ഈ തമസ്സിനപ്പുറത്ത് വെളിച്ചമുണ്ട്...!
text_fieldsകേരള പൊലീസ് തുടങ്ങിവെക്കുകയും മാധ്യമങ്ങൾ കൊണ്ടാടുകയും സംഘ്പരിവാർ മുതലെടുക്കുകയും ചെയ്ത പാനായിക്കുളം സിമി കേസിൽ പ്രതിചേർക്കപ്പെട്ടവരെ കുറ്റമുക്തരാക്കി സുപ്രീംകോടതി വിധി വന്നിരിക്കുന്നു. ഇതിനിടയിൽ കടന്നുപോയത് 17 വർഷങ്ങൾ, പ്രതിചേർക്കപ്പെട്ടവരും കുടുംബങ്ങളും സുഹൃത്തുക്കളും അനുഭവിച്ചത് തുല്യതയില്ലാത്ത ദുരിതങ്ങളും പീഡനങ്ങളുമാണ്. സംസ്ഥാനത്തുനിന്ന് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്ത ആദ്യ കേസെന്ന പ്രത്യേകതയുംഇതിനുണ്ട്. ഈ കള്ളക്കേസിൽ കുടുക്കപ്പെട്ട പൗരാവകാശ പ്രവർത്തകൻ റാസിഖ് റഹീം നാൾവഴികൾ ഓർമിക്കുന്നു
2006 ആഗസ്റ്റ് 15നാണ് ‘പാനായിക്കുളം സിമി കേസി’ന് ആധാരമായ സ്വാതന്ത്ര്യദിന സെമിനാര്‍ നടന്നത്. ‘സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ പങ്ക്’ എന്ന പ്രമേയത്തിൽ പാനായിക്കുളത്തെ പ്രാദേശിക കൂട്ടായ്മയായ ഇസ്ലാമിക് സ്റ്റുഡന്റ്സ് സെന്റര്‍ സംഘടിപ്പിച്ച പൊതുപരിപാടി ഇരുട്ടി വെളുക്കുന്ന നേരം കൊണ്ട് നിരോധിത സംഘടനയുടെ രഹസ്യയോഗമായി ചിത്രീകരിക്കപ്പെടുകയായിരുന്നു.അപസര്‍പ്പക കഥകളെ വെല്ലുന്ന തിരക്കഥകളാണ് പാനായിക്കുളം കേസില്‍ മാധ്യമങ്ങളും അന്വേഷണ ഏജന്‍സികളും ചമച്ചത്.
2006 ആഗസ്റ്റ് 15ന് എറണാകുളം പറവൂര്‍ ഹൈവേയില്‍ പട്രോളിങ്ങിനിടെ ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് ഏതാണ്ട് 10.30 ഓടെ ബിനാനിപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആന്റണിയും മഫ്തിയിലുള്ള രണ്ടു പൊലീസുകാരും സെമിനാർ നടന്ന ഹാപ്പി ഓഡിറ്റോറിയത്തിലെത്തുന്നത്. വിവരം ശേഖരിച്ച് മടങ്ങാനിരിക്കെ അവർക്ക് വന്ന ഫോണ്‍കോളാണ് കാര്യങ്ങള്‍ക്ക് മാറ്റം വരുത്തിയത്. സ്റ്റേഷനിലേക്ക് ചെല്ലണമെന്നും ചില വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വിട്ടയക്കാമെന്നും പറഞ്ഞ അവർ സ്റ്റേഷനിലെ ജീപ്പ് മൂന്നുവട്ടം ഷട്ടിലടിച്ചാണ് ഞങ്ങളെ അവിടെയെത്തിച്ചത്. താഴെയുള്ള സ്ഥാപനങ്ങളില്‍ വന്നുപോകുന്ന ഉപഭോക്താക്കള്‍ക്കോ സമീപത്തെ ക്രൈസ്തവ ആരാധനാലയത്തിന്റെ മുന്‍ വശത്തുണ്ടായിരുന്നവര്ക്കോ പോലും എന്തെങ്കിലും പൊലീസ് നടപടി അവിടെ നടക്കുന്നു എന്ന് തോന്നലുണ്ടായില്ല. എന്നിട്ടും ‘സിമി ബന്ധമാരോപിച്ച് കൂട്ട അറസ്റ്റ്: പാനായിക്കുളം നടുങ്ങി’ എന്നായിരുന്നു ആഗസ്റ്റ് 17ന് ഒരു പ്രമുഖ മലയാളപത്രം തലക്കെട്ട് കൊടുത്തത്. പൊലീസ് നടത്തിയ ചടുലമായ നീക്കങ്ങള്‍ ആക്ഷന്‍ ത്രില്ലര്‍ സിനിമയോട് കിടപിടിക്കുന്നതായിരുന്നു എന്നായിരുന്നു മറ്റൊരു വാര്‍ത്ത.
