കിസിൻജറുടെ പ്രവചനം ഫലിക്കാതിരിക്കട്ടെ
text_fieldsഅമേരിക്കൻ വിദേശനയം രൂപപ്പെടുത്തിയതിൽ മുഖ്യ പങ്കുവഹിച്ച നയതന്ത്രജ്ഞനാണ് ഹെൻറി ആൽഫ്രഡ് കിസിൻജർ. 1969 മുതൽ 1976 വരെ പ്രസിഡന്റുമാരായ റിച്ചാഡ് നിക്സന്റെയും ജെറാൾഡ് ഫോഡിന്റെയും കീഴിൽ വിദേശകാര്യ സെക്രട്ടറിയായും ദേശീയ സുരക്ഷ ഉപദേഷ്ടാവായും സേവനം ചെയ്ത അദ്ദേഹം അമേരിക്കയുടെ നയതന്ത്ര ഉപദേഷ്ടാവ്, ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച് തൊണ്ണൂറ്റൊമ്പതാം വയസ്സിലും ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.
1973ലെ യോംകീപുർ യുദ്ധശേഷം 'ഷട്ടിൽ ഡിപ്ലോമസി'യിലൂടെ മിഡിലീസ്റ്റിൽ സമാധാനം കൈവരുത്തുന്നതിലും ഈജിപ്തും അമേരിക്കയും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിലും ക്രിയാത്മകമായ പങ്കുവഹിച്ചിട്ടുണ്ട് കിസിൻജർ. അതേ കിസിൻജർ തന്നെയാണ് ഇപ്പോൾ പറയുന്നത് 'ഏഷ്യയിലും മിഡിലീസ്റ്റിലും വലിയ സംഭവങ്ങൾ നടക്കാനിരിക്കുന്നു'വെന്ന്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് പത്രമായ, 'ദ സൺഡേ ടൈംസി' നു നൽകിയ അഭിമുഖത്തിലാണദ്ദേഹം ഈ കാര്യം തുറന്നുപറഞ്ഞത്.
മിഡിലീസ്റ്റും ചൈനയും യുദ്ധത്തിന്റെ പടിവാതിക്കലാണെന്നാണ് കിസിൻജർ സൂചന നല്‍കുന്നതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
കിസിൻജർ ഇപ്പോൾ യുെക്രയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. വൊളോദിമിർ സെലൻസ്കിക്ക്, യുദ്ധം തുടരുന്നതിലുള്ള സാമ്പത്തികവും സൈനികവുമായ നഷ്ടത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. അതിനുവേണ്ടി യുെക്രയ്ൻ ദാൻബാസ് ഉപേക്ഷിക്കണമെന്നും, 2014ൽ റഷ്യ കൈയേറിയ ക്രിമിയ റഷ്യയുടേതായി അംഗീകരിക്കണമെന്നുമാണത്രേ നിർദേശം! യുദ്ധം അവസാനിപ്പിക്കുന്നതിനും മാന്യമായി തലയൂരുന്നതിനും അമേരിക്കയുടെ മുന്നിൽ ഇതല്ലാതെ മറ്റു വഴിയൊന്നുമില്ലെന്നാണ് നാൾക്കുനാൾ വ്യക്തമായി വരുന്നത്. എന്നാൽ, ഫലസ്തീനിന്റെ കാര്യത്തിൽ 1967ലെ യുദ്ധശേഷം ഐക്യരാഷ്ട്രസംഘടനയുടെ പ്രമേയങ്ങളെ ധിക്കരിച്ചുകൊണ്ട് ഇസ്രായേൽ അക്രമമായി കൈവശപ്പെടുത്തിയ ഭൂമി വിട്ടുകൊടുക്കാനോ, നല്ല അയൽവക്കങ്ങളായി വർത്തിക്കാനോ അദ്ദേഹം ഉപദേശിച്ചില്ല. ഒരു യുദ്ധത്തിലേക്ക് എടുത്തുചാടാൻ തന്നെയാണ് ഇസ്രായേൽ തയാറെടുക്കുന്നതെന്നു തോന്നുന്നു!
