സ്ത്രീകളെ തോൽപിക്കുന്ന നീതിന്യായ വ്യവസ്ഥ
text_fieldsസംഭവത്തിൽ രാഷ്ട്രീയം കലർന്നാൽ മാധ്യമ കവറേജ് ഉറപ്പാണ്. ഭയാനകമായ ഒരു ലൈംഗിക കുറ്റകൃത്യം രാഷ്ട്രീയവത്കരിക്കുന്നതോടെ മുഖ്യപ്രശ്നത്തിൽനിന്ന് ശ്രദ്ധ മാറിപ്പോകുന്നു; നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടും സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത് തുടരുന്നു.
ആഗസ്റ്റ് ഒമ്പതിന് ആർ.ജി കർ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ 31 കാരിയായ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊൽക്കത്തയുടെ തെരുവുകളിലിറങ്ങിയ ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാരുടെ ചിത്രങ്ങളാലാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ഓർമിക്കപ്പെടുക. ഇന്ത്യൻ സ്ത്രീ തൊഴിലിടങ്ങളിൽ നേരിട്ടുകൊണ്ടിരിക്കുന്ന വ്യാപകമായ അക്രമത്തെക്കുറിച്ച് വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു കൊൽക്കത്തക്ക് പുറത്തേക്ക് വ്യാപിച്ച പ്രതിഷേധങ്ങൾ.
ഈ രോഷത്തിന് ലഭിച്ച വലിയ മാധ്യമ ശ്രദ്ധ സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കുന്നതിൽ പങ്കുവഹിച്ചുവെന്നത് ശരിതന്നെയെങ്കിലും ലൈംഗികാതിക്രമങ്ങളെ മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങളുയരുന്നുണ്ട്. നഗരങ്ങളിലെ ബലാത്സംഗങ്ങൾക്കും ആക്രമണങ്ങൾക്കും വലിയ കവറേജ് ലഭിക്കുന്നത് മുൻകാലങ്ങളിൽ നാം കണ്ടിട്ടുണ്ട്, ഇപ്പോഴും ഇതുതന്നെ അവസ്ഥ. ഉത്തരാഖണ്ഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ പുലർത്തിയ ഉദാസീനത അതിന് ഉദാഹരണമാണ്. ജൂലൈ 30ന് പെൺകുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം ആഗസ്റ്റ് എട്ടിന് മൃതദേഹം കണ്ടെത്തിയശേഷമാണ് മാധ്യമങ്ങൾ അറിഞ്ഞത്. നാളിതുവരെ, ഈ കുറ്റകൃത്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും നമുക്കറിഞ്ഞുകൂടാ.
സംഭവത്തിൽ രാഷ്ട്രീയം കലർന്നാൽ മാധ്യമ കവറേജ് ഉറപ്പാണ്. സംസ്ഥാനം ഭരിക്കുന്ന മമത ബാനർജിയെ എതിർക്കുന്ന പാർട്ടികൾ അവരെ കടന്നാക്രമിക്കാനും രാജി ആവശ്യപ്പെടാനുമുള്ള അവസരമായി ഇത് ഉപയോഗിച്ചു. ഭയാനകമായ ഒരു ലൈംഗിക കുറ്റകൃത്യം രാഷ്ട്രീയവത്കരിക്കുന്നതോടെ മുഖ്യപ്രശ്നത്തിൽനിന്ന് ശ്രദ്ധ മാറിപ്പോകുന്നു; നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടും സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത് തുടരുന്നു.