വൈകുന്നേരം വരെ പ്രത്യേകിച്ച് സംഭവങ്ങളൊന്നുമില്ലാതെ ബിനാനിപുരം സ്റ്റേഷനില്‍ ഞങ്ങളിരുന്നു. അപ്പോഴേക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ അവിടേക്ക് മാര്‍ച്ച് നടത്തി. ഒന്നോ രണ്ടോ ചാനല്‍ പ്രവര്‍ത്തകരും ഒപ്പമെത്തി. കാര്യങ്ങള്‍ കൈവിട്ടു തുടങ്ങിയതായി ഞങ്ങള്‍ക്കു മനസ്സിലായി. രാത്രിയോടെ ആലുവ ഡിവൈ.എസ്.പി ഓഫിസിലേക്ക് ഞങ്ങളെ മാറ്റി. നേരം പുലര്‍ന്നപ്പോഴേക്കും അഞ്ചുപേരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും ബാക്കിയുള്ളവരെ വിട്ടയക്കുകയും ചെയ്തു.
പരിപാടിയില്‍ പങ്കെടുത്ത പാനായിക്കുളം സലഫി മസ്ജിദ് ഇമാം റഷീദ് മൗലവിയെ പരാതിക്കാരനാക്കിയാണ് പൊലീസ് കേസെടുത്തത്. പ്രതി ചേര്‍ക്കപ്പെട്ടവരെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ജയിലിലേക്കയച്ചു. നിജസ്ഥിതി അന്വേഷിക്കാതെ കഥകളും ഉപകഥകളുമായി മാധ്യമങ്ങള്‍ ആഘോഷിച്ചു. പിടിയിലായവര്‍ക്ക് വിദേശബന്ധം, വന്‍ സ്ഫോടക ശേഖരത്തെക്കുറിച്ച് വെളിപ്പെടുത്തിയതായി സൂചന, പിടിച്ചെടുത്തവയില്‍ ആലുവ റെയില്‍വേ സ്റ്റേഷന്റെ പ്രത്യേകം അടയാളപ്പെടുത്തിയ മാപ്പും എന്നിങ്ങനെ പോയി ‘വാര്‍ത്ത’കള്‍. പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് രണ്ടു മാസത്തെ ജയില്‍വാസ ശേഷം ഹൈകോടതി ജാമ്യം നല്കി.
