ചോരുന്ന ഖജനാവ്, ചീർക്കുന്ന കീശ
text_fieldsകടലിൽ കായം കലക്കിയപോലെയാണ് കാര്യങ്ങൾ. കടലിൽ കല്ലിട്ടുകൊണ്ടിരിക്കുന്നു, അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുന്നു. കോടികൾ ചെലവഴിച്ച് ഖജനാവ് കാലിയാവുമ്പോഴും തീര സംരക്ഷണമെന്ന പേരിൽ നടക്കുന്നത് പകൽക്കൊള്ള. ഒരു കി.മീ ദൈർഘ്യത്തിൽ കടൽഭിത്തി നിർമിക്കുന്നതിനാണ് 15 മുതൽ 18 കോടി വരെ ചെലവഴിക്കുന്നത്. നാനൂറോളം കിലോമീറ്ററിൽ ഇതിനകം തീരസംരക്ഷണത്തിന് കല്ലിടൽ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയപ്പോൾ എത്ര ചെലവഴിച്ചുകാണുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
ഇത്രയും കോടി ചെലവഴിച്ചിട്ടും തീരശോഷണമെന്ന അടിസ്ഥാന പ്രശ്നം ഇനിയും ബാക്കി. നടത്തിയ പഠനങ്ങളിലൊന്നും കരിങ്കൽ ഭിത്തി നിർമാണം തീരശോഷണത്തിനുള്ള ശാശ്വത പരിഹാരമാണെന്ന് പറയുന്നില്ല. കടൽഭിത്തിയും പുലിമുട്ട് നിർമാണവും ശാശ്വത പരിഹാരമല്ലെന്ന് ഇറിഗേഷൻ വകുപ്പുതന്നെ സമ്മതിക്കുന്നു. കണ്ടൽക്കാടുകൾ പോലുള്ള പ്രകൃതിദത്ത പദ്ധതികൾ നടപ്പാക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഒന്നും ചെയ്യുന്നില്ല. തീരസംരക്ഷണത്തിനുള്ള ശാസ്ത്രീയ മാർഗങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചുമായി സർക്കാർ ധാരണപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ വൈകുന്നു. ശാശ്വത പരിഹാരത്തിനുള്ള ഒരു നടപടിയിലും ഉദ്യോഗസ്ഥ ലോബിക്ക് താൽപര്യമില്ല. കാരണം മറ്റൊന്നുമല്ല. കടൽഭിത്തി നിർമാണം ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിന് വലിയൊരു ചാകരയാണ്. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തിയെ അപേക്ഷിച്ച് ‘പണം കൂടുതൽ, ഗ്യാരന്റി കുറവ്’ എന്നതാണ് കടൽഭിത്തികൊണ്ട് കരാർ കമ്പനികൾക്കുള്ള ഗുണം.
കരിങ്കല്ല് വരുന്ന വഴിയും പോവുന്ന വഴിയും
കേരള തീരത്തെ കടൽഭിത്തിക്കുള്ള കല്ലിന്റെ നല്ലൊരു ശതമാനവും ഇപ്പോൾ വരുന്നത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ്. ടണ്ണിന് 950 രൂപയാണ് തമിഴ്നാട്ടിലെ ക്വാറികളിൽ നൽകേണ്ടത്. കേരളത്തിലെത്തുമ്പോൾ ലോറി വാടക ഉൾപ്പെടെ നാലിരട്ടിയോളം വരും ചെലവ്. ചെല്ലാനത്ത് പ്രവൃത്തി തുടങ്ങുമ്പോൾ ടണ്ണിന് 950 രൂപക്കാണ് തമിഴ്നാട്ടിലെ ക്വാറിയിൽനിന്ന് കല്ല് വാങ്ങിയിരുന്നത്. പ്രവൃത്തി അവസാനിക്കുമ്പോൾ 1350 രൂപയാണ് ടണ്ണിന് നൽകിയതെന്ന് കരാറുകാരൻ പറയുന്നു.
