രാഷ്ട്രീയാനന്തര കാലഘട്ടത്തിലെ കേരളം
text_fieldsഅപ്പോൾ, പത്രോസ് മറ്റ് 11 പേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തിൽ അവരോട് പറഞ്ഞു: 'യഹൂദ ജനങ്ങളേ, ജറൂസലമിൽ വസിക്കുന്നവരേ, ഇതു മനസ്സിലാക്കുവിൻ; എന്റെ വാക്കുകൾ ശ്രദ്ധിക്കുവിൻ. നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല. കാരണം, ഇപ്പോൾ ദിവസത്തിന്റെ മൂന്നാം മണിക്കൂറല്ലേ ആയിട്ടുള്ളൂ' - ക്രിസ്തീയധർമത്തിലെ ആദ്യത്തെ പ്രഭാഷണം ആരംഭിക്കുന്നത് ഒരുനുള്ള് ഫലിതത്തോടെയാണെന്ന്, ഇത്രവെളുപ്പിനെ തുറക്കുന്ന ഏത് ബാറുണ്ട് എന്ന കൊച്ചു വർത്തമാനത്തോടെയാണെന്ന് പ്രചോദന പ്രഭാഷകൻ ഫാ. ബോബി ജോസ് കട്ടികാട് തന്റെ ചിന്തകളിൽ കുറിക്കുന്നുണ്ട്. കള്ള് കുടിക്കാതെ ഫിറ്റാവാൻ പലവഴികൾ ഉണ്ടാകാമെന്ന് അദ്ദേഹം പറയുന്നതിന്റെ രംഗഭാഷ്യമാണ് ഇന്ന് മലയാളികൾ കാണുന്നത്.
മോരിനും തൈരിനും വരെ ജി.എസ്.ടി കൗൺസിൽ നികുതി കൂട്ടിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കേരളത്തിൽ സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ രൂപവത്കരിച്ച കേരള സ്റ്റേറ്റ് സാമൂഹിക സുരക്ഷാ പെൻഷൻ ലിമിറ്റഡിന് (കെ.എസ്.എസ്.പി) സംസ്ഥാനസർക്കാർ ധനസഹായം പിൻവലിച്ചതും നാളുകൾക്ക് മുന്നേയാണ്. കിഫ്ബി പോലെ കെ.എസ്.എസ്.പിയും ബജറ്റിന് പുറത്ത് നടത്തുന്ന കടമെടുപ്പ് വിവാദമായിരിക്കുന്നു. സംസ്ഥാനത്തിന്റെ പൊതുകടമാവട്ടെ കുതിച്ചുയരുകയാണ്.
ജൂണിലെ കാലവർഷത്തിൽ 50 ശതമാനത്തിലേറെയുള്ള കുറവ് കാർഷികരംഗത്ത് ഉണ്ടാക്കിയേക്കാവുന്ന മാന്ദ്യത ഒരുവശത്ത്. തൊഴിലില്ലായ്മ, ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വരുമാനക്കുറവ്, ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ എന്നിവ മറുവശത്തും നിൽക്കുന്നു. പക്ഷേ, ഭരണമുന്നണിയോ മുഖ്യപ്രതിപക്ഷമോ ഈ വിഷയങ്ങളിൽ ഇന്നേവരെ സംവാദങ്ങൾക്ക് മുതിർന്നിട്ടില്ല. വലതുപക്ഷ ജനവിരുദ്ധരാഷ്ട്രീയമാണ് എപ്പോഴും ഇത്തരം ചളിവാരിയെറിയലിന്റെ ഗുണഭോക്താക്കളെന്ന് 2014ലെ ദേശീയ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അറിയാത്തവരല്ല പ്രമുഖ മുന്നണിനേതൃത്വങ്ങൾ.
ഇന്ത്യൻജനാധിപത്യം ഏറ്റവും വലിയ തകർച്ചയെ നേരിടുന്ന കാലത്തിലൂടെയാണ് മലയാളികളും കടന്നുപോകുന്നത്. ഗുജറാത്ത് വംശീയ കൊലപാതകത്തിന് എതിരായി പോരാട്ടം നടത്തിയ ടീസ്റ്റ സെറ്റൽവാദും മലയാളിയായ മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറും വിദ്വേഷ മാധ്യമ-രാഷ്ട്രീയ സംസ്കാരത്തിനെതിരെ പൊരുതുന്ന ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറും പൊലീസ് കസ്റ്റഡിയിലായിട്ടും കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിൽനിന്ന് ഒരു പ്രകടനം പോലും ഉണ്ടായിട്ടില്ല.