അന്വേഷണ സംഘത്തിന്റെ തിരക്കഥകൾ
പാനായിക്കുളം കേസിന്റെ അന്വേഷണത്തില്‍ പുതിയ വഴിത്തിരിവുകള്‍ വന്നത് 2008ലാണ്. സംസ്ഥാന ഇന്റലിജന്‍സിന്റെ നിർദേശപ്രകാരം കേസന്വേഷണം പുതിയ അന്വേഷണസംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറി. അന്നത്തെ മലപ്പുറം അഡ്മിനിസ്ട്രേറ്റീവ് ഡിവൈ.എസ്.പി എസ്. ശശിധരനായിരുന്നു അന്വേഷണചുമതല. ആദ്യം പിടിയിലായ അഞ്ചു പേരെക്കൂടാതെ വിട്ടയക്കപ്പെട്ട 13 പേരെക്കൂടി പല ഘട്ടങ്ങളിലായി പുതിയ അന്വേഷണസംഘം അറസ്റ്റു ചെയ്തു. പരാതിക്കാരനായ റഷീദ് മൗലവിയും അറസ്റ്റു ചെയ്യപ്പെട്ടു എന്ന വിചിത്രത പാനായിക്കുളം കേസിന്റെ സവിശേഷതയാണ്. പാനായിക്കുളം കേസിന് അതുവരെയില്ലാത്ത പുതിയ കല്പിത കഥകളിലേക്ക് പുതിയ അന്വേഷണസംഘം എത്തിച്ചു. സ്വാതന്ത്ര്യദിന സെമിനാറും സെമിനാർ പ്രമേയവും പുതിയ അന്വേഷണസംഘം റദ്ദ് ചെയ്തു. ഹാളില്‍ സമ്മേളിച്ചവരെ രാവിലെ 10.30നു സ്റ്റേഷനിലേക്ക് പൊലീസ് കൊണ്ടു പോയതൊക്കെ മാറ്റം വന്നു. രാവിലെ 10 മുതല്‍ ഒരു മണി വരെ പരിപാടി നീണ്ടെന്നും അതില്‍ രണ്ടു പ്രസംഗങ്ങള്‍ നടന്നെന്നും പുതിയ കഥ അന്വേഷണസംഘം ഉണ്ടാക്കി.
രണ്ടു വര്‍ഷം വരെ കേസില്‍ പൊലീസുകാരല്ലാതെ സ്വതന്ത്ര സാക്ഷികളാരുമുണ്ടായിരുന്നില്ല. പുതിയ അന്വേഷണസംഘം അതിനും പരിഹാരം കണ്ടു. കേസില്‍ അതുവരെയില്ലാതിരുന്ന ഒരു സ്വതന്ത്രസാക്ഷിയെ എഴുതിച്ചേര്‍ത്തു. സ്പെഷല്‍ ടീം 2010ല്‍ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. പാനായിക്കുളം കേസില്‍ കേരള പൊലീസിന് കിട്ടേണ്ട ക്രെഡിറ്റ് രാഷ്ട്രീയക്കളിയിലൂടെ അട്ടിമറിക്കുകയായിരുന്നുവെന്ന് ‘നിര്‍ഭയം’ എന്ന ആത്മകഥയില്‍ മുൻ ഡി.ജി.പി ഡോ.സിബി മാത്യൂസ് പരിതപിക്കുന്നുണ്ട്. എന്‍.ഐ.എ ഈ കേസില്‍ കൂടുതലായൊന്നും അന്വേഷിക്കാതെ കുറ്റപത്രം സമര്‍പ്പിച്ചു എന്നും അദ്ദേഹം ഈ പുസ്തകത്തില്‍ പറയുന്നു.
കാടിളക്കി എന്‍.ഐ.എ വരുന്നു
2010ലാണ് എന്‍.ഐ.എ ഈ കേസ് ഏറ്റെടുക്കുന്നത്. കേരളത്തില്‍ എന്‍.ഐ.എ ഏറ്റെടുത്ത ആദ്യ കേസ്. അതേ വര്‍ഷം ഏപ്രിലില്‍ ഈ കേസിലെ പരാതിക്കാരനായിരുന്ന റഷീദ് മൗലവിയെ എന്‍.ഐ.എ മാപ്പുസാക്ഷിയാക്കി. 2014 ല്‍ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. നൂറു സിറ്റിങ്ങുകളിലായി ഒരു വര്‍ഷം വിചാരണ നീണ്ടു. അടച്ചിട്ട കോടതിയില്‍ രഹസ്യവിചാരണയായിരുന്നു നടന്നത്. 2015 നവംബര്‍ 25 ന് ഈ കേസിൽപെട്ട ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ ശാദുലി, റാസിക്, അന്‍സാര്‍, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തുകയും നവംബര്‍ 30ന് ശിക്ഷ വിധിക്കുകയും ചെയ്തു. ഒന്നും രണ്ടും പ്രതികള്‍ക്ക് 14 വര്‍ഷവും മറ്റുള്ളവര്‍ക്ക് 12 വര്‍ഷവും കഠിനതടവാണ് കോടതി വിധിച്ചത്. പ്രത്യേക അന്വേഷണസംഘം കെട്ടിയുയര്‍ത്തിയ പല വാദങ്ങളും ദുര്‍ബലമെന്ന് വിചാരണക്കോടതിയില്‍നിന്നു തന്നെ തെളിഞ്ഞു. പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയ സ്വതന്ത്രസാക്ഷിയെയും കോടതി തള്ളിക്കളഞ്ഞു.