ഏഷ്യയിൽ യുദ്ധമെന്നു പറയുന്നത് ചൈന തായ്വാനെ സ്വന്തമാക്കുന്നതിന് തയാറായി നില്ക്കുന്നതിനെയാണ്. അമേരിക്കയുമായി സാമ്പത്തിക മത്സരത്തിനിറങ്ങിയ ചൈന അതിൽനിന്ന് പിൻവലിയേണ്ടത് സാമ്പത്തികവും സൈനികവും നയതന്ത്രപരവുമായ കാരണങ്ങളാൽ വാഷിങ്ടണിന് പ്രധാനമാണ്. പക്ഷേ, യുെക്രയ്ൻ യുദ്ധപശ്ചാത്തലത്തിൽ ചൈനയും റഷ്യയും കൂടുതൽ സൗഹൃദത്തിലായിരിക്കെ അമേരിക്കയുടെ പൂതി മനസ്സിൽ വെക്കാനേ നിർവാഹമുള്ളൂ! ജൂൺ 21ന് ബിരുദധാരികളായ റഷ്യൻ പട്ടാളക്കാരെ അഭിമുഖീകരിച്ചുകൊണ്ട് എസ്-500 മിസൈലുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് പുടിൻ പ്രസ്താവിക്കുകയുണ്ടായി.
സാറ്റലൈറ്റുകളെയും ശബ്ദത്തെക്കാൾ വേഗത്തിൽ തൊടുത്തുവിടുന്ന ആയുധങ്ങളെയും വെടിവെച്ചു വീഴ്ത്തുന്ന ഇത്തരം മിസൈലുകൾ നവീനമാണെന്നറിയുന്നു! കൂടാതെ, ആറായിരം കിലോമീറ്റർ ദൂരത്തിൽ ലക്ഷ്യമിടുന്ന പുതിയ ഇനം ബാലിസ്റ്റിക് മിസൈലുകളും കണ്ടുപിടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ പുതിയ ഇനം 'സർമത്' മിസൈലുകൾക്ക് പത്തു ടൺ ഭാരമുള്ള ആണവായുധവുമായി അമേരിക്കയുടെ കിഴക്കൻ തീരത്തെ ആക്രമിക്കാൻ സാധിക്കുമത്രേ!
സാമ്പത്തിക ഉപരോധത്തിലൂടെ റഷ്യയെ വഴിപ്പെടുത്താമെന്നാണ് അമേരിക്ക കണക്കുകൂട്ടിയത്. എന്നാൽ, യൂറോപ്യൻ രാജ്യങ്ങൾ ഉടൻതന്നെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അമേരിക്കക്ക് മുന്നറിയിപ്പ് നല്കുകയുണ്ടായി. ബ്രസൽസിൽ ചേര്‍ന്ന യൂറോപ്യൻ യൂനിയൻ രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ ഹംഗറിയും സ്ലോവാക്യയും ചെക്റിപ്പബ്ലിക്കും ആദ്യമേ അവരുടെ വിയോജിപ്പറിയിച്ചു. യൂറോപ്പ് അവർക്കാവശ്യമായ എണ്ണയുടെ മുപ്പതു ശതമാനം ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽനിന്നാണ്.
