പലമയുടെ കാലത്തെ പുസ്തക പ്രസാധനവേദി
text_fields'മാധ്യമം' പ്രസിദ്ധീകരണങ്ങളുടെ ഭാഗമായി പുതിയൊരു പുസ്തക പ്രസാധക സ്ഥാപനം ഉദ്ഘാടനം ചെയ്യെപ്പടുന്നതായുള്ള അറിയിപ്പ് വളരെയധികം സന്തോഷം ഉളവാക്കുന്നതാണ്. മുഖ്യധാര സ്ഥാപനങ്ങൾക്ക് ഒപ്പം നിൽക്കുേമ്പാൾതന്നെ വേറിട്ട സ്ഥാനം നിലനിറുത്താനും കഴിഞ്ഞ കേരളത്തിലെ മികച്ച സ്ഥാപനങ്ങളാണ് മാധ്യമം പത്രവും വീക്കിലിയും മീഡിയവൺ ചാനലും. പലപ്പോഴും അന്യായ വിചാരണകൾക്കും ഒറ്റപ്പെടുത്തലുകൾക്കും വിധേയമായിട്ടുണ്ടെങ്കിലും തങ്ങളുടെ സ്വതന്ത്രവും ധീരവുമായ നിലപാടുകളിൽ അധികം ഉലച്ചിൽ വരുത്താതെ പ്രവർത്തിക്കാൻ ഇവക്കായിട്ടുണ്ട്.
ഇതിന് കാരണം വിപുലമായൊരു കീഴാള പൊതുജന സഞ്ചയത്തെയും യുവജനങ്ങളെയും സ്ത്രീകളെയും ഉൾക്കൊള്ളുന്നതിനൊപ്പം സമൂഹത്തിലെ സ്വതന്ത്ര ചിന്താഗതിക്കാരെയും നിഷ്പക്ഷമതികളെയും ആകർഷിക്കാൻ കഴിയുന്ന വിധത്തിൽ തങ്ങളുടെ ഉള്ളടക്കത്തിലും അലങ്കരണത്തിനും മികവും വൈവിധ്യവും പുലർത്താൻ കഴിഞ്ഞതിലൂടെയാണ്. ഏറക്കുറെ 35 വർഷമായിട്ടുള്ള അനുഭവസമ്പത്തും മാനേജ്മെൻറും വൈദഗ്ദ്യവും വായനക്കാരോടും എഴുത്തുകാരോടും പുലർത്തുന്ന പക്ഷപാതിത്വരഹിത സമീപനവും വിപുലമായ വികരണ ശൃംഖലയും പുതിയ പുസ്തക പ്രസിദ്ധീകരണ വിഭാഗത്തിന് മുതൽക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കാം.
കേരളത്തിൽ അറുപതുകളുടെ അവസാനമാണ് ചെറുകിട പ്രസാധക സംരംഭങ്ങളും ലിറ്റിൽ മാഗസിനുകളും ഉയർന്നുവരാൻ തുടങ്ങിയത്. അക്കാലത്തെ സാഹിത്യത്തിലെ ആധുനിക പ്രസ്ഥാനവുമായി കണ്ണിചേർന്നാണ് അവ രൂപപ്പെട്ടത്. മലയാളത്തിലെ സ്വതന്ത്ര ചെറുകിട പ്രസാധക സംരംഭങ്ങളിൽ ആദ്യമായി ശ്രദ്ധേയമായത് കെ. അയ്യപ്പപ്പണിക്കരുടെ നേതൃത്വത്തിലുണ്ടായ 'കേരള കവിതാ ഗ്രന്ഥാവലി' ആണെന്നു തോന്നുന്നു. ഇതേ കാലയളവിൽ എം. ഗോവിന്ദന്റെ പരിശ്രമ ഫലമായി ചില പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. കെ. സച്ചിദാനന്ദന്റെ 'ജ്വാല' എന്ന പ്രസിദ്ധീകരണവും മേൽപറഞ്ഞ ഭാവുകത്വ പരിസരത്ത് നിന്നുമാണ് ഉണ്ടായത്.
