Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപാഠ്യപദ്ധതി:...

പാഠ്യപദ്ധതി: ചട്ടക്കൂട് നിർമിതി ജനാധിപത്യപരമാവണമെങ്കിൽ

text_fields
bookmark_border
school curriculum
cancel
വിദ്യാലയങ്ങളിലെ സമയക്രമത്തിനനുസരിച്ച് ദിനചര്യകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ് കുടുംബങ്ങളിലുള്ളത്. ലിംഗ അസമത്വത്തിെൻറ മുഖ്യ സൂചികകളിലൊന്നാണ് സ്ത്രീകളുടെ തൊഴിൽ രംഗത്തെ പങ്കാളിത്തം എന്നു രേഖ ഓർമിപ്പിക്കു ന്നുമുണ്ട്. മാതാപിതാക്കളിൽ രണ്ടു പേരും ജോലിചെയ്യുന്ന കുടുംബങ്ങളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തെ സമയത്തിലെ മാറ്റം ദോഷകരമായി ബാധിക്കില്ലേ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മാതാപി താക്കളും കുട്ടികളും വീട്ടിൽ ഒന്നിച്ചു ണ്ടാവുന്ന സമയങ്ങളിൽ വരുന്ന കുറവ് സാമൂഹികാരോഗ്യത്തെ അത്യന്തം ദോഷകരമായായിരിക്കും ബാധിക്കുക

കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പൊതുസമൂഹത്തിന്റെ നിർദേശങ്ങൾ സ്വരൂപിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പൊതുവായ കാര്യങ്ങളും 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉൾക്കൊള്ളിച്ച സമൂഹചർച്ചക്കുള്ള പഠനക്കുറിപ്പ് സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1997ൽ രൂപംകൊടുത്ത പ്രക്രിയാ ബന്ധിതവും ശിശു കേന്ദ്രീകൃതവുമായ പാഠ്യപദ്ധതി, അതിന്റെ തുടർച്ചയായ 2007 ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂട്, 2013ൽ ഉള്ളടക്കം / പഠനനേട്ടം എന്നിവക്ക് ഊന്നൽ കൊടുത്തുണ്ടാക്കിയ നയരേഖ എന്നിവയുടെ തുടർച്ചയിലാണ് പുതിയ ചട്ടക്കൂടിന് പശ്ചാത്തലമൊരുങ്ങുന്നത്.

ചട്ടക്കൂടിന്റെ സമീപനത്തെപ്പറ്റി

പുതുതായി രൂപവത്കരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൊതുസമൂഹത്തിന്റെ കൂടി അഭിലാഷങ്ങളും ആവശ്യകതയും പ്രതിഫലിക്കുന്നതാവണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ചുറ്റുപാടും വികസിച്ചുവരുന്ന അറിവിനെ തിരിച്ചറിയാനും അവയെ വിശകലനം ചെയ്യാനും സന്ദർഭത്തിനനുസൃതമായി പുതിയ അറിവാക്കി മാറ്റാനുമുള്ള കഴിവ് വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്താൽ മാത്രമേ വിജ്ഞാന സമൂഹത്തിൽ അതിജീവിക്കാൻ കഴിയൂ.

സാമ്പത്തികമായും സാമൂഹികമായും സമൂഹത്തിൽ ഉടലെടുത്തുകൊണ്ടിരിക്കുന്ന അസമത്വങ്ങളെയും വിവേചനങ്ങളെയും തുല്യതയിലും സമഭാവനയിലും അടിയുറച്ചുകൊണ്ട് വീക്ഷിക്കുവാനും പരിഹരിക്കുവാനും കഴിയേണ്ടതുണ്ട് എന്നു പറയുന്ന രേഖ, കേരള മാതൃക എന്ന വികസനമാതൃകക്ക് അതിന്റേതായ ശക്തിദൗർബല്യങ്ങളുണ്ട് എന്നു ചൂണ്ടിക്കാണിക്കുന്നു.

