Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകേരളീയം:...

കേരളീയം: സന്തോഷത്തിന്റെ സൂചികകൾ

text_fields
bookmark_border
Kudacholikali In Keraleeyam
cancel
camera_alt

കേരളീയത്തിൽ അവതരിപ്പിച്ച കുടച്ചോഴിക്കളി

അറുപതുകൾവരെ സോവിയറ്റ് യൂനിയൻ എന്ന നാട് കേരളത്തിൽ വർണിക്കപ്പെട്ടിരുന്നത് സോഷ്യലിസ്റ്റ് സ്വർഗഭൂമി എന്ന നിലയിലാണ്. ഇടതുപക്ഷങ്ങൾ മാത്രമല്ല, ദേശീയവാദികളും സോവിയറ്റ് യൂനിയൻ എന്നൊരു നാടുണ്ട്, അവിടെ എല്ലാവർക്കും എന്ത് സുഖമാണ് എന്ന മട്ടിലെ വാഴ്ത്തുപാട്ടുകൾ പാടിയിരുന്നു. എന്നാൽ, ഈ വാഗ്ദത്തഭൂമിയിൽ എല്ലാവരും സുഖമനുഭവിക്കുകയായിരുന്നില്ലെന്നും അസമത്വങ്ങളും വംശീയ വേർതിരിവുകളും ദുരിതങ്ങളും കൊടികുത്തി വാഴുകയാണെന്നും വെളിപ്പെടുത്തിയത് ആ നാട്ടിലെ ​വിമതരും ഭരണകൂട മർദനംമൂലം അന്യനാടുകളിലേക്ക് ഒളിച്ചോടിയ രാഷ്ട്രീയ അഭയാർഥികളുമാണ്. ഇത്തരം കാര്യങ്ങൾ പ്രതിപാദിക്കുന്ന ​ജോർജ് ഓർവെല്ലിന്റെ ‘അനിഫൽ ഫാം’, ആർതർ കോഡ്‍ലറുടെ ‘ഡാർക്ക്നെസ് അറ്റ് നൂൺ’ മുതലായ പുസ്തകങ്ങൾ കേരളത്തിൽ പ്രചരിക്കപ്പെട്ടെങ്കിലും അവയെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധരുടെയും സാമ്രാജ്യത്വ വാദികളുടെയും കുത്തിത്തിരിപ്പുകളായേ മലയാളികൾ കരുതിയിരുന്നുള്ളൂ. എന്തായാലും പഴയ സോവിയറ്റ് യൂനിയനിൽ പാലും തേനും ഒഴുകുകയായിരുന്നു എന്നുപറയുന്ന ഒരാളെയും ഇപ്പോൾ കേരളത്തിൽ കാണാൻ കഴിയില്ല.

സമാനമായ വിധത്തിൽ, യൂറോപ്പിലെ സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ എല്ലാവർക്കും അപ്പാടേ സുഖമാണെന്നുപറയുന്ന ഒരു മധ്യവർഗം കേരളത്തിൽ കുറച്ചുകാലമായി വളർച്ച നേടിയിട്ടുണ്ട്. ആഗോള ഹാപ്പിനെസ് ഇൻഡക്സ് പ്രകാരം ഏറ്റവുമധികം സന്തോഷമുള്ള ആൾക്കാർ വസിക്കുന്നത് ഈ രാജ്യങ്ങളിലാണത്രെ. അതിന് കാരണമായി പറയുന്ന കാര്യങ്ങൾ, ഈ ചെറു രാജ്യങ്ങളിൽ മതവിശ്വാസം പോലുള്ള ‘പ്രാകൃത ചിന്തകൾ’ തീരെ ഇല്ലാതായിട്ടുണ്ടെന്നും വ്യക്തിസ്വാതന്ത്ര്യവും സ്ത്രീ-പുരുഷ സമത്വവും പൂർണതോതിൽ വികസിച്ചിട്ടുണ്ടെന്നതുമാണ്.