വർഷാവർഷം 150 ബില്യൻ ക്യൂബിക് മീറ്റർ ഗ്യാസും റഷ്യ നല്കുന്നു. ഇതു കാരണം, ഉപരോധം പ്രഖ്യാപിക്കപ്പെട്ടതോടെ യൂറോപ്പിലെല്ലായിടത്തും എണ്ണ വാതക വിലകൾ കുതിച്ചുയർന്നു. തുടർന്ന് യുക്രെയ്നിൽ നിന്നും റഷ്യയിൽനിന്നുമുള്ള ഗോതമ്പ് ഇറക്കുമതി കൂടി നിലച്ചതോടെ പല രാഷ്ട്രങ്ങൾക്കും യഥാര്‍ഥ പഞ്ഞം അനുഭവപ്പെട്ടു. ഇതോടെ സഖ്യകക്ഷികൾ ബൈഡനെ കുറ്റപ്പെടുത്താൻ തുടങ്ങി. കെപ്ലർ ഏജന്സിപോലുള്ള വാണിജ്യ രംഗത്തെ വിശകലന വിദഗ്ധർ നേരത്തേ തന്നെ ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എണ്ണ-വാതക വിലകൾ പിടിച്ചുനിർത്താനായി ഖത്തറിനെയും സൗദിയെയും സമ്മർദത്തിലാക്കാൻ ബൈഡൻ ശ്രമിച്ചുനോക്കി.
എന്നാൽ, ഖത്തർ ചൈനയുമായും ഏഷ്യൻ രാഷ്ട്രങ്ങളുമായും മുമ്പേതന്നെ ദീർഘകാല വാതക കയറ്റുമതി കരാറുകളിൽ ഏർപ്പെട്ടുപോയിരുന്നു. വാക്കുപാലിക്കാതെ കരാർ ലംഘിക്കുന്നതിന് ഖത്തർ സന്നദ്ധമായില്ല. അതേപോലെ, സൗദിയും യു.എ.ഇ യും കുവൈത്തും അമേരിക്കയുടെ കണ്ണുരുട്ടൽ കണ്ടു പേടിച്ചില്ല. റഷ്യയുമായുള്ള ബന്ധം വേർപെടുത്താൻ സൗദിയും തയാറായില്ല! ഇതിന്റെ പ്രത്യാഘാതമായി ബൈഡന്റെ ചുറുക്ക് ഒട്ടൊന്ന് ശമിച്ചെന്നു വേണം പറയാൻ. അതിനിടെ, ജൂലൈ രണ്ടാംവാരത്തിൽ ബൈഡൻ സൗദി സന്ദര്‍ശിക്കുമെന്നറിയുന്നു.
ഇസ്രായേലിന്റെ അപ്രമാദിത്വം നിലനിർത്തുന്നത് അമേരിക്കയാണ്. അവരുടെ സാമ്പത്തിക-സൈനിക പിന്തുണയാലാണ് ഇസ്രായേൽ തലയുയർത്തി നില്‍ക്കുന്നത്. വാഷിങ്ടൺ മിഡിലീസ്റ്റിൽനിന്ന് പിൻവാങ്ങേണ്ടിവന്നാൽ അത് ബാധിക്കുക തെൽഅവീവിന്റെ ഭാവിയെക്കൂടിയാണ്. അതിനാലാണ് ഇസ്രായേൽ ഇറങ്ങിക്കളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മൂന്നു തുറുപ്പുശീട്ടുകൾ അവരുടെ കൈയിലിരിപ്പുണ്ട്. ഒന്നാമത്തേത് ഇറാന്റെ ആണവനിലയങ്ങളെ ആക്രമിക്കുക എന്നതു തന്നെ.
ഇറാനുമായി ഇപ്പോൾ തന്നെ അപ്രഖ്യാപിത യുദ്ധം നടന്നുവരുകയാണ്. സാങ്കേതിക വിദ്യകളിലെ പുരോഗതി യുദ്ധതന്ത്രങ്ങളിലും വമ്പിച്ച മാറ്റങ്ങൾക്ക് കാരണമായിരിക്കുന്നുവെന്നു പറയേണ്ടതില്ലല്ലോ. പരസ്യമായ യുദ്ധങ്ങളെക്കാൾ, സൈബർ സ്പേയ്സിലുള്ള രഹസ്യയുദ്ധങ്ങളെക്കുറിച്ചാണ് ഇപ്പോൾ കൂടുതൽ കേൾക്കുന്നത്. ഇതധികവും പ്രോക്സി യുദ്ധങ്ങളാണ്. ഈ സംഘങ്ങൾ ഉരുളക്കുപ്പേരി കണക്കിനു പകരംവീട്ടുന്നതും രംഗത്തുവന്ന് പെട്ടെന്നു അപ്രത്യക്ഷമാകുന്നതും നാം കാണുന്നു. ശത്രുരാജ്യങ്ങളുടെ ആഭ്യന്തര ഘടനകൾ തകര്‍ത്തുകളയുന്ന പദ്ധതികൾക്കാണ് സൈബർ ആക്രമണം ഊന്നുന്നത്.