ജനങ്ങളെ ബാധിക്കുന്ന ഈ വിഷയങ്ങളിൽനിന്ന് മാറി ക്രിമിനൽ കേസ് പ്രതികളായ രണ്ട് സ്ത്രീകളെയും ചില വിവാദ പുരുഷന്മാരെയും ചുറ്റി കേരളത്തിലെ പ്രമുഖ മുന്നണികൾ ബ്ലാക്ക്മെയിൽ (ചളിവാരിയെറിയൽ) രാഷ്ട്രീയം പയറ്റുന്നത് എന്തുകൊണ്ടാവാം. കേരളം പ്രവേശിച്ച രാഷ്ട്രീയാനന്തര കാലഘട്ടത്തെയാണ് ഇത് വെളിവാക്കുന്നത്. ആധുനികാനന്തര കാലഘട്ടത്തിന്റെ പൊതുസ്വഭാവം അതിനെ ഉറപ്പിച്ചുനിർത്തുന്ന സംഹിതകളെയും സിദ്ധാന്തങ്ങളെയും തച്ചുടച്ച് പുതിയ സിദ്ധാന്തങ്ങളെ സൃഷ്ടിക്കുന്നു എന്നതാണ്. പാൻ ഇന്ത്യൻ രാഷ്ട്രീയഭൂപടത്തിൽനിന്ന് കേരളത്തെ വേറിട്ടുനിർത്തിയിരുന്നത് അടിസ്ഥാനമായ രാഷ്ട്രീയശിലകളായിരുന്നു. നവോത്ഥാനകാലത്തും കോൺഗ്രസ്-സോഷ്യലിസ്റ്റ് കാലത്തും ഇടതുപക്ഷ-കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളിലും തീർത്ത ചട്ടക്കൂടായിരുന്നു അത്. കാർഷികരംഗത്ത് രാജ്യത്തിന്റെ ക്ലാസിക്കൽ കൃഷിരീതികളിൽനിന്ന് വേറിട്ട് അതിജീവന/നിലനിൽപിന് വേണ്ടിയുള്ള കൃഷിയായിരുന്നു മലയാളിക്ക്.
1990കളിൽ യു.എസ്.എസ്.ആറിന്റെ തകർച്ചയോടെ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട പ്രതീക്ഷയും വ്യാപാരരാഷ്ട്രീയത്തിൽ കോൺഗ്രസിനുണ്ടായ അപചയവും ഇന്നെത്തിനിൽക്കുന്ന രാഷ്ട്രീയാനന്തര കാലഘട്ടത്തിന് മുതൽക്കൂട്ടായി. ജനങ്ങളെ മറന്ന് ഭരണവും തീരുമാനങ്ങളുമാരംഭിച്ച ഘട്ടത്തിൽതന്നെ കോൺഗ്രസിന്റെ കൂമ്പുചീയലും പ്രവചിക്കപ്പെട്ടിരുന്നു. ഇടതുപക്ഷത്തിനുണ്ടായ ആശയപാപ്പരത്തം നടുക്കുന്നതാണ് -അഴിമതി ഉൾപ്പെടെ വിഷയങ്ങളിൽ സ്വീകരിച്ചിരുന്ന മുൻകാല വിശകലനരീതികൾ അവർ കൈയൊഴിഞ്ഞിട്ട് നാളുകളേറെയായി. ഈ പരിസരത്തേക്കാണ് രാഷ്ട്രീയസംവാദങ്ങളെ ചാനലുകളിലൂടെയുള്ള പരസ്പര ചളിവാരിയെറിയലായി ചുരുക്കിയ അരാഷ്ട്രീയ നാടകങ്ങൾ കടന്നുവന്നതും. ഐ.എസ്.ആർ.ഒയിലും സോളാറിലും സ്വർണക്കടത്ത് കേസിലും ലോക കേരളസഭയിലുമൊന്നും ഈ കഥാപാത്രങ്ങളുടെ വരവുകൾ ആകസ്മികതയല്ലെന്നതാണ് യാഥാർഥ്യം. കേരളത്തിന്റെ വലതുപക്ഷവത്കരണത്തിന് വളമിടുന്നതാണ് ഓരോ അസംബന്ധ രാഷ്ട്രീയവും.