കൊൽക്കത്ത സംഭവത്തെയും തുടർന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധത്തെയും 2012ലെ ഡൽഹി കൂട്ടബലാത്സംഗക്കേസുമായി ചിലർ താരതമ്യം ചെയ്യുന്നുണ്ട്. അന്നും പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. ഒരു വനിതാ നേതാവ്, ഡൽഹിയിലെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തായിരുന്നു ജനരോഷത്തിന്റെ കേന്ദ്രബിന്ദു. അന്ന് പ്രതിഷേധക്കാരുടെ ശബ്ദം കൂടുതൽ ഉച്ചത്തിലെത്തിക്കുന്നതിൽ അച്ചടി-ദൃശ്യമാധ്യമങ്ങൾ കാര്യമായ പങ്ക് വഹിച്ചു. തൽഫലമായി, ബലാത്സംഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ വീണ്ടും പരിശോധിച്ച് മാറ്റങ്ങൾ നിർദേശിക്കുന്നതിന് ജസ്റ്റിസ് ജെ.എസ്. വർമയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപവത്കരിക്കാൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലെ കേന്ദ്ര സർക്കാർ നിർബന്ധിതമായി. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് തയാറായി, 2013 ആയപ്പോഴേക്കും യു.പി.എ സർക്കാർ ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013 പാസാക്കി. വർമ കമ്മിറ്റി മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ചിലത് പുതിയ നിയമത്തിൽ ഉൾപ്പെടുത്തുകയും ബലാത്സംഗത്തിന് വധശിക്ഷ നിർദേശിക്കുകയും ചെയ്തു (ഇതിനെ വർമ കമ്മിറ്റി എതിർത്തിരുന്നു). ലൈംഗിക കുറ്റകൃത്യ ഇരകളെ സഹായിക്കുന്നതിനായി വൺ-സ്റ്റോപ്പ് സെന്ററുകൾ സ്ഥാപിക്കുന്നതിനും സർക്കാർ ഫണ്ട് അനുവദിച്ചു.
ഇതും, 2013ലെ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം (തടയൽ, നിരോധന, പരിഹാര) നിയമവുമൊക്കെ ഉണ്ടായിട്ടും കാര്യങ്ങൾക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല എന്നതിന്റെ ഹീനമായ ഓർമപ്പെടുത്തലാണ് ഇപ്പോൾ കൊൽക്കത്തയിലുണ്ടായത്.
ബലാത്സംഗത്തിന് ഇരയായവരുടെയോ അതിജീവിതയുടെയോ പേര് പ്രസിദ്ധീകരിക്കുകയോ തിരിച്ചറിയാനുള്ള സൂചനകൾ നൽകുകയോ അരുതെന്ന നിയമം 2012ൽ മാധ്യമങ്ങൾ പാലിച്ചു. 2012ലെ ഡൽഹി കൂട്ടബലാത്സംഗ ഇരയെ പരാമർശിക്കുമ്പോൾ സർക്കാറും മാധ്യമങ്ങളും ഉപയോഗിക്കുന്നത് ‘നിർഭയ’ എന്ന പേരാണ്. എന്നാൽ, അച്ചടി- ഇലക്ട്രോണിക് മാധ്യമങ്ങൾ ആധിപത്യം പുലർത്തിയിരുന്ന 2012ലെ മാധ്യമ ലോകത്തുനിന്ന് വ്യത്യസ്തമായി, ഇന്ന് നാം ഒരു പുതിയ യാഥാർഥ്യത്തെ അഭിമുഖീകരിക്കുന്നു: ഇന്റർനെറ്റും സമൂഹമാധ്യങ്ങളും. സ്മാർട്ട്ഫോണുള്ള ഇന്ത്യക്കാരുടെ പ്രധാന വാർത്താ ഉറവിടമായി ഇത് ക്രമേണ മാറുന്നു. സംഭവങ്ങളറിയാൻ, ആളുകൾ ഇപ്പോൾ വ്യവസ്ഥാപിത മാധ്യമങ്ങളെ ആശ്രയിക്കുന്നില്ല.