സാഹോദര്യത്തിന്റെ ആശയങ്ങളെ ഭാവി സമൂഹത്തിന്റെ സുദൃഢമായ സാമൂഹിക വ്യവഹാരമായി പ്രയോഗവത്കരിക്കേണ്ടതുണ്ട് എന്നു സ്വപ്നം കാണുന്ന രേഖ ഇതിനു വേണ്ട സമത്വബോധവും അനുഭവാത്മക വിദ്യാഭ്യാസവും രൂപപ്പെടുത്താൻ മുന്നോട്ടുള്ള വഴികൾ എന്തായിരിക്കണം എന്ന് അന്വേഷിക്കുന്നുണ്ട്. വിമർശന ചിന്തയും സർഗാത്മകതയും യുക്തിചിന്തയും സ്ക്കൂൾ തലം മുതൽ കുട്ടികളുടെ ശീലങ്ങളായി വികസിക്കണം.

സാമൂഹിക മാറ്റത്തിനും സാംസ്കാരിക ഉന്നമനത്തിനും ഉതകുന്നതും സാമൂഹിക നീതിയിലും ജനാധിപത്യ മൂല്യത്തിലും അടിയുറച്ചതുമായ പാഠ്യരീതി രൂപപ്പെടുന്നതിനെ സംബന്ധിച്ച ചർച്ച എന്നത് ഈ രേഖ മുന്നോട്ടുവെക്കുന്ന ഗുണാത്മകമായ കാര്യമാണ്. അറിവിനെ തിരിച്ചറിവാക്കുന്നതിനെ കുറിച്ചും കൈയും മെയ്യും അനങ്ങുന്ന വിദ്യാഭ്യാസത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്ന രേഖ അറിവുകളെ ഉപഭോഗ സംസ്കാരത്തിനെതിരായ നവസംസ്ക്കാര നിർമിതിക്ക് അനുഗുണമാക്കുന്ന പാഠ്യപദ്ധതിയാണ് വിഭാവനം ചെയ്യേണ്ടത് എന്നു പറയുന്നു.

ഒരു വിഷയം പഠിക്കുന്നവന് തുല്യതാൽപര്യമുള്ള മറ്റൊരു വിഷയം ഉപേക്ഷിക്കാൻ നിർബന്ധിതമായിത്തീരുന്ന തരത്തിലുള്ള സയൻസ് /ആർട്സ്, കരിക്കുലർ / എക്സ്ട്രാ കരിക്കുലർ വിഭജനങ്ങളെ കുറിച്ച് ചർച്ച ഉയർത്തുന്നുണ്ട് കുറിപ്പുകൾ. ഡിജിറ്റൽ യുഗത്തിലെ മാനവികത, നീതിബോധം, മാനുഷിക ബന്ധങ്ങൾ, സാമൂഹിക ഇടപെടലുകൾ, സഹവർത്തിത്വം എന്നിവയുടെ സ്ഥാനത്തെ സംബന്ധിച്ച ചർച്ച അതാവശ്യപ്പെടുന്നുണ്ട്.


രേഖയുടെ പരിമിതികൾ

കുട്ടികൾ സംഘം ചേർന്നും സംഘത്തിന്റെ ഭാഗമായും അധ്യാപകരുടെയടക്കം പിന്തുണയോടെയും അറിവു നിർമിക്കുന്നു എന്ന കാഴ്ചപ്പാടിനനുസൃതമായാണ് 1997 ൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമിട്ടത് എന്നാണ് പറയുന്നത്. ബഹുമുഖ ബുദ്ധിക്കും വിമർശനാത്മക ബോധനത്തിനും ഊന്നൽ നൽകിയ 2007 ലെ കെ.സി.എഫിന്റെ അടിസ്ഥാനത്തിൽ പാഠപുസ്തകങ്ങളും അനുബന്ധ പഠന ബോധന സാമഗ്രികളും പരിഷ്ക്കരിക്കുകയും ചെയ്തു. കാൽനൂറ്റാണ്ടിലെ പരിഷ്കരണങ്ങൾ എന്തു മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന പരിശോധന പുതിയ കെ.സി.എഫ് ചർച്ചയുടെ പ്രധാന ഭാഗമാവേണ്ടിയിരുന്നു.