ആധുനികതയുടെ സാഹിത്യ ഭാവുകത്വ മണ്ഡലത്തിൽനിന്നും വേറിട്ടുകൊണ്ട്, അന്നത്തെ സാർവദേശീയ-ദേശീയ സ്ഥിതിഗതികളും മാർക്സിസത്തിന്റെ പുത്തൻ മുന്നേറ്റമായി കണകാക്കപ്പെട്ട ചൈനീസ് വിപ്ലവത്തിൽനിന്നും കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് കരളത്തിൽ ഇടതുപക്ഷ റാഡിക്കൽ മൂവ്മെൻറുകൾ ആരംഭിച്ചത് ഇതേ കാലയളവിൽ തന്നെയാണ്. തുടക്കത്തിൽ 'ഇൻക്വിലാബ്' പോലുള്ള രഹസ്യ പ്രസിദ്ധീകരണങ്ങൾ നടഖത്തിയ ഈ മൂവ്മെൻറ് കെ. വേണുവിന്റെ 'വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ' എന്ന പുസ്തകവും മാവോ സേതുങ്ങിന്റെ ചില ചെറിയ കൃതികളും പ്രസിദ്ധീകരിക്കുകയുണ്ടായി. എങ്കിൽ പോലും ഇവർ കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് എൺപതുകളുടെ തുടക്കത്തിലാണ്. ഇതിന്റെ ഫലമായി ന്‍റെ കൃതികൾ മാവോ സേതുങ്ങിന്റെ തിരഞ്ഞെടുത്ത വോള്യങ്ങൾ എന്നിവക്കും ചുരുക്കം ചില സാഹിത്യകൃതികളും പ്രസിദ്ധീകരിക്കപ്പെട്ടു. പിൽക്കാലത്ത് ജനകീയ സാംസ്കികാരിക വേദിയുടെ പ്രവർത്തനഫലമായി നിരവധി പുസ്തകങ്ങളും പുറത്തിറങ്ങുകയുണ്ടായി. മാർക്സിസത്തെ സംബന്ധിച്ച് വ്യവസ്ഥാപിത വഴികളിൽനിന്ന് വിട്ടുമാറിയ വലിയ മാറ്റങ്ങളാണ് ഇവ രൂപപ്പെടുത്തിയത്.
സി.പി.(എം.എൽ) പ്രസ്ഥാനം പല വിധത്തിലുള്ള ഗ്രൂപ്പുകളായി വേർതിരിയുകയും ജനകീയ സാംസ്കാരിക വേദിയുടെ പ്രവർത്തനം നിലക്കുകയും ചെയ്തതിലൂടെ കേരളത്തിൽ സ്വതന്ത്ര വീക്ഷണമുള്ള, എന്നാൽ, ഇടതുപക്ഷത്തോട് വിശാലമായ സാഹോദര്യം പുലർത്തുകയും ചെയ്ത നിരവധി ചെറുകിട പ്രസാധക സംരംഭങ്ങളാണ് ഉയർന്നുവന്നത്. ഇത്തരം സ്ഥാപനങ്ങളാണ് ഡി.ഡി. കോസാംബിയുടെ വിത്ത് ആൻഡ് റിയാലിറ്റി പോലുള്ള കൃതികൾ പ്രസിദ്ധീകരിച്ചത്.
ഇതേ കാലയളവിൽ മഹാരാജാസ് കോളജിൽ ബിരുദ വിദ്യാർഥിയായിരുന്ന ഈ ലേഖകൻ 'നവംബർ ബുക്സ്' സ്ഥാപനം നടത്തിയിരുന്നു. അതും വിശാല ഇടതു വീക്ഷണത്തോടൊപ്പം അക്കാലത്തെ യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെയും പുതിയ പൗരാവകാശ-മനുഷ്യാവകാശ മൂവ്മെൻറുകളുടെയും ആശയങ്ങളെ പ്രചരിപ്പിക്കാൻ ലക്ഷ്യം വെച്ചതായിരുന്നു. ഇത്തരം സംരംഭങ്ങളെ പറ്റി 'അപരചിന്തനം' എന്ന പുസ്തകത്തിൽ എഴുതിയിട്ടുള്ള ഒരു ഭാഗം ഇവിടെ പകർത്തുകയാണ്. 1980-90കളിൽ ലോകവ്യാപകമായി ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തകർച്ചയെ നേരിട്ടപ്പോഴും കേരളത്തിൽ സമാനമായ സ്ഥിതിയുണ്ടാകാത്തത് തങ്ങളുടെ ക്രെഡിറ്റായി വ്യവസ്ഥാപിത മാർക്സിസ്റ്റുകൾ അവകാശപ്പെടാറുണ്ട്. എന്നാൽ, കടവും സാമൂഹികവു ബഹിഷ്കരണങ്ങളും ഏറ്റെടുത്തുകൊണ്ട് ഞങ്ങളെ പോലുള്ള ചെറുസംഘങ്ങൾ നടത്തിയ ചെറുത്തുനിൽപാണ് അക്കാലത്തെ ഇടതുപക്ഷ ധാർമികതക്കും വൈജ്ഞാനികതക്കും പുത്തൻ ദൃശ്യത നൽകിയതെന്നതാണ് വസ്തുത!
