അടിയന്തരാവസ്ഥ നൽകുന്ന പാഠങ്ങൾ
text_fieldsരാജ്യത്തെ ഭീകരതയിലാഴ്ത്തിയ ദേശീയ അടിയന്തരാവസ്ഥയുടെ ഈ 45ാം വാർഷികത്തിൽ ആ കിരാത ഭീകരരാത്രികളും ലക്ഷക്കണക്കിന് പേരുടെ ത്യാഗങ്ങളും യാതനകളും നടുക്കത്തോടെ ഓർത്തുപോകുന്നു. മനുഷ്യൻ രാഷ്ട്രീയമൃഗമാണെന്ന് പറഞ്ഞിട്ടുണ്ട് അരിസ്റ്റോട്ടിൽ. എന്നാൽ, പ്രബുദ്ധരായ മനുഷ്യരിൽ ഭൂരിപക്ഷവും തനി മൃഗമായി മാറിയ ചിത്രമാണ് അന്നു കാണാൻ കഴിഞ്ഞത്. കേരളത്തിൽ സി.പി.എം അടക്കം ബഹുജനസംഘടനകളും പ്രവർത്തകരും നേതാക്കളും നിഷ്ക്രിയമായി.
ഇത്തരം ഒരു സ്ഥിതിവിശേഷം നേരിടാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുപോലും കരുത്തില്ലാതെപോയത് വേദനയോടുകൂടി മാത്രമേ ഓർക്കാൻ കഴിയൂ. ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ പാർട്ടികൾ ഫലത്തിൽ പ്രവർത്തനരഹിതമായി. സി.പി.ഐ കോൺഗ്രസിനോടൊപ്പം നിന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നയുടൻ രാജ്യത്ത് ഒട്ടാകെ പ്രതിപക്ഷത്തുള്ള ഉന്നതനേതാക്കളടക്കം ഒന്നരലക്ഷം പേർ അറസ്റ്റിലായി. ഇതിൽ ദേശീയ, സംസ്ഥാനനേതാക്കൾ ഉൾപ്പെടും. സ്വാതന്ത്ര്യസമരകാലത്തുപോലും ചെറിയൊരു കാലയളവിൽ ഇത്ര കൂടുതൽ പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കണക്ക്.
1975 ജൂൺ 25ന് അർധരാത്രി പ്രധാനമന്ത്രി ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരം റേഡിയോ വഴി കിട്ടി. അന്ന് സി.പി.എം ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയംഗവും പാർട്ടി യുവജന സംഘടന കെ.എസ്.വൈ.എഫിെൻറ ചിറയിൻകീഴ് താലൂക്ക് സെക്രട്ടറിയുമായിരുന്നു ഞാൻ. കെ.എസ്.വൈ.എഫ്, എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ രാത്രി തന്നെ ആറ്റിങ്ങൽ ടൗണിൽ അടിയന്തരാവസ്ഥക്ക് എതിരായ പോസ്റ്ററുകൾ എഴുതി വ്യാപകമായി പതിച്ചു. പ്രകടനവും നടത്തി.
നേരം വെളുത്തയുടൻ എന്നെയും തലേന്നാൾ രാത്രി പരിപാടിയിൽ പങ്കെടുത്ത രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു ആറ്റിങ്ങൽ ലോക്കപ്പിൽ ക്രൂരമർദനങ്ങൾക്ക് വിധേയമാക്കി. രണ്ടു ദിവസം കഴിഞ്ഞ് ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കി. രാജ്യരക്ഷ നിയമം അനുസരിച്ച് കോടതി ഞങ്ങളെ റിമാൻഡ് ചെയ്ത് ആറ്റിങ്ങൽ സബ്ജയിലിലയച്ചു.