നാം ഉദ്ദേശിച്ചിരുന്ന സാമൂഹിക ബോധങ്ങളും മൂല്യങ്ങളും കുട്ടികളിൽ കരുപ്പിടിപ്പിക്കാൻ കഴിഞ്ഞോ? ബോധനരീതിയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായോ? വിദ്യാർഥിയിൽ സമൂല മാറ്റത്തിന് വിദ്യാഭ്യാസം സഹായിക്കുന്നുണ്ടോ? തൊഴിൽ രംഗത്ത് ഗുണപരമായ വളർച്ചയുണ്ടായോ? നിരവധി ചോദ്യങ്ങൾ നമ്മുടെ മുന്നിൽ ഉത്തരം തേടുന്നുണ്ട്.

പരീക്ഷക്ക് കാണാപാഠം പഠിച്ച് ഉയർന്ന മാർക്ക് വാങ്ങിയാൽ എല്ലാമായി എന്ന നിലപാടുകൊണ്ട് അതിജീവിക്കാൻ കഴിയാത്ത ഒരു സമൂഹത്തിലേക്കാണ് കുട്ടി വിദ്യാഭ്യാസ ഘട്ടം കഴിഞ്ഞാൽ കടന്നുപോകേണ്ടത് എന്നു ശരിയായി കുറിപ്പ് വിലയിരുത്തുന്നുണ്ട്. പക്ഷേ, സെക്കൻഡറി തലത്തോടെ ബോർഡ് പരീക്ഷകളിലേക്കും മത്സര പരീക്ഷകളിലേക്കും തിരിയേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

നമ്മുടെ മൂല്യനിർണയങ്ങളിൽ ഉയർന്ന ഗ്രേഡോടെ പാസാകുന്ന കുട്ടികൾ മത്സര പരീക്ഷകളിൽ പിന്തള്ളപ്പെടുന്നതിൽ ഇപ്പോൾ പിന്തുടരുന്ന പ്രക്രിയയുടെ ഗുണദോഷങ്ങൾക്ക് പങ്കുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്. എഴുതുന്നവർ മുഴുവൻ പാസാവാനുള്ളതാണ് പരീക്ഷ എന്ന തരത്തിൽ പഠന മൂല്യനിർണയ പ്രക്രിയയെ മാറ്റിയെടുത്തതു വഴി നമ്മുടെ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ ശേഷി വികാസത്തിനും പറ്റാത്തവരായി മാറിയോ എന്ന ആലോചന ഉണ്ടാവേണ്ടതുണ്ട്.

സാമൂഹിക ജീവിതത്തിൽ ക്രിയാത്മക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലും സാമൂഹിക വികാസത്തിന് സഹായകരമായ സംഭാവന നൽകുന്നതിലും സഹായിക്കുന്നതാണ് വിദ്യാഭ്യാസം എന്ന് മൂല്യവിദ്യാഭ്യാസം എന്ന ഫോക്കസ് ഏരിയക്കു കീഴിൽ പറയുന്നുണ്ട്. വ്യക്തി, കുടുംബം, സമൂഹം എന്നിവയുടെ കൂട്ടായ്മയിലൂടെ അനുതാപം, സ്നേഹം, കരുണ, ആർദ്രത, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നതാകണം വിദ്യാഭ്യാസം എന്നു കൂടി പറയുന്ന രേഖ ഇത്തരം മൂല്യങ്ങൾ കരുപ്പിടിപ്പിക്കേണ്ടത് എങ്ങനെയെന്ന് ചോദ്യാവലിയിൽ ഉൾപ്പെടുത്തിക്കാണുന്നില്ല.

