ഡൽഹിയിൽനിന്നൊരു പാലം പണിയുമ്പോൾ
text_fieldsകേന്ദ്രവും കേരളവും ആരു ഭരിച്ചാലും ഓരോ സംസ്ഥാനത്തിനും അർഹതപ്പെട്ടത് കിട്ടേണ്ട സമയത്ത് കിട്ടണം. അതിന് വ്യക്തിബന്ധം മാനദണ്ഡമാകുന്നത് ഒരു സംസ്ഥാന സർക്കാറും അംഗീകരിക്കാൻ പാടില്ല. ഫാഷിസത്തിന് ബദൽ മുന്നോട്ടുവെക്കേണ്ട ഇടതുഭരണകൂടം ഒരിക്കലും അംഗീകരിച്ചുകൂടാ. കെ.വി. തോമസിന്‍റെ നിയമനത്തിന് സി.പി.എം പറയുന്ന ന്യായീകരണം സത്യത്തിൽ പിണറായി സർക്കാറിന്‍റെ ഇടത് അസ്ഥിത്വംതന്നെ ചോദ്യം ചെയ്യുന്നതായി മാറുന്നത് അതുകൊണ്ടാണ്.
കാത്തുകാത്തിരുന്ന ആ തീരുമാനം വന്നു. കെ.വി. തോമസിന് ഒരു ഇരിപ്പിടമായി. ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ, സംസ്ഥാന സർക്കാറിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്നിവയിലൊന്ന് തിരഞ്ഞെടുത്തോളാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫർ. ഡൽഹിയിലെ ചൂടും തണുപ്പും ആസ്വദിച്ച് കൊതിതീർന്നിട്ടില്ലാത്തതിനാൽ ആ പദവി സ്വീകരിച്ചു.
അഞ്ചു പതിറ്റാണ്ട് കേരളത്തിലും കേന്ദ്രത്തിലും ജനപ്രതിനിധിയും മന്ത്രിയുമൊക്കെയായി സേവിച്ചിട്ടും കൊതിതീർന്നില്ലെന്ന് തുറന്നുപറഞ്ഞിരുന്നു ഹൈകമാൻഡിനോട്. അവർ കൈവിട്ടതോടെ മാഷ് ഉടക്കി പുറത്തുപോന്നു. കോൺഗ്രസ് കൈവെടിഞ്ഞ തോമസിന് കാബിനറ്റ് പദവി താലത്തിൽ വെച്ചുനൽകുന്നത് രണ്ടു ടേം പൂർത്തിയാക്കിയതിന്‍റെ പേരിൽ മുതിർന്ന നേതാക്കൾക്ക് മത്സരിക്കാൻ സീറ്റ് നിഷേധിച്ച, 75 കഴിഞ്ഞവരെ പാർട്ടി നേതൃത്വത്തിൽനിന്ന് ഒഴിവാക്കിയ സി.പി.എം ആകുമ്പോൾ ചോദ്യങ്ങൾ പലതുണ്ട്.
കേന്ദ്രത്തിൽനിന്ന് കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കുക എന്നതാണ് പുതിയ പദവിയിൽ അദ്ദേഹത്തെ ഏൽപിച്ചിരിക്കുന്ന ദൗത്യം. അതിനായി കേരള ഹൗസിൽ ഓഫിസും സ്റ്റാഫും കാറുമൊക്കെ ഒരുക്കുന്നുമുണ്ട്. ഡൽഹിയിൽ കേരളത്തിന്‍റെ കാര്യങ്ങൾ നോക്കാൻ നിലവിൽ രണ്ടുപേരും ഓഫിസും സ്റ്റാഫുമൊക്കെ അവിടെയുണ്ട്. കേരള ഹൗസ് റസിഡന്‍റ് കമീഷണറായ ഐ.എ.എസുകാരനാണ് ഒന്ന്. അത് സ്ഥിരം തസ്തികയാണ്. വിരമിച്ച നയതന്ത്രജ്ഞൻ വേണു രാജാമണിയാണ് രണ്ടാമൻ.
അത് രണ്ടാം പിണറായി സർക്കാർ വന്നതിനുശേഷമുള്ള നിയമനമാണ്. യുക്രെയ്നിൽ റഷ്യൻ അധിനിവേശം തുടങ്ങിയതോടെ ദുരിതത്തിലായ ഇന്ത്യൻ വിദ്യാർഥികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ നയതന്ത്ര പരിചയം ഗുണം ചെയ്തു. പഴയ കോൺഗ്രസ് നേതാവ് ഡൽഹിയിൽനിന്ന് കേരളത്തിന് എന്താണ് നൽകാൻ പോകുന്നതെന്ന ചോദ്യത്തിന് പക്ഷേ, മറുപടിയൊന്നുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നേതാക്കളുമായുള്ള കെ.വി. തോമസിന്‍റെ അടുപ്പം സംസ്ഥാനത്തിനായി ഉപയോഗപ്പെടുമെന്നാണ് ഇടതു കേന്ദ്രങ്ങളുടെ ന്യായീകരണം.
