നിലക്കുമോ അക്കരെനിന്നുള്ള പണമൊഴുക്ക്?
text_fields‘‘ഗൾഫിൽ പോയി’ 1980കളുടെ ആദ്യത്തിൽ കേരളത്തിൽ സ്കൂൾ വിദ്യാർഥിയായിരിക്കെ മുതിർന്നവരുടെ സംസാരത്തിൽ ഇടക്കിടെ വരുന്ന പരാമർശമായിരുന്നു. ഗൾഫ് നഗരങ്ങളായ ജിദ്ദയിലും മസ്കത്തിലും ദോഹയിലും തൊഴിൽ തേടി പറയാതെ പോകുന്ന സ്വന്തം തൊഴിലാളികളെ കുറിച്ച് കൊച്ചിയിൽ കൊഞ്ച് ബിസിനസിലായിരുന്ന പിതാവിൽനിന്ന് പതിവായികേട്ട പരാതിയും ഇതുതന്നെ.
റബർ, കാപ്പിത്തോട്ടങ്ങളിലെ ഉദ്യോഗസ്ഥർ, സർക്കാർ ഉടമസ്ഥതയിലുള്ള തുറമുഖ, കപ്പൽ ശാലകളിലെ പ്രമുഖർ തുടങ്ങി അദ്ദേഹത്തിെൻറ സൗഹൃദ വലയത്തിൽനിന്നും സമാന പരാതികൾ തന്നെ കേട്ടു. തൊഴിൽതേടിയുള്ള പലായനമായിരുന്നു എവിടെയും- എല്ലാവരും പുറപ്പെട്ടുപോയത് ഗൾഫിലേക്ക്.
തീരെ നിസ്സാരമായിരുന്നു അവർ തേടിയിറങ്ങിയ തൊഴിലുകൾ. കൊഞ്ച് സംസ്കരണ പ്ലാൻറിലെ ശീതീകരിച്ച മുറിവിട്ട് മരുഭൂമിയുടെ പൊള്ളുന്ന ചൂടിൽ സ്വയം വെന്തുതീരാൻ പോകുന്ന മലയാളികളെ കുറിച്ച് പിതാവ് എപ്പോഴും അരിശപ്പെടും. കമ്പനിയിൽ വലിയ ഭാവി പ്രതീക്ഷിച്ച യൂനിവേഴ്സിറ്റി ബിരുദധാരിയായ തെൻറ സെക്രട്ടറി അതുവേണ്ടെന്നുവെച്ച് ഷാർജയിൽ പമ്പിങ് സ്റ്റേഷനിൽ പണിക്കുകയറിയത് തെല്ലൊന്നുമല്ല പിതാവിനെ അമ്പരപ്പിച്ചത്.
ഗൾഫ് രാജ്യങ്ങളിൽ അവർക്കു ലഭിച്ച വേതനമോ അതിനടുത്തുപോലുമോ നൽകാൻ പക്ഷേ, പിതാവിനോ അദ്ദേഹത്തിെൻറ സുഹൃത്തുക്കൾക്കോ ആകുമായിരുന്നില്ല. കരഞ്ഞുതീർക്കാൻ മാത്രമാകുന്ന ആ നിസ്സഹായതയിൽ, െകാട്ടാരം പണിത് ഒരുനാൾ ഗൾഫിൽ നിന്ന് തിരിച്ചുപോരേണ്ടി വരുന്ന നാളുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അവർ സമാധാനംകൊണ്ടു.
പക്ഷേ, സംഭവിച്ചത് മറിച്ചായിരുന്നു. ആ കൂട്ടപലായനത്തിൽ എെൻറ പിതാവും കണ്ണിചേർന്നു. ദുബൈക്കടുത്തെ ഒരു കൊച്ചുതുറമുഖത്തിെൻറ മേൽനോട്ടമായിരുന്നു േജാലി. വലിയ അക്കങ്ങളിലെ ശമ്പളത്തിലാണ് അദ്ദേഹവും വീണത്. ആ ചെറുപ്പക്കാരനായ സെക്രട്ടറി നൽകിയ പ്രചോദനത്തിൽ വീണുപോയതല്ലേ എന്ന എെൻറ പരിഹാസം പക്ഷേ, പിതാവിന് കളിയായി തോന്നിയില്ല.