കേരളം പോലെ മഹാഭൂരിപക്ഷം മതവിശ്വാസികളായ സമൂഹത്തിൽ ദൈവ മത വിശ്വാസങ്ങൾ പ്രചോദിതരായാണ് ചെറുപ്പത്തിൽ തന്നെ നന്മതിന്മകളെയും സ്നേഹ ബഹുമാനങ്ങളെയും സംബന്ധിച്ച ബോധങ്ങളുണ്ടാകുന്നത്. നാലു വയസ്സോടെ സ്കൂളിലെത്തുന്ന കുട്ടി ദൈവ വിശ്വാസ പ്രേരിതമായ നന്മകളുടെ / അരുതുകളുടെ അനുഭവത്തോടെയാണ് വരുന്നത്. ഈ അനുഭവത്തിന്റെ തുടർച്ചയായാണ് ക്ലാസ് റൂമുകളിലെ മൂല്യവത്കരണം ഉണ്ടാവേണ്ടത്.

അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോധന രീതികൾ വേണമെന്നു പറയുന്നുണ്ട് കുറിപ്പ്; ഒരു വ്യക്തി വ്യാപൃതമാവുന്ന സംഭവങ്ങൾ, സാമൂഹിക സാഹചര്യം, സ്ഥാപനങ്ങൾ, സാംസ്കാരിക പരിസരം എന്നിവയെല്ലാം അറിവു നിർമാണ പ്രക്രിയയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് എന്നും അതിലുണ്ട്. എന്നാൽ, അതേ കുറിപ്പുതന്നെ പറയുന്ന മൂല്യങ്ങൾ കരുപ്പിടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വിദ്യാർഥികളുടെ വിശ്വാസ പരിസരാനുഭവങ്ങൾക്കുനേരെ ചട്ടക്കൂട് പുറംതിരിഞ്ഞുനിൽക്കുകയാണ്.

ഈ ബന്ധത്തെ അവഗണിച്ച് അന്തരീക്ഷത്തിൽനിന്ന് പൊട്ടി വീഴുന്ന മൂല്യബോധ പഠനങ്ങൾ രേഖ തന്നെ വിമർശിക്കുന്ന 'കുട്ടി ഒഴിഞ്ഞ പാത്രമാണെന്നും അത് നിറയ്ക്കലാണ് അധ്യാപകരുടെ കടമയെന്നുമുള്ള' നിലപാടിന്റെ ഭാഗമായാണ് അനുഭവപ്പെടുക. സത്യം പറയണമെന്നതും കള്ളം പറയരുത് എന്നുള്ളതും ഒരു ഭരണഘടനാ മൂല്യമായല്ലല്ലോ കുടുംബത്തിൽ പഠിക്കുന്നത്.

ആശങ്കപ്പെടുത്തുന്ന ലിംഗാവബോധ പാഠം

ലിംഗ തുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം വിമർശനപരമായി പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നു പറയുന്ന രേഖ ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന പതിനാറാം നമ്പർ ഫോക്കസ് പോയന്റിലെത്തുമ്പോൾ ജൻഡർ അഥവാ ലിംഗ ഭേദം എന്നത് സാമൂഹിക നിർമിതിയാണ് എന്നു പറഞ്ഞ് കൃത്യമായ പക്ഷംചേരൽ നടത്തുന്നത് ആശങ്കയുളവാക്കുന്നുണ്ട്.

നേരത്തേ എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള കൈപുസ്തകത്തിലും കുടുംബശ്രീ പഠന സഹായിയിലും മുന്നോട്ടുവെച്ച അതേ വാദം തന്നെയാണിതും. നമ്മുടെ വിദ്യാഭ്യാസ പാഠ്യപദ്ധതികളിൽ ജൻഡർ സംബന്ധിച്ച സാമൂഹിക നിർമിതീ ബോധം ഉൾപ്പെടുത്തണമെന്ന് കുടുംബശ്രീ പഠന സഹായിയിൽ നിർദേശമുണ്ടായിരുന്നു എന്നതോർക്കുമ്പോൾ അത്ര നിഷ്കളങ്കമല്ല രേഖയിലെ പരാമർശം എന്ന തോന്നൽ ബലപ്പെടുന്നുണ്ട്.

