ഗുജറാത്ത് എന്ന പരീക്ഷണശാല
text_fields'വെൽക്കം ടു ഹിന്ദു രാഷ്ട്ര'-ടീസ്റ്റ സെറ്റൽവാദ്-ജാവേദ് ആനന്ദ് ദമ്പതികൾ മുംബൈയിൽനിന്നു പ്രസിദ്ധീകരിച്ചുവന്ന 'കമ്യൂണലിസം കോമ്പാറ്റി'ന്റെ 1998 ഒക്ടോബർ ലക്കം മുഖലേഖനത്തിന്റെ ശീർഷകമായിരുന്നു അത്. ഗുജറാത്തിൽ ക്രൈസ്തവർക്കും മുസ്ലിംകൾക്കുമെതിരായ ആക്രമണങ്ങൾ പതിവായപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിന്റെ ആ ശീർഷകം പത്രത്തിന്റെ വകയായിരുന്നില്ല. സൂറത്ത് നഗരത്തിന്റെ പ്രാന്തഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കണ്ട വലിയ ബോർഡുകളിലെ വാചകങ്ങളായിരുന്നു അത്- ''വി.എച്ച്.പി നിങ്ങളെ ഹിന്ദുരാഷ്ട്രത്തിന്റെ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുന്നു''.
ഹിന്ദുത്വഫാഷിസത്തിന്റെ പരീക്ഷണശാലയായി ഗുജറാത്ത് മാറുന്നതെങ്ങനെയെന്ന് വംശഹത്യയുടെ അഞ്ചോ ആറോ വർഷം മുമ്പു തന്നെ ടീസ്റ്റയും ടീമും പറഞ്ഞു തുടങ്ങിയിരുന്നു. ബി.ജെ.പി ഭരണത്തിലേറും മുമ്പേ തുടങ്ങിക്കഴിഞ്ഞ പരീക്ഷണങ്ങൾ ഗുജറാത്ത് ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും വരുത്തിയ മാറ്റങ്ങളെ ചൂണ്ടിയാണ് കലാപത്തിലേക്കും വംശീയ ഉന്മൂലനത്തിലേക്കും സംസ്ഥാനം നീങ്ങുന്നത് അവർ അടയാളപ്പെടുത്തിക്കൊണ്ടിരുന്നത്.
ഫാഷിസത്തിന്റെ ഈ മുന്നൊരുക്കത്തിലെ അപായം ചൂണ്ടിക്കാണിച്ചു കൊല്ലം നാലു പിന്നിട്ടപ്പോഴേക്കും ഗുജറാത്ത് രാജ്യം കണ്ട ഏറ്റവും കിരാതമായ വംശഹത്യയിലേക്ക് എടുത്തെറിയപ്പെട്ടു. അത് ആഘോഷിച്ചുകൊണ്ടാണ് 2002 ഡിസംബർ 16ന് വി.എച്ച്.പി നേതാവ് ഡോ. പ്രവീൺ തൊഗാഡിയ ജയ്പുരിൽ പറഞ്ഞത്: ''ഗുജറാത്ത് ഹിന്ദുത്വ ലാബിലെ 'വിജയകരമായ' പരീക്ഷണത്തിനുശേഷം ഇന്ത്യയിൽ ഹിന്ദു മേധാവിത്വം സ്ഥാപിച്ചെടുക്കാൻ രാജ്യത്തെ മുച്ചൂടും ഒരു പരീക്ഷണശാലയാക്കി മാറ്റാൻ വി.എച്ച്.പി ആലോചിക്കുകയാണ്''.
സുപ്രീംകോടതി നരേന്ദ്ര മോദിയെയും ഉദ്യോഗസ്ഥപ്രമുഖരെയും കുറ്റമുക്തമാക്കിയശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എ.എൻ.ഐ വാർത്ത ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ പത്രാധിപർ സ്മിത പ്രകാശ്, മുസ്ലിംമുക്ത ഗുജറാത്ത് പരീക്ഷണശാലയെക്കുറിച്ച് ചോദിക്കുന്നുണ്ട്. ഓരോരുത്തരുടെയും കണ്ണടക്കനുസരിച്ച് കാഴ്ച മാറുമെന്നാണ് അതിന് ആഭ്യന്തരമന്ത്രി നൽകിയ മറുപടി. ഹിന്ദുത്വ കണ്ണടകളിലൂടെ വേണം ഇനി ഇന്ത്യയിലെ കാഴ്ചകൾ കാണാൻ എന്നു വ്യംഗ്യം.
