Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
lebanon
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightപ്രതിസന്ധിയൊഴിയാതെ...

പ്രതിസന്ധിയൊഴിയാതെ ലബനാൻ; ഗൾഫ് ബന്ധവും ഉലയുന്നു

text_fields
bookmark_border

പ്രതിസന്ധികളിൽനിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ് ലബനാൻ. കഴിഞ്ഞ 10 വർഷമായി സാമ്പത്തികവും ആഭ്യന്തരവുമായ പ്രതിസന്ധികൾ തീർത്ത ചുഴികളിൽനിന്നും കരകയറാനാകാതെ ഉഴലുകയാണ് രാജ്യം. അനുദിനം വർധിക്കുന്ന ആഭ്യന്തര കലാപങ്ങൾ, ലബനാന്‍റെ ചരിത്രത്തിലിന്നോളം കാണാത്ത ക്ഷാമം, ലെബനീസ് പൗണ്ടിന്‍റെ റെക്കോർഡ് മൂല്യത്തകർച്ച, ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ, രാഷ്​ട്രീയ അസ്ഥിരത, കോവിഡാനന്തര പ്രതിസന്ധികൾ എന്നിവയെല്ലാം ഒന്നൊന്നായി രാജ്യത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്നതിനിടെ ഗൾഫ് രാജ്യങ്ങളുമായി പുതിയൊരു നയതന്ത്ര പ്രതിസന്ധിയിലേക്ക് കൂടി രാജ്യം എടുത്തെറിയപ്പെട്ടിരിക്കുന്നു.

നാഗരികതയുടേയും പരിഷ്കാരത്തിന്‍റേയും ലോകപരിജ്ഞാനത്തിന്‍റേയും അഭ്യസ്തവിദ്യരുടേയുമൊക്കെ സാമാന്യം മികവുറ്റ രാജ്യമായി അറിയപ്പെട്ടിരുന്ന ലബനാൻ ഇന്ന് ദാരിദ്ര്യത്തിന്‍റെ പടുകുഴിയിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. മിതവരുമാനമുള്ള ജനതതികളുള്ള സാംസ്കാരിക വൈവിധ്യങ്ങളുടെ സംഗമ സ്ഥാനവുമായിരുന്ന രാജ്യം വിഭാഗീയതയുടെയും സ്വജനപക്ഷപാതത്തിന്‍റെയും വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. സാമ്പത്തികമായി തകർന്നടിഞ്ഞിട്ടും ഭരണകൂടങ്ങൾക്ക് ഒന്നും ചെയ്യാനാകുന്നില്ല. ബൈറൂത്ത് സ്ഫോടനം നടന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും സ്ഫോടനമുണ്ടാക്കിയ കെടുതികളിൽനിന്നും കരകയറാനോ തകർന്നുപോയ പ്രദേശങ്ങൾ പുനഃസ്ഥാപിക്കാനോ ഇതുവരെയും രാജ്യത്തിനായില്ല. ഡൌൺടൌൺ ഒരു യുദ്ധമൊഴിഞ്ഞ സ്ഥലമായി ഇന്നും അവശേഷിക്കുന്നു.

ഗൾഫ് രാജ്യങ്ങളുമായുള്ള തർക്കം

സാമ്പത്തികമായി തകർന്നടിഞ്ഞ ലബനാൻ ഗൾഫ് രാജ്യങ്ങളുമായി മറ്റൊരു വടംവലിയിലേക്ക് കൂടി എടുത്ത് ചാടിയിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലബനാൻ ഇൻഫർമേഷൻ മന്ത്രി ജോർജ്ജ് കുർദ്ദാഹി യമൻ യുദ്ധത്തെ വിമർശിച്ചുകൊണ്ടും ഹൂത്തികളെ അനുകൂലിച്ച് കൊണ്ടും നടത്തിയ പ്രസ്​താവനയാണ് പ്രശ്നങ്ങളുടെ തുടക്കം. ഹൂത്തികളുടേത് സ്വയം പ്രതിരോധമാണെന്നും നിരർഥകമായി തുടരുന്ന യമൻ യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് അദ്ദേഹം സ്വകാര്യ ടെലിവിഷന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

