ഉരുൾപൊട്ടൽ കേരളത്തെ വിറപ്പിക്കുമ്പോൾ
text_fieldsവയനാട്ടിൽ ഇപ്പോൾ സംഭവിച്ചത് അതീവവേഗത്തിൽ പാറയും മണ്ണും മറ്റു അവശിഷ്ടങ്ങളും ഒഴുകിവന്നുണ്ടായ അതിതീവ്ര ഉരുൾപൊട്ടലാണ്. കനത്ത മഴയും ഭൂജല സമ്മർദവുമാണ് പ്രധാന വില്ലൻ. വെള്ളാർമല, ചൂരൽമല കുന്നുകൾ വലിയ രണ്ടാൾ പൊക്കം വരുന്ന ഉരുളൻ പാറകൾ നിറഞ്ഞ സ്ഥലമാണ്. ഇതിനിടയിൽ ചേടിനിറഞ്ഞ ലാറ്ററൈറ്റ് മണ്ണാണ്. മേൽമണ്ണിന് കട്ടിയും കുറവാണ്. നേരത്തേ പെയ്തിറങ്ങിയ മഴ ഈ മണ്ണിനെ പൂരിതമാക്കുകയും പിന്നീട് പെയ്ത തീവ്രമഴ ഉരുൾപൊട്ടൽ ഉണ്ടാക്കുകയും ചെയ്തു. പ്രദേശത്തിന്റെ ചരിവും അശാസ്ത്രീയമായ റോഡ് നിർമാണവും ചെറിയ നീർച്ചാലുകൾ ഇല്ലാതായതും സ്വാഭാവിക മരങ്ങൾ വെട്ടിമാറ്റിയതും ഈ വലിയ ദുരന്തത്തിന് പ്രേരകങ്ങളായി.
അടുത്തകാലത്തായി മഴയുടെ തീക്ഷ്ണത (ഒരു മണിക്കൂറിൽ പെയ്തിറങ്ങുന്ന മഴ) കൂടുതലാണ്. ലക്ഷദ്വീപ് കടലിലും ബംഗാൾ ഉൾക്കടലിലും ഉണ്ടാകുന്ന ന്യൂനമർദങ്ങൾ കേരളത്തിൽ മേഘ വിസ്ഫോടനത്തിന് കാരണമാകുന്നു. ഒരു മണിക്കൂറിൽ 20 സെന്റിമീറ്റർ മഴ പെയ്തിറങ്ങുന്നതിനെയാണ് മേഘ വിസ്ഫോടനം എന്ന് പറയുന്നത്. കടൽ ചൂടാകുന്നതും അറബിക്കടലിലെ ന്യൂനമർദം വർധിക്കുന്നതും കേരളത്തിൽ അതിതീവ്ര മഴക്കുള്ള സാധ്യത വർധിപ്പിക്കുന്നു. കനത്ത മഴയത്ത് അസ്ഥിരമായിരിക്കുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സംഭവിക്കുന്നു, പ്രത്യേകിച്ച് പാറയും മണ്ണും ഒരുമിച്ച് പിടിക്കാനുള്ള വേരുകളുടെ ശൃംഖലയുടെ അഭാവത്തിൽ. ചരിഞ്ഞ ഭൂപ്രദേശത്ത്, കട്ടിയുള്ള പാറയും മണ്ണും തമ്മിലെ സമ്പർക്കത്തെ ‘ലിത്തോമാർജ് കളിമണ്ണ്’ എന്ന് വിളിക്കുന്നു. മണ്ണിടിച്ചിലിന് ഈ കളിമണ്ണ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജലത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് വീക്കവും പ്ലാസ്റ്റിസിറ്റിയും വർധിക്കുന്നതും പ്രദേശത്തെ മണ്ണിടിച്ചിലിന് ഇടയാക്കുന്നു. പശ്ചിമ ഘട്ടത്തിൽ റബർ, തേയില, കാപ്പി തോട്ടങ്ങൾ, ചരിവ് മാറ്റൽ, നീർചാലുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തൽ പോലുള്ള ചരിഞ്ഞ ഭൂമിയുടെ ദൃഢത നഷ്ടമാകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 2018 ലും 2019 ലുമുണ്ടായ പേമാരികളിൽ കേരളത്തിൽ നിരവധി മണ്ണിടിച്ചിൽ ഉണ്ടായി. 