സംസ്ഥാനത്ത് ക്വാറികളുടെ എണ്ണം കുറഞ്ഞതും ആവശ്യമായ അളവിലുള്ള വൻ കല്ലുകളുടെ ലഭ്യതക്കുറവുമാണ് അയൽസംസ്ഥാനത്തുനിന്ന് കല്ല് കൊണ്ടുവരാൻ പ്രധാന കാരണം. എന്നാൽ, ടണ്ണിന് 2000 രൂപയും ലോറി വാടകയും നൽകിയാലും സംസ്ഥാനത്തിനകത്തുനിന്ന് കല്ലടിക്കുന്നതാണ് ലാഭകരമെന്ന് പറയുന്നു ഇവിടത്തെ ക്വാറി ഉടമകൾ. ഇറിഗേഷൻ വകുപ്പിൽനിന്ന് വിരമിച്ച പല ഉന്നത ഉദ്യോഗസ്ഥർക്കും ഇതര സംസ്ഥാനങ്ങളിൽ സ്വന്തമായി കരിങ്കൽ ക്വാറികളുണ്ടെന്നും അവരുടെ താൽപര്യപ്രകാരമാണ് അവിടെനിന്ന് കല്ല് കൊണ്ടുവരുന്നതെന്നും ക്വാറി ഉടമകൾ ആരോപിക്കുന്നു.
കരാറുകാരിൽനിന്ന് ഒരുരൂപ പോലും കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥരുമുണ്ട്. അതേ സമയം, പ്യൂൺ മുതൽ എക്സിക്യൂട്ടിവ് എൻജിനീയർ വരെയുള്ളവർക്ക് നിശ്ചിത കൈക്കൂലി തിട്ടപ്പെടുത്തി പിടിച്ചുവാങ്ങുന്ന ഉദ്യോഗസ്ഥരും യഥേഷ്ടം. എന്തായാലും ധനവകുപ്പിൽനിന്ന് ബിൽ പാസായാൽ കൈക്കൂലി കിട്ടുംവരെ പിടിച്ചുവെച്ചിരുന്ന കാലം ഇപ്പോൾ പഴങ്കഥയായി.
മുകൾവശത്ത് ഒന്നുമുതൽ മൂന്നുമീറ്റർവരെ വീതിയിലും അടിത്തട്ടിൽ 10 മുതൽ 15 മീറ്റർ വരെ വീതിയിലുമാണ് കടൽഭിത്തി നിർമിക്കുന്നത്. അടിയിലെ മണൽ നീങ്ങുന്നതോടെ മാസങ്ങൾക്കകം ഭിത്തി താഴാൻ തുടങ്ങും. കല്ല് കടലിലേക്ക് നീങ്ങുകയും ചെയ്യും. രണ്ടുവർഷമാണ് ഇപ്പോൾ കടൽഭിത്തിക്ക് കരാറുകാർ നൽകുന്ന ഗാരന്റി. അതിനുമുമ്പേ തകർച്ച തുടങ്ങിയിരിക്കും. ഗാരന്റി കാലാവധി തീർന്നാൽ അറ്റകുറ്റപ്പണിയെന്ന പുനരുദ്ധാരണം നടന്നുകൊണ്ടിരിക്കും. ഇങ്ങനെയാണ് കടൽഭിത്തി വഴിയുള്ള കോടികളുടെ ചോർച്ച.
ഏറ്റവും പ്രശ്നം ഈ 100 കിലോമീറ്റർ
കടലാക്രമണം കൊണ്ട് പൊറുതിമുട്ടുന്ന പ്രദേശങ്ങളെ ഹോട്സ്പോട്ടുകൾ എന്നുപേരിട്ടാണ് ഇറിഗേഷൻ വകുപ്പിന്റെ തീരസംരക്ഷണ പദ്ധതി. കേരള തീരം ഉൾപ്പെടുന്ന ഒമ്പത് ജില്ലകളിലായി 103 കി.മീറ്റർ ഇങ്ങനെ അടിയന്തര പ്രാധാന്യമുള്ള മേഖലയാണ്. ഇത്തരം പ്രദേശങ്ങളിൽ നടപ്പാക്കിയ പദ്ധതിക്ക് കൈയും കണക്കുമില്ല. പദ്ധതി നടപ്പാക്കുന്ന വേളയിൽ ഒരാശ്വാസം ലഭിക്കുമെന്നല്ലാതെ പിന്നീട് പഴയ നിലയിലേക്ക് കാര്യങ്ങൾ എത്തുന്നു. ഇറിഗേഷൻ വകുപ്പിന്റെ കണക്കുപ്രകാരം വിവിധ ജില്ലകളിലെ ഹോട്സ്പോട്ടുകളും നടപ്പാക്കുന്ന പദ്ധതികളും താഴെ:
തിരുവനന്തപുരം
ശംഖുമുഖത്ത് ഒരു കി.മീ, വർക്കല ക്ലിഫ് ഏരിയ നാല് കി.മീ, തെക്കേ കൊല്ലങ്കോട് മുതൽ പൂവാർ പൊഴി വരെ രണ്ട് കി.മീ, മുതലപ്പൊഴി മുതൽ അഞ്ചുതെങ്ങ് വരെ അഞ്ച് കി.മീ. ശംഖുമുഖത്ത് ഓഫ്ഷോർ ബേക്ക് വാട്ടർ പദ്ധതിയും, മുതലപ്പൊഴി-അഞ്ചുതെങ്ങ് ഭാഗത്തും തെക്കേകൊല്ലങ്കോട് മുതൽ പൂവാർപൊഴി വരെയും 51കോടിയുടെ ടെട്രാപോഡ് പദ്ധതിയും കിഫ്ബി വഴി നടപ്പാക്കും.