സൗദി അറേബ്യയേയും യു.എ.ഇ.യേയും 'ആക്രമണകാരികൾ' എന്ന് വിശേഷിപ്പിച്ച ലബനാൻ മന്ത്രി ഒപ്പം ഇറാൻ പിന്തുണക്കുന്ന ഹൂത്തികളെ നന്നായി പുകഴ്ത്തുകയും ചെയ്തു. ലബനാനു സാമ്പത്തികമായി ഏറ്റവും വലിയ താങ്ങ് നൽകുന്ന സൗദി അറേബ്യയെ നേർക്കുനേരെ വിമർശിച്ച സംഭവത്തിൽ സ്വാഭാവികമായും ഗൾഫ് രാജ്യങ്ങൾ പെട്ടെന്ന് പ്രതികരിക്കാൻ ഇടയായി. ഹൂത്തികളുടെ വിഷയം സൗദിയെ നന്നായി ചൊടിപ്പിക്കുകയും ചെയ്തു. സൗദി, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ അവരുടെ അംബാസിഡർമാരെയും നയതന്ത്ര പ്രതിനിധികളേയും ഉടൻ തിരിച്ചുവിളിച്ചു. ഖത്തർ, ഒമാൻ തുടങ്ങി മറ്റു ഗൾഫ് രാജ്യങ്ങൾ ശക്തമായി അപലപിക്കുകയും ചെയ്തു.

സൗദിയുമായി ശക്തമായ നയതന്ത്ര ബന്ധമുണ്ടാക്കാൻ ശ്രമിക്കുന്ന ലബനാൻ പ്രധാനമന്ത്രി നജീബ് മീഖാത്തിയും പ്രസിഡന്‍റ് മൈക്കൽ ഔനും ഇത് രാജ്യത്തിന്‍റെ നയപരമായ തീരുമാനമല്ലെന്ന് അറിയിക്കുകയും സൗദി തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അതേസമയം, യെമൻ യുദ്ധത്തിന്‍റെ പേരിൽ രാജ്യത്തെ അപമാനിച്ചുവെന്നാണ് സൗദി മന്ത്രാലയം അറിയിച്ചത്. ഇറാൻ പിന്തുണക്കുന്ന ഹിസ്ബുല്ലയുടെ സ്വാധീനത്തിലാണ് ഇത്തരം പ്രസ്താവനകളെന്നും ഹിസ്ബുല്ലാഹ് ലബനാൻ ഭരണകൂടത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും മന്ത്രാലയത്തിന്‍റെ കുറിപ്പിലുണ്ട്. ഇറാനും സൗദിയും തമ്മിലുള്ള ഉലച്ചിൽ അറിയാത്ത ആളല്ല പ്രസ്​താവന നടത്തിയ മന്ത്രിയെന്നതിനാൽ ഇതിന്​ പിന്നിലുള്ള ഉന്നം വ്യക്തമാണ്.


സൗദി അറേബ്യയും ലബനാനും തമ്മിലുള്ള നയതന്ത്രബന്ധത്തിനു രണ്ടാം ലോകമഹായുദ്ധത്തോളം പഴക്കമുണ്ട്. ലബനാനിൽ വംശീയ കലാപമുണ്ടായപ്പോൾ സമാധാനമുണ്ടാക്കുകയെന്ന ദൗത്യം ഏറ്റെടുത്തത് സൗദിയായിരുന്നു. പിന്നീട് ഷാ ഭരണകൂടത്തിൽ ഇറാന്‍റെയും ഹിസ്ബുള്ളയുടേയുമൊക്കെ ഉയർച്ചവരെ അതു ശക്തമായി നിലനിന്നു. തായിഫ് കരാർ അനുസരിച്ച് സൗദിയാണ് ആഭ്യന്തര കലാപത്തിൽ തകർന്നടിഞ്ഞ ലബനാനെ പുനഃസ്ഥാപിച്ചത്. ലബനാനിൽ നടത്തുന്ന ഉയർന്ന നിക്ഷേപങ്ങൾ കൊണ്ട് എന്നും രാജ്യ വളർച്ചക്ക് അനുകൂലമായ സമ്മർദ്ദ ശക്തിയായി നിൽക്കാൻ സൗദിക്ക് സാധിച്ചിട്ടുണ്ട്.

എന്തായാലും ഇപ്പോൾ ലബനാൻ മറ്റൊരു ഉപരോധത്തിന്‍റെ വക്കിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാഖിന്‍റെ മാധ്യസ്ഥതയിൽ നടക്കുന്ന സൗദി-ഇറാൻ ചർച്ചകളെ ഇത് സാരമായി ബാധിച്ചേക്കും. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുന്നതിൽ അറബ്-ലീഗ് ഉത്‌കണ്‌ഠ പ്രകടിപ്പിക്കുകയുണ്ടായി. എന്തായാലും പെട്ടെന്ന് പരിഹാരമുണ്ടായില്ലെങ്കിൽ ഗൾഫ് കൗൺസിൽ രാജ്യങ്ങൾ മൊത്തം ലബനാനെ കൈയൊഴിയുന്ന കാഴ്ചയായിരിക്കും വരും ദിവസങ്ങളിൽ നാം കാണുന്നത്.