ജാമ്യപേക്ഷ കോടതി നിരസിച്ചു. എന്നാൽ, വിദ്യാർഥികൾ എന്ന നിലയിൽ കേരള ഹൈകോടതിയെ സമീപിച്ചാൽ ജാമ്യം കിട്ടാൻ സാധ്യതയുണ്ടെന്ന് അന്നത്തെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. പിരപ്പൻകോട് ശ്രീധരൻനായർ പാർട്ടി നേതാക്കളെയും പിതാവ് സി.കെ. ഗംഗാധരനെയും സഹോദരി ഭർത്താവിനെയും അറിയിച്ചു. അന്ന് ഞാൻ പ്രീഡിഗ്രി പാസായിട്ടുണ്ടായിരുന്നു.
ജയിലിൽ കിടക്കുമ്പോൾ പിതാവിെൻറ സുഹൃത്തായിരുന്ന കൊല്ലം എസ്.എൻ കോളജ് പ്രിൻസിപ്പൽ ഡോ. ശ്രീനിവാസെൻറ സഹായത്തോടെ എന്നെ കൊല്ലം എസ്.എൻ കോളജിൽ ബി.എ പൊളിറ്റിക്സിന് ചേർത്ത് വീണ്ടും വിദ്യാർഥി എന്ന നിലയിൽ ഹൈകോടതിയിൽ ജാമ്യത്തിനു മൂവ് ചെയ്തു. ഡി.ഐ.ആർ അറസ്റ്റിെൻറ പേരിൽ ഒരു വിദ്യാർഥിയുടെ പഠനം നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്നും അത് ഒഴിവാക്കണമെന്നുമുള്ള ഹൈകോടതി വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ എനിക്കും ഒപ്പം ജയിലിലുണ്ടായിരുന്ന വിദ്യാർഥികൾക്കും ഹൈകോടതി ജാമ്യം അനുവദിച്ചു.
ജാമ്യം കിട്ടിയതിനെ തുടർന്ന് കൊല്ലം എസ്.എൻ കോളജിൽ പഠനം തുടങ്ങി. കോളജിലെ പൊളിറ്റിക്സ് ഡിപ്പാർട്ട്മെൻറ് ഇന്ദിരഗാന്ധിയുടെ ഇരുപതിന പരിപാടിയെ പറ്റി വിപുലമായ സെമിനാർ സംഘടിപ്പിച്ചു. കോളജിലെ എസ്.എഫ്.ഐ, കെ.എസ്.യു പ്രമുഖ നേതാക്കൾ സെമിനാറിൽ സംബന്ധിച്ചു. സെമിനാർ നടക്കുന്നതിനിടയിൽതന്നെ പത്തു വാൻ പൊലീസ് കോളജ് േകാമ്പൗണ്ട് വളഞ്ഞു.
എല്ലാവരും ഭയന്നു വിറച്ചു. സെമിനാറിൽ പങ്കെടുത്ത മുഴുവൻ പ്രസംഗകരെയും ഡി.ഐ.ആർ അനുസരിച്ച് അറസ്റ്റ് ചെയ്തു കേസെടുക്കാനാണ് പൊലീസ് വന്നത്. എന്നാൽ, അറസ്റ്റും കേസെടുപ്പും ഉണ്ടായില്ല. ഒരു ഡി.ഐ.ആർ കേസിെൻറ ജാമ്യത്തിൽ പഠനം നടത്തുന്ന ഞാൻ മൂലമാണ് അടുത്തു പരിചയമുള്ള ഉന്നതനായ ഒരു പൊലീസ് ഓഫിസർ തൽക്കാലം അറസ്റ്റും കേസെടുക്കലും ഒഴിവാക്കി ഞങ്ങളെ രക്ഷപ്പെടുത്തിയത് എന്ന് പിന്നീട് അറിയാനിടയായി. ജാമ്യത്തിൽ നിന്ന എെൻറ പേരിൽ വീണ്ടും കേസെടുത്തിരുന്നെങ്കിൽ അനുവദിച്ചിരുന്ന ജാമ്യം റദ്ദ് ചെയ്യപ്പെടുകയും ജയിലിൽ ആകുകയും കോളജ് പഠനം അവസാനിക്കുകയും ചെയ്തേനെ.
