കോൺഗ്രസിന്റെ ‘പ്രായശ്ചിത്തം’ ഇന്ത്യയെ വീണ്ടെടുക്കട്ടെ
text_fieldsകോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇനിയും മൃദു ഹിന്ദുത്വത്തിന്റെ തണലിൽ മുന്നോട്ടുപോയാൽ രാജ്യം നിലനിൽക്കില്ല. ഏറെ വൈകിയ തിരിച്ചറിവാണത്. ഇത് അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നില്ല എന്ന ഒരു നിരാകരണത്തിൽമാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. ഇന്ത്യയിലെ ദലിത്-പിന്നാക്ക ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതു കൂടിയായിരിക്കണം
വലിയൊരു പുനർചിന്തയുടെ ഭാഗമാണ് അയോധ്യ ക്ഷേത്ര ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച കോൺഗ്രസിന്റെ തീരുമാനം. ക്ഷണം കിട്ടി രണ്ടാഴ്ചയോളം എടുത്തു മറുപടി നൽകാൻ എന്നതുതന്നെ വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വ്യക്തമാക്കുന്നു. ഒടുവിൽ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും കൈക്കൊണ്ട തീരുമാനം കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്.
ആ നിലപാട് ബഹുസ്വര ഇന്ത്യയുടെ നിലനില്പുമായി ബന്ധപ്പെട്ടതുമാണ്. രാജ്യം എത്തിനിൽക്കുന്ന ഭീകരമായ ജനാധിപത്യ ധ്വംസനത്തിന്റെയും ഹിന്ദുത്വവത്കരണത്തിന്റെയും അനന്തരഫലത്തെ കുറിച്ചുള്ള ആശങ്ക കൂടി ഈ മറുപടിക്ക് പിന്നിലുണ്ട്. ഇത്തരം യാഥാർഥ്യങ്ങൾ നിലനിൽക്കെ ഈ തീരുമാനം വലിയ ‘പ്രായശ്ചിത്തം’ കൂടിയാണ്.
1949ലാണ് ബാബരി മസ്ജിദുമായി ബന്ധപ്പെട്ട മതേതര രാഷ്ട്ര വ്യവഹാരങ്ങളിലേക്കുള്ള ഹിന്ദുത്വ അധിനിവേശം തുടങ്ങുന്നത്. എന്നും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഐക്കൺ ആയി രാജ്യം ഉയർത്തിപ്പിടിക്കുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുതന്നെയായിരുന്നു അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി.
ആ സംഭവം ഇന്ത്യൻ രാഷ്ട്രസങ്കല്പത്തിന്റെ സകലമാന ബഹുലതകളെയും ചുട്ട് ചാരമാക്കും എന്ന് അന്നത്തെ നേതാക്കൾക്ക് കാണാൻ കഴിഞ്ഞില്ല(?) യു.പിയിലും മറ്റും കാര്യങ്ങൾ നിയന്ത്രിച്ച കോൺഗ്രസ് നേതാക്കൾ പാർട്ടിയെ ഹിന്ദുത്വ വഴിയിലേക്ക് തെളിച്ചുവിടുകയായിരുന്നു. ഇതിൽ ആശങ്കാകുലനും അതൃപ്തനുമായിരുന്നുവെങ്കിലും വർഗീയ പക്ഷത്തെ പ്രതിരോധിക്കാൻ സാക്ഷാൽ നെഹ്റുവിനുപോലും സാധിച്ചില്ല.
ബാബരി പള്ളിയിൽ ബലംപ്രയോഗിച്ച് വിഗ്രഹം പ്രതിഷ്ഠിച്ച സംഭവത്തെ മതേതര രാജ്യത്തെ മതകേന്ദ്രീകൃതമായ ഇടപെടലായും ഭരണഘടനാവിരുദ്ധമായ നീക്കമായും അന്ന് കോൺഗ്രസ് കണ്ടിരുന്നെങ്കിൽ ഇന്ത്യ ഇന്നത്തെ അവസ്ഥയിൽ എത്തില്ലായിരുന്നു. ശക്തമായ നിലപാട് ഈ വിഷയത്തിൽ സ്വീകരിച്ചില്ലെന്ന് മാത്രമല്ല, മൃദു ഹിന്ദുത്വം എന്ന പേരിൽ തീവ്രഹിന്ദുത്വ പക്ഷത്ത് ചേർന്നു നിൽക്കുകയായിരുന്നു പല കോൺഗ്രസ് നേതാക്കളും.
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് അയോധ്യയിലേക്ക് 11 വെള്ളി ഇഷ്ടിക അയച്ചുകൊടുത്തത് ഇവിടെ ഓർക്കേണ്ടതുണ്ട്. അന്നൊന്നും ഉറച്ച രാഷ്ട്രീയ തീരുമാനം സ്വീകരിക്കാൻ കഴിയാതെ പോയതിന്റെ പ്രായശ്ചിത്തം കൂടിയായി വേണം കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാടിനെ കാണേണ്ടത്.