ഗുജറാത്ത് ഒരു പരീക്ഷണശാല തന്നെ. വംശവെറി തിടംവെച്ചു വളരുന്നതിന്റെ, അതിന്റെ തിരതള്ളിക്കയറ്റത്തിൽ പൗരജനങ്ങൾക്ക് അഥവാ രാഷ്ട്രത്തിന് സുരക്ഷിതത്വം നൽകേണ്ട ഔദ്യോഗികസംവിധാനങ്ങൾക്ക് എന്തുസംഭവിക്കുമെന്നതിന്റെ, മതവെറിയുടെ മുന്നിൽ മതേതരവാദികൾ വഴങ്ങിക്കൊടുക്കുന്നതിന്റെ, എല്ലാ വാതിലുകളും അടയുമ്പോഴും ഫാഷിസത്തിനെതിരെ ന്യൂനപക്ഷം നടത്തുന്ന ജനാധിപത്യപരമായ ചെറുത്തുനിൽപിന്റെ ഒക്കെ പാഠങ്ങൾ നൽകുന്ന പരീക്ഷണശാല.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഒരു അധ്യായം സുപ്രീംകോടതി കഴിഞ്ഞ ദിവസം എന്നേക്കുമായി അടച്ചുകളഞ്ഞതും ഇരകൾക്കു നീതി തേടി ഇറങ്ങിത്തിരിച്ച വാദികൾ പ്രതികളായി മാറുകയും ചെയ്തത് അതിലെ പുതിയ പാഠം. എന്നാൽ, ഒരു ഉത്തരവുകൊണ്ടു മാത്രം റദ്ദായിപ്പോകുന്നതല്ല വംശഹത്യയുടെ ഇരുപതാമാണ്ടിലും ഗുജറാത്തിൽ ജീവിച്ചിരിക്കുന്ന ദുരന്തത്തിന്റെ നേർസാക്ഷ്യങ്ങൾ.
ആസൂത്രിതമായി മൂൻകൂർ തയാർ ചെയ്ത വംശഹത്യയായിരുന്നു അതെന്നു അവരോരോരുത്തരും പറയും. ഗുൽബർഗ് സൊസൈറ്റിയിൽ, നരോദ പാട്യയിൽ, വഡോദരയിൽ, ദാഹോഡിൽ എല്ലാം കലാപങ്ങൾക്ക് ഒരേ പാറ്റേണായിരുന്നു.
വംശഹത്യയുടെ ഭീകരമായ അധ്യായങ്ങളിലൊന്നായ ഗുൽബർഗ് സൊസൈറ്റിയുടെ അനുഭവങ്ങൾ ഭീഷണികളിൽ പതറാതെ, പ്രലോഭനങ്ങളിൽ വഴങ്ങാതെ അന്വേഷണസംഘങ്ങൾക്കും കോടതിക്കും മുന്നിൽ മൊഴിയായി നൽകിയ ഇംതിയാസ് പത്താൻ ഇരുപതു കൊല്ലത്തിനിപ്പുറവും ഇടമുറിയാതെ ഓർത്തുവെക്കുന്നുണ്ട്. ഗുജറാത്ത് വംശഹത്യയുടെയും അന്വേഷണത്തിന്റെയും ഗതി രേഖപ്പെടുത്തുന്നതു കൂടിയാണ് 'മാധ്യമ'ത്തോട് അദ്ദേഹം നടത്തിയ വിവരണം.
