വന്നു, കണ്ടു, കീഴടക്കി
text_fieldsകൊൽക്കത്ത: ഫുട്ബാൾ ഭ്രാന്തന്മാരുടെ നഗരമായ കൊൽക്കത്തക്ക് അവിസ്മരണീയ ദിനമായിരുന്നു 1977 സെപ്റ്റംബർ 24. ലോകഫുട്ബാളിലെ സുവർണനക്ഷത്രമായി തിളങ്ങിനിന്ന പെലെ താരനിബിഡമായ ന്യൂയോർക്ക് കോസ്മോസിന് വേണ്ടി പന്തുതട്ടാനാണ് കൊൽക്കത്തയിലെത്തിയത്. മോഹൻ ബഗാനുമായായിരുന്നു മത്സരം. പി.കെ. ബാനർജി പരിശീലിപ്പിച്ച മോഹൻ ബഗാൻ ഒരുഘട്ടത്തിൽ 2-1ന് മുന്നിലായിരുന്നു. പിന്നീട് വിവാദ പെനാൽറ്റിയിൽ കോസ്മോസ് ഗോളടിച്ച് മത്സരം സമനിലയിലായി. കളത്തിൽ പെലെയെ വിടാതെ പിന്തുടർന്നത് മിഡ്ഫീൽഡറായിരുന്ന ഗൗതം സർക്കാറായിരുന്നു. സർക്കാറിനെ പെലെ പിന്നീട് അഭിനന്ദിക്കുകയും ചെയ്തു.
മോഹൻ ബഗാൻ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ വജ്രമോതിരം സമ്മാനമായി സ്വീകരിക്കുന്നതിനു മുമ്പ് ഇതിഹാസതാരം താൽപര്യം കാണിച്ചത് ബഗാൻ താരങ്ങളെ പരിചയപ്പെടാനായിരുന്നു. ‘എന്നെ അനങ്ങാൻ സമ്മതിക്കാതിരുന്ന 14ാം നമ്പറുകാരൻ താങ്കളായിരുന്നല്ലേ’ എന്നായിരുന്നു ഗൗതം സർക്കാറിനോട് പെലെയുടെ ചോദ്യം. 45 വർഷത്തിന് ശേഷവും ആ സുവർണ നിമിഷം സർക്കാർ ഇപ്പോഴും ഓർക്കുന്നു. പെലെയുടെ അഭിനന്ദന വാക്കുകൾക്ക് ചുനി ഗോസ്വാമിയും സാക്ഷിയായിരുന്നു. ഇനി കളി നിർത്തിയാലും കുഴപ്പമില്ല, ഇതിലും വലിയ അഭിനന്ദനം കിട്ടാനില്ല എന്നായിരുന്നു ചുനിദായുടെ കമന്റ്. കരിയറിലെ ഏറ്റവും മികച്ച നേട്ടമായിരുന്നു സർക്കാറിന് ആ വാക്കുകൾ. സർക്കാറിന്റെ ഫോട്ടോയുള്ള അന്നത്തെ പത്ര കട്ടിങ് ന്യൂയോർക്ക് കോസ്മോസിന്റെ ചുവരിൽ ഫോട്ടോഫ്രെയിമിൽ തൂങ്ങിക്കിടന്നിരുന്നു. ഫുട്ബാൾ സംഘാടകനായ ധിരൻ ഡേ ആണ് പെലെയെ കൊൽക്കത്തയിലെത്തിക്കാൻ മുൻകൈ എടുത്തത്. സൂപ്പർ താരം വരുന്നുണ്ടെന്ന് ധിരൻ ഡേ പറഞ്ഞപ്പോൾ കളവാണെന്നാണ് ഗൗതം സർക്കാറും സഹതാരങ്ങളും ആദ്യം കരുതിയത്.
ടീമെന്ന നിലയിൽ ആ സീസണിൽ ഈസ്റ്റ്ബംഗാളിനേക്കാൾ നേട്ടങ്ങൾ കൊയ്യാൻ ബഗാനെ പ്രാപ്തമാക്കിയത് കോസ്മോസുമായുള്ള മത്സരത്തിലെ മികവായിരുന്നുവെന്ന് പാർലമെന്റ് അംഗവും അന്നത്തെ മിഡ്ഫീൽഡ് രാജാവുമായിരുന്ന പ്രസൂൺ ബാനർജി ഓർക്കുന്നു. ഈ മത്സരത്തിനു ശേഷം ഐ.എഫ്.എ ഷീൽഡ് ഫൈനലിൽ 1-0ന് ഈസ്റ്റ്ബംഗാളിനെ ബഗാൻ കീഴടക്കി. തിരിച്ചുവരവിനുള്ള വേദിയായിരുന്നു പെലെയുടെ ടീമിനെതിരായ പോരാട്ടമെന്ന് പ്രതിരോധനിരയിലെ പ്രമുഖൻ സുബ്രത ഭട്ടാചാര്യ പറഞ്ഞു. റോവേഴ്സ് കപ്പിലും ഡ്യൂറൻഡ് കപ്പിലും ബഗാൻ പിന്നീട് വിജയക്കുതിപ്പ് തുടർന്നു. മത്സരത്തിൽ പെലെ ഗോളടിച്ചിരുന്നില്ല. ബോക്സിന് മുൻവശത്തുനിന്നുള്ള ഒരു ഫ്രീകിക്കാണ് കളിയിൽ പെലെക്ക് ലഭിച്ച മികച്ച അവസരം. എന്നാൽ, ഗോളി ശിവജി ബാനർജി ഡൈവ് ചെയ്ത് പന്ത് തട്ടിയകറ്റുകയായിരുന്നു. ശ്യാം ഥാപ്പയും മുഹമ്മദ് ഹബീബുമാണ് ബഗാന്റെ സ്കോറർമാർ. പെലെക്കെതിരെ കളിക്കാൻ അവസരം കിട്ടുമെന്നതിനാലാണ് ഈസ്റ്റ് ബംഗാളിൽനിന്ന് ബഗാനിലേക്ക് മാറിയതെന്ന് ശ്യാം ഥാപ്പ പറയുന്നു.