മേൽപറഞ്ഞ പ്രസാധക സ്ഥാപനങ്ങൾ ഒന്നൊന്നായി തകരുകയും പലരും കടത്തിൽ മുങ്ങുകയോ മറ്റിതര മേഖലകൾ തേടുകയോ ചെയ്തു. സമാന്തര പ്രസിദ്ധീകരണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ 'മൾബറി ബുക്സി'ന്‍റെ ഷെൽവി ആത്മഹത്യ ചെയ്യുകയാണുണ്ടായത്. എന്നാൽ, ഇത്തരം പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ തകർച്ചക്ക് പിന്നിൽ ആധുനികതയുടെ തളർച്ചയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശൈഥില്യവും മാനേജ്മെൻറ് ശേഷിയുടെ അഭാവവും വിതരണത്തിലെ അമേച്വറിസ്റ്റ് ഘടകങ്ങളും മാത്രമല്ല ഉള്ളത് എന്നാണ് തോന്നുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാരണം ആഗോളവത്കരണത്തിന്റെ ആഘാതമാണെന്നാണ് കരുതേണ്ടത്.
തൊണ്ണൂറുകളിലാണ് ഇന്ത്യയിൽ ഔദ്യോഗികമായി ചിട്ടവട്ടങ്ങളോടെയും നിയന്ത്രണ/നിരോധ സംവിധാനങ്ങളിലൂടെയും ആഗോളവത്കരണത്തിന് ആരംഭം കുറിച്ചത്. ഇതോടെ അതേവരെ അമേച്വറിസ്റ്റ് സ്വഭാവത്തോടെ പ്രവർത്തിച്ചിരുന്ന പുസ്തക പ്രസാധക സംരംഭങ്ങളും ആഗോളവത്കരണത്തിന്റെ വലയിലായി. പുത്തൻ പകർപ്പവകാശ നിയമങ്ങൾ കർശനമായി പാലിക്കപ്പെടാൻ തുടങ്ങിയതോടെ ചെറുകിട പ്രസാധക സ്ഥാപനങ്ങളുടെ മുഖ്യ ആകർഷണമായ വിദേശ കൃതികളുടെ വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കുക അസാധ്യമായി മാറി. ഇതോടൊപ്പം പോസ്റ്റൽ വകുപ്പ് ചെറുകിട പ്രസാധക സ്ഥാപനങ്ങളുടെ പുസ്തക വിതരണത്തിന് പുത്തൻ നിയന്ത്രണങ്ങൾ കൊണ്ടുവന്നുകൊണ്ട് കുത്തകകൾക്ക് മാത്രം പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. മാത്രമല്ല, കേരളത്തിലെ ഗ്രന്ഥശാലകളും സ്കൂൾ-കോളജ് ലൈബ്രറികളും പുസ്തകങ്ങൾ നേരിട്ടുവാങ്ങുന്നത് നിർത്തുകയും ചെയ്തു. അവർ ഡി.സി ബുക്സ് മുതലായ മുഖ്യധാരയിൽനിന്ന് വലിയ അളവിൽ പുസ്തകങ്ങൾ വാങ്ങാൻ തുടങ്ങി. ചെറുകിട പ്രസാധകർക്ക് റോയൽറ്റി കൃത്യമായി കൊടുക്കാൻ പറ്റാത്തതിനാൽ പ്രധാനപ്പെട്ട എഴുത്തുകാർക്ക് ഇത്തരം സംരംഭങ്ങളോടുള്ള താൽപര്യവും കുറഞ്ഞു.