നാലു പതിറ്റാണ്ട് കഴിഞ്ഞ്, അന്ന് പിതാവും സുഹൃത്തുക്കളും നടത്തിയ പ്രവചനങ്ങൾ ഗൾഫിലെ നിരവധി മലയാളികളുടെ കാര്യത്തിൽ സത്യമായി പുലരുകയാണ്. അവർക്ക് ജോലി നഷ്ടമാകുന്ന കാലമാണിത്. അവർ മാത്രമല്ല, അവിടെയും മാത്രമല്ല, ലോകം മുഴുക്കെ വിദേശ തൊഴിലാളികളുടെ ജീവിതം കോവിഡ് മഹാമാരി നിശ്ശൂന്യമാക്കികളഞ്ഞു. ഒൗദ്യോഗിക കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല. തൊഴിൽ നഷ്ടമായവരുടെ കുടുംബങ്ങൾ േനരിടുന്ന പ്രയാസങ്ങൾ എത്ര ഭീകരമായിരിക്കും. കുടുംബത്തിലെ ഏക ആശ്രയമായവർ വരുമാനം നഷ്ടപ്പെട്ട് വഴിയാധാരമാകുന്നത് കടുത്ത പ്രതിസന്ധിയുടെ ഇൗ നാളുകളിലാണ്.
വിദേശത്തുനിന്നൊഴുകുന്ന വരുമാനത്തെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥകൾക്കുമേൽ ആശങ്കയുടെ കാർമേഘങ്ങളാണ് 2020 എന്ന വർഷത്തിെൻറ നീക്കിയിരുപ്പ്. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് വരാനിരിക്കുന്നത്. അഞ്ചു ശതമാനം വീഴ്ച കണ്ട 2009ലെ പ്രതിസന്ധിയെക്കാൾ ഭീകരം. ‘പുറംവരവി’നെ മാത്രം ഉറ്റുനോക്കുന്ന കേരളത്തിന് വേദന വിശിഷ്യാ ആഴത്തിലാകും. ഇൗ തൊഴിൽ ശേഷിക്ക് ബദലൊരുക്കാൻ കേരളത്തിന് ഇനിയുമായിട്ടില്ലല്ലോ.
നിരാശ നിറയുന്ന വലിയ വൃത്തത്തിെൻറ നാന്ദി മാത്രമാകും ഇൗ വരുമാന നഷ്ടം. കാരണം, വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന രാഷ്ട്രങ്ങൾക്ക് മഹാമാരിയിൽനിന്ന് തിരിച്ചുവരവ് ഏറെ സമയമെടുത്തേ സാധ്യമാകൂ എന്നുറപ്പ്. അവ തിരിച്ചവന്നാൽ പോലും തുടക്കത്തിൽ, വിദേശ തൊഴിൽ ശേഷിയെ കാര്യമായി ആവശ്യമുണ്ടാകുകയുമില്ല. ‘ഗൾഫിൽ പോയവരുടെ’ പട്ടികയിൽ വളരെ കുറച്ച് മലയാളികൾക്കേ സമീപ ഭാവിയിൽ അവസരമുണ്ടാകൂ എന്ന് ചുരുക്കം. അത് കുടുംബങ്ങൾക്ക് മാത്രമല്ല, സംസ്ഥാനത്തിനും സൃഷ്ടിക്കുന്ന ആഘാതം എത്ര ഭീകരമാകും.
മഹാമാരിക്കു ശേഷം ഗൾഫ് രാജ്യങ്ങളെ കാത്തിരിക്കുന്ന സാമ്പത്തിക തളർച്ച മറികടക്കാൻ തയാറാക്കുന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളിൽ തീർച്ചയായും വിദേശികൾക്കു പകരം തൊഴിൽ മേഖലയിൽ നാട്ടുകാർക്കാകും അവസരം. ഗൾഫ് സഹകരണ കൗൺസിൽ ഏറെയായി അംഗരാജ്യങ്ങൾക്കുമേൽ സ്വദേശിവത്കരണ സമ്മർദവുമായി രംഗത്തുള്ളതാണ്. എണ്ണവിപണിയിലെ ചാഞ്ചാട്ടങ്ങളിൽ തട്ടി ഇതിനുള്ള പദ്ധതികൾ ജീവൻവെച്ചും പിന്നീട് തളർന്നും മുന്നോട്ടുപോകുകയായിരുന്നു. എണ്ണവില ഉയർന്നുനിൽക്കുേമ്പാൾ സർക്കാർ നൽകുന്ന ആനുകൂല്യങ്ങളിൽ വിശ്വസിച്ച് വിദേശികൾ തൊഴിൽ മേഖല റാഞ്ചുന്നത് അവർ വിസ്മരിക്കും.
