Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightദൗർബല്യങ്ങൾ അറിഞ്ഞുള്ള...

ദൗർബല്യങ്ങൾ അറിഞ്ഞുള്ള പോരാട്ടം 

text_fields
bookmark_border
vk-shameer1
cancel
camera_alt???. ??.??. ????

ലോക്​ഡൗൺ രണ്ട്​ മാസം പൂർത്തിയാകുന്ന വേളയിൽ കേരളം കോവിഡിനെ പ്രതിരോധിച്ച മാർഗങ്ങളും അനുഭവങ്ങളും പ​ങ്കുവെക്കുകയാണ്​ കോഴിക്കോട്​ മെഡിക്കൽ കോളജിലെ ഫിസിഷ്യൻ ഡോ. വി.കെ. ഷമീർ

കോവിഡിനെതിരായ യുദ്ധമുറകൾ ഓരോ നാടിനും ഓരോ പോലെയായിരുന്നു. ചിലർ ആവനാഴിയിലെ അവസാന ആയുധം വരെ എടുത്ത് പൊരുതി, ചിലർ അനിവാര്യമായ വിധി എന്ന് കരുതി നിഷ്ക്രിയരായി. ആരുടെ പദ്ധതികളാണ് ആത്യന്തികമായി ഫലം കാണുക എന്നതറിയാൻ ഇനിയും നാളുകൾ കാത്തിരിക്കേണ്ടി വരും.

കേരളത്തിൻെറ കോവിഡ് നിയന്ത്രണം ഇതിനോടകം തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാൽ, കോവിഡിനെ നേരിടുന്നതിൽ വളരെയധികം വിജയിച്ചു എന്ന് കരുതപ്പെടുന്ന സൗത് കൊറിയ, ഹോംഗോങ്​, സിംഗപ്പൂർ, ഖത്തർ തുടങ്ങി പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൻെറ രീതികൾ വളരെ വിഭിന്നമായിരുന്നു എന്നു കാണാൻ കഴിയും.

കോവിഡ് നിയന്ത്രണത്തിനിറങ്ങുന്ന ഏതൊരു ഭരണകൂടത്തിനും ആദ്യം വേണ്ടത് തങ്ങളുടെ ശക്തിയെ കുറിച്ചുള്ള ആത്മവിശ്വാസത്തേക്കാൾ തങ്ങളുടെ ദൗർബല്യങ്ങളെക്കുറിച്ചുള്ള ബോധ്യപ്പെടൽ ആയിരിക്കണം. സൗത്ത് കൊറിയയെ പോലെ "ടെസ്റ്റ്, ടെസ്റ്റ് ആൻഡ് ടെസ്റ്റ് " പോളിസി നടപ്പിൽ വരുത്താനുള്ള പരിശോധനാ സൗകര്യങ്ങളോ ഹോംഗോങ്ങിൻെറ സാംക്രമിക രോഗങ്ങളെ നേരിട്ട് വർഷങ്ങളായി പരിചയമുള്ള ജനതയോ, ഖത്തറിൻെറ ജനസംഖ്യക്ക് ആനുപാതികമായി ഹൈടെക് ഐ.സി.യുകളുള്ള ആശുപത്രി സമുച്ചയങ്ങളോ ഒന്നും കൈവശമുള്ള ഒരു സംസ്ഥാനമായിരുന്നില്ല കേരളം.

ഐ.സി.എം.ആർ എണ്ണിത്തിട്ടപ്പെടുത്തിക്കൊടുക്കുന്ന പരിശോധനാ കിറ്റും ശാരീരിക അകലം എന്നത് ജീവിതത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ജനതയും ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ വളരെ പിറകിലുള്ള ആശുപത്രി, ഐ.സി.യു, വ​െൻറിലേറ്റർ സൗകര്യങ്ങളുമായി യുദ്ധത്തിനിറങ്ങുമ്പോൾ കേരളത്തിന് മറ്റു വഴികൾ ചിന്തിക്കാനേ തരമുണ്ടായിരുന്നുള്ളൂ. അങ്ങനെ ആയിരിക്കണം കേരളത്തിൻെറ ഏറ്റവും വലിയ മുതൽക്കൂട്ടായ പൊതുജനാരോഗ്യ സംവിധാനത്തിൽ ഊന്നി പോരാടാൻ സംസ്ഥാനം തീരുമാനിച്ചത്.