വിദ്യാസമ്പന്നമായ ഒരു പ്രദേശത്തിന് ചേരാത്ത പല പ്രവണതകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നു പറയുന്ന കുറിപ്പ് ലിംഗനീതി, ലിംഗ സമത്വം, ലിംഗാവബോധം എന്നിവ ഉളവാകാനാവശ്യമായ അംശങ്ങൾ വലിയ തോതിൽ പാഠ്യപദ്ധതിയിൽ ഉണ്ടാകേണ്ടതുണ്ട് എന്ന് കൂട്ടിച്ചേർക്കുന്നു.

ലിംഗ വിവേചനം സമൂഹത്തിൽ നിലനിൽക്കുന്നു എന്നതും അതിനെ മറികടക്കേണ്ടതുണ്ട് എന്നതും ഒരു യാഥാർഥ്യമാണ്. പക്ഷേ, അതൊരിക്കലും ലിംഗവിഭജനം എന്ന പ്രകൃതിപരമായ യാഥാർഥ്യത്തിനുനേരെ കണ്ണടച്ചുകൊണ്ടാവരുതല്ലോ. ലിംഗങ്ങൾക്കിടയിൽ വ്യത്യാസങ്ങളുണ്ടെന്നും പക്ഷേ, ശാരീരിക / കായിക / മാനസിക നിലകളിലുള്ള വ്യത്യാസങ്ങൾ ഒരു വിവേചനത്തിനും കാരണമായിക്കൂടെന്നുമുള്ള ബോധമാണ് കുട്ടികൾക്ക് പകരേണ്ടത്.

സ്വന്തം ലിംഗാവസ്ഥ എന്ന പ്രകൃതി യാഥാർഥ്യത്തെ അന്തസ്സോടെ കാണുന്നതും ലിംഗ നീതിയിലധിഷ്ഠിതവുമായ വിദ്യാഭ്യാസം വഴി വ്യത്യസ്ത ലിംഗങ്ങളിലുള്ളവരോട് ആരോഗ്യകരമായി സംവദിക്കാനുമാണ് കുട്ടികൾ പരിശീലിപ്പിക്കപ്പെടേണ്ടത്. ലിംഗ വ്യത്യാസ ബോധവും തജ്ജന്യമായ ലൈംഗികാകർഷണവും സമൂഹത്തിന്റെ നിലനിൽപിന് ആവശ്യമാണെന്നിരിക്കെ അങ്ങനെയൊന്നില്ലെന്ന് ധരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ കൃത്രിമവും അപകടകരവുമാണ്.

കളിസ്ഥലവും ഇരിപ്പിടവുമൊക്കെ ജൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കി സ്ത്രീ-പുരുഷ വ്യത്യാസങ്ങളില്ലെന്ന് കപടമായി നടിച്ച് നടത്തുന്ന ലിംഗ തുല്യതാ ശ്രമങ്ങൾ പുരുഷ ചൂഷകർക്ക് കൂടുതൽ അവസരങ്ങൾ നൽകുകയും സ്ത്രീകളുടെ അവസ്ഥയെ കൂടുതൽ അപകടപ്പെടുത്തുകയുമാണ് ചെയ്യുക.

തുല്യതയും സമത്വവും ലക്ഷ്യംവെക്കുമ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്ന ജൻഡർ സെൻസിറ്റിവ് അല്ലാത്ത സാമൂഹിക വ്യവസ്ഥയെ ഉയർന്ന മാനവികതാ ബോധംകൊണ്ട് പുനർനിർമിക്കണമെന്നാണ് കുറിപ്പ് പറയുന്നത്. ഈ മാനവികതാ ബോധത്തിന്റെ പ്രധാനമായ ഭാഗമാണ് മനുഷ്യൻ ആൺ-പെൺ വിഭജനങ്ങളുള്ള ആദരവർഹിക്കുന്ന ഒരു സൃഷ്ടിയാണെന്നതും അത് ഒരു വിവേചനത്തിന്റെ അടിസ്ഥാനമാകാൻ പാടില്ലെന്നതും.

