ഗസ്സ വിധി നിർണയിച്ച ബ്രിട്ടീഷ് തെരഞ്ഞെടുപ്പ്
text_fields14 വർഷത്തെ കാത്തിരിപ്പിനുശേഷം ബ്രിട്ടനിൽ ലേബർ പാർട്ടി നേടിയ വിജയം ഗംഭീരം തന്നെ. ഹൗസ് ഓഫ് കോമൺസിലെ 650 സീറ്റുകളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 412 സീറ്റുകളാണ് അവർ നേടിയത്. ഇന്ത്യൻ വംശജൻ ഋഷി സുനക് നയിച്ച കൺസർവേറ്റിവ് പാർട്ടിക്ക് 2019ൽ കൈവശമുണ്ടായിരുന്ന 251 സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ 211 സീറ്റുകൾ അധികരിപ്പിക്കാൻ കെയ്ർ സ്റ്റാർമർ നയിച്ച ലേബർ പാർട്ടിക്ക് സാധിച്ചു. എന്നാൽ, 2019ൽ നേടിയ 32.1ൽനിന്ന് കേവലം ഒന്നര ശതമാനത്തിന്റെ വർധനയേ ലേബർ പാ൪ട്ടിയുടെ വോട്ട് വിഹിതത്തിലുള്ളൂ. 2017ലെ പൊതു തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടുപിടിച്ച പാ൪ട്ടിയാണിതെന്നോർക്കണം. വോട്ടുവിഹിതത്തിലെ ഈ കുറവ് ചില സത്യങ്ങളും പ്രവണതകളും വെളിപ്പെടുത്തുന്നുണ്ട്.
അടിസ്ഥാനപരമായി വർക്കിങ് ക്ലാസിനെ പ്രതിനിധാനംചെയ്യുന്ന ഇടത് ആശയക്കാരാണെങ്കിലും ഇപ്പോൾ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കെയ്ർ സ്റ്റാർമർ തലപ്പത്തേക്ക് വന്ന ശേഷം ലേബർ പാർട്ടി കൈക്കൊണ്ട നിലപാടുകളിലെല്ലാം വലതുപക്ഷ വ്യതിയാനം പ്രകടമായിരുന്നു. കുടിയേറ്റ വിഷയത്തിലും ഫലസ്തീൻ-ഇസ്രായേൽ കലഹത്തിലും മാത്രമല്ല, പൊതുമേഖല ശാക്തീകരണം, കോർപറേറ്റ് ചങ്ങാത്തം, പരിസ്ഥിതി എന്നിവയിലെല്ലാം ഇരു പാർട്ടികളുടെയും നിലപാടുകൾ തമ്മിൽ അതിശയിപ്പിക്കുന്ന സമാനത. രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനമായ എൻ.എച്ച്.എസ് ദേശസാത്കരിക്കുമെന്ന പ്രഖ്യാപനത്തിൽനിന്ന് അവർ പിന്നോട്ടുപോയി. വിദേശ നയത്തിലുമില്ല വ്യത്യാസം.
ലേബർ പഴയ ലേബറല്ല
ലേബർ പാർട്ടി പഴയതു പോലെയല്ലെന്നും മാറ്റം വന്നിട്ടുണ്ടെന്ന അവകാശവാദത്തോടെയുമായിരുന്നു കെയ്ർ സ്റ്റാർമറുടെ പ്രചാരണം തന്നെ. ഒരുപിടി വിഷയങ്ങളിൽ സയണിസ്റ്റ് കോർപറേറ്റ് അനുകൂല നിലപാടുകളിലേക്ക് മാറിയ കെയ്ർ സ്റ്റാർമർ, ജർമി കോർബിനടക്കം പാർട്ടിയിലെ അതികായരെ ഇതിനായി വെട്ടിനിരത്തി. 14 വർഷം കൊണ്ട് വലതുപക്ഷ കൺസർവേറ്റിവ് പാർട്ടി സാമ്പത്തികമായി ബ്രിട്ടനെ കൊണ്ടുചെന്നെത്തിച്ച പടുകുഴിയുടെ ആഴം അത്രമേൽ ഭയാനകമായിരുന്നതു കൊണ്ടു മാത്രമാണ് എന്നിട്ടും ലേബർ വിജയിച്ചുകയറിയത്. നോട്ടിങ്ഹാം ആസ്ഥാനമായ ‘നോട്ടിങ്ഹാം വേൾഡി’ന് വേണ്ടി തെരഞ്ഞെടുപ്പ് റിപ്പോ൪ട്ട് ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഒരു വോട്ടർ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു: ‘it can only get better’.
