Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പലിശ കൊടുത്ത് മുടിയുന്ന കേരളം
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightപലിശ കൊടുത്ത്...

പലിശ കൊടുത്ത് മുടിയുന്ന കേരളം

text_fields
bookmark_border

സംസ്ഥാനത്തിന്റെ സാമ്പത്തികനില കടുത്ത പ്രതിസന്ധിയിലാണെന്നതിൽ ആർക്കുമില്ല തർക്കം. കടമെടുക്കലിന് അൽപം തടസ്സം വന്നാൽ ദൈനംദിന ചെലവുകൾ പോലും നിലക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എടുത്ത കടങ്ങൾക്ക് പലിശകൊടുക്കാനും തിരിച്ചടക്കാനും വീണ്ടും കടമെടുക്കണം. ശമ്പളവും പെൻഷനും നൽകാനും കടം ശരണം. വരുമാനം പ്രതീക്ഷിച്ചതിന്‍റെ അടുത്തെങ്ങുമെത്തുന്നില്ല. കുടിശ്ശിക പിരിവൊക്കെ പേരിനുമാത്രം. ചുരുക്കിപ്പറഞ്ഞാൽ മാസം ചുരുങ്ങിയത് 2000 കോടിയെങ്കിലും കടമെടുത്തില്ലെങ്കിൽ ട്രഷറി ഇടപാടുകൾ താളം തെറ്റും. എത്രനാൾ ഇങ്ങനെ കടമെടുക്കുമെന്ന് ആശങ്ക പങ്കുവെക്കുന്ന വിദഗ്ധർ നിരവധിയാണ്. ശ്രീലങ്കയുടെ അനുഭവം ഓർമിപ്പിക്കുന്നവരുമുണ്ട്. കടഭാരമുണ്ടെന്ന മുന്നറിയിപ്പുകൾ പല കോണുകളിൽ നിന്നുയരുമ്പോഴും ഞെരുക്കത്തിനപ്പുറം വലിയ അപകടകരമായ സ്ഥിതിയൊന്നുമില്ലെന്നാണ് സർക്കാർ വാദം.

ബജറ്റിന് പുറത്ത് കിഫ്ബി-സാമൂഹിക സുരക്ഷ പെൻഷൻ കമ്പനി വഴികളിലൂടെയും എടുക്കുന്നുണ്ട്. (സാമൂഹിക സുരക്ഷ പെൻഷൻ കമ്പനിക്ക് ബജറ്റിലൂടെ നല്‍കുന്ന എല്ലാ സഹായവും നിര്‍ത്തലാക്കി സര്‍ക്കാര്‍ പുതിയ ഉത്തവിറക്കിയിട്ടുണ്ട്).