അതിനടുത്ത വർഷം പാർട്ടി തീരുമാനം അനുസരിച്ച് ഞാൻ കൊല്ലം എസ്.എൻ കോളജിൽനിന്നു ടി.സി വാങ്ങി തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ചേർന്നു. അവിടെ ബി.എ രണ്ടാം വർഷ പഠനം ആരംഭിച്ച് രണ്ടാഴ്ചക്കകമാണ് അടിയന്തരാവസ്ഥയുടെ ഒന്നാം വാർഷികം ആചരിക്കുന്നത്. ആ സമയത്താണ് അന്നത്തെ ട്രാൻസ്പോർട്ട് മന്ത്രി ആർ. ബാലകൃഷ്ണപിള്ള ബസ് ചാർജ് വർധിപ്പിക്കുന്നത്. അടിയന്തരാവസ്ഥയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവർത്തകർ ട്രാൻസ്പോർട്ട് ബസുകളിൽ കയറി ബസ് ചാർജ് വർധനവിനെതിരായും അടിയന്തരാവസ്ഥക്കെതിരായും മുദ്രാവാക്യം വിളിച്ചു. അടിയന്തരാവസ്ഥക്കെതിരായി കോളജിനകത്ത് ഞങ്ങൾ വിദ്യാർഥി പ്രകടനവും നടത്തി.
എസ്.എഫ്.ഐ ജില്ല പ്രസിഡൻറായിരുന്നു അന്നു ഞാൻ. സമരം കഴിഞ്ഞ് ആറ്റിങ്ങൽ എത്തിയ എന്നെ അന്ന് വൈകുന്നേരം പൊലീസ്അറസ്റ്റ് ചെയ്തു ആറ്റിങ്ങൽ സ്റ്റേഷൻ ലോക്കപ്പിൽ ക്രൂരമർദനത്തിനിരയാക്കി. അർധരാത്രിയോടെ തിരുവനന്തപുരം കേൻറാൺമെൻറ് പൊലീസ്സ്റ്റേഷനിൽ ഹാജരാക്കി. പിറ്റേ ദിവസം തന്നെ ഞങ്ങളെ കോടതിയിൽ ഹാജരാക്കി. അന്ന് നീന്തൽ താരമായി എന്നോടൊപ്പം നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തിരുന്ന ഒരാളായിരുന്നു കേൻറാൺമെൻറ് സ്റ്റേഷനിലെ പൊലീസ് സബ് ഇൻസ്പെക്ടർ. അതുകൊണ്ടാവാം കൂടുതൽ ദിവസം ലോക്കപ്പിൽ ഇടാതെ പെട്ടെന്നുതന്നെ കോടതിയിൽ ഹാജരാക്കി. കോടതി ഞങ്ങളെ റിമാൻഡ് ചെയ്യുകയും അട്ടക്കുളങ്ങര ജയിലിലടച്ചു. ഒരു മാസത്തെ ജയിൽവാസത്തിനുശേഷം ജാമ്യം ലഭിച്ചു.