കൊൽക്കത്ത സംഭവം പോലെ എന്തെങ്കിലും നടക്കുമ്പോൾ ഈ മാറ്റത്തിന്റെ ആഘാതം വ്യക്തമാണ്. മണിക്കൂറുകൾക്കുള്ളിൽ സമൂഹമാധ്യമ ഇടങ്ങൾ കിംവദന്തികളും ഊഹാപോഹങ്ങളും കൊണ്ട് നിറഞ്ഞു. ഇരയെ തിരിച്ചറിയുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നത് നിരോധിക്കുന്ന നിയമം ഉണ്ടായിരുന്നിട്ടും യുവ ഡോക്ടറുടെ പേരും ഫോട്ടോയും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അതിലേറെ കഷ്ടം, ദിവസങ്ങൾക്കുള്ളിൽ, ആക്രമണത്തിന്റെ വിശദാംശങ്ങൾ സഹിതം അവളുടെ ഫോട്ടോ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടു.
ഇത്തരം സാഹചര്യങ്ങളിൽ, കെട്ടുകഥയിൽനിന്ന് വസ്തുതകൾ വേർതിരിച്ചെടുക്കുക എന്ന ദൗത്യം കേസ് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് കൂടുതൽ പ്രയാസകരമായി. ആശുപത്രി അധികൃതർ സൃഷ്ടിച്ച അവ്യക്തത കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിച്ചു. രാഷ്ട്രീയപ്പോരാട്ട ഗ്രൂപ്പുകൾ സൃഷ്ടിച്ച പരസ്പരവിരുദ്ധമായ ആഖ്യാനങ്ങൾ ആശയക്കുഴപ്പം കൂടുതൽ വർധിപ്പിച്ചു.
അതേസമയം, സമൂഹമാധ്യമങ്ങൾ കിംവദന്തികളും ഗൂഢാലോചന സിദ്ധാന്തങ്ങളും കൊണ്ട് നിറഞ്ഞു. ആഗസ്റ്റ് 15ന് രാത്രി പ്രതിഷേധക്കാരെ ആക്രമിക്കുകയും ആശുപത്രി പരിസരം നശിപ്പിക്കുകയും ചെയ്ത ജനക്കൂട്ടം ബലാത്സംഗത്തിന്റെയും കൊലപാതകത്തിന്റെയും തെളിവുകൾ നശിപ്പിച്ചു എന്നതായിരുന്നു അതിലൊന്ന്. ആൾക്കൂട്ട ആക്രമണം ഭയാനകമായിരുന്നുവെങ്കിലും, ലോക്കൽ പൊലീസിന്റെ ചെറുത്തുനിൽപ്പിന്റെ അഭാവം വ്യക്തമാക്കുന്ന വിഡിയോകൾക്കൊപ്പം, ബലാത്സംഗവും കൊലപാതകവും നടന്ന മുറിയും നശിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നില്ലെന്ന് ആൾട്ട്ന്യൂസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സദാ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്. ഇപ്പോൾ മാധ്യമ റിപ്പോർട്ടിങ് ആശുപത്രി അധികൃതരിലേക്കും അവരുടെ നിഷ്ക്രിയത്വത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സംഭവിച്ച യഥാർഥ ദുരന്തം, തൊഴിലിടങ്ങളിലെ വനിതാ പ്രഫഷണലുകളുടെ സുരക്ഷ എന്ന മുഖ്യ പ്രശ്നം ഏറക്കുറെ ആനുഷംഗികമായി മാറി എന്നതാണ്. പ്രതിഷേധക്കാർ അത് ഉയർത്തിക്കാട്ടുന്നത് തുടരുന്നുവെങ്കിലും മാധ്യമങ്ങളുടെ ശ്രദ്ധ തിരിഞ്ഞുപോയി.
2012ൽ, വലിയ പ്രതിഷേധവും പൊതുജന സമ്മർദവും കാരണം, കേസ് വേഗത്തിൽ നീങ്ങുകയും പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറ് പ്രതികളെ പിടികൂടി കുറ്റം ചുമത്തുകയും ചെയ്തു. 2013 സെപ്റ്റംബറിൽ അഞ്ച് പേർക്ക് വധശിക്ഷ വിധിച്ചു, പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കറക്ഷണൽ ഫെസിലിറ്റിയിൽ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. ഒടുവിൽ, അപ്പീലുകളെല്ലാം അവസാനിച്ചപ്പോൾ 2020 മാർച്ച് 20ന് നാല് പ്രതികളെ തൂക്കിലേറ്റി. ഒരാൾ കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു.