ഇക്കൊല്ലം അവസാനിക്കുമ്പോൾ ('22-23) പൊതുകടം 371692.18 കോടിയിലെത്തുമെന്നാണ് സർക്കാർ കണക്കുകൾ. അടുത്ത വർഷം ഇത് 411053.11 കോടിയാകും. '24-25ൽ എത്തുമ്പോൾ അത് 455727.77 കോടിയാകും. അതായത്, രണ്ടുവർഷം പിന്നിടുമ്പോൾ സംസ്ഥാനത്തിന്‍റെ പൊതുകടം നാലര ലക്ഷം കോടി പിന്നിടും. കടം പെരുകുന്നതിനനുസരിച്ച് സ്വാഭാവികമായും സംസ്ഥാനത്തിന്‍റെ പലിശനിരക്കും തിരിച്ചടവ് ബാധ്യതയുംകൂടി കുതിച്ചുയരും. കഴിഞ്ഞ വർഷം നമ്മുടെ തിരിച്ചടവ് ബാധ്യത 22115.41 കോടിയായിരുന്നു. ഇക്കൊല്ലം അവസാനമാകുമ്പോൾ ഇത് 25965.86 കോടിയാകും. അടുത്തവർഷം 29467.01 കോടിയിലേക്കും ഉയരും. '24-25 ആകുമ്പോൾ പലിശ കൊടുക്കാൻ 32630.59 കോടി വേണ്ടിവരും. ഡോളറിന്‍റെ മൂല്യം ഉയരുമ്പോൾ വിദേശ വായ്പകളുടെ തിരിച്ചടവും പലിശയും കൂടി ഉയരും. പല വായ്പകളും എടുക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ പത്ത് രൂപയിലേറെ മൂല്യം വർധിച്ചിട്ടുണ്ട് ഡോളറിന്. അതിന്‍റെ അധികബാധ്യത വേറെ വരും. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ട് പ്രകാരം 2026 മാർച്ചിനകം 81056. 92 കോടി രൂപയാണ് തിരിച്ചടക്കേണ്ടത്. ഒരു വർഷത്തിനകം 6948.14 കോടിയും ഒന്നുമുതൽ മൂന്നുവർഷം വരെ 16870.66 കോടിയും മൂന്നുമുതൽ അഞ്ചുവർഷം വരെ 26865.91 കോടിയും അഞ്ചുമുതൽ ഏഴുവർഷം വരെ 30372.21 കോടിയും ഏഴുവർഷത്തിനും അതിനുമുകളിലും 70013.73 കോടിയും വരുന്ന കടങ്ങൾ തിരിച്ചടക്കണം. അതിന് വീണ്ടും കടമെടുക്കാതെ ഇപ്പോഴത്തെ നിലക്ക് മറ്റ് മാർഗമില്ല.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ കടബാധ്യതയുടെയും ജി.എസ്.ഡി.പിയുടെയും അനുപാതം 31.3 ശതമാനമായിരുന്നു. ഇത് 2026-27 ആകുമ്പോഴേക്കും ജി.എസ്.ഡി.പിയുടെ 38.2 ശതമാനമായി വര്‍ധിക്കുമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, 2020-21ല്‍ തന്നെ കേരളത്തിന്‍റെ കടം ജി.എസ്.ഡി.പിയുടെ 37.18 ശതമാനമായി. ജി.എസ്.ഡി.പിയുടെ അനുപാതം അപകടകരം തന്നെയാണ്. പലിശ തിരിച്ചടവ്-വരവ് അനുപാതം നോക്കിയാൽ '20-21ൽ 18.8 ശതമാനമാണ്. ഇത് '22-23ൽ 19.36 ശതമാനമായും '23-24ൽ 20.41 ശതമാനമായും ഉയരും. വികസന പദ്ധതികൾക്കാണ് കടമെടുപ്പ് എന്നാണ് സർക്കാർ എപ്പോഴും വിശദീകരിക്കുന്നതെങ്കിലും കടംവാങ്ങുന്നതിന്‍റെ സിംഹഭാഗവും കടംവീട്ടാനും പലിശ നൽകാനുമാണ് വിനിയോഗിക്കുന്നതെന്ന വിമർശനം സി.എ.ജി തന്നെ ഉയർത്തിയിട്ടുണ്ട്.

അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം പോകുന്നതെന്ന് ഈ സൂചികകളൊക്കെ വ്യക്തമാക്കുന്നു. സമാഹരിക്കുന്ന വരുമാനത്തിൽ നല്ല പങ്ക് പലിശക്കാർ കൊണ്ടുപോകും.