2002 ഫെബ്രുവരി 28 നരകത്തീയിൽ വെന്ത നാൾ
''അഹ്മദാബാദ് സിറ്റിയിൽ ഹിന്ദുഭൂരിപക്ഷമുള്ള ചമൻപുരയിലാണ് 19 മുസ്ലിം കുടുംബങ്ങൾ താമസിക്കുന്ന ഗുൽബർഗ് സൊസൈറ്റി (കോളനി). അവിടെ ഇഹ്സാൻ ജാഫരി സാബിന്റെ വീടിനു തൊട്ടടുത്തായിരുന്നു ഞങ്ങളുടെ വീട്. ജാഫരി സാബും ഭാര്യയും മാത്രമേ അവരുടെ വീട്ടിലുണ്ടായിരുന്നുള്ളൂ. മകൻ സുബൈറും മകൾ നശ്റിഫ് ഹുസൈനും അമേരിക്കയിലാണ്.
തൻവീർ ഹുസൈൻ എൻജിനീയറായി സൂറത്തിലും. ഗോധ്രയിലെ ട്രെയിൻ തീവെപ്പിനെ തുടർന്ന് ആർ.എസ്.എസും ബജ്റങ്ദളും സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി പിന്തുണയോടെ ഫെബ്രുവരി 28ന് ഗുജറാത്ത് ബന്ദ് പ്രഖ്യാപിച്ചു. പ്രദേശത്തെ എല്ലാ കടകളും അടഞ്ഞുകിടന്നു. എന്നിട്ടും രാവിലെ കടകളടപ്പിക്കാനെന്ന പേരിൽ ഹിന്ദുവിഭാഗക്കാർ സംഘടിച്ചുവന്നു. അവർ ഗുൽബർഗ് സൊസൈറ്റി വളപ്പിന്റെ ഗേറ്റിനടുത്തുനിന്നു ജയ് ശ്രീറാം, ഹരഹര മഹാദേവ മുദ്രാവാക്യം മുഴക്കി.
സൊസൈറ്റിക്കു സമീപം യൂസുഫ്, അയ്യൂബ് എന്നീ സഹോദരങ്ങൾ വീടിനു മുന്നിൽ സൈക്കിൾ ഷോപ്പ് നടത്തിയിരുന്നു. അടച്ച കടക്കു മുന്നിൽ നിന്ന അയ്യൂബിനെ ദൂരെ നിന്നു മുദ്രാവാക്യം വിളിയുമായി ഓടിവന്ന ആൾക്കൂട്ടത്തിൽ നിന്നൊരാൾ കത്തിയെടുത്തു കുത്തി. പ്രാണവേദനയോടെ അദ്ദേഹം ഷട്ടർ തുറന്നു കടക്കുള്ളിലേക്കു കയറി പിറകിലെ വീട്ടിലേക്കോടി. അതിൽ പിന്നെ തുരുതുരാ കല്ലേറായി. പത്തിരുപത്തഞ്ച് യുവാക്കൾ സൊസൈറ്റി ഗേറ്റിനരികിലുണ്ടായിരുന്നു. നൂറോളം പേർ വന്നു കല്ലേറു തുടങ്ങിയപ്പോൾ യുവാക്കൾ അകത്തേക്കോടി.
അപ്പോൾ ആയിരത്തിലുമധികം വരുന്നൊരു സംഘം നേരത്തേ ആസൂത്രണം ചെയ്തതുപോലെ നിലയുറപ്പിച്ചിരുന്നു. അവിടെ ഗുലാം മാസ്റ്റർ എന്ന തുന്നൽക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കടക്കു മുന്നിലെ വർക്ഷോപ്പിനുമുന്നിൽ നിർത്തിയിട്ടിരുന്ന മകന്റെ ഓട്ടോറിക്ഷ ആൾക്കൂട്ടം മറിച്ചിട്ടു തീയിട്ടു. തുടർന്ന് അവർ സൊസൈറ്റിയിലെ വീടുകൾക്കുനേരെ കല്ലേറു തുടങ്ങി. അപ്പോൾ ജാഫരി സാബ് ആർക്കൊക്കെയോ ഫോൺ ചെയ്തു. പത്തരയോടെ പൊലീസ് കമീഷണർ പി.സി. പാണ്ഡേ സ്ഥലത്തെത്തി. സൊസൈറ്റിയിലേക്കുള്ള മെയിൻഗേറ്റും ചെറിയ ഗേറ്റും പൊലീസ് അടച്ചു.
