പഞ്ചവടിപ്പാലം = പാലാരിവട്ടം പാലം; പേരിൽപോലുമെന്ത് പൊരുത്തം
text_fieldsപഞ്ചവടിപ്പാലം; മലയാളത്തിലെ ലക്ഷണമൊത്ത ആക്ഷേപഹാസ്യ ചിത്രം. കെ.ജി. ജോർജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഓരോ തവണ കാണുമ്പോഴും പുതുമ നഷ്ടപ്പെടാത്ത, കാലാതീതമായ സിനിമ. ചിരി മാത്രമല്ല ചിന്തയും പകരുന്ന ചിത്രം. ഇറങ്ങിയപ്പോൾതന്നെ ഹിറ്റായ ഈ സിനിമയുടെ പ്രേക്ഷകപ്രീതി വർധിച്ചത് കൊച്ചിയിലെ പാലാരിവട്ടം പാലം നിർമാണ ക്രമക്കേടിനെ തുടർന്ന് പൊളിക്കാനുള്ള തീരുമാനമെടുത്തപ്പോഴും പുനർനിർമിച്ചപ്പോഴുമെല്ലാമാണ്. അപ്പോഴെല്ലാം ആ പ്രതിഭാധനനായ സംവിധായകന്റെ ദീർഘവീക്ഷണത്തെയും പ്രേക്ഷകർ പാടിപ്പുകഴ്ത്തി.
എറണാകുളം ജില്ലയുടെ ഹൃദയഭാഗത്തിലൂടെ നീങ്ങുന്ന പാലാരിവട്ടം പാലത്തിലൂടെ പോകുമ്പോൾ മനസ്സിലേക്ക് പഞ്ചവടിപ്പാലം എന്ന സിനിമയും അതിലെ ചിരിരംഗങ്ങളും എത്താതിരിക്കില്ല. അഴിമതിയുടെ സിമൻറും മണലും ചേര്‍ത്ത് നിര്‍മിച്ച പാലാരിവട്ടം പാലം പൊളിക്കാൻ 2019ലാണ് സർക്കാർ തീരുമാനമെടുത്തത്. പാലം പൊളിച്ചുതുടങ്ങിയതാകട്ടെ സിനിമ ഇറങ്ങി 36 വർഷം തികഞ്ഞ 2020 സെപ്റ്റംബർ 28നും.
പേരിലും ഉള്ളടക്കത്തിലുമെല്ലാം ഏറെ സാമ്യതകളുണ്ടായിരുന്നു പഞ്ചവടിപ്പാലവും പാലാരിവട്ടം പാലവും തമ്മിൽ. പാലത്തിന്റെ വിഷയം കൈകാര്യം ചെയ്യുന്നതിനിടെ ഹൈകോടതി പോലും പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് വിശേഷിപ്പിച്ചു. 2014ൽ നിർമാണം ആരംഭിക്കുകയും 2016ൽ നാടിന് സമർപ്പിക്കുകയും ചെയ്ത പാലത്തിൽ അടുത്ത വർഷംതന്നെ കുഴികൾ രൂപപ്പെട്ടു.
ഏറെ വൈകാതെ പാലം അപകടാവസ്ഥയിലേക്കും നീങ്ങിയതിനെ തുടർന്നാണ് നീണ്ട പരിശോധനകൾക്കും അന്വേഷണങ്ങൾക്കും രാഷ്ട്രീയ വാദപ്രതിവാദത്തിനും നിയമനടപടികൾക്കുമൊടുവിൽ പാലം പുനർനിർമിക്കാൻ തീരുമാനമെടുത്തത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പിണറായി സർക്കാറാണ് പുനർനിർമാണം നടത്തിയത്. പാലം നിർമാണവേളയിലെ പൊതുമരാമത്ത് മന്ത്രിയായ യു.ഡി.എഫിലെ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേക്കും യു.ഡി.എഫ്-എൽ.ഡി.എഫ് രാഷ്ട്രീയ പോരിലേക്കും വരെ പാലത്തിലെ അഴിമതി എത്തിച്ചിരുന്നു.
ദുശ്ശാസനക്കുറുപ്പും ശിഖണ്ഡിപ്പിള്ളയും മണ്ഡോദരിയമ്മയും യൂദാസ് കുഞ്ഞുമെല്ലാം സസുഖം വാഴുന്ന ഐരാവതക്കുഴി എന്ന സാങ്കൽപിക ഗ്രാമത്തിലെ പഞ്ചവടിപ്പാലത്തിനും ഏറക്കുറെ സമാന വിധിയാണ് വന്നുചേരുന്നത്. നിർമാണം പൂർത്തിയായ പാലം ഉദ്ഘാടനവേളയിൽതന്നെ തകർന്നുവീഴുന്നതാണ് വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ ക്ലൈമാക്സ്.
അഴിമതിയെയും അധികാരദുർവിനിയോഗത്തെയുമെല്ലാം നർമത്തിന്റെ മേമ്പൊടിയിൽ ചിത്രം രൂക്ഷമായി വിമർശിക്കുന്നുണ്ട്. തന്റെ ഹിറ്റ് സിനിമ അപ്രതീക്ഷിതമായി യാഥാര്‍ഥ്യമായല്ലോ എന്നും വര്‍ഷങ്ങള്‍ക്കിപ്പുറം അന്നു കിട്ടിയതിെനക്കാള് കൈയടി ആ ചിത്രത്തിന് കിട്ടിയല്ലോ എന്നുമുള്ള വിസ്മയവും കൗതുകവും സംവിധായകൻ പാലം പുനർനിർമാണ വേളയിൽ ‘മാധ്യമ’വുമായി പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.