ട്രാൻസ് ജൻഡറുകൾ അടക്കമുള്ള അരികുവത്കരിക്കപ്പെടുന്നവരോട് ആർദ്രതയോടെ പെരുമാറണമെങ്കിൽ അനന്തമായി നീളുന്ന ജൻഡർ സ്പെക്ട്രം വേണമെന്നത് വളരെ തെറ്റായ ഒരു അടിസ്ഥാനമാണ്. കുടുംബം എന്ന അനുഭവയാഥാർഥ്യത്തിൽനിന്നാണ് കുട്ടി വരുന്നത്. രേഖ മുന്നോട്ടുവെക്കുന്ന മൂല്യങ്ങളിൽ നല്ലൊരു പങ്കും അവനാർജിക്കുന്നത് പരിമിതികളോടെയാണെങ്കിലും ആ സാമൂഹിക സ്ഥാപനത്തിൽനിന്നാണ്. സമത്വമെന്ന തെറ്റായ പേരു നൽകി, കുടുംബ രൂപവത്കരണത്തിന്റെ അടിസ്ഥാനങ്ങളെ തകർക്കുന്നത് അത്ര പെട്ടെന്ന് പരിഹരിക്കാൻ കഴിയാത്ത നഷ്ടങ്ങളാണ് സമൂഹത്തിനുണ്ടാക്കുക.

സമയമാറ്റത്തെപ്പറ്റി

കുട്ടികൾക്ക് പ്രായത്തിന് അനുഗുണമായ വിദ്യാഭ്യാസം ലഭിക്കുന്നതോടൊപ്പം അവരുടെ കഴിവുകൾക്ക് അനുഗുണമായ വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ടെങ്കിൽ നിലവിലുള്ള സ്കൂൾ സമയത്തിൽ മാറ്റങ്ങൾ അനിവാര്യമാകും എന്നാണ് കുറിപ്പ് പറയുന്നത്. വിദ്യാലയങ്ങളിലെ സമയ ക്രമത്തിനനുസരിച്ച് ദിനചര്യകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ് കുടുംബങ്ങളിലുള്ളത്.

ലിംഗ അസമത്വത്തിന്റെ മുഖ്യ സൂചികകളിലൊന്നാണ് സ്ത്രീകളുടെ തൊഴിൽ രംഗത്തെ പങ്കാളിത്തം എന്നു രേഖ ഓർമിപ്പിക്കുന്നുമുണ്ട്. മാതാപിതാക്കളിൽ രണ്ടു പേരും ജോലിചെയ്യുന്ന കുടുംബങ്ങളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തെ സമയത്തിലെ മാറ്റം ദോഷകരമായി ബാധിക്കില്ലേ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

മാതാപിതാക്കളും കുട്ടികളും വീട്ടിൽ ഒന്നിച്ചുണ്ടാവുന്ന സമയങ്ങളിൽ വരുന്ന കുറവ് സാമൂഹികാരോഗ്യത്തെ അത്യന്തം ദോഷകരമായായിരിക്കും ബാധിക്കുക. ഓഫിസുകളും മറ്റു തൊഴിലിടങ്ങളും ഒമ്പത് - നാല് അല്ലെങ്കിൽ 10-5 സമയഘടനയിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്ന സാമൂഹിക സംവിധാനത്തിൽ വിദ്യാലയ സമയം മാത്രമായി പുനഃക്രമീകരിക്കുന്നത് സൃഷ്ടിക്കുക വലിയ അസന്തുലിതാവസ്ഥയായിരിക്കും.

കുറിപ്പ് മുന്നോട്ടുവെക്കുന്നപോലെ പുതുതായി രൂപവത്കരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൊതുസമൂഹത്തിന്റെ കൂടി അഭിലാഷങ്ങളും ആവശ്യകതയും പ്രതിഫലിക്കുന്നതാവണം. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന ഗുണാത്മക വിമർശനങ്ങളെയും ആശങ്കകളെയും ഉൾക്കൊണ്ടുകൊണ്ട് ചട്ടക്കൂട് വികസിപ്പിക്കുമ്പോഴേ സാമൂഹിക പങ്കാളിത്തത്തോടെ വികസിപ്പിച്ചത് എന്ന് അവകാശപ്പെടാനാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School Curriculumreforming
News Summary - kerala school curriculum reforming
Next Story