ഈ പറയുന്ന കാര്യങ്ങളോട് പൂർണമായി വിയോജിക്കുകയല്ല. എന്നാൽ, ഇത്തരം വാഴ്ത്തുപാട്ടുകളിൽ അഭിരമിക്കുന്ന നവ ആഭിജാതർ കാണാതെ പോവുന്നത്, മേൽപറഞ്ഞ രാജ്യങ്ങളിലെ ഹാപ്പിനസ് ഇൻഡക്സ് തയാറാക്കുന്നത് യൂറോ കേന്ദ്രീകൃതമായ ഒരു ചട്ടക്കൂട്ടിലാണെന്നതാണ്.

തീർച്ചയായും, യൂറോ കേന്ദ്രവാദമെന്നത് വെള്ളക്കാരുടെ വംശീയ മേന്മയിൽ അടിയുറന്ന ഒരു നോട്ടപ്പാടാണ്. അത് ചരിത്രത്തിന്റെ ചാലകശക്തിയായും ലോകത്തിന്റെ നായകസ്ഥാനത്തുള്ളവരായും പാശ്ചാത്യരെ പ്രതിഷ്ഠിക്കുന്നു. ഈ കാഴ്ചപ്പാട് പ്രാഥമികമായും മറച്ചുപിടിക്കുന്നത് കൊളോണിയൽ അതിക്രമങ്ങളുടെ ഭൂതകാലത്തെയും വർത്തമാനകാലത്ത് പാശ്ചാത്യ അധിനിവേശ ശക്തികൾ അപരരോട് കാണിക്കുന്ന ഹിംസകളെയുമാണ്. യൂറോപ്പിന്റെ അധിനിവേശ ചരിത്രത്തെ മഹത്വവത്കരിച്ച് അവതരിപ്പിക്കുന്നതും ഈ പദ്ധതിയുടെ ഭാഗം ത​ന്നെയാണ്.

കേരളത്തിൽ മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരമേറ്റതുമുതൽ ഇത്തരം വ്യവഹാരങ്ങൾ പ്രചരിപ്പിക്കുന്ന നവ ആഭിജാതർക്ക് ഭരണതലത്തിൽ വലിയ സ്വാധീനം ലഭിച്ചിട്ടുള്ളതായാണ് കാണുന്നത്. വികസനം എന്ന് അവർ വിളിക്കുന്ന ഏർപ്പാടുകൾ മിക്കതും ചങ്ങാതിമുതലാളിത്തത്തിന്റെയും പുത്തൻ കരാർ-കമീഷൻ വ്യവസ്ഥയുടെയും ആഗോള വ്യാപനത്തിന്റെ ഭാഗവും കൂടിയാണെന്ന വസ്തുത മറച്ചുവെക്കപ്പെടുകയാണ്. പകരം വിജ്ഞാന സമൂഹ രൂപവത്കരണം, കേരളത്തിന്റെ മേന്മകളെ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യുക മുതലായ വാദങ്ങൾ അവയുടെ രാഷ്ട്രീയത്തിൽനിന്ന് അടർത്തിമാറ്റി അവതരിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. ഇതിനൊപ്പം കേരളത്തിലെ ജനങ്ങളുടെ ഹാപ്പിനസ് ഇൻഡക്സിനെ സ്കാൻഡിനേവിയൻ രാജ്യങ്ങൾക്ക് തുല്യമാക്കും എന്ന മിഥ്യാപ്രചാരണവും നടത്തുന്നു.

രണ്ടുവർഷം മുമ്പ് മുഖ്യമന്ത്രിയും നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും മേൽപറഞ്ഞ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടെ കണ്ട കാഴ്ചകളെപ്പറ്റിയും ഒപ്പിട്ട കരാറുകളെപ്പറ്റിയും മാധ്യമങ്ങൾക്കുമുന്നിൽ വാചാലമായ അവകാശവാദങ്ങൾ അവതരിപ്പിക്കുകയും ചെയ്തത് മറന്നിട്ടില്ല. എന്നാൽ, അന്നുപറഞ്ഞ അവകാശവാദങ്ങളുടെ നേർസ്ഥിതി എന്താണെന്നതിനെക്കുറിച്ച് അവരാരും ഇപ്പോൾ ഒന്നും മിണ്ടുന്നില്ല.