കൺസർവേറ്റിവ് പാർട്ടിയുടെ ഭരണം അവസാനിക്കുന്നതുതന്നെ രാജ്യത്തിന് ആശ്വാസമാകുമെന്ന് വിചാരിക്കുന്ന വോട്ടർമാരാണ് ബ്രിട്ടനിലധികവും. പൊതുജനാഭിപ്രായ സമാഹരണ ഏജൻസിയായ യൂഗവ് നടത്തിയ സർവേ അനുസരിച്ച് പകുതിയിലധികം വോട്ടർമാരും കൺസർവേറ്റിവിൽനിന്ന് നേരിയ വ്യത്യാസം ലേബർ പാർട്ടി വെച്ചുപുല൪ത്തുന്നതായി വിശ്വസിക്കുന്നു. ഈ നേർത്ത വരമ്പിലൂടെയാണ് അവർ അധികാരത്തിലേറിയിരിക്കുന്നതെന്ന് ചുരുക്കം.
ധാർമിക രാഷ്ട്രീയത്തിന്റെ എക്കാലത്തെയും വലിയ അംബാസഡറായിരുന്ന മുൻഗാമി ജെർമി കോർബിന്റെ നയങ്ങളെയപ്പാടെ തള്ളിപ്പറഞ്ഞായിരുന്നു ലേബർ നേതൃത്വത്തിലേക്കുള്ള കെയ്ർ സ്റ്റാർമറിന്റെ വരവുതന്നെ. സ്വതന്ത്ര ഫലസ്തീനുവേണ്ടി എന്നും നിലകൊണ്ട കോർബിന് പിൻഗാമിയായി സ്റ്റാർമറെ കൊണ്ടുവരാൻ പ്രവർത്തിച്ചതാകട്ടെ സയണിസ്റ്റ് ലോബിയും. ‘ലേബർ ഫയൽസ്’ എന്ന പേരിൽ അൽ ജസീറ തയാറാക്കിയ അന്വേഷണാത്മക ഡോക്യുമെന്ററി സീരീസ് സയണിസ്റ്റ് ലോബി ലേബർ പാർട്ടിക്കകത്ത് എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് തുറന്നുകാണിക്കുന്നുണ്ട്.
ഗസ്സക്കുമേൽ ഇസ്രായേൽ നടത്തുന്ന വംശഹത്യാപരമായ ആക്രമണം സ്റ്റാർമറുടെ നിലപാടിനെ ഒട്ടും സ്വാധീനിച്ചില്ല. ഗസ്സയിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച നടപടിയെപ്പോലും, ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നുപറഞ്ഞ് എൽ.ബി.സി റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ സ്റ്റാർമർ ന്യായീകരിച്ചു. മില്യൺ കണക്കിനാളുകൾ പ്രതിവാരം ഒത്തുചേർന്ന് ലോകം കണ്ട ഏറ്റവും വലിയ ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ ലണ്ടനിൽ തുടർച്ചയായി സംഘടിപ്പിച്ചിട്ടും അതൊന്നും തെരഞ്ഞെടുപ്പിൽ സ്വാധീനിക്കാൻ പോകുന്നില്ലെന്ന കണക്കുകൂട്ടലിലായിരുന്നു സ്റ്റാർമർ. ഒപ്പം ഉറച്ച വോട്ടുബാങ്കായ മുസ്ലിം വോട്ട് തങ്ങളുടെ പെട്ടിയിൽ തന്നെ വീഴുമെന്നും അവർക്കുമുന്നിൽ മറ്റ് പോംവഴികളില്ലെന്നും തെറ്റിദ്ധരിച്ചു. കുടിയേറ്റ വിരുദ്ധതയും അവർ പ്രചാരണായുധമാക്കി. സ്റ്റാർമറും അദ്ദേഹത്തിന്റെ വലംകൈയായ മുൻ എം.പി ജോനാഥൻ ആഷ് വർത്തും നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കണമെന്ന പേരിൽ ബംഗ്ലാദേശി വംശജർക്കെതിരെ പ്രചാരണം നടത്തി.
