ലക്ഷദ്വീപില്‍ വേണ്ടത് രാഷ്ട്രീയപരിഹാരം
text_fieldsഏത് സര്‍ക്കാറാണെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഒരുതരത്തിൽ ജനാധിപത്യവിരുദ്ധം തന്നെയാണ് എന്നുപറയാതെ വയ്യ. എന്നാൽ, അത് കടുത്ത ഏകാധിപത്യ പ്രവണതകളിലേക്ക് മാറിത്തുടങ്ങിയപ്പോഴാണ് തങ്ങൾക്കനുവദിച്ചുതരുന്ന കേവല ആനുകൂല്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയമായി കാര്യങ്ങളെ സമീപിക്കേണ്ടതിന്റെ പ്രാധാന്യം ദ്വീപുജനത തിരിച്ചറിയുന്നത്. മാസങ്ങള്‍ക്കുമുമ്പേ കാലാവധി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പുപോലും ഇതുവരെ നടന്നിട്ടില്ല. ഫലത്തില്‍ ഒരു തരത്തിലും ജനങ്ങള്‍ക്ക് ഒരു പങ്കാളിത്തവുമില്ലാത്ത സമ്പൂര്‍ണ ഉദ്യോഗസ്ഥ ഭരണമാണ് ലക്ഷദ്വീപിലിപ്പോള്‍
സാമ്പത്തികവും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകള്‍ കാരണം സംസ്ഥാന പദവി നല്‍കാതെ കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള ഭരണത്തിനുകീഴില്‍ നിലനിര്‍ത്തിയ സ്ഥലങ്ങളെയാണ് കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നുവിളിക്കുന്നത്. ഇന്ത്യയില്‍ 1956ലെ സ്റ്റേറ്റ് റീ ഓര്ഗനൈസേഷന് ആക്ട് പ്രകാരം രൂപംകൊണ്ട കേന്ദ്രഭരണ പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. ഇന്ത്യയുടെ തെക്കു-പടിഞ്ഞാറ് അറബിക്കടലില്‍ ചിതറിക്കിടക്കുന്ന ജനവാസമുള്ള 11 ദ്വീപുകളുടെ ആകെ പേരാണിത്. കേന്ദ്ര സർക്കാർ നിയമിക്കുന്ന പ്രത്യേക അഡ്മിനിസ്ട്രേറ്റര്‍മാരാണ് ലക്ഷദ്വീപിലെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുകയും നടത്തുകയും ചെയ്യുന്നത്. കേവല രാഷ്ട്രീയ നിയമനങ്ങൾക്കപ്പുറത്ത് മികച്ച ഉദ്യോഗസ്ഥരെയാണ് ഏറക്കുറെ ഈ പോസ്റ്റിലേക്ക് പരിഗണിച്ചിരുന്നത്. അതിനാൽ തന്നെ ദ്വീപിലെ ജനങ്ങള്‍ രാഷ്ട്രീയ താല്പര്യങ്ങള്ക്കപ്പുറം അഡ്മിനിസ്ട്രേറ്റര്‍മാരുമായി സഹകരിച്ചുപോവുന്ന രീതിയായിരുന്നു നാളിതുവരെ നിലവിലുണ്ടായിരുന്നത്.
ഭരണചരിത്രം
നേരത്തെ പറങ്കികളും അറക്കല്‍ രാജവംശവും പിന്നീട് ടിപ്പുസുല്‍ത്താനും ഭരിച്ച ലക്ഷദ്വീപ് 1799ല്‍ മൈസൂരിന്റെ തകര്‍ച്ചയോടെയാണ് ബ്രിട്ടീഷ് കോളനിയായി മാറിയത്. 1875ല്‍ മലബാര്‍ കലക്ടര്ക്കുകീഴില് എക്സിക്യൂട്ടിവ് ഭരണം തുടങ്ങി. 1947ല്‍ ഇന്ത്യ സ്വതന്ത്രമായതോടെ ലക്ഷദ്വീപ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി. 1950ല്‍ ആന്ത്രോത്ത് ദ്വീപുകാരനായ എസ്.വി. സെയ്തുകോയ തങ്ങളെ മദ്രാസ് ലെജിസ്ലേറ്റിവ് അസംബ്ലിയിലേക്ക് നോമിനേറ്റ് ചെയ്തു. 1956ല്‍ കേന്ദ്രഭരണ പ്രദേശമായശേഷം 10 വര്‍ഷത്തോളം കെ. നല്ലകോയ തങ്ങള്‍ പ്രസിഡന്റിന്റെ നോമിനിയായി ദ്വീപിനെ പ്രതിനിധാനംചെയ്തു. 1967ൽ പി.എം. സഈദ് തെരഞ്ഞെടുപ്പിലൂടെ ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ പാര്‍ലമെന്റംഗമായി. തുടർന്ന് 36 വര്‍ഷത്തോളം അദ്ദേഹം ലക്ഷ്വദ്വീപിനെ പ്രതിനിധാനംചെയ്തു. കോൺഗ്രസിന് അധികാരമുണ്ടായിരുന്ന നാളുകളിൽ കുറെയൊക്കെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയും ആനുകൂല്യങ്ങളും ലക്ഷദ്വീപിന് ലഭിച്ചിരുന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയം
ദ്വീപിൽ രണ്ട് പാർട്ടികളേയുള്ളൂ-ഒന്ന് സഈദ് അനുകൂലികൾ, മറ്റൊന്ന് സഈദ് വിരുദ്ധർ എന്നൊരു രാഷ്ട്രീയ പഴമൊഴിയുണ്ടായിരുന്നു. തുടര്‍ച്ചയായ 10 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച സഈദിനെ 2004ല്‍ ജനതാദള്‍ സ്ഥാനാര്‍ഥി ഡോ. പൂക്കുഞ്ഞി കോയ പരാജയപ്പെടുത്തി. 2009ല്‍ പി.എം. സഈദിന്റെ മകന് ഹംദുല്ല സഈദ് വിജയിച്ചുവെങ്കിലും, ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ദ്വീപ് ജനത എൻ.സി.പിയുടെ മുഹമ്മദ് ഫൈസലിനൊപ്പമായിരുന്നു. പഴയ സഈദ് വിരുദ്ധരും, ഇപ്പോൾ ഫൈസൽ വിരുദ്ധരും ബി.ജെ.പിയുടെ കൂടെയുണ്ട്. യു.ആര്. പണിക്കര്‍, മൂര്‍ക്കോത്ത് രാമുണ്ണി, വജാഹത്ത് ഹബീബുല്ല തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന 34 പേര് അഡ്മിനിസ്ട്രേറ്റര്‍മാരായി ഇതുവരെ ലക്ഷദ്വീപിലെത്തിയിട്ടുണ്ട്.
ഇതില്‍ അധികപേരുമായും സൗഹാർദപരമായ ബന്ധമാണ് ദ്വീപുസമൂഹം വെച്ചുപുലര്‍ത്തിയിരുന്നത്. 2020ല്‍ ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ച മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി കൂടിയായ പ്രഫുല്‍ ഖോഡാ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായി എത്തുന്നതോടെയാണ് ദ്വീപ് രാഷ്ട്രീയത്തിന്റയും ജനതയുടെയും രാഷ്ട്രീയമായ ബലഹീനതകള്‍ തുറന്നുകാട്ടപ്പെടുന്നത്. പരസ്പര സഹകരണങ്ങള്‍ക്കു തയാറല്ലാത്ത കോൺഗ്രസിന്റെയും എൻ.സി.പിയുടെയും അടഞ്ഞ സമീപനം കൂടിയായതോടെ പട്ടേലിന് കാര്യങ്ങള്‍ എളുപ്പമായി. ഏഴു ദ്വീപുപഞ്ചായത്തുകളും ജില്ല പഞ്ചായത്ത് ഭരണവും കോൺഗ്രസിനും മൂന്ന് ദ്വീപു പഞ്ചായത്തുകളും ഫെഡറേഷന് ഭരണവും എം.പി സ്ഥാനവും എൻ.സി.പിക്കും ഉണ്ടായിരുന്ന ഘട്ടത്തിലാണ് പുതിയ അഡ്മിനിസ്ട്രേറ്റര്‍ ദ്വീപ് ഭരിക്കാനെത്തുന്നത്.
ആദ്യഘട്ടത്തില്‍ എൻ.സി.പിയുമായി സഹകരിച്ചുപോവുമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു പുതിയ അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങള്‍. കാര്യങ്ങൾ പിന്നീട് മാറി മറിയുകയും ഭരണം കടുത്ത ഏകാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ ലക്ഷദ്വീപ് രാഷ്ട്രീയം മാറിമറിഞ്ഞു. ഏത് സര്‍ക്കാറാണെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഒരുതരത്തിൽ ജനാധിപത്യവിരുദ്ധം തന്നെയാണ് എന്നുപറയാതെ വയ്യ. എന്നാൽ, അത് കടുത്ത ഏകാധിപത്യ പ്രവണതകളിലേക്ക് മാറിത്തുടങ്ങിയപ്പോഴാണ് തങ്ങൾക്കനുവദിച്ചുതരുന്ന കേവല ആനുകൂല്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയമായി കാര്യങ്ങളെ സമീപിക്കേണ്ടതിന്റെ പ്രാധാന്യം ദ്വീപുജനത തിരിച്ചറിയുന്നത്. മാസങ്ങള്‍ക്കുമുമ്പേ കാലാവധി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പുപോലും ഇതുവരെ നടന്നിട്ടില്ല. ഫലത്തില്‍ ഒരു തരത്തിലും ജനങ്ങള്‍ക്ക് ഒരു പങ്കാളിത്തവുമില്ലാത്ത സമ്പൂര്‍ണ ഉദ്യോഗസ്ഥ ഭരണമാണ് ലക്ഷദ്വീപിലിപ്പോള്‍.