മറ്റൊരു കാര്യം, ആഗോളവത്കരണത്തിന് മുമ്പ് ലോകത്തിലെ വിവിധ ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പുസ്തകങ്ങൾ കേരളത്തിലെ ലെൻഡിങ് ലൈബ്രറികളിൽ എത്തിയിരുന്നു. പുസ്തക വിപണി കുത്തകവത്കരിക്കപ്പെട്ടതിലൂടെ ഇത്തരം പുസ്തകങ്ങളുടെ വരവ് നിലക്കുകയും ലെൻഡിങ് ലൈബ്രറികൾ ഓരോന്നായി അപ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി കൃതികളുടെ വൈവിധ്യം, പുതുഭാവുകത്വം എന്നിവ അപ്രസക്തമായി മാറി. സമാന്തരമായി എഴുത്തുകാരുടെ 'സ്റ്റാർഡം' പോപ്പുലർ കൾച്ചറിലുള്ള സ്വാധീനത എന്നിവക്ക് പ്രാധാന്യവും ലഭിച്ചു. കേരളത്തിൽ നോവലുകൾ, ചെറുകഥ സമാഹരങ്ങൾ എന്നിവക്ക് വലിയ പ്രോത്സാഹനം കിട്ടുന്നതും വായനക്കാർ അവയുടെ ഉള്ളടക്കം പരിശോധിക്കാതെ ബെസ്റ്റ് സെല്ലറുകളാക്കി മാറ്റുന്നതും ഈ പശ്ചാത്തലത്തിലാണ്. ഇതിന്റെ പരിണിത ഫലമായി വിജ്ഞാന കൃതികളോടുള്ള താൽപര്യം പൊതുവായനക്കാരിൽ കുറഞ്ഞു.
ആഗോളവത്കരണത്തിന് ശേഷം മാർക്സിസത്തിന്റെ ഉദാരമായ ആകർഷണീയത ഏറെക്കുറെ നഷ്ടപ്പെട്ടു. അതിനുശേഷമുള്ള പുതിയ വിജ്ഞാനശാഖകളിലേക്കും ചിന്താരംഗത്തെ മാറ്റങ്ങളിലേക്കും സമൂഹത്തെ കടത്തിക്കൊണ്ടുവരാൻ കുത്തക പ്രസിദ്ധീകരണങ്ങൾ വിസമ്മതിക്കുകയാണ് ചെയ്തത്. അവരെ സംബന്ധിച്ച് ബെസ്റ്റ് സെല്ലറുകളിൽ കേന്ദ്രീകരിക്കുക എന്നതിനപ്പുറം മറ്റു പ്രതിബദ്ധതകൾ ഒന്നുമില്ലല്ലോ!
രണ്ടായിരമാണ്ടോടെ കേരളത്തിലെ സാമൂഹിക അവബോധ മണ്ഡലത്തിൽ വ്യത്യസ്ത തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായി എന്നാണ് ഈ ലേഖകൻ കരുതുന്നത്. അതായത് മൾട്ടി കൾച്ചറലിസത്തിന്റെയും സാംസ്കാരിക വൈവിധ്യങ്ങളുടെയും ദേശാന്തരീയതയുടെയും പ്രമേയങ്ങൾ കേരളത്തിലെ പൊതുമണ്ഡലത്തിൽ പതുക്കെ സ്വാധീനമുറപ്പിക്കാൻ തുടങ്ങി. ഈ മാറിയ സാഹചര്യത്തിൽ, ഞാനും ചില സുഹൃത്തുക്കളും കൂടി സബ്ജക്ട് ആൻഡ് ലാംഗ്വേജ് എന്നൊരു പുതുസംരംഭം ആരംഭിക്കുകയുണ്ടായി. ഏറെക്കുറെ പതിനാലോളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ വിപുലമായ ബ്രോഷർ തയാറാക്കി.