മാരീച വേഷത്തിലാണ് കേരളത്തിലെ അധികാരരാഷ്ട്രീയത്തിൽ ബി.ജെ.പിയെങ്കിലും പല അസംബ്ലി മണ്ഡലങ്ങളിലും അഞ്ചു ശതമാനം വോട്ട് മറിഞ്ഞാൽ ചരിത്രം മാറുമെന്നതാണ് സ്ഥിതി. പല നഗരസഭകളിലും പഞ്ചായത്തുകളിലും ഭരണവും പ്രാതിനിധ്യവുമുള്ള ഹിന്ദുത്വരാഷ്ട്രീയത്തിനാണ് പ്രമുഖ മുന്നണികളുടെ മൂല്യച്യുതി കരുത്തുപകരുന്നതും. അറപ്പുളവാക്കുന്ന ദൃശ്യങ്ങൾ വാട്സ്ആപ് വിഡിയോകളിൽ കണ്ട് രസിക്കുമെങ്കിലും രാഷ്ട്രീയം തിരഞ്ഞെടുക്കേണ്ടിവരുന്ന നിർണായക മുഹൂർത്തത്തിൽ മലയാളി മധ്യ-ഉപരിമധ്യവർഗ നിലപാടാണ് തിരഞ്ഞെടുക്കുന്നത് എന്ന് മുമ്പും വെളിവാക്കിയിട്ടുള്ളതാണ് ഹിന്ദു, ക്രൈസ്തവ സമുദായത്തിൽ സ്വാധീനം സൃഷ്ടിക്കുന്നതിൽ ഹിന്ദുത്വം ഒരു വലിയ പങ്കിലേറെ വിജയിച്ചിട്ടുള്ള സാഹചര്യത്തിൽ. അതുകൊണ്ടുതന്നെ കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന വ്യവസ്ഥാപിത ജനാധിപത്യ സംവിധാനങ്ങളെ അപഹാസ്യമാക്കുക എന്ന ലക്ഷ്യമാണ് നടന്നുവരുന്നത്. കേരളത്തിലെ പൊതുസമൂഹത്തിൽ ജനങ്ങളുടെ വിശ്വാസ്യതക്ക് പാത്രമായ വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികൾ, നേതൃത്വം, രാഷ്ട്രീയ തത്ത്വസംഹിതകൾ എന്നിവക്കുമേൽ അവിശ്വാസം സൃഷ്ടിക്കാൻ വിവാദങ്ങളെ അണിയറക്ക് പിന്നിൽനിന്ന് നിയന്ത്രിക്കുന്നവർ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്.
രണ്ടു സ്ത്രീകളെ മുൻനിർത്തിയുള്ള ബ്ലാക്ക്മെയിൽ രാഷ്ട്രീയത്തിന് എണ്ണ പകരുന്ന മാധ്യമങ്ങളും സ്വയംവിമർശനാത്മകമായ പരിശോധനകൾക്ക് വിധേയരാകേണ്ടതുണ്ട്. സോളാർ വിവാദത്തിൽ അഴിമതിയുടെയും തട്ടിപ്പിന്റെയും വസ്തുതകൾ ഉണ്ടായിരുന്നുവെങ്കിലും പത്രങ്ങളും ചാനലുകളും 'സ്ത്രീ'ക്ക് മാത്രം പിന്നാലെയായിരുന്നു. ഐ.എസ്.ആർ.ഒ ചാരക്കേസിൽ പുലർത്തിയ അതേ മാതൃക സ്വർണക്കടത്തിലും മാധ്യമങ്ങൾ തുടരുന്നു. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിൽ ഇല്ലാതാവുന്നത് 'കേരള'മാണെന്നതാണ് യാഥാർഥ്യം.
ഹിന്ദുത്വം സമസ്ത മേഖലകളെയും ഉൾക്കൊണ്ട സാഹചര്യത്തിൽ രാഷ്ട്രീയകാര്യങ്ങൾ മാത്രം വേണ്ട കേന്ദ്ര ഇടപെടലിന് എന്നത് ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും മറക്കുന്നു. ധനകാര്യ പിടിപ്പുകേടിലൂടെ കേരളം എത്തിപ്പെടാവുന്ന ദുരന്തം പോലും കേന്ദ്രത്തിന് ഇടപെടാനുള്ള വാതിലാവും തുറക്കുന്നത്. കോലാഹലവും ഭാവനയും മാത്രം നിറഞ്ഞാടുന്ന രാഷ്ട്രീയനാടകത്തിൽ ഇരുമുന്നണികളെയും ജനങ്ങൾ വെറുക്കുന്ന ഒരു ഘട്ടത്തിനായാണ് ഹിന്ദുത്വത്തിന്റെ കാത്തിരിപ്പ്. ആ ഘട്ടത്തിൽ ഇന്ന് കേരളത്തിൽ കാണുന്ന ബി.ജെ.പിയുടെ നേതൃമുഖത്തെ ഒറ്റയടിക്ക് മാറ്റി 'പുതിയവരെ' എഴുന്നള്ളിക്കാൻ പറ്റുന്ന വേദിയായി പ്രഖ്യാപിതമുന്നണികളും മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.