പൊതുജനാരോഗ്യം എന്നാൽ നൂതന സംവിധാനങ്ങളുള്ള പഞ്ച നക്ഷത്ര ആശുപത്രികൾ മാത്രം അല്ല, ഗ്രാമങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന വേരുകൾ ഉള്ള വികേന്ദ്രീകൃതമായ ആരോഗ്യ സംവിധാനം. ഇതു ലോകത്തെ ഏതു വമ്പൻ ശക്തികളോട് താരതമ്യം ചെയ്​ത്​ നോക്കുമ്പോഴും കേരളത്തിൻെറ തട്ട് താഴ്ന്നു തന്നെ നിൽക്കുന്നതായിരുന്നു.

മാറുന്ന യുദ്ധ മുറകൾ :
മാർച്ച്‌ 2020

മാർച്ച്‌ മാസം തുടക്കം തിരിച്ചറിവുകളുടെയും മുന്നൊരുക്കങ്ങളുടെയും കാലം ആയിരുന്നു. വരാൻ പോകുന്ന വിപത്തിൻെറ വ്യാപ്തി മനസ്സിലാക്കി മുന്നൊരുക്കം നടത്തുക എന്നതായിരുന്നു പ്രധാനം. വരുന്ന രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ഒരു സ്വിച്ച് ഓൺ ചെയ്‌താൽ തുറന്നുകിട്ടാവുന്ന രീതിയിൽ സംവിധാനം ഒരുക്കി നിർത്താൻ ആയിരുന്നു നിർദേശം.

കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രം 1500 ബെഡുകൾ ആണ് ഇതിനായി കണ്ടുവെച്ചത്. മണിക്കൂറുകൾ കൊണ്ട് ഐസൊലേഷൻ വാർഡുകളെ മറ്റു വാർഡുകളിൽനിന്ന് വേർതിരിച്ചു. അതിനുവേണ്ട ഐ.സി.യുകളും വ​െൻറിലേറ്ററുകളും കണ്ടെത്തി. ഇത് അന്ന് മുന്നിൽ ഉണ്ടായിരുന്ന ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ അനുഭവം മുന്നിൽ കണ്ടുകൊണ്ടായിരുന്നു.

വരാൻ സാധ്യതയുള്ള ഒരു വൻ പ്രതിസന്ധി ദീർഘ വീക്ഷണത്തിൽ കാണാൻ കഴിയുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മൂലധനവും ഭൗതിക ശേഷികളും എല്ലാം ഏറ്റവും വിവേകത്തോടെ ഉപയോഗിക്കുക എന്നതായിരുന്നു നയം. അതിൽ ഏറ്റവും ശ്രദ്ധ പരിശോധന കിറ്റുകളും ആശുപത്രി സൗകര്യങ്ങളും തീർന്നു പോകാതെ സംരക്ഷിക്കുക എന്നതായിരുന്നു. അതിനു വേണ്ടി രോഗികളെ ലക്ഷണങ്ങൾ വെച്ച് മൂന്നായി തിരിച്ചു.

ഏറ്റവും നിസ്സാരമായ പ്രശ്​നങ്ങൾ 'എ' വിഭാഗത്തിലും, ഗൗരവം കൂടിയ ലക്ഷണങ്ങളോട് കൂടിയവരെ 'ബി', 'സി' വിഭാഗങ്ങളിലും ആയി തരംതിരിച്ചു. 'എ' വിഭാഗക്കാരെ ടെസ്​റ്റ്​ ചെയ്യാതെ വീട്ടിൽ ക്വാറ​ൈൻറൻ ചെയ്യാനും തീരുമാനിച്ചു. ബിയും സിയും വിഭാഗക്കാരെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ടെസ്​റ്റ്​ ചെയ്യാനും തീരുമാനിച്ചു.