ന്യൂനപക്ഷ വോട്ട് ബ്ലാങ്ക് ചെക്കല്ല
‘ദി മുസ്ലിം വോട്ട്’ എന്ന പേരിൽ രൂപം കൊണ്ട കാമ്പയിൻ ഗ്രൂപ് ഫലസ്തീൻ അനുകൂല വോട്ടുകൾ ലേബറടക്കമുള്ള പാർട്ടിയിലേക്ക് പോകാതിരിക്കാനും സ്വതന്ത്ര്യ സ്ഥാനാർഥികളെ വിജയിപ്പിക്കാനുമായി മുസ്ലിം ജനസാമാന്യത്തിനിടയിലും മറ്റ് ന്യൂനപക്ഷങ്ങൾക്കിടയിലും പ്രചാരണം നടത്തി. You cannot take Muslim votes for granted എന്ന സന്ദേശം പാർട്ടികൾക്ക് നൽകണമെന്ന് അവർ വോട്ടർമാരെ നിരന്തരം ഉണർത്തിക്കൊണ്ടേയിരുന്നു. വംശീയ ന്യൂനപക്ഷങ്ങളുടെ വോട്ട് നിസ്സാരമായി കാണുന്ന സമീപനത്തിന് വലിയ വിലയാണ് ലേബറിന് കൊടുക്കേണ്ടി വന്നതെന്നതിന് തെരഞ്ഞെടുപ്പ് ഫലം സാക്ഷി.
സ്റ്റാർമർ വെട്ടിനിരത്തിയ ജർമി കോർബിനടക്കം അഞ്ച് സ്വതന്ത്ര സ്ഥാനാർഥികൾ ലേബ൪ പാർട്ടിയുടെ കുത്തക മണ്ഡലങ്ങളിൽനിന്ന് ജയിച്ചു കയറി. വിജയിച്ച മറ്റ് നാല് ഫലസ്തീൻ അനുകൂല സ്ഥാനാ൪ഥികളും മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്. രണ്ടുപേർ ഇന്ത്യൻ വംശജരും. ജോനാഥൻ ആഷ് വർത്തടക്കം ലേബർ പാ൪ട്ടിയുടെ വന്മരങ്ങൾ കടപുഴകി. പതിറ്റാണ്ടുകളായി ലേബറിന് വോട്ടു ചെയ്യുന്ന മണ്ഡലങ്ങളും, പതിനായിരങ്ങളുടെ ഭൂരിപക്ഷം എക്കാലവും നിലനിർത്തിയ സ്ഥാനാർഥികളുമാണ് തോറ്റു തുന്നം പാടിയത്. ഇസ്രായേലിന് ജന്മം നൽകിയ ബ്രിട്ടന്റെ രാഷ്ട്രീയ ഭാവി നി൪ണയിക്കാൻ ഫലസ്തീൻ വോട്ടുകൾ ഹേതുവാകുന്നത് ചരിത്രത്തിന്റെ കാവ്യനീതി.