അൽപം കഴിഞ്ഞ് രണ്ടു മൂന്നു ജീപ്പ് പൊലീസുമായി സ്ഥലത്തെത്തി. അവരെ കണ്ട് ആൾക്കൂട്ടം ഓടിയകന്നു. ജാഫരി സാബ് ബന്ധുവായ സഫ്ദർ ഹുസൈൻ അങ്ക്ലേശ്വർ, സൊസൈറ്റിയിലെ താമസക്കാരനായ ഫക്കീർ മുഹമ്മദ് സയ്യിദ്, കോൺഗ്രസ് ദലിത് നേതാവ് കന്നൂലാൽ സോളങ്കി എന്നിവരുടെ കൂടെ റോഡിലിറങ്ങി കമീഷണറെ കണ്ടു തിരിച്ചുവന്നു. ചമൻപുരയുടെ ചുമതലയുള്ള ജോയന്റ് കമീഷണർ എം.കെ. ഠണ്ടൻ, ഡി.സി.പി പി.ബി. ഗോണ്ടിയ എന്നിവർ പൂർണസംരക്ഷണം ഉറപ്പുകൊടുത്തെന്നു അവർ പറഞ്ഞു.
സംഘർഷമൊഴിവാക്കാൻ കർഫ്യൂ പ്രഖ്യാപിച്ചാൽ ഞങ്ങൾക്കു സുരക്ഷിതമായിരിക്കാമല്ലോ എന്നു ജാഫരി ചൂണ്ടിക്കാട്ടിയപ്പോൾ മതിയായ പൊലീസിനെ വിന്യസിക്കാമെന്നു ഉറപ്പുനൽകി അവർ മടങ്ങി. അതിനു പിന്നാലെ സൊസൈറ്റിയുടെ പിറകുവശത്തെ റെയിൽവേ ട്രാക്കിൽ ആളുകൾ കൂട്ടം കൂടി കല്ലേറു തുടങ്ങി. രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണിവരെ കല്ലേറ് തുടർന്നു. ഞങ്ങൾ ഇരുനൂറോളം പേരുണ്ടായിരുന്നു അകത്ത്. ഏറെയും കുട്ടികളും യുവതികളടക്കമുള്ള സ്ത്രീകളും. പ്രായമായവരുമുണ്ട് കുറെ. പൊലീസ് പിന്നെയും വന്നു കണ്ണീർവാതകം പ്രയോഗിച്ചുനോക്കി. എന്നാൽ, ആൾക്കൂട്ടത്തെ പിരിച്ചുവിടാനോ ഞങ്ങളെ രക്ഷിക്കാനോ നോക്കിയില്ല.''
അവരെത്തിയത് ജാഫരിയെ തിരഞ്ഞുപിടിക്കാൻ
''കുറച്ചുകഴിഞ്ഞ് വലിയ ഗേറ്റ് തുറന്നും പിറകിലെ െറയിൽവേ ട്രാക്കിന്റെ ഭാഗത്തെ മതിലുപൊളിച്ചും ആളുകൾ അകത്തു കയറിത്തുടങ്ങി. സൊസൈറ്റിയിലെ താമസക്കാരൊന്നായി ചകിതരായി ജാഫരി സാബിന്റെ വീട്ടിലേക്ക് ഓടിക്കൂടി. ഞങ്ങൾ ചെറുപ്പക്കാർ കുറെ നേരം തിരിച്ചു കല്ലെറിഞ്ഞു നോക്കി. പക്ഷേ, ഞങ്ങളേക്കാൾ പത്തിരട്ടി വരുന്ന അവരെ എങ്ങനെ നേരിടാൻ? തുടർച്ചയായ കൽവർഷമായിരുന്നു അത്. അകത്തുനിന്നു സ്ത്രീകൾ നിലവിളിച്ചുകൊണ്ടിരുന്നു.
അക്രമികളെ നേരിടാനായി ഞങ്ങൾ ചെറുപ്പക്കാർ പുറത്തുപോകാൻ ശ്രമിച്ചപ്പോൾ ജാഫരി സാബ് വാതിൽ തുറക്കാൻ അനുവദിച്ചില്ല. 'നിങ്ങൾ ഇറങ്ങിയാൽ അവർ അകത്തുകയറി ഉമ്മമാരെയും പെങ്ങന്മാരെയും നശിപ്പിക്കും'- അദ്ദേഹം മുന്നറിയിപ്പു നൽകി. അഭിഭാഷകനായിരുന്ന ജാഫരി സാബ് അദ്ദേഹത്തിന്റെ ചെറിയ എഴുത്തുമുറിയിലേക്കു മാറിയിരുന്നു.