മാർച്ച്‌ പകുതി കഴിഞ്ഞപ്പോൾ കേരളത്തിലെ രോഗികളുടെ എണ്ണം കൂടിത്തുടങ്ങി. എല്ലാം ഇന്ത്യയുടെ പുറത്തുനിന്ന്​ യാത്ര ചെയ്ത് വരുന്നവർ ആയതിനാൽ അവരെ വിമാനത്താവളത്തിൽ വെച്ച് സ്ക്രീൻ ചെയ്യുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്​തു. ലക്ഷണങ്ങൾ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങൾ ഉള്ളവരെയും അവരുടെ വീട്ടിലേക്ക് അയച്ചു. അവരെ നിരീക്ഷിക്കാൻ അവരുടെ മേഖലയിലെ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിച്ചു.

ഇവിടെ മറ്റു രാജ്യങ്ങളുമായുള്ള ഏറ്റവും വലിയ വ്യത്യാസം ഉദാരമായ ടെസ്​റ്റിംഗ്​ രീതിക്ക് കേരളം ശ്രമിച്ചില്ല എന്നതാണ്. ഒരു പക്ഷെ ഒരു ടെസ്​റ്റിൻെറ ചിലവിൽ പത്തു അന്തർ സംസ്​ഥാന തൊഴിലാളികൾക്ക് സമൂഹ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാം എന്ന ലോജിക് ആയിരിക്കാം ഇതിനു പ്രേരിപ്പിച്ചത് . നാട്ടിലെ പട്ടിണി കാണാതെ കോവിഡ് മാത്രം നിയന്ത്രിക്കുന്നതിലെ പൊരുത്തക്കേട് ഓർത്തുകാണണം. പകരം ശക്തമായ സമ്പർക്ക നിരീക്ഷണവും അവരെ ക്വാറ​ൈൻറൻ ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

ലോക്​ഡൗൺ എഫക്​ട്​:

ലോക്​ഡൗൺ പ്രഖ്യാപിക്കുകയും വിമാന സർവിസുകൾ നിർത്തുകയും ചെയ്​തപ്പോൾ രോഗികളുടെ എണ്ണം കുറഞ്ഞു. കരുതിവെച്ച പരിശോധന കിറ്റുകളും ആശുപത്രി സൗകര്യങ്ങളും നമുക്ക് ബാക്കിയായി. ചില സ്ഥലങ്ങളിലെങ്കിലും വീട്ടിലെ ക്വാറ​ൈൻറൻ നിയമങ്ങൾ ലംഘിക്കപ്പെട്ടു.

അവിടെ യാത്ര കഴിഞ്ഞ ആളിൽനിന്ന്​ കുടുംബാങ്ങങ്ങൾക്ക് വൈറസ് പകർന്നുകിട്ടി. ചില കോവിഡ് ക്ലസ്​റ്ററുകൾ രൂപപ്പെട്ടു. പെട്ടെന്ന് തന്നെ പോളിസികളിൽ മാറ്റം കൊണ്ട് വന്നു. നേരത്തേ പുറത്തുനിന്ന്​ യാത്ര ചെയ്​ത്​ വന്നവരെയും അവരുടെ സമ്പർക്കം വന്നവരെയും ടെസ്​റ്റ്​ ചെയ്യാൻ തുടങ്ങി.

ചെറിയ ലക്ഷണം ഉള്ളവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസിറ്റീവ് ആയ ആരെയും നെഗറ്റീവ് ആവാതെ വീട്ടിലേക്ക് അയക്കാതായി. ചെറിയ ലക്ഷണക്കാരെയും ടെസ്റ്റ് ചെയ്​ത്​ തുടങ്ങി. വീട്ടിലെ ക്വാറ​ൈൻറനേക്കാൾ സ്ഥാപനങ്ങളിൽ ക്വാറ​ൈൻറൻ എന്ന പോളിസിയിലേക്ക് മെല്ലെ മാറിത്തുടങ്ങി. അപ്പോഴും മാറ്റമില്ലാതെ തുടർന്നത് പെരിഫറിയിലെ മോണിറ്ററിങ്ങും കോൺടാക്ട് ട്രേസിങ്ങും.