ഈ ബ്രോഷറുമായി ഒരിക്കൽ തത്ത്വചിന്തകനായ നിസാർ അഹമ്മദിന്റെ കാലടിയിലുള്ള വസതിയിൽ ഞങ്ങൾ പോവുകയുണ്ടായി. അത് സസൂക്ഷ്മം വായിച്ച അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. ഇതിൽ 14 പുസ്തകങ്ങളും നിങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞേക്കില്ല. ചിലപ്പോൾ നാലോ അഞ്ചോ പ്രസിദ്ധീകരിക്കാൻ പറ്റിയേക്കാം. എങ്കിൽപോലും ഈ സംരംഭത്തിന് ഒരു പ്രസ്ഥാനത്തിന്റെ ആഴമുണ്ട്. അവബോധ മാറ്റത്തിന്റെ സൂചനകൾ ഉള്ളടങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രവചനം അതേപോലെത്തന്നെ സംഭവിച്ചു എന്നതാണ് യാഥാർഥ്യം. നിസാർ അഹമ്മദ് സൂചിപ്പിച്ചത് പോലെ നാലോ അഞ്ചോ പുസ്തകങ്ങൾ ഞങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞുള്ളൂ. ഇതേസമയം, കേരളത്തിലെ ഹിന്ദുത്വ പൊതുബോധത്തിൽ മാർക്സിസത്തിന്റെ പിതൃരക്ഷാ സ്ഥാനത്തുനിന്നും വിടുതൽ നേടിക്കൊണ്ട് മൾട്ടി കൾച്ചറലിസത്തിന്റെയും ദേശാന്തരീതയുടെയും ന്യൂനപക്ഷ-ചെറുരാഷ്ട്രീയ സാന്നിധ്യങ്ങളുടെയും പുതുമണ്ഡലമാണ് കേരളത്തിൽ പ്രത്യക്ഷപ്പെട്ടത്.
മാധ്യമത്തിന്റെ പുതു പ്രസാധക സംരംഭം, മാൾട്ടി കൾചറലിസത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ വിവക്ഷകൾ ഉൾക്കൊള്ളുന്നതിനൊപ്പം ചെറുരാഷ്ട്രീയങ്ങളുടെ വികാസത്തിനും വിമോചനത്തിനും പ്രേരണയാകണമെന്ന് ആഗ്രഹിക്കുകയാണ്. മലയാളത്തിലെ ആധുനികതയുടെ ഭാവുകത്വ മണ്ഡലം ഇപ്പോഴും സർവശക്തമായി തുടരുന്നത് മികച്ച കൃതികൾ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതിന്റെ ഫലവും കൂടിയാണ്. ഇന്നത്തെ സാഹചര്യത്തിൽ ആധുനികാനന്തര മതേതരാനന്തര കൃതികൾ വിവർത്തനം ചെയ്തു പുറത്തിറക്കിയാൽ നന്നായിരിക്കുമെന്ന് തോന്നുന്നു. കേരളത്തെ സംബന്ധിച്ച് ഇപ്പോഴും പോസ്റ്റ് കൊളോണിയലിസവും പോസ്റ്റ് മോഡേണിസവും എന്തോ അപകടമാണെന്ന മട്ടിലാണ് പ്രചരിപ്പിക്കുന്നത്. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വാദമാണിത്.
മറ്റൊരു കാര്യം പറയാനുള്ളത് കേരളത്തിൽ ആധുനികതയുടെയും നവ മാർക്സിസത്തിന്റെയും വ്യക്താക്കളായ കെ. അയ്യപ്പപണിക്കരും കെ. സച്ചിദാനന്ദനും കെ.ജി. ശങ്കരപ്പിള്ളയും ബി. രാജീവനുമെല്ലാം ഇംഗ്ലീഷിൽ എഴുതാനും ചിന്തിക്കാനും കഴിവുള്ളവരാണ്. എന്നാൽ, ഇവർ എല്ലാവരും തുടക്കം മുതലേ മലയാളത്തിൽ എഴുതാനും ചിന്തിക്കാനും സന്നദ്ധത കാട്ടിയിട്ടുണ്ട്. അതിനാലാണ് അവരുടെ ആശയങ്ങൾക്കും സാന്നിധ്യത്തിലും സാധാരണ ബഹുജനങ്ങൾക്കിടയിൽ ഇപ്പോഴും നല്ല സ്വാധീനതയുള്ളത്.
ഇതേസമയം, പോസ്റ്റ് കൊളോണിയസത്തിലും മൾട്ടി കൾച്ചറലിസത്തിലും നല്ല പാണ്ഡിത്യവും അറിവുമുള്ള നിരവധി മലയാളി എഴുത്തുകാർ കേരളത്തിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ട്. ഇവരിൽ അപൂർവം ചിലർ മാത്രമെ മലയാളത്തിൽ എഴുതുന്നുള്ളൂ എന്നത് ദൗർഭാഗ്യകരമാണ്. ഇത്തരം ആൾക്കാരുമായി സംവദിച്ചുകൊണ്ട്, അവരെ മലയാളത്തിൽ എഴുതാനും വിവർത്തനങ്ങൾ നടത്താൻ പ്രേരിപ്പിക്കാനും ഈ സ്ഥാപനത്തിന് കഴിയട്ടെ എന്നും ആഗ്രഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.