വിഭാഗീയതയാണ് അടയാളവാക്ക്‌

അണുയിട മറികടക്കാനാകാത്ത വിധം വിഭാഗീയത ലബനാന്‍റെ അടയാളവാക്കായി മാറിയിരിക്കുന്നു. രാജ്യത്തെ ഇത്രയും ആഴമുള്ള മുറിവേൽപ്പിച്ച് നശിപ്പിച്ചതും വിഭാഗീയത തന്നെയാണ്. രാജ്യത്തെ സാമൂഹ്യ സംവിധാനങ്ങളും അധികാര രാഷ്ട്രീയവും വിഭാഗീയമായാണ് തീരുമാനിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നതും പുറംതള്ളപ്പെടുന്നതുമെല്ലാം വിഭാഗീയമായ സമവാക്യങ്ങളുടെ അടിസ്ഥാനത്തിലാണ്.

1992 മുതൽ 2005 വരെ മുൻനിര രാഷ്​ട്രീയപ്പാർട്ടികൾ സിറിയയുടെ നിയന്ത്രണത്തിൽ ആയിരുന്നു. ശേഷം പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകവും സിറിയൻ സൈന്യത്തിന്‍റെ പിന്മാറ്റവുണ്ടായതിനാൽ ഏതാണ്ട് 2005 മുതൽ ഫ്രീ പാട്രിയോട്രിക് മൂവ്മെന്‍റ്, ഹിസ്ബുല്ല തുടങ്ങിയ ശക്തികൾ സ്വാധീനം ചെലുത്തി തുടങ്ങി. 2011ൽ തുടങ്ങിയ സിറിയൻ യുദ്ധം ഒരു മില്യൻ അഭയാർത്തികളെ ലബനാനിലെത്തിച്ചത് ഈ സ്വാധീനത്തിന്‍റെ ഫലമായിരുന്നു.


രാജ്യനിവാസികളുടെ മൗലികാവകാശങ്ങൾ പോലും വിഭാഗീയതയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനിച്ചിരുന്നത്. ഉയർന്ന പദവികളും സ്ഥനമാനങ്ങളും അതതു രാ​ഷ്​ട്രീയപ്പാർട്ടികൾ കുത്തകയാക്കി വെക്കുകയും സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളും ടെൻഡറുകളും അവർ തന്നെ വിളിച്ചെടുക്കുയും ചെയ്തു. ജോലി ലഭിക്കുന്നത് പോലും അതതു വിഭാഗങ്ങളിൽ പരിമിതമായി. ഇത് താഴെതട്ടുകളിൽ വരെ വിഭാഗീയത വർധിക്കാനും അഴിമതി വ്യാപിക്കാനും കാരണമായി.

കലാപം തുടർക്കഥയാകുമ്പോൾ

ബൈറൂത്തിൽനിന്നും 15 കി.മി അകലെ ഖാലിദിയ പ്രദേശത്ത് ഈയിടെയുണ്ടായ കലാപത്തിൽ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. അതിലൊന്ന് ഹിസ്ബുല്ലയുടെ സൈന്യാധിപനായിരുന്നു. ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സൈന്യാധിപനെ എതിരാളികൾ വകവരുത്തി. അതേ സൈന്യാധിപന്‍റെ വിലാപയാത്ര പോകുമ്പോൾ വീണ്ടും മറ്റൊരാളെ കൊലപ്പെടുത്തി പകരം വീട്ടി. സുന്നി-ഷിയ വിഭാഗങ്ങൾ തമ്മിലാണ് പ്രധാന സംഘർഷം. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കലാപം തുടർകഥയാവുകയാണ്. സമൂഹത്തിന്‍റെ താഴെക്കിടയിൽ നടക്കുന്ന ഛിദ്രത തടയാനും സംഘർഷത്തിന്‍റെ തീവ്രത കുറക്കാനും രാഷ്​ട്രീയ നേതൃത്വം പരാജയപ്പെട്ടതിനാൽ പട്ടാളം ഇടപെട്ടു തുടങ്ങി. രാജ്യത്തെ കാർന്നുതിന്നുന്ന കുത്തനെയുള്ള വിലക്കയറ്റവും ഭക്ഷ്യക്ഷാമവും തങ്ങളുടേതുൾപ്പെടെ മിക്ക കുടുംബങ്ങളേയും ബാധിച്ചതിനാൽ പട്ടാളത്തിനും ഇടപെടുന്നതിൽ പരിമിതികളുണ്ടെന്ന വസ്തുതയുമുണ്ട്.