ശത്രുരാജ്യങ്ങളുടെ ജലസ്രോതസ്സുകൾ ആശുപത്രികൾ, ഹാർബറുകൾ, ഗവൺമെൻറ് വെബ്സൈറ്റുകൾ എന്നിങ്ങനെ പലതും കേടുവരുത്തുന്നതുവഴി അവർ ശത്രുരാജ്യങ്ങൾക്ക് ശല്യം സൃഷ്ടിക്കുന്നു. കഴിഞ്ഞ മാർച്ച് 14ന് ഇസ്രായേലി ഗവൺമെൻറ് വെബ്സൈറ്റുകൾ ഇങ്ങനെയുള്ള ഒരാക്രമണത്തിന് വിധേയമായി. പ്രധാനമന്ത്രിയുടെ ഓഫിസും ആരോഗ്യ, ആഭ്യന്തര, നീതിന്യായ, ജനസേവന വകുപ്പുകളുടെ കാര്യാലയങ്ങളുമെല്ലാം പെട്ടെന്ന് തകരാറിലായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അതുമൂലമുണ്ടായ നഷ്ടം വിലയിരുത്തുന്നതിനായി നടപടികൾ സ്വീകരിച്ചു. എങ്കിലും, ആക്രമണത്തിന്റെ യഥാർഥ സ്രോതസ്സ് കണ്ടെത്തി നടപടികൾ സ്വീകരിക്കാൻ സാധിച്ചില്ല. 2010ൽ ഇസ്രായേലിന്റെ തുടക്കം കുറിച്ച ഇത്തരം ആക്രമണത്തിന് ഇറാൻ പകരം ചോദിച്ചതാണ് എന്നാണ് നിഗമനം. എന്നാൽ, ഇസ്രായേലിന്റെ ഇപ്പോഴത്തെ ആവശ്യം ഇറാന്റെ ആണവനിലയങ്ങൾ പൂര്‍ണമായും തകര്‍ക്കുക എന്നതാണ്.
2020ൽ ഇറാന്റെ ആണവശാസ്ത്രജ്ഞൻ മുഹസിൻ ഫഖ്രിസാദയെ മൊസാദ് കൊലപ്പെടുത്തിയതോടെ രംഗം കൂടുതൽ ചൂടുപിടിച്ചു. മൊസാദ് തങ്ങളുടെ പങ്ക് നിഷേധിച്ചു. എന്നാൽ, ന്യൂയോർക് ടൈംസ് ഇസ്രായേൽ വധം നടത്തിയ കാര്യം വിശദീകരിച്ചു റിപ്പോർട്ട് നല്കി. വൈറ്റ്ഹൗസിൽ ട്രംപിന്റെ കീഴിൽ നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ച റിച്ചാർഡ് ഗോൾഡ്ബർഗ് പ്രസ്താവിച്ചതനുസരിച്ച് ഇറാന്റെ സൈനികഗവേഷണ മേഖലകളിലെല്ലാം മൊസാദ് തങ്ങളുടെ ആളുകളെ കുടിയിരുത്തിയിട്ടുണ്ട്. ഇനി യുദ്ധം തുടങ്ങേണ്ട കാര്യമേയുള്ളൂ!