പ്രതികൂല സ്ഥിതി നേരിടുന്നതിന് നടപടി റിപ്പോർട്ടുകളൊക്കെ അലമാരയിലുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നുകൂടി കാണണം. ചെലവുകൾ എവിടെയും കുറയുന്നില്ല. അതിനായി സർക്കാറിന്‍റെ അടിക്കടിയുള്ള പ്രഖ്യാപനങ്ങളൊന്നും നടപ്പായിട്ടുമില്ല. ഉദാഹരണമായി പുതിയ കാറുകൾ വാങ്ങേണ്ടതില്ലെന്ന് സർക്കാർ തീരുമാനം നിലനിൽക്കെ മുഖ്യമന്ത്രിയുടെ ഉപയോഗത്തിനടക്കം നിരവധി പുതിയ കാറുകളാണ് വാങ്ങിയത്. പല വകുപ്പുകളിലേക്കും കാറുകൾ വാങ്ങാനുള്ള നിർദേശത്തിന്‍റെ കുത്തൊഴുക്ക് തന്നെയാണ്. ചിലതൊക്കെ അനുവദിച്ചു. മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങണമെന്ന നിർദേശവും തള്ളിയിട്ടില്ല. പുതിയ ശമ്പള-പെൻഷൻ പരിഷ്കരണത്തിന്‍റെ ബാധ്യത രണ്ടുവർഷം കൂടി സമ്പദ്‍വ്യവസ്ഥയിൽ പ്രതിഫലിക്കും.

ശമ്പളം, പെൻഷൻ, പലിശ എന്നിവയുടെ ഇക്കൊല്ലത്തെ ബാധ്യത 94870.16 കോടിയാണ്. '23-24ൽ 105101.45 കോടിയായും '24-25ൽ 115306.45 കോടിയായും ഉയരും.

ഈ സ്ഥിതിയിൽ പിടിച്ചുനിൽക്കാൻ ജനങ്ങളെ പിഴിയുകയാണ് സർക്കാർ. ഏപ്രിൽ ഒന്നിന് ഏർപ്പെടുത്തിയത് 602 കോടിയുടെ അധിക നികുതിയാണ്. അവിടെ നിന്നില്ല, ബസ് ചാർജ് കൂട്ടി. ഓട്ടോ-ടാക്സി നിരക്ക് കൂട്ടി. വെള്ളക്കരം കൂട്ടി. വൈദ്യുതി നിരക്ക് കുത്തനെ കുട്ടി. വീട്ടുകരം കുത്തനെ കൂട്ടാനും ചെറിയ വീടുകൾക്കുവരെ പുതുതായി കരം ചുമത്താനും തീരുമാനിച്ചുകഴിഞ്ഞു. ഇനിയത് നടപ്പാകേണ്ട താമസമേയുള്ളൂ. സർവ ഫീസുകളും കൂടുകയാണ്. എന്തിന് ഒന്ന് സമരം നടത്തണമെന്ന് വിചാരിച്ചാൽ പൊലീസിൽനിന്നും മൈക്ക് സാങ്ഷൻ കിട്ടാൻ പോലും നിരക്ക് ഇരട്ടിയാക്കി.

കേന്ദ്രം സർവതിനുംകൂട്ടി ഒരു വഴിക്കാക്കിയിടത്താണ് സംസ്ഥാനത്തിന്‍റെ വക. പാചകവാതക വില 1050 കടന്നും പെട്രോൾ വില 110 കടന്നും കുതിക്കുന്നു. ഇതിന് അനുബന്ധമായി സർവ സാധനങ്ങൾക്കും വില കൂടുകയാണ്. കേന്ദ്ര സാമ്പത്തിക നയങ്ങളിൽ നടുവൊടിഞ്ഞിരിക്കുന്ന ജനത്തിനെയാണ് വിവിധ നിരക്കുകൾ കൂട്ടി കേരള സർക്കാറും തലക്കടിക്കുന്നത്. വലിയൊരു വിഭാഗത്തിന്‍റെ വാങ്ങൽ ശേഷി ദുർബലമായിരിക്കെയാണ് ഈ സ്ഥിതി. ഇനിയും പലതും വരാനിരിക്കുകയാണ്.

