‘ലബ് പേ ആതി ഹേ ദുആ’ എന്ന കുറ്റകൃത്യം!
text_fieldsയു.പിയിൽ ബാല്യം ചെലവിട്ട മറ്റു പലരെയും പോലെ വസീറുദ്ദീന് സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു മഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാൽ രചിച്ച ലബ് പേ ആതി ഹേ ദുആ എന്നു തുടങ്ങുന്ന പദ്യം. അന്ന് എല്ലാവരും ചൊല്ലിനടക്കുമായിരുന്നു അതിലെ വരികൾ, പക്ഷേ ഇന്ന് കാലം മാറിയിരിക്കുന്നുവെന്ന് ആ അധ്യാപകൻ തന്റെ ജീവിതാനുഭവങ്ങൾകൊണ്ട് തിരിച്ചറിയുന്നു.
ബറേലിയിലെ സർക്കാർ സ്കൂളിലെ ‘ശിക്ഷാമിത്ര’ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടിരിക്കുന്നു, പത്തുദിവസം ജയിലിൽ കഴിയേണ്ടിവന്നു- അദ്ദേഹത്തിന്റെ വിദ്യാർഥികൾ ‘ലബ്പേ ആതി ഹെ ദുആ’ ചൊല്ലുന്ന വിഡിയോ കണ്ട് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പ്രതിഷേധവും പ്രശ്നങ്ങളുമായി വന്നതാണ് തുടക്കം. കുട്ടികളെ ഇസ്ലാം മതത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നുവെന്നും അവർ ആരോപിച്ചു.
വി.എച്ച്.പി നൽകിയ പരാതിയെത്തുടർന്ന് വസീറുദ്ദീനും മറ്റൊരു ടീച്ചർക്കുമെതിരെ മതവികാരം വ്രണപ്പെടുത്തൽ, കലാപത്തിന് പ്രകോപനം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഐ.പി.സി 298, 153 വകുപ്പുകൾ പ്രകാരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഈ പദ്യത്തിന്റെ പേരിൽ ഹിന്ദുത്വ സംഘടനകളുടെ പ്രേരണക്കുവഴങ്ങി പൊലീസ് നടപടിയെടുത്തത് ഒറ്റപ്പെട്ട സംഭവമല്ല. മൂന്നാഴ്ച മുമ്പ് ഹാഥറസിലെ ഒരു സ്കൂളിനുമുന്നിൽ ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ രക്ഷിതാക്കളെത്തി, അമുസ്ലിം കുട്ടികളെ നമസ്കാരം നിർവഹിക്കാൻ അധികൃതർ നിർബന്ധിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
എന്നാൽ, ബി.എൽ.എസ് ഇന്റർനാഷനൽ സ്കൂൾ അധികൃതർ ഈ ആരോപണം നിഷേധിക്കുന്നു. ലോക പൈതൃക ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ ‘ലബ് പേ ആതി ഹേ ദുആ’ ആലപിച്ചതിനെയാണ് തെറ്റായി ചിത്രീകരിച്ചത്. പ്രിൻസിപ്പലും രണ്ട് അധ്യാപകരും സസ്പെൻഡ് ചെയ്യപ്പെട്ടു.
ജില്ല ഭരണകൂടം വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. വിഡിയോ പരിശോധിച്ചതിൽനിന്ന്, ആരോപിക്കുന്ന വിധത്തിലുള്ള എന്തെങ്കിലും കണ്ടെത്താനായിട്ടില്ലെന്നും അതൊരു സാംസ്കാരിക പരിപാടി മാത്രമായിരുന്നുവെന്നും ജില്ല മജിസ്ട്രേറ്റ് അർച്ച വർമ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പക്ഷേ അധ്യാപകർ ഇപ്പോഴും സസ്പെൻഷനിലാണ്.
