നദികൾ സ്വച്ഛമായി ഒഴുകട്ടെ
text_fieldsവേനലിൽ ജലക്ഷാമം, മഴക്കാലത്ത് പ്രളയമെന്നായിരിക്കുന്നു നമ്മുടെ കാലാവസ്ഥ കലണ്ടർ. വേനലാകുംമുമ്പേ പലയിടത്തും ജലക്ഷാമം രൂക്ഷമായിരിക്കുന്നു. ജലസ്രോതസ്സുകൾ നാശമടയുന്നതിനുള്ള പരിഹാരംതേടലും പ്രായശ്ചിത്തവും ജലദിനത്തിലും നദീദിനത്തിലും പരിസ്ഥിതിദിനത്തിലും മാത്രം മതിയോ? വെള്ളക്കരം ചോദിക്കാതെ യഥേഷ്ടം വെള്ളമൊഴുക്കിത്തന്നിരുന്ന നദികളോടും തടാകങ്ങളോടും ചെയ്തു കൊണ്ടിരിക്കുന്ന ക്രൂരത അവസാനിപ്പിക്കാതെ സ്വൈരജീവിതത്തിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമല്ലെന്ന് ഓർമിപ്പിക്കുന്നു പ്രശസ്ത ഭൗമശാസ്ത്രജ്ഞയായ ലേഖിക
വനങ്ങളുണ്ടായത് മനുഷ്യസംസ്കാരത്തിനുമുമ്പും, മരുഭൂമികളുണ്ടായത് അതിനുശേഷവുമാണെന്ന് പറഞ്ഞത് ഫ്രഞ്ച്ചിന്തകൻ ഫ്രാൻസ്വാ റിനെ ഡെ ഷാത്തോബ്രിയാൻറ് (Franois-Ren de Chateaubriand) ആണ്. ഇന്ന് ലോത്താകമാനമുള്ള നദികളുടെ അവസ്ഥ കാണുമ്പോൾ ഈ വാക്കുകൾ കടംകൊണ്ട് ഇങ്ങനെ പറയാൻ തോന്നുന്നു; 'പുഴകൾ സ്വതന്ത്രമായി ഒഴുകിയിരുന്നത് മനുഷ്യസംസ്കാരത്തിനു മുമ്പും, അവ ബന്ധനത്തിലായത് അതിനു ശേഷവുമാണ്'.
എന്താണ് സ്വതന്ത്രമായി ഒഴുകുന്ന പുഴ? മനുഷ്യനിർമിതികൾ മാറ്റം വരുത്താത്ത, സ്വാഭാവിക ഒഴുക്കും, ചാലുകൾ തമ്മിലെ ബന്ധവും നിലനിർത്തി ഒഴുകുന്നവ. വേർപിരിഞ്ഞും, ചിലപ്പോൾ ഒന്നിച്ചും, വിശാലമായ നദീതടത്തിലൂടെ ഒഴുകുന്ന കൈവഴികളാണ് പുഴയെ സ്വതന്ത്രമാക്കുന്നത്. അത്തരം നദികളിൽ ജലവും എക്കൽ മണ്ണുമെല്ലാം തടസ്സമില്ലാതെ സഞ്ചരിക്കും, മത്സ്യങ്ങളും, മറ്റുജീവജാലങ്ങളും അവിടെ സ്വാഭാവികമായ ആവാസവ്യവസ്ഥ കണ്ടെത്തും. കൂടുതൽ ജലം ഉൾക്കൊള്ളേണ്ടിവരുമ്പോൾ സ്വയംവികസിക്കാനും അല്ലാത്ത സമയങ്ങളിൽ ചുരുങ്ങാനും ആ നദികൾക്ക് കഴിയും.
ഭൂഗർഭ ജലവിതാനം സ്ഥിരമായി നിലനിർത്താനുമാവും. ഇന്ന് ലോകത്താകെയുള്ള നദികളിൽ മൂന്നിലൊന്ന് മാത്രമാണ് ഈ ഗണത്തിൽപെടുന്നത്. ഒരിക്കൽ അമേരിക്കയിലെ അലാസ്കയിൽ അത്തരമൊരു നദി കണ്ടതോർക്കുന്നു. ലോകത്തെ പല വലിയ നദികളും ഡാമുകൾ കെട്ടിയും മറ്റു പ്രവർത്തനങ്ങളിലൂടെയും തടസ്സപ്പെട്ട നിലയിലാണ്. അണക്കെട്ട് നിർമാണം കാരണം ലോകത്താകമാനം 160,000 ത്തിലധികം നദികൾക്ക് സ്വാഭാവിക ഒഴുക്ക് നഷ്ടമായതായി 2021ൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു.
