ഈ മരണങ്ങള്‍ എന്തിന്‍റെ സൂചനയാണ്...?
text_fieldsചിലപ്പോള്‍ മറ്റൊരു നഗരത്തിലുമുണ്ടാവില്ല ഇങ്ങനെ തെളിനീര്‍ തരുന്നൊരു നീരുറവ. രാജഭരണകാലത്ത് കുളിക്കാന്‍ ഉണ്ടാക്കിയ കുളം കാലപ്പഴക്കത്തില്‍ കോഴിക്കോട് നഗരത്തിന്‍റെ കുടിവെള്ള വാഹിനിയായി മാറിയതാണ് മാനാഞ്ചിറയുടെ ചരിത്രം. കാലങ്ങളായി നഗര ജീവിതത്തിന്‍റെ തൊണ്ട നനയ്ക്കുന്ന മാനാഞ്ചിറയില്‍ ഇപ്പോള്‍ കാണുന്നത് പടുമരണത്തിന്‍റെ ദാരുണ ദൃശ്യങ്ങളാണ്.
ഇപ്പോഴും അടിത്തട്ട് കാണാവുന്ന വിധം തെളിഞ്ഞ മാനാഞ്ചിറയില്‍ കളിച്ചുപുളച്ച മീനുകള്‍ കൂട്ടത്തോടെ ചത്തു പൊന്തിയപ്പോള്‍ നഗരവാസികള്‍ ഞെട്ടിപ്പോയി. ശുദ്ധജലമെന്ന പരിപൂര്‍ണ ഉറപ്പില്‍ കുടിച്ചുപോരുന്ന വെള്ളത്തില്‍ എന്തുകൊണ്ടായിരിക്കാം മീനുകള്‍ ചത്തുപൊന്തിയത്. ഒന്നുകില്‍, വിഷം കലര്‍ന്നിരിക്കണം. അല്ലെങ്കില്‍, ഓക്സിജന്‍റെ അളവ് ഗണ്യമായി വെള്ളത്തില്‍ കുറഞ്ഞിരിക്കണം. രണ്ടായാലും കുടിവെള്ളത്തെക്കുറിച്ച് ഭീതിപ്പെടുത്തുന്ന വെളിപ്പെടലാണ് മീനുകളുടെ ഈ കൂട്ടമരണം.
3.49 ഏക്കര്‍ വിസ്താരത്തില്‍ ചതുരാകൃതിയില്‍ കിടക്കുന്ന ഈ കുളം ഒരു വിസ്മയമാണ്. നഗരമധ്യത്തിലെ ജലാശയങ്ങള്‍ ചവറു തള്ളാനുള്ള കുഴികളായി മാറുകയോ, കോണ്‍ക്രീറ്റ് കോട്ടകള്‍ക്കടിയില്‍ പെടുകയോ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കോഴിക്കോട് പോലൊരു വലിയ നഗരത്തില്‍ പരിക്കുകളില്ലാതെ മാനാഞ്ചിറ നിലനില്‍ക്കുന്നത്. 14ാം നൂറ്റാണ്ടില്‍ കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്‍ രാജക്ക് കുളിക്കാനായി മനുഷ്യരാല്‍ നിര്‍മിക്കപ്പെട്ടു എന്നാണ് മാനാഞ്ചിറയുടെ പൂര്‍വചരിതം.
19ാം നൂറ്റാണ്ടിന്‍റെ അവസാനം കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സില്‍ ഇറക്കിയ പ്രത്യേക ഉത്തരവിലൂടെ കുളി നിര്‍ത്തി കുടിയാക്കി മാറ്റുകയായിരുന്നു. അലക്കലും നീന്തലുമൊക്കെ നിര്‍ത്തി കുടിക്കാന്‍ മാത്രമായി പരിരക്ഷിച്ചുപോരുകയായിരുന്നു. നഗരത്തിലെ സമാനമായ പല കുളങ്ങളും ഒൗദ്യോഗികമായിതന്നെ കൈയേറ്റത്തിന് വിധേയമായപ്പോള്‍ എല്ലാ ആക്രമണങ്ങളില്‍നിന്നും പരിരക്ഷിക്കപ്പെട്ടുപോന്നു മാനാഞ്ചിറ. നഗരത്തിലെ കണ്ടംകുളം നികത്തി ജൂബിലി ഹാള്‍ നിര്‍മിച്ചത് നഗരസഭ തന്നെയായിരുന്നു. എന്നിട്ടും, കൊടുംവേനലുകള്‍ അനവധി കടന്നുപോയിട്ടും മാനാഞ്ചിറ മനുഷ്യകോടികളുടെ ദാഹമകറ്റി വറ്റാതെ വരളാതെ തെളിഞ്ഞുകിടന്നു. ആ മാനാഞ്ചിറയില്‍ നിന്നാണ് കൂട്ടമരണത്തിന്‍റെ ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍ വെളിപ്പെടുന്നത്.
പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദഗ്ധര്‍ മുമ്പ് നടത്തിയ പഠനങ്ങളില്‍ മാനാഞ്ചിറയില്‍ മഴക്കാലത്ത് ബാക്ടീരിയകളുടെ അളവ് കൂടുന്നതായി കണ്ടെത്തിയിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജലവിഭവ വികസന കേന്ദ്രത്തിന്‍റെ (CWRDM) സഹായവും സന്നദ്ധ സംഘടനകളുടെ സഹകരണവുമായാണ് മാനാഞ്ചിറ പരിരക്ഷിക്കപ്പെടുന്നത്.
ഇതുവരെ അനുഭവപ്പെട്ടതിനെക്കാള്‍ കടുത്ത വരള്‍ച്ചയിലേക്ക് കേരളം നീങ്ങുകയാണ്. മരുഭൂമിയില്‍ അനുഭവപ്പെടുന്ന കാലാവസ്ഥയിലേക്ക് കേരളം എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന് വിദഗ്ധര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. വരണ്ട കാലാവസ്ഥയില്‍ വളരുന്ന ചെടികളും പച്ചക്കറികളും വിളയാന്‍ കേരളം പാകപ്പെട്ടു തുടങ്ങിയിരിക്കുന്നത് ചില അപായസൂചനകള്‍ നല്‍കുന്നതായി ഈ രംഗത്ത് പഠനം നടത്തുന്നവര്‍ പറയുന്നു.
കുടിവെള്ളത്തിനായി കുടവുമെടുത്ത് നെട്ടോട്ടമോടുന്ന കേരളത്തെ ഇതിനുമുമ്പ് ഇത്ര പരിചയമുണ്ടായിരുന്നില്ല. നെയ്യാറില്‍ വെള്ളം വറ്റിയപ്പോള്‍ തിരുവനന്തപുരം നഗരം കുടിവെള്ളത്തിനായി പരക്കം പായുകയാണ്. ഓരോ ദിവസവും കുടിവെളള സ്രോതസ്സുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് അവശേഷിക്കുന്ന കുടിവെള്ളത്തില്‍നിന്ന് ജീവന്‍റെ കണികകള്‍ പറന്നു പോകുന്നത്.
ബംഗളൂരു നഗരത്തിലെ ബെല്ലന്തൂര്‍ തടാകം പതഞ്ഞുപൊന്തുകയും മീനുകള്‍ ചത്തുപൊന്തുകയും ചെയ്തത് അടുത്തിടെയാണ്. വീടുകളിലെ വാഷിങ് മെഷീനുകളില്‍നിന്ന് അനിയന്ത്രിതമായി ഒഴുക്കിവിട്ട ഡിറ്റര്‍ജന്‍റുകളായിരുന്നു വില്ലന്‍. കനോലി കനാലില്‍ മീനുകള്‍ ചത്തുപൊന്തിയതും മലിനീകരണം പരിധി വിട്ടപ്പോഴാണ്. പെരിയാറില്‍ മാലിന്യത്തിന്‍റെ തോത് രൂക്ഷമാകുമ്പോള്‍ ജീവികള്‍ ചത്തുമലയ്ക്കുന്നത് ഇപ്പോള്‍ വാര്‍ത്തയല്ലാതായിരിക്കുന്നു.
ഫാക്ടറികളില്‍നിന്നും വീടുകളില്‍നിന്നും ഒഴുക്കിവിടുന്ന മാലിന്യങ്ങളാണ് പലയിടങ്ങളിലെയും മീനുകളുടെ അന്തകനായത്. പക്ഷേ, ശുദ്ധജലം എന്ന് വിശ്വസിക്കുന്ന മാനാഞ്ചിറയില്‍ മീനുകളുടെ ജീവനറ്റുവീഴുമ്പോള്‍ അത് നല്‍കുന്ന സൂചന കടുത്തതാണ്. വെള്ളത്തില്‍ ഓക്സിജന്‍റെ അളവ് കുറയുന്നതാണ് ഒരു സൂചന. രാസവസ്തുക്കളുടെ അളവ് ജലസ്രോതസ്സുകളിലേക്ക് അരിച്ചിറങ്ങുന്നതുമാകാം..
മറ്റൊരു സൂചന ശാസ്ത്രകാരന്മാര്‍ വിശദീകരിക്കുന്നത് ജലത്തിന്‍റെ ചൂട് കൂടുന്നതു കൊണ്ടായിരിക്കാമെന്നാണ്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായി കേരളത്തിലെ താപനില മുന്‍കാലങ്ങളെ അപേക്ഷിച്ച് അതി രൂക്ഷമായിരിക്കുന്നു. അവസാനത്തെ കുടിവെള്ളത്തിനു മേലും ഭയത്തിന്‍റെ നിഴലുകള്‍ വീണു തുടങ്ങിയിരിക്കുന്നു. അപ്പോഴും കൈയകലത്തില്‍ കുപ്പിവെള്ളമുണ്ടെന്ന ആശ്വാസമാണെങ്കില്‍ അറിയുക അത് ജീവന്‍റെ കണിക പേരിനു പോലുമില്ലാത്ത, നിറങ്ങളില്ലാത്ത ഒഴുകുന്ന എന്തോ ഒന്നായിരിക്കില്ലെന്ന് എന്തുറപ്പാണ്...?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.