മേൽകോടതികളിൽനിന്ന് നീതി
എന്‍.ഐ.എ കോടതി വിധിക്കെതിരെ ശിക്ഷിക്കപ്പെട്ടവര്‍ അപ്പീല്‍ നൽകി. വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയും ഹൈകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. 2019 ഏപ്രില്‍ 12ന് എന്‍.ഐ.എ കോടതിയുടെ ശിക്ഷ വിധി ജസ്റ്റിസ് എ.എം. ഷഫീക്കും അശോക് മേനോനും അടങ്ങുന്ന കേരള ഹൈകോടതി ഡിവിഷന് ബെഞ്ച് റദ്ദു ചെയ്തു.
മുഴുവന്‍ പേരെയും കുറ്റ വിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെ എന്‍.ഐ.എ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. നിരോധിത സംഘടനയിലെ കേവല മെമ്പര്‍ഷിപ് ഒരാളെ തടവില്‍ വെക്കാനുള്ള ന്യായമല്ലെന്ന സുപ്രീംകോടതിയുടെ വിധിക്കെതിരെ എൻ.ഐ.എ നല്കിയ റിവിഷന്‍ ഹരജിയോട് ടാഗ് ചെയ്താണ് പാനായിക്കുളം കേസ് സുപ്രീംകോടതിയിലെത്തിയത്. രണ്ടു കേസുകളും വെവ്വേറെയാണ് വിചാരണക്കെടുത്തത്. എന്‍.ഐ.എ നല്കിയ അപ്പീല്‍ തള്ളിയ ജസ്റ്റിസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ച് അഞ്ചു പ്രതികളെ വെറുതെ വിട്ട കേരള ഹൈകോടതി വിധി ശരിവെക്കുകയായിരുന്നു.
പൊലീസും മാധ്യമങ്ങളും ഒരുക്കിയ കള്ളക്കഥകളിൽ കുരുങ്ങി നീണ്ട പതിനേഴ് വര്‍ഷമാണ് ഞങ്ങൾ വേട്ടയാടപ്പെട്ടത്. ഇതിനിടയില്‍ വിചാരണകള്‍പോലും പ്രഹസനമായി തോന്നിയ സന്ദര്‍ഭങ്ങളുണ്ട്.
മാപ്പുസാക്ഷികളാണ് നമ്മുടെ അന്വേഷണ ഏജന്‍സികളുടെ തുറുപ്പുശീട്ട്. ഭയപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ മാപ്പുസാക്ഷികളെ സൃഷ്ടിച്ച് കണ്‍വിക്ഷന്‍ റേറ്റ് കൂട്ടുന്നതിലാണ് അന്വേഷണ ഏജന്‍സികള്‍ക്ക് താല്പര്യം. വിചാരണയുടെ സുതാര്യത നഷ്ടപ്പെടും വിധത്തില്‍ രഹസ്യ വിചാരണ കൂടി ആവുമ്പോള്‍ കാര്യങ്ങളെല്ലാം അന്വേഷണ ഏജന്‍സിയുടെ ഇംഗിതത്തിനനുസരിച്ച് തന്നെ നടപ്പാവുന്നു.
എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തു വരുമെന്ന ഇന്നാട്ടിലെ ദുർബല മനുഷ്യരുടെ പ്രതീക്ഷക്ക് ശക്തിപകരുന്നു ഹൈകോടതി തീരുമാനം ശരിവെച്ച് സുപ്രീംകോടതി നല്കിയ ഈ അനുകൂലവിധി.
(തലക്കെട്ടിന് അനുഗൃഹീത എഴുത്തുകാരൻ റഹ്മാൻ മുന്നൂരിനോട് പ്രാർഥനാഭരിതമായ കടപ്പാട്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.