മനുഷ്യവംശത്തിന്റെ വളർച്ചയും നദികളും തമ്മിൽ അഭേദ്യബന്ധമുണ്ട്. നൈൽ, യൂഫ്രട്ടീസ്, ടൈഗ്രിസ്, സിന്ധു നദീതട സംസ്കാരം തുടങ്ങി മനുഷ്യസംസാസ്കാരങ്ങൾ അഭിവൃദ്ധിപ്രാപിച്ചത് വിശാലമായ നദീതടങ്ങളുടെ സമീപത്തായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംവരെ സബർമതിനദി മഹാത്മ ഗാന്ധിയുമായി ബന്ധപ്പെട്ടാണ് അറിഞ്ഞിരുന്നത്. വിശാലമായ സബർമതി നദീതടത്തിലായിരുന്നല്ലോ ഗാന്ധി ആശ്രമം സ്ഥാപിച്ചത്. കഴിഞ്ഞ രണ്ടുദശാബ്ദങ്ങളായി ഈ നദിയുടെ സ്വാഭാവിക അവസ്ഥക്ക് മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു. നർമദനദിയിൽനിന്നുള്ള വെള്ളം വഴിമാറ്റി ഒഴുക്കി, സബർമതിയെ പുഷ്ടിപ്പെടുത്തുകയും,പുതിയ 'റിവർഫ്രണ്ട്' പ്രോജക്ട് നടപ്പാക്കുകയും ചെയ്തു.
അനേകം ജനങ്ങൾ ആശ്രയിച്ചു ജീവിക്കുന്ന ഈ നദിയിലെ താഴുന്ന ഓക്സിജൻ ലെവൽ ആശങ്കയുണ്ടാക്കുന്നു.സബർമതി ഇന്ത്യയിലെ ഏറ്റവും മലിനമാക്കപ്പെട്ട രണ്ടുനദികളിലൊന്നാണെന്ന് ഈ അടുത്തദിവസം റിപ്പോർട്ട് ചെയ്യുകയുണ്ടായി. അഴുക്കുചാലായി മാറിയിരിക്കുന്ന കൂവം നദിയാണ് ഏറ്റം നശിപ്പിക്കപ്പെട്ടത്. പുണ്യനദികളെന്ന് വിളിക്കപ്പെടുന്ന യമുനയും, ഗംഗയുമെല്ലാം ഇക്കൂട്ടത്തിൽപെടുന്നു. അയോധ്യയെക്കുറിച്ച് ഒട്ടനവധി ചർച്ചകളും ഒച്ചപ്പാടുകളും നാട്ടിൽ നടക്കുന്നുണ്ടല്ലോ. സരയൂ നദിയുടെ അവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഹിമാലയത്തിന്റെ നെറുകയിൽ, മാനസസരോവറിൽനിന്നുത്ഭവിക്കുന്ന ഈ നദിയിൽ പലവിധ മാലിന്യങ്ങൾ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. ഒരുകാലത്ത് ഒന്നര കിലോമീറ്റർ വീതിയുണ്ടായിരുന്ന ഈ നദി ഇപ്പോൾ 40മീറ്ററിലേക്ക് ചുരുങ്ങിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം, മലിനീകരണം, അണക്കെട്ടുനിർമാണം (നേപ്പാളിലെ പഞ്ചേശ്വർ ഇവയിൽ പ്രധാനം) തുടങ്ങിയവയാണ് നദിയുടെ ശോഷണത്തിന് കാരണമായി പറയുന്നത്. നദി വഴിമാറി ഒഴുകാൻ തുടങ്ങിയതോടെ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി ഉപയോഗശൂന്യമാകുകയും, ആ പ്രദേശങ്ങളിലെ ഭൂഗർഭജലവിതാനം താഴുകയും ചെയ്തു.