പ്രതിസന്ധിയുടെ ആഴം

രാജ്യ നേരിടുന്ന പ്രതിസന്ധിയുടെ അളന്നു തിട്ടപ്പെടുത്താനാകാത്ത വിധം ആഴമുള്ളതാണ്. ലബനീസ് പൗണ്ടിന്‍റെ മൂല്യ 90 ശതമാനം വരെ തകർന്നടിഞ്ഞ അവസ്ഥയിലാണ് രാജ്യം മുന്നോട്ട് നീങ്ങുന്നത്. മിഡിൽ ഈസ്റ്റിൽ തന്നെ വിരളമായ അവസ്ഥയാണിത്. ഭക്ഷ്യസാധനങ്ങളുടെ മേൽ 600 ശതമാനം വരെ വില വർധിക്കുകയുണ്ടായി. വർഷം തോറും 20 ശതമാനം ചുരുങ്ങുന്ന സമ്പദ് വ്യവസ്ഥ. വേൾഡ് ബാങ്കിന്‍റെ കണക്കുകൾ പ്രകാരം ലബനാന്‍റെ സാമ്പത്തിക സ്​ഥിതി കഴിഞ്ഞ 150 വർഷത്തെക്കാൾ അത്യന്തം രൂക്ഷമായ അവസ്ഥയിലാണിപ്പോൾ എന്ന് വിലയിരുത്തുന്നു. രാജ്യം നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് ഇന്ധനക്ഷാമം. രാജ്യത്ത് ഒരു വാഹനത്തിൻ ഫുൾടാങ്ക് പെട്രോൾ അടിക്കണമെങ്കിൽ സാമാന്യ ജോലിക്കാരന്‍റെ മുഴു ശമ്പളവും നൽകണം. 1850നു ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഇന്ധനക്ഷാമത്തിൽ രാജ്യമകപ്പെടുന്നത്.

മണിക്കൂറൂകളോളം രാജ്യത്തെ ഇരുട്ടിലാക്കിയ ഇന്ധനക്ഷാമം ഇപ്പോഴും തുടരുകയാണ്. പവർ പ്ലാൻറുകൾക്കാവശ്യമായ ഇന്ധനം ഇറക്കുമതി ചെയ്യാൻ കഴിയാത്തതിനാൽ ഭരണകൂടവും ഇരുട്ടിൽ തപ്പുകയാണ്. രാഷ്​ട്രീയ അസ്ഥിരത നിലനിൽക്കുന്ന ലബനാനിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രസിഡന്‍റ്​ മൈക്കിള്‍ ഔനും വിവിധ രാഷ്​ട്രീയ വിഷയങ്ങളിൽ പ്രധാനമന്ത്രിമാരും തമ്മില്‍ വലിയ ഭിന്നത നിലനിന്നിരുന്നു. 2019 ഒക്‌ടോബറിൽ സഅദ് ഹരീരി രാജിവെച്ച ശേഷം പ്രധാനമന്ത്രി പദവി ഏറ്റെടുത്ത ഹസ്സൻ ദിയാബിന്​ 2020 ആഗസ്റ്റിൽ രാജി വെച്ചൊഴിയേണ്ടി വന്നു. 2021 സെപ്റ്റംബറിലാണ് നിലവിലുള്ള പ്രധാനമന്ത്രി നജീബ് മീഖാത്തി ഭരണം ഏറ്റെടുക്കുന്നത്. മാറിവരുന്ന ഭരണകൂടങ്ങൾക്ക് രാജ്യത്തെ രക്ഷിക്കാനാകാത്തതിനാൽ പ്രക്ഷോഭങ്ങളും വർധിച്ച് വരികയാണ്. യു.എൻ കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ 75 ശതമാനം ആളുകൾ കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നു.