2020ൽ ഇടുക്കി പെട്ടിമുടിയിൽ സംഭവിച്ച ഉരുൾപൊട്ടലിനും അതിശക്തമായ മഴയായിരുന്നു കാരണം. അവിടെ ആഗസ്റ്റ് ആറിന് പെയ്തിറങ്ങിയത് 24 സെന്റിമീറ്റർ മഴയാണ്. അന്നുണ്ടായ പൊട്ടലിന് 205 മീറ്റർ നീളവും 30 മീറ്റർ വീതിയുമുണ്ടായിരുന്നു. 18500 ഘനമീറ്റർ മണ്ണും പാറകളും മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ ഒഴുകിവന്നത് ആനമുടിയാറിന്റെ പഴയ കൈതോടിലൂടെയാണ്. തേയിലത്തോട്ടം വന്നപ്പോൾ ഇല്ലാതായ അരുവിയാണത്. പശ്ചിമ ഘട്ടത്തിൽ ഇത്തരത്തിൽ ഇല്ലാതാക്കിയ നിരവധി കൈത്തോടുകളുണ്ട്. മാറ്റം വരുത്തിയ കുന്നിൻ ചരിവിലുള്ള എല്ലാ മടക്കുകളും ശക്തമായ മഴയത്ത് പൊട്ടാൻ സാധ്യത കൂടുതലാണ്.
മണ്ണിടിച്ചിലിന് കാരണമായ 24 മണിക്കൂറിൽ ഈ ഭാഗങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. പ്രകടമായ ഭൂവിനിയോഗ മാറ്റങ്ങൾ ഈ കീഴ്കാം തൂക്കായ ചരിവിൽ നടന്നിരിക്കുന്നു. മണ്ണിന്റെ ഘടനയിൽ മാറ്റം വന്നിരിക്കുന്നു. പ്രതിരോധശക്തി കുറഞ്ഞവർക്ക് വേഗം പനി പിടിക്കുന്നത് പോലെ, ആരോഗ്യം കുറഞ്ഞ മണ്ണുള്ള ചരിവ് കൂടിയ സ്ഥലങ്ങളെ ഉരുൾപൊട്ടൽ വേഗം ബാധിക്കുന്നു. മണ്ണിന്റെ മേൽ ബാഹ്യശക്തി (shear stress) കൂടുന്ന അവസരത്തിൽ മണ്ണിടിച്ചിലിന് തുടക്കമാവുന്നു. അതോടൊപ്പം അതുവഴി ഒഴുകിയിരുന്ന അരുവികൾ പാതകൾ വീണ്ടെടുത്ത് ഉരുൾപൊട്ടലിന്റെ ചാനലായി മാറുകയും ചെയ്യും. പല അരുവികൾക്കും മഴക്കാലത്ത് മാത്രമേ ഒഴുക്കുണ്ടാകൂ. മഴയില്ലാത്തപ്പോഴാണ് ഒട്ടുമിക്ക നിർമാണ പ്രവർത്തനങ്ങളും നടക്കുന്നത് എന്നതിനാൽ ഈ വറ്റിവരണ്ട നീർച്ചാലിനെ ആരും ശ്രദ്ധിക്കാറില്ല. ഇപ്പോൾ മഴ കഴിഞ്ഞിട്ടും ആ അരുവിയിൽ വെള്ളം ഒഴുകുന്നതായി കാണാം. ഇത് ഭൂജലമാണ്. കുറച്ചു കഴിയുമ്പോൾ പ്രാദേശിക ഭൂജല വിതാനം താഴുകയും അരുവിയിലെ നീരൊഴുക്ക് ഇല്ലാതാവുകയും ചെയ്യും.