കുടിയേറ്റം നടത്തുന്ന രാജ്യങ്ങൾക്ക് ഒട്ടും ആശ്വാസകരമാകില്ല, ഇൗ പരിഷ്കരണ ദൗത്യങ്ങൾ. 2014ലെ എണ്ണവില തകർച്ചക്കു ശേഷം ജി.സി.സി രാജ്യങ്ങളിൽനിന്ന് പണമൊഴുക്ക് വർധന കണ്ടിട്ടില്ല- (സൗദി അറേബ്യയുടെ കാര്യത്തിൽ അത് ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്.
നടപ്പുവർഷം, നിലവിലെ സൂചനകൾ പരിഗണിച്ചാൽ, ഇത് മൂക്കുകുത്തുമെന്നാണ് കണക്കുകൂട്ടൽ. യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് ഇൗ വർഷം രണ്ടാം പാദത്തിൽ മാത്രം 35 ശതമാനം കുറയും. ജി.സി.സിയിൽ യു.എ.ഇയിൽനിന്നാണ് ഏറ്റവും കൂടുതൽ വിദേശത്തേക്ക് പണമൊഴുകുന്നത്. അതിൽ ഇന്ത്യ ഒന്നാമതും.
കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിലേക്ക് പണമൊഴുക്ക് താഴോട്ടാണ്. 2018ലെയും 2019ലെയും പ്രളയം മൂലം പുനർനിർമാണത്തിനും അല്ലാതെയും സഹായധനമൊഴുകിയതിനാൽ തത്കാലം അത് അനുഭവപ്പെട്ടില്ലെന്നുമാത്രം. പക്ഷേ, അതും അവസാനിക്കുകയാണ്. നേരത്തെയുള്ളതിൽനിന്ന് ഭിന്നമായി, ഇത്തവണ ഇവിടെ മാത്രമല്ല, അവിടെയും ഫണ്ട് ശൂന്യമാക്കിയാണ് മഹാമാരി കുതിപ്പ് തുടരുന്നത്.
പുരാതന കാലം മുതലേ ഗൾഫ് രാജ്യങ്ങളുമായി ഇഴചേർന്നുനിൽക്കുന്ന കേരളത്തിന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഘാതം കൂടുതലാകും. രാജ്യത്തേക്ക് മൊത്തമുള്ള വരുമാനത്തിെൻറ അഞ്ചിലൊന്നും- അതിലേറെയും ജി.സി.സി രാജ്യങ്ങളിൽനിന്ന്- എത്തുന്നത് കേരളത്തിലേക്കാണ്. ജി.സി.സിയിൽ മാത്രം 20-25 ലക്ഷം മലയാളികളുണ്ട്. വാർഷിക വരവ് എത്രയെന്ന് സംസ്ഥാന സർക്കാർ കണക്കു പുറത്തുവിടാറില്ലെങ്കിലും കേരളത്തിെൻറ പ്രതിശീർഷ ആളോഹരി വരുമാനത്തിെൻറ മൂന്നിലൊന്നു വരുമെന്നാണ് കണക്കുകൂട്ടൽ.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം തളർത്തിയ പിണറായി സർക്കാറിന് ഇൗ ആശ്രിതത്വം കൂടുതൽ തിരിച്ചടി തീർക്കും. ചൈനയിൽ വൈറസിെൻറ പ്രഭവ കേന്ദ്രമായ വുഹാനിൽനിന്ന് തിരിച്ചെത്തിയ വിദ്യാർഥിയിലൂടെ ആദ്യമായി രാജ്യത്ത് േകാവിഡ് സ്ഥിരീകരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെയും പ്രളയദുരിതങ്ങൾ സമർഥമായ ഭരണം വഴി മറികടന്ന പിണറായി വിജയൻ അതിവേഗം കോവിഡ് വ്യാപനം വരുതിയിലാക്കി.