പോസിറ്റീവ് കേസുകൾ കാര്യമായി കുറഞ്ഞു, രോഗം വിമുക്തമായവർ എണ്ണത്തിൽ കൂടി. ഐസൊലേഷൻ റൂമുകളിൽ പോസിറ്റീവ് രോഗികൾ ഇല്ലാതായി. കേരളം അടുത്ത പോളിസി മാറ്റം ആലോചിച്ചുതുടങ്ങി. ലോക്​ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ത്യ വിമാന സർവിസ് ഭാഗികമായി പുനരാരംഭിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്ന്​ ആളുകളെ തിരിച്ചുകൊണ്ട് വരാൻ തീരുമാനിച്ചു. ഇതിനു വേണ്ടിയുള്ള തയാറെടുപ്പിൻെറ ദിവസങ്ങളായിരുന്നു പിന്നീട്.

നേരത്തെ വന്ന വീഴ്​ചകളിൽനിന്ന്​ പാഠം ഉൾക്കൊള്ളാൻ കേരളം തയാറായി. വീട്ടിലെ ക്വാറ​ൈൻറൻ കുറ്റമറ്റതല്ല എന്നത് തിരിച്ചറിഞ്ഞു വിദേശങ്ങളിൽനിന്ന്​ യാത്ര കഴിഞ്ഞവർക്ക് എല്ലാം ഓരോ സ്ഥാപനങ്ങളിൽ ക്വാറ​ൈൻറൻ ഒരുക്കാൻ തീരുമാനിച്ചു. അവർക്ക് ലക്ഷണങ്ങൾ ഇല്ലെങ്കിലും ടെസ്​റ്റ്​ ചെയ്യണമെന്ന തീരുമാനത്തിലൂടെ പരിശോധന പോളിസിയും ഉദാരവത്കരിച്ചു. അന്യ സംസ്ഥാനങ്ങളിൽനിന്നും വരുന്നവർക്ക് ക്വാറ​ൈൻറനിൽ കഴിയാനുള്ള സ്ഥലം ആരോഗ്യ പ്രവർത്തകർ നേരിട്ട് കണ്ട്​ ബോധ്യപ്പെട്ട ശേഷം മാത്രം പാസ്​ നൽകി. അവർ അതിർത്തി കടന്നാൽ പ്രസ്​തുത ക്വാറ​ൈൻറൻ സ്ഥലത്ത് എത്തുന്നുണ്ടെന്നും ഉറപ്പുവരുത്തി.

ഇപ്പോൾ നമ്മൾ ഈ ഘട്ടത്തിലാണ്. വിദേശത്തുനിന്നും അന്യസംസ്ഥാനത്തുനിന്നും ആളുകൾ വന്നുകൊണ്ടിരിക്കുന്നു. അവരുടെ ശരീരത്തിൽ വൈറസ് സ്വാഭാവികം. അവരെ കൃത്യമായി ക്വാറ​ൈൻറൻ ചെയ്യുക, അവരിൽനിന്ന്​ മറ്റൊരാൾക്ക് വൈറസ് പകരാതെ ശ്രദ്ധിക്കുക എന്നതാണ് ഇപ്പോൾ ചെയ്​ത്​കൊണ്ടിരിക്കുന്നത്. ഏറ്റവും ശ്രദ്ധിക്കുന്നത് റിസ്​ക്​ കൂടിയ വിഭാഗത്തെ, അതായത് പ്രായം കൂടിയവർ, നേരത്തെ മറ്റു രോഗങ്ങൾ ഉള്ളവർ. അവരിലേക്ക് വൈറസ് എത്താതെ നോക്കലാണ് ഏറ്റവും പ്രധാനം.

കോവിഡ് നെ പോലെ ഒരു ശത്രുവിനെ നേരിടുമ്പോൾ അചഞ്ചലമായ ഒരു പ്ലാനുമായി പൊരുതൽ പ്രായോഗികമല്ല. ഓരോ ഘട്ടത്തിലും ശത്രുവിൻെറ നീക്കത്തിന് അനുസരിച്ച്​ കരുക്കൾ നീക്കി യുദ്ധം ചെയ്യുന്നത് തന്നെയാകും അഭികാമ്യം. അതിൽ ചിലപ്പോൾ കരുക്കൾ പിൻവലിച്ചു പ്രതിരോധവും ആകസ്​മികമായ ആക്രമണവും എല്ലാം വേണ്ടിവന്നേക്കാം. അതുതന്നെ ആണ് കേരളം ഇപ്പോൾ ചെയ്​ത്​ കൊണ്ടിരിക്കുന്നതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lock downcovidKerala News
Next Story