അവിടെ ലാൻഡ്ലൈൻ ഫോണിനടുത്തിരുന്നു ഡയറി തുറന്നു പരിചയമുള്ള കോൺഗ്രസ്, ബി.ജെ.പി നേതാക്കളുടെ നമ്പറുകളിലേക്ക് മാറിമാറി വിളിച്ചുനോക്കി. ഒരു സഹായവും എങ്ങുനിന്നും എത്തിയില്ല. അദ്ദേഹം നേരെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു വിളിച്ചു. ആർക്കാണു വിളിക്കുന്നത്, വല്ലതും നടക്കുമോ എന്നു ഞങ്ങൾ നിസ്സഹായരായി ചോദിച്ചപ്പോൾ നിരാശയോടെയായിരുന്നു അങ്കിളിന്റെ മറുപടി: 'മോദിയെ വിളിച്ചു, മോശമായിരുന്നു മറുപടി' ''.
''നിരാശയോടെ ജാഫരി സാബ് അടുക്കളയിൽ സ്ത്രീകളും കുട്ടികളും നിലവിളിച്ചും പ്രാർഥിച്ചും കൊണ്ടിരുന്നിടത്തെത്തി. സാകിയ ജാഫരി മറ്റു സ്ത്രീകളുടെ കൂടെ മുകളിലായിരുന്നു. അക്രമികൾ വടിവാളുകളും പെട്രോൾ ബോംബും ത്രിശൂലവുമായി വീടുവളഞ്ഞു കഴിഞ്ഞിരുന്നു. അദ്ദേഹം അടുക്കളവാതിൽ വഴി പുറത്തിറങ്ങാൻ നോക്കിയപ്പോൾ, അപകടമാണെന്നു കരഞ്ഞുപറഞ്ഞു ഞങ്ങൾ പിടിച്ചുനിർത്തി.
ആക്രോശിച്ചുവരുന്ന അക്രമിസംഘത്തോട് ജാഫരി സാബ് പറഞ്ഞു: 'നിങ്ങൾ വേണമെങ്കിൽ എന്നെ പിടിച്ചുകൊള്ളൂ, ഈ കുട്ടികളെയും സ്ത്രീകളെയും വെറുതെ വിടൂ'. ഇതും പറഞ്ഞു അദ്ദേഹം ഞങ്ങളുടെ പിടിത്തത്തിൽനിന്നു കുതറി പുറത്തേക്കിറങ്ങി. 'ജാഫരിയെ കിട്ടിപ്പോയ്' എന്നാർത്തലച്ച് അവർ അദ്ദേഹത്തെ വളഞ്ഞുപിടിക്കുന്നതാണ് പിന്നെ കണ്ടത്.
'ജയ്ശ്രീറാം', 'ഹരഹര മഹാദേവ' വിളികളുമായി അദ്ദേഹത്തെ പുറത്തു ചുറ്റിനടത്തിച്ചശേഷം അവർ ചെറിയ ഗേറ്റിലൂടെ പുറത്തുകൊണ്ടുപോയി. കൊലവിളി മുഴക്കി റോഡിലേക്ക് അദ്ദേഹത്തെ ഇറക്കിക്കൊണ്ടുപോകുന്നതേ കണ്ടുള്ളൂ. അകത്തായിരുന്ന ഞങ്ങൾക്കു പിന്നെ കാഴ്ച മറഞ്ഞു. അദ്ദേഹത്തെ കൈയും കാലും ഛേദിച്ചു കൊന്നു ഭസ്മമാക്കിക്കളയുകയായിരുന്നു. പട്ടാപ്പകൽ മൂന്നര മണി വെളിച്ചത്തിലായിരുന്നു അത്.''
(നാളെ: എല്ലാം മതിയായപ്പോൾ അവസാന വിസിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.