കേരളത്തിൽ മാത്രമല്ല, രാജ്യം മുഴുക്കെ മഹാമാരി അതിവേഗം പടരുകയാണ് വീണ്ടും. ലോക്ഡൗണിൽകുടുങ്ങി ആഭ്യന്തര വരുമാനം മുടങ്ങിയ സാഹചര്യത്തിൽ ഗൾഫ് വരുമാനമാണ് ആശ്രയമാകേണ്ടിയിരുന്നത്. ഇത്തവണ പക്ഷേ, ഇൗ പ്രവാസി സമൂഹമാണ് ദുരിതക്കയത്തിലുള്ളത്. ജി.സി.സിയിൽ കുടുങ്ങിയ മലയാളികൾക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും സർക്കാർ അത്താണിയാകണം.
അഞ്ചു ലക്ഷം മലയാളികളെങ്കിലും മടങ്ങിവരുമെന്നാണ് കണക്കുകൂട്ടൽ. കേന്ദ്രം പ്രഖ്യാപിച്ച പ്രത്യേക വിമാനങ്ങളിലാണ് കുറെപേർ തിരിച്ചുവരുന്നത്. ഇൗ എണ്ണം പിന്നെയും ഉയരും. കാരണം, തിരിച്ചുവരവ് തുടങ്ങിയിേട്ടയുള്ളൂ. ഗൾഫിൽ വരും മാസങ്ങളിൽ കമ്പനികൾ വ്യാപകമായി തൊഴിലാളികളെ വെട്ടിക്കുറക്കും. അവർ കൂടി തിരിച്ചുവരുേമ്പാൾ എത്ര പേർ മടങ്ങുമെന്ന് പറയാനാകില്ല- തിരുവനന്തപുരം സെന്‍റർ ഫോർ ഡിവലപ്മെൻറ് സ്റ്റഡീസിൽ കുടിയേറ്റ- പണമയക്കൽ വിഷയങ്ങളിൽ ഗവേഷകനായ എസ്. ഇരുദയ രാജൻ പറയുന്നു.
അതേ സമയം, ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണം അത്രകണ്ട് ആശങ്കയുണർത്തുന്നില്ലെന്നാണ് സ്വകാര്യ സംഭാഷണത്തിൽ ചില സർക്കാർ ഉദ്യോഗസ്ഥർ പങ്കുവെക്കുന്ന നിലപാട്. കേരളത്തിലെ മിടുക്കർക്ക് മഹാമാരി കഴിയുന്നതോടെ അവസരം പിന്നെയും തെളിയുമെന്ന് അവർ പറയുന്നു. സ്വദേശികളെ പരമാവധി നിയമിക്കുേമ്പാഴും അവിടെ വിദഗ്ധരുടെ കുറവ് തെളിഞ്ഞുനിൽക്കുന്നതാണ് അവസരമാകുക. എന്നാൽ, കാര്യങ്ങൾ പഴയപടി ആയേക്കിെല്ലന്നാണ് പാർലമെൻറംഗം കൂടിയായ ശശി തരൂരിെൻറ പക്ഷം. തൊഴിൽ തന്നെ അപ്രത്യക്ഷമാകുേമ്പാൾ എന്തുചെയ്യുമെന്നാണ് അദ്ദേഹത്തിെൻറ ചോദ്യം. ആഭ്യന്തര യുദ്ധങ്ങൾക്കു ശേഷം പഴയ പോരാളികളെ സ്വന്തം സേനയിൽ ചേർത്ത് രാജ്യങ്ങൾ ശേഷിയുറപ്പിക്കുംപോലെ ആവശ്യമായ പരിശീലനവും തൊഴിലവസരവും നൽകി മടങ്ങിവരുന്നവരെ സ്വാംശീകരിക്കാൻ കേരളം സന്നദ്ധമാകണമെന്ന് ലോകബാങ്ക് ഇന്ത്യൻ ഡയറക്ടർ ജുനൈദ് അഹ്മദ് പറയുന്നു.
വിദേശ പണമൊഴുക്കിനൊപ്പം നീങ്ങിയ കേരളത്തിെൻറ സമ്പദ്വ്യവസ്ഥ പഴയ ചാലക ശക്തി തിരിച്ചുപിടിക്കാൻ സമയമേറെയെടുക്കും. 1970കളിൽ തുടങ്ങിയ ഗൾഫ് കുടിയേറ്റം അനുസ്യൂതമായ ഒരു പ്രക്രിയയായിരുന്നു. അന്ന് ഞാൻ കൊച്ചിയിൽ സ്കൂൾ വിദ്യാർഥിയാണ്. പുതിയ നൂറ്റാണ്ടിലേക്ക് ചുവടുവെക്കുേമ്പാൾ ജി.സി.സിയിലെ മലയാളി ജനസംഖ്യ 15 ലക്ഷം കടന്നു.