വിദ്യാർഥികൾ അല്ലാത്ത അടിയന്തരാവസ്ഥ തടവുകാർക്കൊന്നും അപ്പോൾ ജാമ്യം നൽകിയിട്ടില്ലായിരുന്നു. അടിയന്തരാവസ്ഥ പിൻവലിച്ചതിനെ തുടർന്ന് നടന്ന യൂനിവേഴ്സിറ്റി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മഹാഭൂരിപക്ഷം സ്ഥാനങ്ങളിൽ എസ്.എഫ്.ഐ സ്ഥാനാർഥികൾ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. ഞാൻ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറുമായിരുന്ന ഞാൻ കേരള യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
അടിയന്തരാവസ്ഥക്കെതിരായ ത്യാഗപൂർവമായ പോരാട്ടവും ഈ ജനവിരുദ്ധ കരിനിയമം നിവൃത്തിയില്ലാതെ ശ്രീമതി ഇന്ദിരാഗാന്ധിക്ക് പിൻവലിക്കേണ്ടിവന്നതുമെല്ലാം വളരെ വിലപ്പെട്ട പാഠമാണ് രാജ്യത്തിനു നൽകുന്നത്. അന്ന് ജെ.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇതര കക്ഷികൾ ഒന്നടങ്കം യോജിച്ച് നിന്നുകൊണ്ടാണ് ഈ കരിനിയമത്തെ നേരിട്ടത്. ജനാധിപത്യ പാർട്ടികളും ഇടതു പാർട്ടികളും പ്രാദേശിക പാർട്ടികളുമെല്ലാം തന്നെ ഈ വിപുലമായ ഐക്യനിരയിൽ പങ്കാളികളായി. അതിെൻറ പരിണിതഫലം തന്നെയായിരുന്നു മനമില്ലാമനസ്സോടെ അടിയന്തരാവസ്ഥ പിൻവലിക്കാനുള്ള ഇന്ദിരയുടെ തീരുമാനം.
കോവിഡ്– 19 െൻറ മറവിൽ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ പോലും ഇല്ലാതാക്കാൻ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് നടക്കുന്നത്. തൊഴിൽ നിയമങ്ങൾ റദ്ദുചെയ്യൽ, ജോലിസമയം എട്ടിൽനിന്ന് 12 മണിക്കൂറാക്കി വർധിപ്പിക്കൽ എല്ലാം ഇതിെൻറ ഭാഗംതന്നെയാണ്. പൊതുമേഖല സ്ഥാപനങ്ങൾ അപ്പാടെ രാജ്യത്തെ വൻകിട കുത്തകകൾക്കും, വിദേശ സാമ്രാജ്യത്വ ശക്തികൾക്കും വിറ്റഴിക്കാനുള്ള സമയമായി ഇതിനെ മോദി മാറ്റിയിരിക്കുന്നു. പൗര്വത്വ നിയമംപോലുള്ള കരിനിയമങ്ങൾ ഓരോന്നായി പാസാക്കുകയും ഇതിനെതിരായി പ്രതിഷേധിക്കുന്നവരെ നിരന്തരമായി വേട്ടയാടുകയും ചെയ്യുന്നു. ന്യൂനപക്ഷ–ദലിത്-പിന്നാക്ക ജനവിഭാഗങ്ങൾക്കെതിരായ കടന്നാക്രമണവും ഇവിടെ വ്യാപകമാകുകയാണ്. അടിയന്തരാവസ്ഥ കാലത്ത് ഉണ്ടായത് പോലുള്ള ഏറ്റവും വിപുലമായ ബി.ജെ.പി വിരുദ്ധമുന്നണി ഈ കാലഘട്ടത്തിലും അനിവാര്യമായിത്തീർന്നിരിക്കുകയാണ്.
നിർഭാഗ്യവശാൽ ഭരണകക്ഷിയെ ഭയന്ന് സ്വന്തം അഭിപ്രായങ്ങൾ പോലും പരസ്യമായി പറയാൻ ഭയപ്പെടുന്ന നേതാക്കളാണ് പല പ്രതിപക്ഷപാർട്ടികളിലും ഇന്നുള്ളത്. അതുതന്നെയാണ് വിപുലമായ പ്രതിപക്ഷ മുന്നണിക്ക് വിലങ്ങുതടിയായി നിൽക്കുന്നത്. അടിയന്തരാവസ്ഥയിൽ ജനകീയ അവകാശങ്ങൾ നേടിയെടുക്കാനും ജനാധിപത്യവും ഭരണഘടനാവകാശങ്ങളും സംരക്ഷിക്കുന്നതിനുമായി ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങിയ സാഹചര്യം തന്നെയാണ് ഈ നാൽപത്തിയഞ്ചാം വാർഷികത്തിലും നമ്മുടെ രാജ്യത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.