ഇന്ത്യയിലടക്കം ലോകത്തെ വിവിധ മതേതര രാഷ്ട്രീയകക്ഷികളുടെ ഉറച്ച വോട്ടുബാങ്കാണ് ന്യൂനപക്ഷങ്ങൾ. തീവ്ര വലതുപക്ഷം ഒരു ഭാഗത്ത് ശക്തി പ്രാപിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് മറ്റ് പോംവഴിയുണ്ടാകില്ലെന്ന കണക്കുകൂട്ടലിൽ അവരുടെ തികച്ചും ന്യായമായ ജീവൽപ്രശ്നങ്ങളെ നിസ്സാരവത്കരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന പ്രവണതയെ വിജയകരമായും സംഘടിതമായും പ്രതിരോധിച്ച ആദ്യത്തെ അനുഭവമായി ബ്രിട്ടനിലെ ‘ദി മുസ്ലിം വോട്ട്’ കൂട്ടായ്മ മാറിയെന്ന് കാണാം.
ന്യൂനപക്ഷങ്ങൾക്ക് നി൪ണായക സ്വാധീനമുള്ള മറ്റ് ലേബ൪ മണ്ഡലങ്ങളിലും ഫലസ്തീൻ അനുകൂല വോട്ടുകൾ ലേബറിന് വൻ തിരിച്ചടിയാണ് ഏൽപിച്ചത്. ഹോൾബോൺ സെന്റ് പാന്റ്ക്രാസ് മണ്ഡലത്തിൽ മത്സരിച്ച കെയ്ർ സ്റ്റാർമറിന്റെ ഭൂരിപക്ഷത്തിൽ പതിനായിരത്തിലധികം വോട്ടുകളുടെ കുറവുണ്ടായി. പാർട്ടിയിലെ രണ്ടാമനും പുതിയ കാബിനറ്റിൽ ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായ വെസ് സ്ട്രീറ്റിങ്ങിന് ലഭിച്ചതാണ് റിയൽ ഷോക്ക് ട്രീറ്റ്മെന്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 9000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് സ്ട്രീറ്റിങ്ങിന് ഉണ്ടായിരുന്നത്. ഫലസ്തീനിയായ സ്വതന്ത്ര സ്ഥാനാ൪ഥി ലിയാന്ന മുഹമ്മദിനുമുന്നിൽ സ്ട്രീറ്റിങ് ഇത്തവണ വെള്ളം കുടിച്ചു. ഭൂരിപക്ഷം കേവലം 528 വോട്ടായി കുറഞ്ഞു.
സീറ്റുകളുടെ കാര്യത്തിലും വോട്ടുവിഹിതത്തിന്റെ കാര്യത്തിലും നില മെച്ചപ്പെടുത്തിയ ഗ്രീൻ പാ൪ട്ടി, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാ൪ഥികൾക്കും ‘ദി മുസ്ലിം വോട്ട്’ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എക്സിറ്റ് പോൾ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇരുപാ൪ട്ടികൾക്കും നേടാനായത് ഫലസ്തീൻ അനുകൂല വോട്ടുകളുടെ പിന്തുണ കൊണ്ടാണെന്നത് വ്യക്തം. ഭരണവിരുദ്ധ വികാരം ഇത്രമേൽ ശക്തമായിരുന്നില്ലെങ്കിൽ ലേബറിനെ കാത്തിരുന്നത് മറ്റൊരു വിധിയാകുമായിരുന്നുവെന്നത് അതിശയോക്തിയില്ലാത്ത നിരീക്ഷണമാണ്.
മറുഭാഗത്ത് തീവ്ര വലതുപക്ഷ പാ൪ട്ടികൾ കൺസർവേറ്റിവുകൾക്ക് ഏൽപിച്ച ക്ഷതവും കനത്തതാണ്. വളരെ വൈകി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വന്ന നൈഗൽ ഫറാജ് നേതൃത്വം കൊടുക്കുന്ന റിഫോം പാ൪ട്ടി ഏറ്റവും അധികം വോട്ട് വിഹിതമുള്ള മൂന്നാമത്തെ പാ൪ട്ടിയായി. ബ്രിട്ടനിൽ നിലനിൽക്കുന്ന ദ്വികക്ഷി സംവിധാനത്തിന്റെ ഭാവി തുലാസ്സിലാക്കിയതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന മറ്റൊരു വലിയ പാഠം.
(യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.