പെട്രോഡോളറിെൻറ പളപ്പിൽ മുങ്ങിയ ഇൗ സ്റ്റേറ്റുകൾക്ക് ആവശ്യമായ തൊഴിൽ ശേഷി നൽകാൻ പിന്നെയും പിന്നെയും തൊഴിലാളികൾ വേണ്ടിവന്നു. മലയാളി കാലങ്ങളായി കാത്തുപോന്ന സാംസ്കാരിക അടുപ്പം കൂടിയായതോടെ കുടിയേറ്റം അവന് പ്രിയപ്പെട്ടതായി. മാറിമാറിവന്ന വ്യവസായോന്മുഖത്വമില്ലാത്ത സർക്കാറുകൾ- പിണറായി സർക്കാറിനെ പോലെയല്ല- സ്വകാര്യ മേഖലയുടെ വളർച്ചക്ക് തടസ്സം നിന്നതും ഇതിന് സഹായകമായി. (കൊച്ചിയിൽ എെൻറ പിതാവ് നിന്ന കമ്പനി പോലും ഞാൻ ഹൈസ്കൂൾ പൂർത്തിയാക്കുംമുമ്പ് കേരളം വിട്ടിരുന്നു).
സമ്പൂർണ സാക്ഷരത കേരളത്തിന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കുമേൽ -പാകിസ്താൻ, ബംഗ്ലദേശ് തുടങ്ങിയവ പറയാനുമില്ല- മേൽക്കൈ നൽകി. മികച്ച വിദ്യാഭ്യാസത്തിെൻറ മെച്ചമുണ്ടായിട്ടും, ഗൾഫിലെത്തിയ മലയാളി കാര്യമായി ചെയ്തത് മരുഭൂ ചൂടിൽ ഉരുകുന്ന തൊഴിലുകൾ. കുടിയേറ്റത്തിെൻറ പതിവു രീതി പോലെ, ജീവിത സുഖം വെടിഞ്ഞും ആഡംബരങ്ങൾ വേണ്ടെന്നുവെച്ചും വീട്ടിലേക്കും കൂട്ടുകാർക്കും അവർ പണമയച്ചു. സർക്കാറുകളുടെ സാമ്പത്തിക വീഴ്ചകൾ ഇൗ പണത്തിെൻറ കുത്തൊഴുക്കിൽ തത്കാലം വിസ്മരിക്കപ്പെട്ടു. തൊഴിലില്ലായ്മ ഗൾഫിലെ തൊഴിൽ കൊണ്ട് പരിഹരിക്കപ്പെട്ടു. വരവ് കൂടിയതോടെ ഉപഭോഗം കൂടുകയും ചെയ്തു.
ജി.സി.സിയിൽനിന്ന് കടൽകടന്ന പണം പക്ഷേ, ഏറ്റവും അനിവാര്യമായതിന് ഉപയോഗിക്കപ്പെട്ടില്ല. വ്യക്തിഗത ഉപഭോഗങ്ങളായിരുന്നു കൂടുതൽ. കുടുംബങ്ങൾ സ്വർണവും സ്വത്തും വാങ്ങിക്കൂട്ടി. വീടുവെച്ചു. പാവംപിടിച്ചുകിടന്ന ഗ്രാമങ്ങളിൽ കൂറ്റൻ ബംഗ്ലാവുകൾ ഉയർന്നു.
നിർമാണ മേഖലക്കപ്പുറത്ത് ഇൗ പണംകൊണ്ട് തൊഴിലുകളുണർന്നില്ല. വൈരുധ്യമാകാം, കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കാൻ അന്യസംസ്ഥാനക്കാർ പറന്നിറങ്ങി. ശക്തമായ വ്യവസായ അടിത്തറയൊരുക്കുന്നതിലും െഎ.ടി അധിഷ്ഠിത സംരംഭങ്ങൾക്ക് ജീവൻ നൽകുന്നതിലും ഇൗ പണം വിജയം കണ്ടില്ല. സ്വകാര്യമേഖല തളർന്നുകിടന്നതിനാൽ മറ്റു നിക്ഷേപ അവസരങ്ങളും കുറവായിരുന്നുവെന്ന് െഎ.ഡി.എഫ്.സി ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ റ്യുബൻ അബ്രഹാം പറയുന്നു.