ഇപ്പോഴും ആയിരക്കണക്കിന് കേസുകൾ വഴിമുട്ടിക്കിടക്കുന്നു. 1992ൽ അജ്മീറിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി കേസ് മുന്നോട്ടുകൊണ്ടുപോകുവാൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് ദ പ്രിന്റിൽ ജ്യോതി യാദവ് റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിൽ, 32 വർഷത്തിനുശേഷം, കുറ്റാരോപിതരായ ആറ് പേരെ ജീവപര്യന്തം ശിക്ഷിച്ച് ഈയിടെ വിധി വന്നു. ഉത്തർപ്രദേശിലെ ഹഥറസിൽ നാല് വർഷം മുമ്പ് കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട ദലിത് യുവതിയുടെ കേസ് മാധ്യമശ്രദ്ധ നേടിയിരുന്നു, പ്രത്യേകിച്ച് മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ച രീതി.
നീതി ലഭിക്കുന്നതിനായി കുടുംബം നടത്തിയ അവസാനമില്ലാത്ത പോരാട്ടത്തെ പിന്തുടർന്ന് നിധി സുരേഷ് ന്യൂസ്ലോണ്ട്റിയിൽ എഴുതിയ റിപ്പോർട്ട് അപൂർവമായ രീതിയിലുള്ളതാണ്. ബലാത്സംഗങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു എന്നതാണ് ആഗസ്റ്റ് ഒമ്പത് മുതൽ അച്ചടി മാധ്യമങ്ങളിലുണ്ടായ പ്രകടമായ വ്യത്യാസം. ഇത്തരം സംഭവങ്ങൾ - മാധ്യമ പദാവലിയിൽ ക്രൈം ബ്രീഫ്സ് എന്ന് വിളിക്കുന്ന ചെറുവാർത്തകളായി പക്ഷേ ഒരുപക്ഷേ ചെറിയ കഥകളായി നേരത്തേയും റിപ്പോർട്ട് ചെയ്യപ്പെടുമായിരുന്നു. ആശുപത്രിയിൽ നഴ്സ് ബലാത്സംഗം ചെയ്യപ്പെട്ടത്, കുഞ്ഞുങ്ങളെ സ്കൂൾ ജീവനക്കാർ ലൈംഗികമായി പീഡിപ്പിച്ചത് എന്നിങ്ങനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്തരം റിപ്പോർട്ടുകൾ കൂടുതൽ ദൃശ്യമാണ്. എന്നാൽ മറ്റ് ബ്രേക്കിങ് ന്യൂസുകൾക്ക് കൂടുതൽ സ്ഥലവും സമയവും നൽകേണ്ടിവരുന്നതോടെ ഈ പ്രവണത അവസാനിക്കാനാണ് സാധ്യത.
കൊൽക്കത്ത ബലാത്സംഗ കേസിനുശേഷം അഡ്വ. വൃന്ദഗ്രോവറുമായി ദ ന്യൂസ് മിനിറ്റ് നടത്തിയ അഭിമുഖം ക്രിമിനൽ നീതിന്യായ വ്യവസ്ഥയെക്കുറിച്ചും അതിന്റെ പരാജയത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് നൽകുന്നു. നിയമത്തിന്റെ അഭാവമല്ല മറിച്ച് അത് നടപ്പാക്കുന്ന രീതിയോ നടപ്പാക്കാത്തതോ ആണ് സ്ത്രീകളെ ബാധിക്കുന്നതെന്ന് അവർ നമ്മെ ഓർമിപ്പിക്കുന്നു. നീതിന്യായ വ്യവസ്ഥയാണ് സ്ത്രീകളെ, പ്രത്യേകിച്ച് ശബ്ദമില്ലാത്ത പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകളെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ദ ഹിന്ദു മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകയുമായ ലേഖിക newslaundry.comൽ എഴുതിയ നീണ്ട കുറിപ്പിന്റെ സംഗ്രഹ വിവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.