ഈ കാര്യങ്ങൾ ഇവിടെ വിശദീകരിക്കാൻ കാരണം കേരളത്തിന്റെ അറുപത്തിയെട്ടാം പിറവിദിനമായ 2023 നവംബർ ഒന്നുമുതൽ ഏഴുദിവസം നീണ്ടുനിന്ന വലിയൊരു ആഘോഷ പരിപാടി തലസ്ഥാന നഗരിയിൽ സർക്കാർ ചെലവിൽ നടന്നതിന്റെ പശ്ചാത്തലത്തിലാണ്.

വിപുലമായ ജനപങ്കാളിത്തമുണ്ടായതുമൂലം ഈ പരിപാടി സർക്കാറിന്റെ വലിയ വിജയമാണെന്നാണ് നവംബർ എട്ടാം തീയതിയിലെ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. കേരളീയം ഒരു സ്ഥിരം ഏർപ്പാടാകാൻ പോവുകയാണെന്നും അതിന്റെ അടുത്ത പതിപ്പിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി നിലവിൽവന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. കേരളീയത്തിനെതിരെ ഉന്നയിക്കപ്പെട്ട വിമർശനങ്ങൾ അതിന്റെ ശോഭ കെടുത്താൻ തൽപരകക്ഷികൾ ശ്രമിച്ചതിന്റെ ഫലമാണെന്ന് കുറ്റപ്പെടുത്താനും അദ്ദേഹം മറന്നില്ല.

തിരുവനന്തപുരം പോലൊരു നഗരത്തിൽ കോടികൾ മുടക്കിയ ദീപാലങ്കാരവും ഫ്ലവർഷോയും ഭക്ഷ്യമേളയും പോപുലർ കൾചറിലെ പ്രധാനികളെ വെച്ചുള്ള സംഗീതപരിപാടികളും നൃത്തങ്ങളും സൗജന്യ ചലച്ചിത്ര പ്രദർശനങ്ങളും നടത്തുമ്പോൾ വലിയ ജനപങ്കാളിത്തമുണ്ടാവുക സ്വാഭാവികമാണ്. നഗരത്തിലെ കലാലയങ്ങളിലെ വിദ്യാർഥികളെയും കുടുംബശ്രീ പ്രവർത്തകരെയും വിവിധ സർക്കാറിത സംഘടനകളെയും പ​ങ്കെടുപ്പിക്കാൻ സർക്കാർതലത്തിൽ ശ്രമിച്ചിരുന്നു. ഇതിനർഥം കേരളീയം പരിപാടിയിലെ വമ്പിച്ച ജനപങ്കാളിത്തം ആത്മപ്രചോദിതമായിരുന്നില്ലെന്നതാണ്. അതിനാൽതന്നെ ജനപങ്കാളിത്തത്തെ മാത്രം പരിചയാക്കിക്കൊണ്ട് വിമർശനങ്ങളെ നിർവീര്യമാക്കാനാവില്ല.

വിമർശനങ്ങളിൽ പ്രധാനം പ്രതിപക്ഷത്തിന്റേതാണ്. സർക്കാർ ഹൃദയശൂന്യമായി പണം ധൂർത്തടിക്കുകയാണെന്നുപറഞ്ഞുകൊണ്ട് അവർ പരിപാടി ബഹിഷ്കരിച്ചു. ഈ വിമർശനം രാഷ്ട്രീയം ലക്ഷ്യംവെച്ചുള്ളതാണെങ്കിലും അവഗണിക്കാവുന്നതല്ല. സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നത് വസ്തുതയാണ്. അതിന് താൽക്കാലിക പരിഹാരം കാണുന്നതുവരെയെങ്കിലും വലിയ പണച്ചെലവുള്ള പൊതു ആഘോഷങ്ങൾ മാറ്റിവെക്കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് സാമാന്യ ജനങ്ങളിലും ഉണ്ടാവുക.