ലക്കടി, ചൂരൽമല പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തിറങ്ങിയ അതിശക്തമായ മഴ മലമുകളിൽ വെള്ളം കെട്ടിനിൽക്കാനും മേൽമണ്ണ് കുതിർന്ന സമ്മർദം മൂലം ജലവും മണ്ണും പാറകളും അമിത വേഗത്തിൽ താഴേക്ക് ഒഴുകിയെത്താനും ഇടയാക്കി. നിലം ചരിവിലൂടെ വലിയ പാറകളും തെറിച്ചുവീണു. സ്വാഭാവിക പ്രതിരോധം തീർക്കാൻ വലിയ മരങ്ങൾ ഇല്ലായിരുന്നു. അവിടെ ഉണ്ടായിരുന്ന നീർചാലുകളെ ഇല്ലാതാക്കിയതും വെള്ളം ഒഴുകിപ്പോകാൻ കൃത്യമായ ബണ്ടുകൾ ഇല്ലാതായിരുന്നതും വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീടുകൾ ഉണ്ടാക്കിയതുമാണ് ഈ ദുരന്തത്തിന് ആക്കം കൂട്ടാൻ കാരണങ്ങൾ എന്നുവേണം അനുമാനിക്കാൻ.
ഇപ്പോൾ നടന്നുവരുന്ന നാഷനൽ ഹൈവേ നിർമാണവും കേരളത്തിലെ മലയോര ഹൈവേ നിർമാണവും കൂടുതൽ കരുതലോടെ വേണം. സ്വാഭാവിക നീർച്ചാലുകൾ ഒഴുകിപ്പോകാനുള്ള സൗകര്യം ഉണ്ടാകണം. ഒരു മുളകിന്റെ ആകൃതിയിൽ തെക്കുനിന്ന് വടക്കായി കിടക്കുന്ന കേരളത്തിൽ 141 നദികളും അതിന്റെ നീർച്ചാലുകളും കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് ഒഴുകുന്നത്. അതായത് നമ്മൾ ഒരു നാച്ചുറൽ ഫോഴ്സിന് എതിരായാണ് വികസനം നടത്തുന്നത്. ആകയാൽ അതീവ ജാഗ്രതയോടെ അതിതീവ്ര ദുരന്തങ്ങൾക്ക് പ്രതിരോധമൊരുക്കുക തന്നെ വേണം.
പല രാജ്യങ്ങളിലും ഉരുൾപൊട്ടൽ പ്രവചിക്കാൻ വിവിധ മെഷീൻ ലേണിങ് അധിഷ്ഠിത വിദ്യകൾ പ്രയോഗിക്കുന്നുണ്ട്. നിർമിതബുദ്ധി, റോബോട്ടിക് സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പ്രവചന അൽഗോരിതം പോലുള്ള കൂടുതൽ പുരോഗമന ഡിസൈൻ ടൂളുകൾ നാം ഉണ്ടാക്കണം. ജിയോസ്പേഷ്യൽ ടെക്നോളജി, റിമോട്ട് സെൻസിങ്, യു.എ.വി ഫോട്ടോഗ്രാമെട്രി, ഇൻവെന്ററി മാപ്പിങ്, മഴയുടെ അളവ് എന്നിവ സംയോജിപ്പിച്ച് മെഷീൻ ലേണിങ് അൽഗോരിതം തയാറാക്കിയാൽ അത് ദുരന്തന്തിന്റെ പ്രവചനത്തിന് വളരെ സഹായമാകും.
(കേരള സർവകലാശാല ജിയോളജി വിഭാഗത്തിൽ പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.