അങ്ങനെയെങ്കിൽ, കേരളത്തിലെ ഇടതുസർക്കാറിന് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിൽനിന്ന് കാര്യങ്ങൾ നടത്തിയെടുക്കാൻ മുൻ കോൺഗ്രസുകാരനായ തോമസ് മാഷ് അനിവാര്യനാകുന്നത് വല്ലാത്തൊരു സാഹചര്യമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തിൽ കേന്ദ്രത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് കിട്ടാനുള്ളത് ലഭിക്കാനുള്ള മാനദണ്ഡം വ്യക്തിബന്ധമല്ല. കേന്ദ്രവും കേരളവും ആരു ഭരിച്ചാലും പദവിയിൽ ആരായാലും ഓരോ സംസ്ഥാനത്തിനും അർഹതപ്പെട്ടത് കിട്ടേണ്ട സമയത്ത് കിട്ടണം.
അതിന് വ്യക്തിബന്ധം മാനദണ്ഡമാകുന്നത് ഒരു സംസ്ഥാന സർക്കാറും അംഗീകരിക്കാൻ പാടില്ല. ഫാഷിസത്തിന് ബദൽ മുന്നോട്ടുവെക്കേണ്ട ഒരു ഇടതുഭരണകൂടം ഒരിക്കലും അംഗീകരിച്ചുകൂടാ. കെ.വി. തോമസിന്‍റെ നിയമനത്തിന് സി.പി.എം പറയുന്ന ന്യായീകരണം സത്യത്തിൽ പിണറായി സർക്കാറിന്‍റെ ഇടത് അസ്ഥിത്വം തന്നെ ചോദ്യം ചെയ്യുന്നതായി മാറുന്നത് അതുകൊണ്ടാണ്.
കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സെമിനാറിൽ ഹൈകമാൻഡ് വിലക്ക് ലംഘിച്ച് പങ്കെടുത്തതിന് പിന്നാലെയാണ് കെ.വി. തോമസ് കോൺഗ്രസിൽനിന്ന് പുറത്താകുന്നത്. ഹൈകമാൻഡ് നടപടിയെടുത്താൽ കെ.വി. തോമസ് അനാഥമാകില്ലെന്ന് അന്നേ സി.പി.എം നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചതാണ്.
കാലുമാറ്റത്തിനുള്ള പരസ്യക്ഷണവും പ്രലോഭനവുമായിരുന്നു അത്. ഈ നിയമനത്തിലൂടെ സി.പി.എം വാക്കു പാലിക്കുകയും ചെയ്തിരിക്കുന്നു. നേതാക്കളെ വിലക്കെടുത്ത് പ്രതിപക്ഷ പാർട്ടികളെ ദുർബലമാക്കുകയെന്നത് നരേന്ദ്രമോദി - അമിത് ഷാ കൂട്ടുകെട്ട് രാജ്യത്തുടനീളം പരീക്ഷിച്ച് വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന തന്ത്രമാണ്. അക്കാര്യത്തിൽ ബി.ജെ.പിയെ കടന്നാക്രമിക്കുന്നതിൽ മുന്നിലുള്ള പാർട്ടിയായ സി.പി.എമ്മാണ് കേരളത്തിൽ പദവിയെച്ചൊല്ലി പിണങ്ങിയ ഒരു കോൺഗ്രസ് നേതാവിനെ പദവി നൽകി തലയിലേറ്റി വെച്ചിരിക്കുന്നത്.
രാജ്യത്ത് ബാക്കിയുള്ള ഏക ഇടത് ഭരണകൂടമാണ് കേരളത്തിലേത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ചുവപ്പിന്‍റെ കനൽ കെടാതിരിക്കണമെങ്കിൽ ജനപക്ഷ ബദൽ നയങ്ങൾ മുന്നോട്ടുവെച്ച് ജനഹൃദയം കവരാൻ പിണറായി സർക്കാറിന് കഴിയണം. അതുണ്ടാകുന്നുണ്ടോയെന്ന പരിശോധനയിൽ നിരാശയാണ് ഫലം. മുംബൈ-അഹ് മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ കുടിയിറക്കപ്പെടുന്നവരുടെ പ്രശ്നങ്ങളുയർത്തി സമരരംഗത്തുള്ളത് അവിടത്തെ സി.പി.എമ്മുകാരാണ്. ആ സമരത്തിന് നേതൃത്വം നൽകുന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്ളയെ കണ്ണൂർ പാർട്ടി കോൺഗ്രസ് വേദിയിൽ കണ്ടപ്പോൾ കേരളത്തിലെ സിൽവർ ലൈനിക്കുറിച്ച് ചോദിച്ചു.