‘‘പരിപാടിയിൽ നമസ്കാരം ഒന്നും ഉണ്ടായിരുന്നില്ല, ഞങ്ങൾ സ്കൂൾ ഡയറിയിൽനിന്ന് ദേശഭക്തി ഗാനങ്ങളും പ്രാർഥനകളും ആലപിക്കുക മാത്രമാണ് ചെയ്തത്, ഒരു കാരണവുമില്ലാതെയാണ് ഞങ്ങളുടെ പ്രിൻസിപ്പലിനെയും ടീച്ചർമാരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്’’ എന്നാണ് 16 വയസ്സുള്ള ഒരു വിദ്യാർഥി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്.
പുറത്താക്കപ്പെട്ട അധ്യാപകരെ തിരിച്ചെടുക്കുന്നത് തീരുമാനിക്കാൻ ജില്ല ഭരണകൂടത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് സ്കൂൾ വൈസ് പ്രിൻസിപ്പൽ കർണിക ശ്രീവാസ്തവ, സ്ക്രോൾ ഡോട്ട്കോമിനോട് പ്രതികരിച്ചു. സാധാരണ ഗതിയിൽ ഇത്തരമൊരു അന്വേഷണം പൂർത്തിയാവാൻ അഞ്ചു ദിവസം മതി.
എന്നാൽ, ‘മുനിസിപ്പൽ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നതിനാൽ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ കൂടുതൽ സമയമെടുക്കു’മെന്നാണ് ഹാഥറസ് സബ് ജില്ല മജിസ്ട്രേറ്റ് അശുതോഷ് കുമാർ അറിയിച്ചത്.
മൂന്ന് പതിറ്റാണ്ടുകാലത്തെ അധ്യാപക പരിചയമുള്ള വസീറുദ്ദീൻ ജയിൽ മോചിതനായശേഷം ഉപജീവനത്തിന് മാർഗമില്ലാതെ അടുത്തുള്ള പട്ടണത്തിലെ വയലുകളിൽപോലും പോയി ജോലി ചെയ്തു. ജോലിയിൽ തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നെങ്കിലും അതിന് ഇനിയും സമയമെടുത്തേക്കും.
ഇന്ത്യയുടെ ജനപ്രിയ ദേശഭക്തിഗാനമായ സാരേ ജഹാം സേ അച്ഛായുടെ രചയിതാവായ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ 1902ൽ എഴുതിയ ലബ് പേ ആതി ഹേ ദുആ കുഞ്ഞുങ്ങളുടെ പ്രാർഥന എന്നാണ് പരക്കെ അറിയപ്പെടുന്നത്.
ഇരുൾനീങ്ങി പ്രകാശം പുലരുന്നൊരു ലോകം തേടുന്ന കുഞ്ഞിന്റെ ആഗ്രഹങ്ങളാണ് ഇതിന്റെ ഇതിവൃത്തം. ഉത്തരേന്ത്യയിലെ സ്കൂളുകളിലെമ്പാടും പതിറ്റാണ്ടുകളായി ആലപിച്ചുപോരുന്ന ഈ കവിത ജഗ്ജിത് സിങ്ങിനെപ്പോലുള്ള ഗായകരുടെ ശബ്ദത്തിലും നാം കേൾക്കുന്നു.
നിലച്ചുപോയ ആലാപനം
‘ഈ കവിത ഞങ്ങളുടെ സ്കൂളിൽ പതിവായി ചൊല്ലിയിരുന്നു, എൻ.സി.ഇ.ആർ.ടി സിലബസ് പ്രകാരമുള്ള ഉർദു പാഠപുസ്തകത്തിന്റെ തുടക്കത്തിലും ഇത് ചേർത്തിരുന്നു’-പിലിബിത്തിലെ അധ്യാപകനായ ഫുർഖാൻ അലി പറയുന്നു. 2019ൽ ഗയാസ് പുരിലെ ഒരു പ്രൈമറി സ്കൂളിൽ പ്രഥമാധ്യാപകനായിരിക്കെ, മദ്റസകളിൽ ചൊല്ലുന്ന പാട്ട് കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് പാടിക്കുന്നു എന്നാരോപിച്ച് വി.എച്ച്.പി ഫുർഖാൻ അലിക്കെതിരെ പരാതി നൽകി.