മറ്റൊരു വിമർശനം ഉയർന്നുവന്നിട്ടുള്ളത് സിവിൽ സമൂഹത്തിൽനിന്നുമാണ്. ഏഴുദിവസം നീണ്ടുനിൽക്കുന്ന ഓണം വാരാഘോഷം തിരുവനന്തപുരം കേന്ദ്രമായി നടക്കുന്നുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെയും സർക്കാർ മുൻ​കൈയെടുത്തു നടത്തുന്ന മറ്റനവധി പരിപാടികളുടെയും സ്ഥിരംവേദി തിരുവനന്തപുരം തന്നെയാണ്. ഇവക്കൊപ്പം കേരളീയത്തിന്റെ കൂടി വേദിയായി ഈ നഗരത്തെ മാറ്റുന്നത് ഭരണകൂടത്തിലെ പ്രമാണിമാർക്കും പരമ്പരാഗത വരേണ്യർക്കും കളംനിറഞ്ഞുനിൽക്കാനാണെന്നതാണ് സിവിൽ സമൂഹ വിമർശനത്തിന്റെ കാതൽ.

പരിപാടിയുടെ തുടക്കത്തിലും പിന്നീടും സർക്കാറിന്റെ വക്താക്കൾ അവകാശപ്പെട്ടതും കേരളത്തെ ഒരു ബ്രാൻഡ് നെയിമാക്കി മാറ്റുന്നതിൽ ഈ പരിപാടി വിജയിച്ചു എന്നതാണ്. വസ്തുതാ വിരുദ്ധമാണ് ഈ അവകാശവാദം. കേരളം പണ്ടുമുതലേ ഒരു ബ്രാൻഡ് നെയിം തന്നെയാണ്. ഇത് നിർമിച്ചതിൽ ഏതെങ്കിലും സർക്കാറിന് മാത്രമായി അഭിമാനിക്കാൻ വകുപ്പൊന്നുമില്ല. ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ നിരവധി സവിശേഷതകൾ നിലനിൽക്കുന്നു എന്നതാണ് ഈ ബ്രാൻഡ് നെയിമിന് കാരണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം, കേരളത്തിലെ ജനസംഖ്യയിൽ വലിയൊരു വിഭാഗം പ്രവാസികളാണെന്നതാണ്. പ്രവാസിത്തത്തിന്റെ പ്രത്യേകത അത് ജന്മനാടിനെ അഥവാ ഹോംലാൻഡിനെ പുനർനിർമിച്ചുകൊണ്ടിരിക്കും എന്നതാണ്. വർത്തമാനകാല കേരളത്തിന്റെ ബ്രാൻഡ് നെയിമിനെ പുനർനിർമിച്ചതിൽ പ്രവാസികൾക്കുള്ള പങ്കിനെ അപ്രധാനീകരിക്കുകയാണ് ഇത്തരത്തിലുള്ള കൃത്രിമ പ്രചാരണങ്ങളിലൂടെ സർക്കാർ ചെയ്യുന്നത്.

കേരളത്തിൽ ടൂറിസത്തിന്റെ സാധ്യതകൾ കുതിച്ചുയരുന്നതിന് സഹായകമാവും ഈ പരിപാടി എന്ന വാദത്തിലും വലിയ കഴമ്പൊന്നുമില്ല. തെക്കുകിഴക്ക് ഏഷ്യൻ രാജ്യങ്ങൾ ലോക ടൂറിസ്റ്റ് ഭൂപടത്തിലേക്ക് കടന്നുവരുന്നത് പ്രാദേശിക വൈവിധ്യപരതകളെ ഫലപ്രദമായി വിനിയോഗിക്കുന്നതിൽ മികവ് കാണിച്ചതുമൂലമാണ്. കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും പ്രാദേശിക വൈവിധ്യങ്ങളെയും കണക്കിലെടുത്തുകൊണ്ട് ടൂറിസം പദ്ധതികളെ വിപുലീകരിക്കാനും വികേന്ദ്രീകരിക്കാനും കഴിയുന്ന ഉൾക്കാഴ്ചകൾ ഈ പരിപാടിയിലൂടെ ഉണ്ടായിട്ടുള്ളതായി തോന്നുന്നില്ല.

സെമിനാറുകളിൽ അമർത്യ സെൻ അടക്കമുള്ളവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെപ്പറ്റിയുള്ള ഔദ്യോഗിക ഭാഷ്യങ്ങൾക്ക് അപ്പുറം കടക്കാത്തതാണെന്ന വിമർശനം ഉണ്ടായിട്ടുണ്ട്. കമൽഹാസനെപ്പോലുള്ള ജനപ്രിയ സിനിമാ നടന്മാരുടെ പുകഴ്ത്തലുകളും ഭരണകൂടത്തെ സുഖിപ്പിക്കുക എന്നതിനപ്പുറം യാഥാർഥ്യബോധം പുലർത്തുന്നതായിരുന്നില്ല.