നഗരവത്കരണത്തോടെ നമുക്ക് നഷ്ടമാകുന്ന മറ്റൊരു ജലസ്രോതസ്സാണ് ലേക്കുകൾ (തടാകങ്ങൾ) ഇന്ത്യയുടെ ഐ.ടി തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബംഗളൂരു നഗരത്തിൽ ഒരുകാലത്തു 1000 തടാകങ്ങളുണ്ടായിരുന്നു. 16ാം നൂറ്റാണ്ടിൽ ഈ നഗരം സ്ഥാപിച്ച കെംപെ ഗൗഡയാണ് കൃത്രിമ തടാകങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത്. പിന്നീട് മൈസൂർ മഹാരാജാവിന്റെയും ബ്രിട്ടീഷ്ഭരണത്തിന്റെയും കീഴിൽ അനവധി തടാകങ്ങൾ നിർമിക്കുകയുണ്ടായി. കെംപെ ഗൗഡയുടെ പേരിൽ വിമാനത്താവളവും ബസ് ടെർമിനലും മെട്രോ സ്റ്റേഷനും പടുകൂറ്റൻ പ്രതിമകളും നിർമിക്കുകയുണ്ടായി പിൽകാല ഭരണകർത്താക്കൾ. എന്നാൽ, ഈ നഗരത്തിൽ ആ മഹാനുഭാവൻ നിർമിച്ച തടാകങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. 1960 ആയപ്പോൾ തടാകങ്ങളുടെ എണ്ണം 280 ആയി ചുരുങ്ങി.
ഇപ്പോൾ 80. അതിൽ തന്നെ പലതിലും മാലിന്യം അടിയുന്നു. തടാകക്കരയിലെ പുല്ലുപോലും വിഷലിപ്തമാണ്, അവഭക്ഷിക്കുന്ന പശുക്കളിലൂടെ വിഷാംശം മനുഷ്യരുടെ ആഹാരത്തിലും എത്തുന്നു. നഗരത്തിലെ താഴ്ന്നപ്രദേശങ്ങൾ നികത്താൻ ഉപയോഗിക്കുന്നത് പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടവും പാഴ്വസ്തുക്കളുമാണ്. അതോടൊപ്പം ധാരാളം പ്ലാസ്റ്റിക്കും ഉണ്ടാകും. ഈ വസ്തുക്കൾ ജലം കിനിഞ്ഞിറങ്ങാനുള്ള മണ്ണിന്റെ സ്വാഭാവികഘടനക്ക് മാറ്റം വരുത്തുക മാത്രമല്ല, അതിലൂടെ ഊറിയിറങ്ങുന്ന ജലം പലവിധ രാസവസ്തുക്കളാൽ മലിനമാക്കപ്പെടുകയും ചെയ്യും. തണ്ണീർത്തടങ്ങൾ നികത്തുമ്പോൾ ജലത്തിന് ഒഴുകിപ്പോകാനുള്ള ഇടം നഷ്ടമാകുന്നു എന്നുമാത്രമല്ല ഒഴുകിയെത്തുന്ന ഭൂഗർഭജലം മലിനമാകുകയും ചെയ്യുന്നു.
ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഈ അടുത്തുണ്ടായ പ്രളയനാശങ്ങളുടെ കാരണം തേടി ഏറെ അകലേക്കൊന്നും പോകേണ്ടതില്ല. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങൾ നേരിടുന്ന ചില പൊതുവായ പ്രശ്നങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്. ഭൂവിനിയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾമൂലം ഭൂഗർഭജലസംഭരണികളിലേക്കുള്ള ഒഴുക്ക് കുറയുകയും, കാലക്രമേണ ജലദൗർലഭ്യമുണ്ടാകുകയും ചെയ്യുന്നു. ജലം കിനിഞ്ഞിറങ്ങാത്ത വസ്തുക്കളുടെ ഉപയോഗവും സ്വാഭാവിക ജലചംക്രമണത്തെ തടസ്സപ്പെടുത്തുന്നു (മുറ്റത്തുവിരിക്കുന്ന ടൈലുകൾ, കോൺക്രീറ്റ്പാതകൾ തുടങ്ങിയവ ഉദാഹരണം). ഇതോടൊപ്പം നടക്കുന്ന വനനശീകരണവും, നദീതടങ്ങളിലേക്കുള്ള കടന്നുകയറ്റവും, ശുഷ്കമാകുന്ന ജലപാതകളും വെള്ളപ്പൊക്കങ്ങളുടെ ആഘാതം വർധിപ്പിക്കുന്നു. വേനൽക്കാലങ്ങളിൽ ജലക്ഷാമം, വർഷകാലങ്ങളിൽ വെള്ളപ്പൊക്കം, ചെറുമഴ പെയ്താൽ പോലും വെള്ളക്കെട്ട് ഇതൊക്കെയാണ് ഇന്ന് പലപ്രദേശങ്ങളും അനുഭവിക്കുന്നത്.