വൈദ്യുതി നിരക്കുവർധന ജൂൺ അവസാനം നിലവിൽ വന്നതിൽ പരിമിതപ്പെടില്ല. അടുത്ത അഞ്ചുവർഷത്തേക്ക് 20907.96 കോടിയുടെ കമ്മിയുണ്ടെന്നാണ് ബോർഡ്, കമീഷന് നൽകിയ കണക്ക്. എല്ലാ വർഷവും നിരക്ക് പരിഷ്കരിക്കുമെന്നതാണ് ബോർഡിന്‍റെയും കമീഷന്‍റെയും നയം. അടുത്ത അഞ്ചുവർഷവും നിരക്ക് വർധിപ്പിക്കാനുള്ള കണക്കാണ് കമീഷൻ നൽകിയത്. എന്നാൽ, കമീഷൻ ഒരു വർഷത്തെ വർധന മാത്രമേ പ്രഖ്യാപിച്ചുള്ളൂ. 2750 കോടിയിലേറെ രൂപയുടെ കുടിശ്ശിക പിരിച്ചെടുക്കാനുണ്ട്. അതിൽ നടപടിയില്ല.

500 ചതുരശ്ര അടിയിൽ കൂടുതലുള്ള ചെറു വീടുകൾക്കും ഒറ്റത്തവണ നികുതി ഏർപ്പെടുത്താൻ പോവുകയാണ്. ഇനി എല്ലാ വർഷവും ഈ നികുതി വർധിപ്പിക്കുകയും ചെയ്യും. ബസ് ചാർജ് വർധനയും ഓട്ടോ-ടാക്സി നിരക്ക് വർധനയും ജനത്തെ വല്ലാതെ ബാധിച്ചുകഴിഞ്ഞു. വെള്ളക്കരം അഞ്ചുശതമാനം കണ്ട് എല്ലാ വർഷവും കൂടുകയാണ്.

കോവിഡിന്‍റെ ആഘാതത്തെക്കുറിച്ച സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. '20-21ലെ ആദ്യപാദത്തിൽ മാത്രം 80000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ജനങ്ങളുടെ തൊഴിലും വരുമാനവും ജീവനോപാധിയുമെല്ലാം തകർത്തെറിഞ്ഞ കോവിഡിന്‍റെ കെടുതിയിൽനിന്ന് സംസ്ഥാനം മറികടന്നിട്ടില്ല.

ജനം മുണ്ടുമുറുക്കി ഉടുക്കുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ നിരക്കുകളും നികുതികളും നേരേയങ്ങ് കൂട്ടുന്ന നയമാണ് സർക്കാറിന്. ജി.എസ്.ടി നടപ്പാക്കിയതും നഷ്ടപരിഹാരം നിലക്കുന്നതും കേന്ദ്രം കാണിക്കുന്ന തെറ്റായ സമീപനങ്ങളും കാണാതിരിക്കുന്നില്ല. ജി.എസ്.ടി വന്നതോടെ നികുതി വിഹിതം 14.5 ശതമാനത്തിൽനിന്ന് ഒമ്പത് ശതമാനമായി കുറഞ്ഞു. റവന്യൂ കമ്മി ഗ്രാന്‍റും '24-25 ഓടെ നിലക്കും. കേന്ദ്രത്തിൽനിന്ന് അവകാശങ്ങൾ നേടുകതന്നെ വേണം. അതുപോലെ ഇവിടെയും നടപടികൾ ആവശ്യമാണ്.

നികുതിവെട്ടിപ്പ് പകൽപോലെ വ്യക്തമാണ്. പക്ഷേ തടയാനാകുന്നില്ല. നികുതി കുടിശ്ശിക 15000 കോടിയിലേറെയുണ്ട്. പിരിച്ചെടുക്കുന്നില്ല. വമ്പന്മാരിൽനിന്ന് ഈടാക്കി ഖജനാവിൽ എത്തിക്കാവുന്ന സാധ്യതകൾ നിരവധി പേർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സർക്കാർ ചെലവും ആഡംബരവുമൊന്നും കുറയുന്നില്ല.

പ്രതിസന്ധി മറികടക്കാൻ കൃത്യമായ വിലയിരുത്തലുകളും നടപടികളുമാണ് ആവശ്യം. പ്രതിസന്ധിക്ക് പരിഹാരം കടമെടുപ്പ് മാത്രമെന്ന മനോഭാവംതന്നെ മാറേണ്ടിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFBinterestCreditKerala News
News Summary - Kerala is dying by paying interest
Next Story