കൊല്ലം
ഇരവിപുരം, കോങ്ങാൽ, മലപ്പുറം, പരവൂർ തെക്കുഭാഗം, തങ്കശ്ശേരി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന എട്ട് കിലോമീറ്ററും ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കൽ, കുഴിത്തുറ, ശ്രായിക്കാട്, ഭദ്രൻമുക്ക് എന്നിവ ഉൾപ്പെടുന്ന 5.8 കിലോമീറ്ററും ആണ് ഹോട്സ്പോട്ടുകൾ. ഇവിടെയും ടെട്രാപോഡ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കും.
ആലപ്പുഴ
ചേന്നവേലി, ഒറ്റമശ്ശേരി, ആറാട്ടുവഴി എന്നീ ഭാഗങ്ങൾ ഉൾപ്പെടുന്ന 3.8 കി.മീ, വലിയ അഴീക്കൽ 1.2 കി.മീ, പെരുമ്പള്ളി 800 മീറ്റർ, പാനൂർ തോപ്പിൽ തൈമൂല 750 മീറ്റർ. ആറിടത്ത് കടൽഭിത്തി നിർമാണത്തിന് പദ്ധതിയായി. വിയാനി ബീച്ച് മുതൽ വടക്കോട്ട് ആലപ്പുഴ വരെ ടെട്രാപോഡ് പദ്ധതിയും. തോട്ടപ്പള്ളി പൊഴിമുഖത്തിന്റെ ഇരുവശത്തും പുലിമുട്ട് പദ്ധതിയും.
എറണാകുളം
ചെല്ലാനത്തെ ഏകദേശം 19 കി.മീ. ഇവിടെ ലോകബാങ്ക് സഹായത്തോടെ ടെട്രാപോഡ് പദ്ധതികളാണ് നടപ്പാക്കുക.
തൃശൂർ
എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലായി അഞ്ചു കിലോമീറ്റർ.
മലപ്പുറം
പൊന്നാനി നഗരസഭ, വെളിയങ്കോട് പഞ്ചായത്ത്, പെരുമ്പടപ്പ് പഞ്ചായത്ത് എന്നിവിടങ്ങളിലായി 11.193 കി.മീ. ടെട്രാപോഡ് പദ്ധതികളാണ് ഇവിടെയും നടപ്പാക്കുക.
കോഴിക്കോട്
കാപ്പാട് -3.476 കി.മീ. വടകര നഗരസഭ പരിധിയിലെ 4.97കോടിയുടെ കടൽഭിത്തി പുനരുദ്ധാരണം, കോഴിക്കോട് കോർപറേഷൻ പരിധിയിലെ ഭട്ട് റോഡിൽ മൂന്നുകോടിയുടെ പുലിമുട്ട് നിർമാണവും നടപ്പാക്കും.
കണ്ണൂർ
തലശ്ശേരി മേഖലയിലെ 10 കി.മീ. കടൽഭിത്തികളുടെ പുതുക്കിയ ഡിസൈനുവേണ്ടി വിശദപഠനം നടക്കുന്നു. വിദഗ്ധ സംഘം പരിശോധന പൂർത്തിയാക്കി.വലിയപറമ്പ പഞ്ചായത്തിലെ 19.65 കി.മീ. വലിയപറമ്പ, കോയിപ്പാടി, പെർവാഡ്, കാപ്പിൽ കൊപ്പൽ, ചിത്താരി, തൈക്കടപ്പുറം എന്നിവിടങ്ങളിൽ ജിയോബാഗ്, ടെട്രാപോഡ്, ജിയോട്യൂബ് ബയോഷീൽഡ് ഉപയോഗിച്ചുള്ള പദ്ധതികൾ നടപ്പാക്കും.
(തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.