അന്വേഷണം നടത്തിയ മേഖല വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. എന്നാൽ, നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിക്കുകയും മാധ്യമങ്ങളിൽ വാർത്തവരുകയും ചെയ്തതോടെ അധികൃതർക്ക് മൂന്നുദിവസം കൊണ്ട് തീരുമാനം പിൻവലിച്ച് ജോലിയിൽ തിരിച്ചെടുക്കേണ്ടിവന്നു.
ജോലി നഷ്ടപ്പെട്ടില്ലെങ്കിലും ഫുർഖാൻ അലിക്ക് കഷ്ടതകൾക്ക് കുറവുണ്ടായില്ല. വിദ്യാർഥികൾക്ക് പുസ്തകങ്ങളും യൂനിഫോമും സമയത്തിന് വിതരണം ചെയ്തില്ല എന്നൊരു ആരോപണം കെട്ടിച്ചമക്കാൻ ശ്രമമുണ്ടായി. അതും ഫലിച്ചില്ല. പക്ഷേ, എട്ടുവർഷം സേവനമനുഷ്ഠിച്ച സ്കൂളിൽനിന്ന് സ്ഥലം മാറ്റി.
ഇപ്പോഴുള്ള സ്കൂളിൽ ഉർദു പഠിപ്പിക്കുന്നില്ല, ഒന്നാം ക്ലാസിലെ കുട്ടികൾക്ക് കണക്കും ഹിന്ദിയും പഠിപ്പിക്കുകയെന്നല്ലാതെ മറ്റ് ഉത്തരവാദിത്തങ്ങൾ നൽകിയിട്ടില്ല. പിലിബിത്തിലെ സ്കൂളിലിപ്പോൾ ആരും ലബ് പേ ആതി ഹേ ആലപിക്കാറുമില്ല. തന്റെ മതവിശ്വാസത്തോടുള്ള പകപോക്കലാണ് ഈ നടപടികളെല്ലാമെന്ന് അദ്ദേഹം കരുതുന്നു.
മേരെ അല്ലാഹ് ബുരായി സെ ബച്ചാനാ മുജ്കോ
വസീറുദ്ദീൻ പഠിപ്പിച്ച സ്കൂളിൽ ഉർദു മീഡിയമാണ്. സ്കൂളിലെ കുട്ടികളിൽ അധികവും മുസ്ലിം വീടുകളിൽനിന്ന് വരുന്നവർ. 2022 ഡിസംബർ 23ന് ക്ലാസെടുത്തുകൊണ്ടിരിക്കെയാണ് രണ്ട് പൊലീസുകാർ സ്കൂളിൽ വന്നത്. ചോദ്യം ചെയ്യാനെന്നുപറഞ്ഞാണ് വസീറുദ്ദീനെ വിളിച്ചുകൊണ്ടുപോയതെങ്കിലും സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്തു.
തലേ ദിവസം സ്കൂൾ വിടുന്നതിനുമുമ്പ് ഒരുകൂട്ടം കുട്ടികൾ സ്കൂൾ വരാന്തയിൽനിന്ന് ‘ലബ് പേ ആതി ഹെ ദുആ’ ആലപിച്ചിരുന്നു. സ്കൂളിലെ ഒരു അനധ്യാപകൻ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലാവുകയും ഹിന്ദുത്വ പ്രവർത്തകർ ഇളകി വസീറുദ്ദീനും മുഖ്യ അധ്യാപിക നഹീദ് സിദ്ദീഖിനുമെതിരെ പരാതി നൽകുകയും ചെയ്തു.