വിനിയോഗിക്കപ്പെടുന്ന ഭീമമായ പൊതുമുതൽ ആർക്കാണ് വിതരണം ചെയ്യുന്നതെന്ന ചോദ്യവും പ്രധാനമാണ്. പോപുലർ കൾചറിലെ ജനപ്രിയ താരങ്ങളെയും സവർണ കലകളിലെ പ്രമാണിമാരെയും അണിനിരത്തിക്കൊണ്ട് ജനപ്രിയത നേടുമ്പോൾ വമ്പിച്ച പ്രതിഫലമാണ് അവർക്ക് കൊടുക്കുക. ഇതേസമയം, ബഹുജന കലകളെയും ബഹുജന സംസ്കാരത്തെയും പ്രതിനിധാനം ചെയ്യുന്ന കലാപ്രവർത്തകർക്ക് നാമമാത്രമായ പ്രതിഫലമാണ് നൽകുന്നത്. ഇത് മറ്റൊരുതരം സാംസ്കാരിക വിവേചനത്തെയാണ് പൊലിപ്പിക്കുന്നത്. കേരളീയം പരിപാടിയിൽ ആദിവാസി സമുദായത്തെ സവർണരുടെ വംശീയ ശ്രേഷ്ഠതയുടെ അപരരാക്കിമാറ്റിക്കൊണ്ട് പ്രദർശിപ്പിച്ചതിനെപ്പറ്റി ഒട്ടേറെ വിശകലനങ്ങൾ നടന്നുകഴിഞ്ഞിട്ടുണ്ട്.ഇതേസമയം ഇത്തരം ആഘോഷ പരിപാടികൾ മൊത്തം കേരളീയരുടെയും സന്തോഷസൂചികയുടെ തോത് വർധിപ്പിക്കുകയാണെന്ന നവ വരേണ്യരുടെ പ്രചാരണങ്ങളാണ് പരിശോധിക്കപ്പെടേണ്ടത്.

‘കേരളീയം’ എന്ന ഗൃഹാതുരത്വ ഓർമയും വർത്തമാന ഭാവുകത്വവും ശൂദ്ര കേന്ദ്രീകൃതമായ രാഷ്ട്രീയാധികാരത്തെയും സാംസ്കാരിക ഔന്നത്യത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. അതിന് ദേശീയത പദവി കിട്ടുന്നതിന് കാരണവും മറ്റൊന്നല്ല. വരേണ്യവും ഭൂതകാലാധിഷ്ഠിതവുമായ ഈ പൊതുഭാവുകത്വത്തെ അഴിച്ചുപണിയുകയാണ് സമകാലീന കീഴാള മുന്നേറ്റങ്ങളിലൂടെ സാധ്യമായത്.

ഇത്തരത്തിലുണ്ടായ മുന്നേറ്റങ്ങളെ അരികുവത്കരിക്കുകയും വിസ്മൃതിയിലാക്കുകയും ചെയ്തുകൊണ്ട്, പഴയതും പുതിയതുമായ സവർണാധിപത്യത്തിന്റെ ചിഹ്നങ്ങളെ പുനരാനയിക്കുക എന്നതാണ് കേരളീയം എന്ന സങ്കൽപനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കാണാവുന്നതാണ്.ഇത്തരം പുനർനിർമാണങ്ങളിലൂടെ പഴയകാല ജാതിമേധാവികളുടെയും പുതുകാല ആഭിജാതരുടെയും സന്തോഷത്തിന്റെ സൂചികയാണ് വർധിക്കപ്പെടുക. മറുപുറത്താകട്ടെ കീഴാളരുടെയും ബഹുജനങ്ങളുടെയും സഹനവും സമ്മർദവും കൂട്ടുകയുമാണ് ഉണ്ടാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentPinarayi VijayanKeraleeyam
News Summary - Keraleeyam: Happiness Indices
Next Story