അപ്പോഴും പണത്തിെൻറ വരവ് കൂടുക തന്നെയായിരുന്നു. അതുവരെയും നീലക്കോളർ ജോലി പരിചയിച്ച മലയാളി പതിയെ ഉയർന്ന ജോലികളിലേക്കും കൂടിയേറി. നിർമാണ മേഖല വിട്ട് ബാങ്കിങ്, ഇൻഷുറൻസ്, മറ്റു സേവന മേഖലകളിലേക്ക് അവർ കടന്നു. പ്രവാസി സമൂഹത്തിെൻറ എണ്ണം വളർന്നതിനൊപ്പം തൊഴിൽ സ്വഭാവത്തിലെ മാറ്റം കൂടിയായതോടെ കേരളത്തിലേക്ക് വരുന്ന പണം കൂടി.
അതേ വിജയ കഥയുടെ മറുവശമാണിപ്പോൾ മലയാളിയെ തുറിച്ചുനോക്കുന്നത്. ആ വെള്ളക്കോളർ ജോലികളിലേറെയും സ്വദേശിവത്കരിക്കപ്പെടും. സൗദികളും ഇമാറാതികളും നിർമാണ മേഖലയിൽ ഇനിയും ഉണ്ടാകില്ലെന്ന് ഗൾഫിൽ നിരവധി ആശുപത്രികളുള്ള വി.പി.എസ്. ഹെൽത്കെയറിലെ രാജീവ് മങ്ങോട്ടിൽ പറയുന്നു. ‘‘ഒാഫിസുകളിൽ ജോലിയുള്ള വിദേശികളാണ് ഇരകളാകുക’’.
പതിനായിരങ്ങൾക്ക് ഇതിനകം തൊഴിൽ നഷ്ടമായിട്ടുണ്ട്. ദുബൈ ആസ്ഥാനമായ വിമാനക്കമ്പനി എമിറേറ്റ്സ് മാത്രം 30,000 പേരെ വെട്ടിക്കുറച്ചേക്കും (മഹാമാരി വന്നുവീഴുന്നതിന് ഒരു പതിറ്റാണ്ട് മുേമ്പ തൊഴിൽ നഷ്ടത്തിലേക്ക് പതിയെ നടന്നുതുടങ്ങിയ മെട്രോ നഗരമായ ദുബൈ എന്നോർക്കണം).
ദുബൈയിൽ നീലക്കോളർ ജോലിയില്ലാതായ പ്രവാസികളെ ഉത്കണ്ഠ പിടികൂടിയെന്നത് നേര്.
നാട്ടിൽ അവർക്കിണങ്ങിയ ജോലി ബാക്കിയുണ്ടാകുമെന്ന് ഏറെ പേർക്കും വിശ്വാസമില്ല, നിലവിലെ ജീവിത രീതി നിലനിർത്താനും അതുവഴി അവർക്കായേക്കില്ല. തൊഴിൽ പോകുകയും വൻതുക പ്രതിമാസ അടവ് ബാക്കികിടക്കുകയും ചെയ്യുന്നവരാണ് ശരിക്കും കുടുങ്ങിയത്’’- രാജീവ് മങ്ങോട്ടിൽ പറയുന്നു. നേരത്തെയുള്ളതിെൻറ പകുതി ശമ്പളത്തിലാണെങ്കിലും തൊഴിലിന് അപേക്ഷിക്കുന്നവർ കൂടുകയാണെന്നും അദ്ദേഹം പറയുന്നു.
കോവിഡ് പോരാട്ടവുമായി മുന്നോട്ടുപോകുന്ന ഭരണകൂടം മടങ്ങിവരുന്ന പ്രവാസിയുടെ കാര്യത്തിൽ ഇപ്പോഴും ആലോചനകൾ തുടങ്ങിയിട്ടില്ല. ചെറിയ വായ്പയും സബ്സിഡികളുമായി ചില സ്വയംതൊഴിൽ സംരംഭങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മടങ്ങിവരുന്നവർ മൂന്നക്കത്തിലും നാലക്കത്തിലുമായിരുന്ന മഹാമാരി കാലത്തിന് മുന്നേയുള്ളവയാണ് പക്ഷേ, ആ പദ്ധതികൾ.