അപ്പോഴും ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ട തിരിച്ചറിഞ്ഞവർ അതിനെതിരെയുള്ള പ്രതിരോധ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അത് ദലിത് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ഐക്യപ്പെടലിന്റെ ഭാഗമായാണ്. എന്നാൽ ഈ നീക്കത്തോട് കോൺഗ്രസിന് എത്രമാത്രം ഒത്തുപോകാൻ കഴിഞ്ഞു? ആ നിലപാട് ന്യൂനപക്ഷത്തെ ചേർത്തുപിടിക്കുമ്പോൾതന്നെ ഭൂരിപക്ഷ മതത്തെ ഉപാധിയില്ലാതെ ഒപ്പം നിർത്താൻ പാടുപെടുകയായിരുന്നു.
അവിടെ ഹിന്ദുത്വത്തോട് സ്വീകരിച്ച നിലപാട് പലപ്പോഴും ജനാധിപത്യ വിരുദ്ധമായിരുന്നു. മറിച്ച്, അത്തരം ഘട്ടങ്ങളിൽ മതത്തിനോ വിശ്വാസത്തിനോ ഒരു അപ്രമാദിത്വവും നൽകാതെ മുന്നോട്ടുപോകാൻ കോൺഗ്രസിന് കഴിയേണ്ടതായിരുന്നു.
ജനാധിപത്യത്തിനും അതിനെ നിലനിർത്തുന്ന ഭരണഘടനക്കുമാണ് മുഖ്യ സ്ഥാനം എന്നതുപോലും ലംഘിക്കപ്പെട്ടു. അതിന്റെ ഏറ്റവും നല്ല തെളിവ് മസ്ജിദ് തകർത്ത കാലത്ത് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ നിലപാടുതന്നെയായിരുന്നു.
1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കുന്നതിനു വേണ്ടിയുള്ള മൗനാനുവാദം നരസിംഹ റാവുവിൽനിന്നു ഉണ്ടായി എന്ന ആരോപണത്തെ കോൺഗ്രസിന് പ്രതിരോധിക്കാൻ കഴിയില്ല. അന്ന് നിലവിലിരുന്ന ഭരണഘടനയെയും നിയമ സംവിധാനത്തെയും ഉപയോഗിച്ചുകൊണ്ട് കർസേവകരെ നിയന്ത്രിക്കാൻ കഴിയുമായിരുന്നു. എന്തുകൊണ്ട് അതിന് കഴിഞ്ഞില്ല എന്ന ചോദ്യം വളരെ പ്രസക്തമാണ്.
കേവലം ആർ.എസ്.എസിന്റെ ആശയത്തിൽ ശക്തിപ്രാപിച്ച ഒരു സംഘടനക്ക് ഭരണകൂടത്തിനകത്ത് നയപരമായ തീരുമാനമെടുക്കാനുള്ള സാധ്യത ഇല്ലാത്തപ്പോഴാണ് പുറത്ത് ഈ കടന്നാക്രമണം നടന്നത്. ഇന്നാണെങ്കിൽ അത്തരം ഇടപെടലിനും കീഴടക്കലിനും കൃത്യമായ ഭരണകൂട അനുകൂല സാഹചര്യം നിലനിൽക്കുന്നുണ്ട്.
2014-നു ശേഷം അതാണ് കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ, കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇനിയും മൃദു ഹിന്ദുത്വത്തിന്റെ തണലിൽ മുന്നോട്ടുപോയാൽ രാജ്യം നിലനിൽക്കില്ല. ഏറെ വൈകിയ തിരിച്ചറിവാണത്. ഇത് അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നില്ല എന്ന ഒരു നിരാകരണത്തിൽമാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല.
ഇന്ത്യയിലെ ദലിത്-പിന്നാക്ക ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതു കൂടിയായിരിക്കണം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജാതി സെൻസസിന് വേണ്ടിയിട്ടുള്ള പോരാട്ടത്തിന്റെ നേതൃത്വസ്ഥാനത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഉണ്ടാവുക എന്നതാണ്.
എങ്കിൽ മാത്രമേ മതേതര ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാനുള്ള ഊർജമായി ഈ തീരുമാനം മാറൂ. ഇന്ത്യയിലെ 60 ശതമാനത്തോളം വരുന്ന പാവപ്പെട്ട മനുഷ്യർക്ക് വിശ്വാസയോഗ്യമായി അത് മാറണം. അങ്ങനെ മാറിയാൽ ഒരേസമയം കോൺഗ്രസിന്റെയും രാജ്യത്തിന്റെയും ഭാവി സുരക്ഷിതമായി നിലനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.