ഒരു ചെറു ചിരി മാത്രമായിരുന്നു മറുപടി. ചോദ്യം ആവർത്തിച്ചപ്പോൾ ഒന്നും മിണ്ടാതെ തൊഴുകൈയോടെ മാറിനടന്നു. സിൽവർലൈൻ അഭിമാന പദ്ധതിയായി അവതരിപ്പിക്കുന്ന പിണറായി വിജയനെതിരെ അദ്ദേഹത്തിന് ഒന്നും പറയാൻ കഴിയുമായിരുന്നില്ല. ബംഗാളിലെയും ത്രിപുരയിലെയും തകർച്ച സി.പി.എം കേന്ദ്ര നേതൃത്വത്തെ അത്രമേൽ ദുർബലരും ഭരണത്തുടർച്ച പിണറായി വിജയനെയും കേരള ഘടകത്തെയും പ്രബലരുമാക്കിയിരിക്കുന്നു. അതുകൊണ്ടാണ് കാലുമാറ്റത്തിന് കുടപിടിക്കുന്നതിൽ എതിർപ്പുള്ള കേന്ദ്രനേതൃത്വത്തിനുപോലും ഈ അനാവശ്യ നിയമനത്തിനെതിരെ വാ തുറക്കാൻ കഴിയാതെ പോകുന്നത്.
കെ.വി. തോമസിനെ തോളിലേറ്റി നടന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് സി.പി.എം പ്രതീക്ഷ വെച്ചിരുന്നു. അത് എട്ടുനിലയിൽ പൊട്ടി. തോൽവി കനത്തതായതിനാലാണ് ഡൽഹി നിയമനം ഇത്രയും വൈകിയത്. ഹൈകമാൻഡുമായുള്ള പ്രത്യേക അടുപ്പത്തിന്‍റെ പേരിൽ ഇടതുപക്ഷത്തിന്‍റെ നിരന്തര പരിഹാസത്തിന് പാത്രമായ തോമസിനെ പുണരുന്നതിൽ സി.പി.എം നേതാക്കളിലും അണികളിലും പരക്കെ അമർഷമുണ്ട്.
എല്ലാം ഒരാൾ തീരുമാനിക്കുകയും മറ്റുള്ളവർ ഏറ്റുപറയുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ അതൊന്നും പാർട്ടിയിൽ ചർച്ചയാകുന്നില്ലെന്നുമാത്രം. കേരളത്തിനോ സി.പി.എമ്മിനോവേണ്ടി കെ.വി. തോമസ് ഡൽഹിയിലിരുന്ന് കാര്യമായി എന്തെങ്കിലും സംഭാവന ചെയ്തേക്കുമെന്ന് പിണറായി വിജയൻ പോലും വിശ്വസിക്കുന്നുണ്ടാകില്ല. എന്നിട്ടും ജനങ്ങളുടെ മേൽ അധികഭാരം ചുമത്തി ഇങ്ങനൊരു കാബിനറ്റ് പദവി നൽകുന്നത് മറ്റു പലതും കണ്ടിട്ടാണ്.
പിൻകുറി: കേന്ദ്രവും സംസ്ഥാനവും തമ്മിലെ പാലമെന്ന് സി.പി.എമ്മുകാർ ന്യായീകരിക്കുമ്പോൾ മോദി - പിണറായി ഇടപാടിന്‍റെ പാലമെന്നാണ് കെ.വി. തോമസിന്‍റെ പദവിയെ കോൺഗ്രസുകാർ പരിഹസിക്കുന്നത്. യു.പി.എ സർക്കാർ കാലത്ത് പാർലമെന്‍റിന്‍റെ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചെയർമാനായിരുന്ന മുരളി മനോഹർ ജോഷിയാണ് 2ജി കുംഭകോണം ചർച്ചയാക്കി യു.പി.എയുടെ പതനത്തിന് അരങ്ങൊരുക്കിയത്. ഒന്നാം മോദി കാലത്ത് കെ.വി. തോമസായിരുന്നു പി.എ.സി ചെയർമാൻ. റഫാൽ ഇടപാട് ഉൾപ്പെടെ മോദിക്കെതിരെ വന്ന ആക്ഷേപങ്ങൾ ചർച്ചയാക്കാൻ കഴിയുമായിരുന്നെങ്കിലും പി.എ.സി അതിലൊന്നും കാര്യമായി ഇടപെട്ടതായി കണ്ടിട്ടില്ല. ഓരോ കസേരയും ഒരുപാട് സാധ്യതകളുടേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.