2015ലെ നവരാത്രി സമയത്താണ് പെലെ വീണ്ടും കൊൽക്കത്തയിലെത്തിയത്. സൗരവ് ഗാംഗുലി, പി.കെ. ബാനർജി, സുഭാഷ് ഭൗമിക്, ശിവജി ബാനർജി എന്നിവർ അന്ന് ചടങ്ങിലുണ്ടായിരുന്നു. താരത്തിന്റെ 75ാം ജന്മദിനവും കൊൽക്കത്തയിലാണ് ആഘോഷിച്ചത്. എ.ആർ. റഹ്മാൻ, മമത ബാനർജി തുടങ്ങിയവർ വിവിധ ചടങ്ങുകളിൽ അന്ന് പങ്കെടുത്തിരുന്നു. ഇന്ത്യക്കാരെ ഏറെ സ്നേഹിക്കുന്നതിനാലാണ് താൻ ഇവിടേക്ക് വരാൻ സമ്മതിച്ചതെന്ന് ഒരു ചടങ്ങിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇനിയൊരു പെലെയുണ്ടാകുമോയെന്ന ചോദ്യത്തിന് തമാശ കലർത്തിയാണ് ‘ഉണ്ടാവില്ല’ എന്ന് പെലെ പറഞ്ഞത്. അത്ലറ്റികോ ഡി കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഐ.എസ്.എൽ മത്സരം കാണാൻ പെലെയുണ്ടായിരുന്നു. 61237 പേർ അന്ന് കളികാണാനെത്തിയിരുന്നു. മത്സരശേഷം ഡ്രസ്സിങ് റൂമിലെത്തി കളിക്കാരെ അഭിനന്ദിക്കുകയും ചെയ്തു.
2015ലെ സന്ദർശനത്തിനിടെയാണ് ഇതിഹാസ താരം ഡൽഹിയിലെത്തിയത്. ഒക്ടോബർ 17ന് അംബേദ്കർ സ്റ്റേഡിയത്തിൽ സുബ്രതോ കപ്പ് ഇന്റർ സ്കൂൾ അണ്ടർ 17 ആൺകുട്ടികളുടെ ഫൈനലിൽ മുഖ്യാതിഥിയായിരുന്നു. വ്യോമസേനയുടെ തുറന്ന ജീപ്പിൽ പെലെ സ്റ്റേഡിയം വലംവെച്ചു. അന്ന് വ്യോമസേന മേധാവിയായിരുന്ന അരൂപ് ഷായും ഒപ്പമുണ്ടായിരുന്നു. ട്രോഫി വിതരണം ചെയ്തതും അദ്ദേഹമായിരുന്നു. നടുവിനടക്കം മൂന്ന് ശസ്ത്രക്രിയകൾ നടന്നതിനാൽ മുടന്തിയായിരുന്നു അന്ന് താരം നടന്നത്. കുട്ടിക്കാലത്തുതന്നെ താരങ്ങളെ കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്ന് പെലെ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിലെ കളിക്കാർ യൂറോപ്പിലും തെക്കനമേരിക്കയിലും പോയി കളിക്കണം. അത് അവർക്ക് സഹായമാകും. രാജ്യങ്ങൾ തമ്മിൽ താരങ്ങളെ കൈമാറുന്ന പദ്ധതി വേണമെന്നും പറഞ്ഞു. 15ഉം 16ഉം വയസ്സുള്ള കുട്ടികൾക്ക് ബ്രസീലിലെ റിയോ ഡി ജനീറോയിൽ പരിശീലിക്കാൻ അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്തു. സാന്റോസ് ക്ലബുമായി സഹകരിപ്പിക്കാമെന്നും പറഞ്ഞിരുന്നു. 2018ലാണ് താരം അവസാനമായി ഇന്ത്യയിലെത്തിയത്. ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.