മടങ്ങിവരുന്ന പ്രവാസി ലോകോത്തര തൊഴിൽ വൈദഗ്ധ്യവുമായാണ് എത്തുന്നത് എന്നുപറയുന്നതിൽ കാര്യമില്ല. പക്ഷേ, കേരളത്തിൽ വളർന്നുവരുന്ന വിവര വ്യവസായ മേഖലയിൽ ഇവർക്ക് അവസരങ്ങളേറെ കിടപ്പുണ്ടെന്ന് ഇൻേഫാസിസ് സഹ സ്ഥാപകൻ എസ്.ഡി. ഷിബുലാൽ പറയുന്നു.
സോഷ്യലിസ്റ്റ് നയങ്ങളും തെരുവിലിറങ്ങുന്ന തൊഴിലാളികളും വ്യവസായങ്ങളെ മുനയിൽനിർത്തുന്ന കേരളത്തിൽ പക്ഷേ, ഇൗ തൊഴിൽ ശേഷി പ്രയോജനപ്പെടുത്തൽ വെല്ലുവിളിയാകുമെന്ന് അഭിപ്രായപ്പെടുന്നത് ലോകബാങ്ക് ദേശീയ മേധാവി അഹ്മദാണ്. വ്യവസായം ചെയ്യാൻ എളുപ്പമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ രാജ്യത്ത് കേരളത്തിന് സ്ഥാനം 21ാമതാണ്.
പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യാനുള്ള മിടുക്ക് മാത്രം മതിയാകില്ല, ഇൗ പ്രശ്നം പരിഹരിക്കാൻ. നിക്ഷേപ രംഗത്ത് മത്സരം കടുത്തതാണ്. ആഗോള സമ്പദ്വ്യവസ്ഥ ചുരുങ്ങുന്ന വരുംമാസങ്ങളിൽ ഇത് കൂടുതൽ കടുക്കും. മടങ്ങുന്ന മലയാളി വ്യവസായത്തിൽ നിക്ഷേപിച്ചാൽ പോലും അത്കേരളത്തിലാകണമെന്നില്ല.
മടങ്ങിവരുന്നവരിൽ മാത്രം ശ്രദ്ധയൂന്നി, കേരളത്തിെൻറ യഥാർഥ തൊഴിൽ ശേഷിയെ കാണാതെ പോകുന്നത് അൽപത്തമാകുമെന്ന് ചില ഉദ്യോഗസ്ഥർ വാദിക്കുന്നു. തൊഴിലാളികളെ കയറ്റിഅയക്കലാണ് കേരളം കാര്യമായി ചെയ്തത്. ഗൾഫിൽ അസ്തമിച്ചാൽ മറ്റൊരിടത്ത് കൂടും. നിലവിൽ മടങ്ങുന്നവരെ യാഥാർഥ്യ ബോധത്തോടെ പുനർവിന്യസിക്കാനാവുന്നതിലാണ് വിജയം. വരുംതലമുറയിൽ കൃത്യമായ തൊഴിൽ വൈദഗ്ധ്യമുറപ്പാക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും ഇവർ പറയുന്നു.
മഹാമാരി വരും മുമ്പും, കേരളം ആലോചിച്ചിരുന്നത് എത്ര പേരെ വിദേശത്തെത്തിച്ച് പരമാവധി പണം നാട്ടിലയക്കാനാകുമെന്നായിരുന്നുവെന്ന് ശശി തരൂർ സൂചിപ്പിക്കുന്നു. വിദേശത്തുനിന്ന് പണമൊഴുക്കിനെ ആശ്രയിച്ച എണ്ണമറ്റ മറ്റു രാജ്യങ്ങളും ഇതേ ചോദ്യത്തിനു മുന്നിലാണ്. കഴിഞ്ഞ കുറെ മാസങ്ങൾ ഇൗ ചോദ്യത്തിന് ഉത്തരം അതിവേഗം കണ്ടെത്തണമെന്ന് നമ്മെ ബോധിപ്പിക്കുന്നുണ്ട്.
(Bloomberg Opinion എഡിറ്റോറിയൽ ബോർഡ് അംഗവും കോളമിസ്റ്റുമാണ് ലേഖകൻ)
മൊഴിമാറ്റം: കെ.പി. മൻസൂർ അലി
കടപ്പാട്: www.bloombergquint.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.