കുട്ടനാടിന്റെ പാഠങ്ങൾ
കാലാവസ്ഥ വ്യതിയാനവും, നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടുള്ള ഭൂവിനിയോഗവും ഒരുപ്രദേശത്തെ എന്തൊക്കെ തരത്തിൽ ബാധിക്കാമെന്നറിയാൻ കുട്ടനാട് വരെ ഒന്നുപോയാൽ മതി. ഈ അടുത്തദിവസം ‘കാലാവസ്ഥ വ്യതിയാനവും കുട്ടനാടും’ എന്ന പ്രമേയത്തിൽ കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആലപ്പുഴയിൽ സംഘടിപ്പിച്ച സെമിനാറിൽ ഞാൻ പങ്കെടുക്കുകയുണ്ടായി. നെൽകൃഷി, ടൂറിസം, മത്സ്യമേഖലകളിൽ നേരിടുന്ന വെല്ലുവിളികൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദ ചർച്ചകൾ നടന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരോടൊപ്പം വിദ്യാസമ്പന്നരായ അനേകം യുവജനങ്ങളും തദ്ദേശവാസികളും പങ്കെടുത്ത ചർച്ചകളിൽ ഉയർന്ന ഒരു സുപ്രധാന വിഷയം കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ ഘടനയെക്കുറിച്ചായിരുന്നു. സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് രണ്ടുമീറ്ററോളം താഴ്ച്ചയിലാണ് കുട്ടനാട് സ്ഥിതിചെയ്യുന്നത്.
ഈ സ്ഥിതി കാലങ്ങളായി തുടരുന്നതാണെങ്കിലും ആഗോള കാലാവസ്ഥ വ്യതിയാനങ്ങളും, തുടർന്നുണ്ടായിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളും ഇവിടത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നു. കുട്ടനാട്ടിലൂടെ ഒഴുകുന്ന പമ്പ, മീനച്ചിൽ, അച്ചൻകോവിൽ, മണിമല എന്നീ നദികളെല്ലാം അവയുടെ സ്വാഭാവികസ്ഥിതി നഷ്ടപ്പെട്ട അവസ്ഥയിലാണ്. ശുഷ്കമായി, മാലിന്യങ്ങൾ പേറി ഒഴുകുന്ന ഈ പുഴകൾക്ക് കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ സാധിക്കുകയില്ല. പരിസ്ഥിതിലോലമായ, ജലത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒരു പ്രദേശത്ത് എന്തൊക്കെയാണോ ചെയ്യാൻപാടില്ലാത്തത് അതൊക്കെ അവിടെ കാണാം.
വെള്ളപ്പൊക്കത്തിൽ എക്കൽ അടിഞ്ഞ് കൃഷിയിടങ്ങൾ കൂടുതൽ വളക്കൂറുള്ളതായി മാറുമെന്നതിനാൽ മുമ്പ് കുട്ടനാട്ടുകാർ വെള്ളപ്പൊക്കത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വെള്ളത്തിന് ഒഴുകാൻ വഴിയില്ലാതെയായി. തോടുകൾ നേർത്തുപോയി; പാടശേഖരങ്ങളെ കീറിമുറിച്ചുള്ള റോഡുകൾ നീരൊഴുക്ക് തടയുന്നു. ബന്ധനത്തിലായ പുഴകൾ ഒഴുകാനാവാതെ, ശ്വാസംമുട്ടുന്ന കാഴ്ച ഇവിടെക്കാണാം. ജലമൊഴുകേണ്ട പല പ്രദേശങ്ങളും നീർപ്പോളകളും, ആഫ്രിക്കൻപായലും മൂടിയ അവസ്ഥയിലാണ്. പ്രശ്നങ്ങൾക്കു പ്രതിവിധി തേടുമ്പോൾ കുട്ടനാടിനേക്കാൾ കൂടുതൽ, ഏതാണ്ട് ആറ് മീറ്റർ താഴെയായി സ്ഥിതിചെയ്യുന്ന നെതർലൻഡ്സ് ഇത്തരം പ്രശ്നങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യം ഉയർന്നുവരുന്നു. ലോകത്തെ എൻജിനീയറിങ് അത്ഭുതങ്ങളിലൊന്നായ ഡെൽറ്റാവർക്സ് എന്ന പദ്ധതിയെക്കുറിച്ച് മനസ്സിലാക്കിയാൽ ഈ ചോദ്യത്തിന് ഉത്തരം കിട്ടും.
(തുടരും)
(ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെൻറർ ഫോർ എർത്ത് സയൻസസ് റിട്ട. പ്രഫസറാണ് ലേഖിക. ഇ-മെയിൽ: kusalaraj@gmail.com)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.