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഡോ. റംസി ബറൂദ് നടത്തിയ അഭിമുഖത്തിൽ പ്രഫ. നോം ചോംസ്കി അഭിപ്രായപ്പെട്ടതുപോലെ ഫലസ്തീനിൽ അധിനിവേശകർ അവർക്ക് തോന്നുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. അവർ എന്തുചെയ്താലും അമേരിക്ക അവരെ പിന്തുണക്കും. ഇത് ദക്ഷിണാഫ്രിക്ക സ്വീകരിച്ചിരുന്ന വർണവിവേചന നയത്തേക്കാൾ ഭീകരമാണ്. 85 ശതമാനം വരുന്ന തൊലികറുത്തവരെ ഒരു തൊഴിലാളികളുടെ ഗ്രൂപ്പായി നിലനിർത്താൻ ദക്ഷിണാഫ്രിക്ക ആഗ്രഹിച്ചു. എന്നാൽ, ഇസ്രായേൽ ചെയ്യുന്നത് ഫലസ്തീൻ വംശജരെ അവരുടെ ജന്മനാട്ടിൽനിന്ന് പുറത്താക്കുകയോ കൊന്നൊടുക്കുകയോ ആണ്. ഇടക്കിടെ ഇതിനെതിരായി അമേരിക്കയും ഐക്യരാഷ്ട്ര സംഘടനയും എന്തെങ്കിലും പറയും. എന്നാൽ, അതിനെതിരായി പ്രതികരിക്കേണ്ട സന്ദർഭങ്ങളിലൊക്കെയും അർഥവത്തായ മൗനം പാലിക്കുകയും ചെയ്യും. ബൈഡന്റെയും നയം ഇതു തന്നെയായതിനാൽ ഫലസ്തീനിൽ ഇസ്രായേൽ അതിന്റെ തേർവാഴ്ച തുടരുന്നതാണ്.
ഈ പുതിയ തപ്തമായ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഒരു സമുദ്രാതിർത്തി പ്രശ്നം കൂടി തലപൊക്കുന്നത്. 'എനർജിയൻ' (Energean) കമ്പനിയുടെ കപ്പലുകൾ ലബനാനും ഇസ്രായേലിനുമിടയിൽനിന്ന് വാതകം ഊറ്റിയെടുക്കാൻ ശ്രമിക്കുന്നു. തർക്കത്തിലിരിക്കുന്ന 'കരിശ്' മേഖലയിലാണിത് നടക്കുന്നത്. ലബനാൻ പ്രസിഡന്റ് മിശാൽ ഔനും, പ്രധാനമന്ത്രി നജീബ് മീഖാതിയും ഇതിനെതിരായി രംഗത്തുവന്നിട്ടുണ്ട്. അതിനിടെ മുതിര്‍ന്ന യു.എസ് ഊര്‍ജ്ജ ഉപദേശകനും മധ്യസ്ഥനുമായ അമോസ് ഹോഷ്റ്റൈൻ (Amos Hochstein) ബൈറൂതിൽ പറന്നെത്തിയിരിക്കുന്നു.
ഉദ്ദേശിക്കുന്നത് വ്യക്തമാണ്: ഇസ്രായേലിനു കരിശ് മേഖലയിൽനിന്ന് വാതകം ചോർത്തൽ സാധ്യമാകണം. പക്ഷേ, ഇത് എളുപ്പമല്ല. ലബനാന്റെ അതിർത്തി ഭേദിച്ച് തങ്ങളുടെ പ്രകൃതിവാതകം ചോർത്തിയെടുക്കാൻ സമ്മതിക്കില്ലെന്ന് ഹിസ്ബുല്ലയും പ്രഖ്യാപിച്ചിരിക്കുന്നു. ഇതും ഒരു യുദ്ധസാധ്യത ഉളവാക്കുന്നു. എല്ലാം ഒത്തുനോക്കുമ്പോൾ കിസിൻജർ നൽകുന്ന സൂചന ശരിയാകുമോ എന്ന ഭയത്തിന് കനം വെക്കുന്നു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.