നഹീദ് സിദ്ദീഖ് ആ ദിവസം സ്കൂളിൽ ഇല്ലാഞ്ഞതിനാൽ അവർക്കെതിരെ നടപടിയേതുമുണ്ടായില്ല. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ട് പ്രകാരം മേരെ അല്ലാഹ് ബുരായി സെ ബച്ചാനാ മുജ്കോ (എല്ലാ തിന്മകളിൽനിന്നും എന്നെ കാത്തുകൊള്ളണേ ദൈവമേ) എന്ന വരിയാണ് വി.എച്ച്.പിക്കാർ പ്രശ്നമായി പറയുന്നത്.
മതപരമായ പ്രാർഥന നടത്തിയ വസീറുദ്ദീൻ തെറ്റുകാരനാണെന്ന് ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതർ കണ്ടെത്തി. മുമ്പും ഇത് ആലപിക്കുന്നതിനെതിരെ മറ്റ് അധ്യാപകർ പ്രതിഷേധമറിയിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. എന്നാൽ, ഇത് സ്കൂളിൽ എല്ലാ ആഴ്ചയിലും ചൊല്ലാറുണ്ടെന്നും ആ വിഡിയോ വൈറലാവുന്നതുവരെ ആരും പ്രശ്നം പറഞ്ഞിട്ടില്ലെന്നും തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം പോലും നൽകിയില്ലെന്നും വസീറുദ്ദീൻ പരിതപിക്കുന്നു.
മാധ്യമങ്ങളും വി.എച്ച്.പിയും ചെലുത്തിയ സമ്മർദ രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന ആരോപണം വിദ്യാഭ്യാസ വകുപ്പ് അധികൃതർ നിഷേധിക്കുന്നു. അനുവദനീയമല്ലാത്ത വിധം കുട്ടികളെക്കൊണ്ട് പ്രാർഥന ചൊല്ലിച്ചതിനാലാണ് പുറത്താക്കിയത് എന്നാണ് ബറേലിയിലെ പ്രാഥമിക ശിക്ഷാ അധികാരി വിനയ് കുമാർ വ്യക്തമാക്കിയത്.
അപരവത്കരണത്തിന്റെ അധ്യായം
തികച്ചും ലളിതമായ ഒരു പ്രാർഥനയുടെ പേരിൽ സൃഷ്ടിക്കുന്ന തർക്കം മുസ്ലിം സംസ്കാരവുമായി ബന്ധപ്പെട്ട അടയാളങ്ങളെ സംശയ ദൃഷ്ടിയിൽ നിർത്തുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമാണെന്ന് പലരും വിശ്വസിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്തരീക്ഷംതന്നെ അടിമുടി മാറിയതായി ലഖ്നോ സർവകലാശാലയിലെ പ്രഫസർ സുധീർ പൻവാർ പറയുന്നു. പടിഞ്ഞാറൻ യു.പിയിലെ ശാംലി മേഖലയിൽ വളർന്ന അദ്ദേഹത്തിന് ഇപ്പോൾ സംഭവിക്കുന്ന പല കാര്യങ്ങളും വിശ്വസിക്കാനേ പറ്റുന്നില്ല.
സമുദായങ്ങളെ തമ്മിൽ വിഘടിപ്പിക്കാനുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ശ്രമങ്ങളുടെ ഭാഗമാണ് ‘ലബ് പേ ആതി ഹേ ദുആ’ പോലുള്ള കവിതകളെച്ചൊല്ലിയുള്ള വിവാദം.
‘‘ഇത്തരം വിവാദങ്ങൾ ചിലത് ആകസ്മികമായി സംഭവിക്കുന്നതും പലപ്പോഴും ആസൂത്രിതവുമാണ്. മുസ്ലിംകളെയും അവരുടെ സംസ്കാരത്തെയും ഉന്നമിട്ട് നടത്തുന്ന ഈ നീക്കം നടത്തുന്നവർക്ക് നിലവിലെ ഭരണകൂടത്തിന്റെ സകലവിധ അനുഗ്രഹാശിസുകളുമുണ്ട് -പ്രഫ. സുധീർ പൻവാർ പറയുന്നു.
scroll.inൽ മാധ്യമ പ്രവർത്തകനാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.