി സമാഹരിച്ചിരുന്നു.
2021-22 (RE) പ്രകാരം 51583.64 കോടിയാണ് റവന്യൂ ചെലവ്. ഫീസായി പിരിക്കുന്നത് 647.82 കോടി രൂപ മാത്രം. 1970-71ലെ നിരക്കുകളിൽ ഫീസുകൾ ചുമത്തിയാൽ 2862.89 കോടി രൂപ സമാഹരിക്കാമായിരുന്നു. ഇത് ധനമന്ത്രി കാണാതെ പോയതൊന്നുമല്ല. വിദ്യാർഥി സംഘടനകളുടെയും മധ്യ വർഗത്തിന്‍റെയും സമ്പന്നരുടെയും എതിർപ്പ് മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ മുന്നണിക്കുമില്ല.
ചുരുക്കത്തിൽ വിഭവ സമാഹരണ രംഗത്ത് വലിയ അവസരം നഷ്ടപ്പെടുത്തിയ ധനമന്ത്രിയാണ് ശ്രീ ബാലഗോപാൽ. അദ്ദേഹത്തിന്‍റെ നിരവധിയായ പദ്ധതികളെക്കുറുച്ച് ഒരുപാട് പറഞ്ഞിട്ട് കാര്യമില്ല. കോടികളുടെ കുട്ടനാട് പാക്കേജ്, വയനാട് പാക്കേജ്, ഇടുക്കി പാക്കേജ് എന്നിവയൊക്കെ ഇപ്പോഴും തുടരുകയല്ലേ?. നാളികേരത്തിനും റബറിനും വകയിരുത്തൽ വർധിപ്പിച്ചിട്ടുണ്ട്. കുടിയേറ്റ കർഷകർ നേരിടുന്ന വന്യമൃഗഭീഷണി നേരിടാനും പദ്ധതികളുണ്ട്. അവയൊക്കെ കടലാസിൽ അവസാനിക്കാതിരുന്നെങ്കിൽ എന്ന് പ്രാർഥിക്കുകയേ രക്ഷയുള്ളൂ.
ഒരുലക്ഷത്തിൽപരം സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങൾ നിലവിൽ വന്നു എന്ന് കൊട്ടിഗ്ഘോഷിക്കുന്നുണ്ട്. അവയുടെ ശാക്തീകരണത്തിനായി കാര്യമായ ഒരു ബജറ്റ് വകയിരുത്തൽ ഉണ്ടായിരുന്നെങ്കിൽ ‘മേക്ക് ഇൻ കേരള’ പദ്ധതിയിൽ 100 കോടി ഉണ്ടല്ലോ എന്ന് ആശ്വസിക്കാം. പൊതുവേ നോക്കുകയാണെങ്കിൽ ഒരുപാട് പദ്ധതികൾ, അവക്കൊക്കെ ചെറിയ വകയിരുത്തലുകൾ. ധനപ്രതിസന്ധി ഇതുപോലെ തുടരുകയാണെങ്കിൽ ശമ്പളവും പെൻഷനും കൊടുക്കുക എന്ന മിനിമം പരിപാടിയിലെ ഇവയൊക്കെ അവസാനിക്കുകയുള്ളൂ.
പാവപ്പെട്ടവരുടെയും പുറംപോക്കിൽ കിടക്കുന്നവരുടെയും പിച്ചച്ചട്ടിയിൽ കൈയിട്ടുവാരാൻ ധിറുതികാണിച്ച ധനമന്ത്രി ക്ഷേമപെൻഷനുകൾ 100 രൂപ പോകട്ടെ, 50 രൂപയെങ്കിലും വർധിപ്പിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. അങ്ങനെ വർധിപ്പിക്കുന്ന തുക മുഴുവനായിതന്നെ വിപണിയിലെത്തി വ്യാപാര-ചരക്കുകയറ്റ മേഖലകളെ ഉത്തേജിപ്പിക്കുമായിരുന്നു. ആ ചെലവിന്‍റെ പകുതിയെങ്കിലും ചരക്കുസേവന നികുതിയിനത്തിൽ തിരികെ വരുമായിരുന്നു. സർക്കാർ ഉദ്യോസ്ഥരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കുടിശ്ശിക കുറേയെങ്കിലും കൊടുക്കുന്നതല്ലേ തെരഞ്ഞെടുപ്പ് ജയിക്കാൻ നല്ലത്.
ചുരുക്കത്തിൽ ഇൗ ബജറ്റ് നിരാശജനകമാണ്. കേരള സമൂഹത്തിലെ ആരെയും ഇത് തൃപ്തിപ്പെടുത്തുമെന്ന് തോന്നുന്നില്ല. ധനമന്ത്രിയെ സംബന്ധിച്ചിടത്തോളം ധനകാര്യസുസ്ഥിരതയിലേക്ക് സംസ്ഥാനത്തെ നയിക്കാനുള്ള വലിയ ഒരു അവസരം നഷ്ടപ്പെട്ടു എന്ന് കരുതുന്നതിൽ തെറ്റില്ല.
(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റി അംഗമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.