കൊമ്പുകോർത്ത് ഇസ്രായേൽ

ഇക്കഴിഞ്ഞ ഏതാനും മാസങ്ങളായി അതിർത്തികളിൽ അശാന്തി പടർത്തി ലബനാനിലെ ഹിസ്ബുള്ളയും ഇസ്രായേലും പരസ്പരം കൊമ്പുകോർത്തിരുന്നു. ഇസ്രായേൽ യുദ്ധവിമാനം ലബനാനിലെ ലക്ഷ്യമാക്കി പല തവണ ആക്രമണങ്ങൾ അഴിച്ചുവിട്ടു. മറുപടിയായി ഹിസ്ബുള്ള 20ഓളം റോക്കറ്റുകൾ തൊടുത്തുവിടുകയുണ്ടായി. ഏതാനും റോക്കറ്റുകൾ മാത്രമാണ് ഇരുമ്പുകവചങ്ങളിലൂടെ ഇസ്രായേലിനു പ്രതിരോധിക്കാനായത്. രാഷ്ട്രീയ പ്രതിസന്ധികളിൽ ഉഴലുന്ന ഇരുരാ‍ജ്യങ്ങൾക്കും ഒരു തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നത് തലവേദന സൃഷ്ടിച്ചേക്കും.


ഇസ്രായേലിനു ഗസ്സയിലെ ഏറ്റുമുട്ടലുണ്ടാക്കിയ പിരിമുറിക്കത്തിന്‍റെ അലകൾ ഇനിയും ഒടുങ്ങിയിട്ടില്ല. പുതിയ ഭരണകൂടത്തിനു ഇതൊരു തലവേദനയായി മാറുകയും ചെയ്തു. ഇരുഭാഗത്തുനിന്നും വളരുന്ന വിദ്വേഷം ഇനിയും പടരുകയാണെങ്കിൽ മദ്ധ്യപൂർവ്വദേശത്ത് പുതുയുദ്ധങ്ങളിലേക്ക് കൊണ്ടെത്തിച്ചേക്കും. ദക്ഷിണ ലബനാനിലെ നബാത്തിയ ഗവർണേറ്റിനു കീഴിലുള്ള ഹസ്ബയ ഗ്രാമത്തിലെ ഖഫർ, ചൌബ പ്രദേശങ്ങളിലേക്കാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് ആദ്യവാരം ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഇസ്രായേലിന്‍റെ വടക്ക് ഭാഗത്തുള്ള ഗുലാൻ കുന്നുകളിലേക്കാണ് ഹിസ്ബുല്ല റോക്കറ്റ് വർഷം നടത്തിയത്.

ഇസ്രായേൽ വർഷങ്ങളായി കൈവശപ്പെടുത്തിവെച്ച പ്രദേശങ്ങളിലൊന്നാണിത്. വെടിനിർത്താനും സമാധാനം പുനഃസ്ഥാപിക്കാനും വേണ്ടി ഇരു രാജ്യങ്ങളുമായും ഐക്യരാഷ്​ട്രസഭ ചർച്ചകൾ നടത്തിയിരുന്നു. ലബനാനുമായുള്ള ഉരസൽ ഗസ്സയിലെ ആക്രമണങ്ങൾ പുനരാ‍രംഭിക്കാൻ കാരണമാകുമെന്ന് ഇസ്രായേൽ ഭയക്കുന്നു. ഇനിയൊരു യുദ്ധമുണ്ടായാൽ 2006ന്‍റെ ആവർത്തനമാകുമെന്ന് ഇസ്രായേലിനുമറിയാം.

കൂനിന്മേൽകുരു പോലെ ഇനിയും പ്രതിസന്ധികൾ ഉണ്ടാകുന്നത് താങ്ങാനുള്ള ശേഷി ലബനാനില്ലെന്ന് വ്യക്തമാണ്. അറബ് ലീഗ് പോലുള്ള ശക്തികൾ ഇടപെട്ട് ഗൾഫ് രാജ്യങ്ങളുമായുള്ള ഉരസലിനു പരിഹാരം കണ്ടെത്തണം. സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ തിരിച്ച് കൊണ്ടുവരാനുള്ള ഭക്ഷ്യ ക്ഷാമമുൾപെടെയുള്ള മറ്റു പ്രധാന വിഷയങ്ങളിലും ഐക്യരാഷ്​ട്ര സഭ പോലുള്ള മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര ശക്തികളും ഒന്നിച്ചുനിന്ന് എത്രയും പെട്ടെന്ന് ഇടപെടുകയാണ് ഒരു രാജ്യം ഇല്ലാതാകുന്നത് തടയിടാനുള്ള ഏക പരിഹാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lebanon
News Summary - Lebanon without crisis; Gulf relations are also strained
Next Story