ജനാധിപത്യം എന്ന പോംവഴി
ഇന്ത്യ ജനാധിപത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ഏഴുപതിറ്റാണ്ട് പിന്നിട്ടെങ്കിലും ഏകദേശം കൊളോണിയല്‍ കാലത്തുണ്ടായിരുന്ന ഭരണരീതിയുടെ തുടര്‍ച്ച തന്നെയാണ് ഇന്നും ലക്ഷദ്വീപില്‍. കേന്ദ്രഭരണ പ്രദേശങ്ങളായ ഡല്‍ഹിയിലും തൊട്ടടുത്ത പുതുച്ചേരിയിലും പുതുതായി വന്ന ജമ്മു-കശ്മീരിലുമെല്ലാം ജനാധിപത്യ സംവിധാനങ്ങള്‍ അനുവദിച്ചുവെങ്കിലും, കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന ഏതെങ്കിലുമൊരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഭരിക്കപ്പെടാനാണ് ഇപ്പോഴും ദ്വീപുകാര്‍ക്ക് വിധി.
സംസ്ഥാനങ്ങളില്‍ ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും മന്ത്രിസഭയുടേയുമെല്ലാം അധികാരം അഡ്മിനിസ്ട്രേറ്റര്‍ എന്ന ഒരൊറ്റ വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നതാണ് ലക്ഷദ്വീപിലെ നിലവിലുള്ള ഭരണസംവിധാനം. ആരോഗ്യ-വിദ്യാഭ്യാസ-യാത്രാ മേഖലകളില്‍ നടക്കുന്ന അനേകം പ്രശ്നങ്ങളും പോളിസികളും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും കടുത്ത ബ്യൂറോക്രാറ്റിക് രീതികളിലൂടെയാണ് പരിഹാരം കാണുന്നത്. അതില്‍ ജനങ്ങളുടെ ആവശ്യമെന്താണെന്നോ അവരുടെ താല്പര്യമെന്താണെന്നോ യഥാസമയം അറിയിക്കാനുള്ള സംവിധാനം ദ്വീപുകളിലില്ല.
ലക്ഷദ്വീപിനെ പ്രതിനിധാനംചെയ്ത് എം.പിയായും സ്പീക്കറായും മന്ത്രിയായുമെല്ലാം ഡല്‍ഹിയില്‍ നാലുപതിറ്റാണ്ട് കാലം നിലകൊണ്ട പി.എം. സഈദ് ദ്വീപില്‍ മിനി അസംബ്ലി സ്ഥാപിക്കണമെന്നും ഷെഡ്യൂള്‍ഡ് ട്രൈബ് കൗണ്‍സില്‍ സ്ഥാപിക്കണമെന്നും പലപ്പോഴായി പ്രസ്താവനകള്‍ നടത്തിയതായിക്കാണാം. സമീപകാലത്ത് അസംബ്ലി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി ചെറിയ സമരങ്ങളും നടത്തിയിരുന്നു.
ഇതിലപ്പുറം ഇത്തരമൊരു രാഷ്ട്രീയ പരിഹാരത്തെക്കുറിച്ച് ദ്വീപിലോ സര്‍ക്കാര്‍ തലത്തിലോ കാര്യമായ ആലോചനകളൊന്നും നടന്നിട്ടില്ല. സമീപകാലത്ത് ഒഴിവാക്കിയ ആനുകൂല്യങ്ങളോ ജോലിയോ മറ്റ് യാത്രാസംവിധാനങ്ങളോ പുനഃസ്ഥാപിക്കുക എന്ന കേവല ആവശ്യങ്ങള്‍ പരിഹാരമല്ലെന്നും രാഷ്ട്രീയമായി ജനാധിപത്യം കൊണ്ടുവന്ന് സ്ഥിരമായ പരിഹാരമാണ് ഇതിനെല്ലാം ആവശ്യമെന്നും ദ്വീപിലെ രാഷ്ട്രീയ പാര്‍ട്ടികളോ ഇക്കാര്യങ്ങളിലിടപെടുന്ന കേരളത്തില്‍ നിന്നുള്ള എം.പിമാരോ പോലും ഇതുവരെ മനസ്സിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം. ഏറ്റവും ചുരുങ്ങിയത്, ലക്ഷദ്വീപില്‍ നോര്‍ത്ത് ഈസ്റ്റ് മാതൃകയില്‍ സമ്പൂര്‍ണ അധികാരമുള്ള ഷെഡ്യൂള്‍ഡ് ട്രൈബ് കൗൺസിലെങ്കിലും സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണം. ലക്ഷദ്വീപില്‍ മാത്രമല്ല, മറ്റു കേന്ദ്രഭരണ പ്രദേശങ്ങളിലും അസംബ്ലികള്‍ കൊണ്ടുവരാനുതകുന്ന രീതിയില്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും എം.പിമാരും മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.