നാടാകെ പടരും മാർകഡ് വാഡി.....
text_fieldsഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് മഹാരാഷ്ട്രയിലെ മാർകഡ് വാഡി ഗ്രാമവാസികൾ സ്വന്തം നിലയിൽ നടത്താനിരുന്ന പ്രതീകാത്മക വോട്ടിങ് തടഞ്ഞതിനെതിരെ കേന്ദ്ര വൈദ്യുതി, ധനകാര്യ മന്ത്രാലയങ്ങളിലെ മുൻ സെക്രട്ടറി ഇ.എ.എസ്. ശർമ എഴുതിയ തുറന്ന കത്തിൽനിന്ന്
പ്രിയപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർമാർക്ക്,
ഇക്കഴിഞ്ഞ ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ മാൽഷിറാസ് നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന മാർകഡ് വാഡി ഗ്രാമവാസികൾ ഒരു വോട്ടിങ് ബൂത്തും ബാലറ്റ് പേപ്പറും പെട്ടിയും സജ്ജമാക്കിവെച്ച് വീണ്ടും വോട്ട് ചെയ്യാൻ സജ്ജരായിവരുകയും പൊലീസും പ്രാദേശിക ഭരണകൂടവും ഇടപെട്ട് തടയുകയും ചെയ്തുവെന്ന വാർത്തയാണ് ഈ കത്തിനാധാരം.
മാൽഷിറാസ് മണ്ഡലത്തിൽ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം) സ്ഥാനാർഥി ഉത്തം ജങ്കർ ബി.ജെ.പിയിലെ രാം സത്പുതേക്കെതിരെ 13,147 വോട്ടുകൾക്ക് വിജയിച്ചിരുന്നു. മാർകഡ് വാഡിയിലെ ബൂത്തിൽ സത്പുതേക്ക് 1,003 വോട്ടും ഉത്തം ജങ്കറിന് 843 വോട്ടുമാണ് രേഖപ്പെടുത്തിയതായി കണ്ടത്. ഇത് ജനങ്ങളിൽ സംശയം സൃഷ്ടിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇ.വി.എമ്മുകളെക്കുറിച്ച് സംശയം ഉന്നയിച്ച് നവംബർ 29ന് ഗ്രാമവാസികൾ പ്രാദേശിക ഭരണകൂടത്തിന് കത്തെഴുതിയിരുന്നു.
തുടർന്നാണ് അവർ ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട് ചെയ്തു കാണിക്കാമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുവന്നത്.എന്നാൽ, തിങ്കളാഴ്ച മാർകഡ് വാഡിയിൽ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയതിനാൽ ഗ്രാമവാസികളുടെ പ്രതീകാത്മക വോട്ടിങ് നടത്താനായില്ല.
ഇ.വി.എം പ്രക്രിയയിൽ സംശയമുള്ളതുകൊണ്ടാണ് ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്താൻ ആഗ്രഹിച്ചതെന്നും സംശയ ദൂരീകരണം മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നിരിക്കെ ഭരണകൂടം എന്തിനാണതിന് തടയിടുന്നതെന്നും ഗ്രാമീണർ ചോദിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ചെയ്ത വോട്ട് താൻ തെരഞ്ഞെടുക്കാൻ ഉദ്ദേശിച്ച സ്ഥാനാർഥിക്കുതന്നെ ലഭിച്ചു എന്ന് ഉറപ്പാക്കുകയെന്ന വോട്ടറുടെ പരിമിതമായ ആവശ്യം രാജ്യത്തെ ഒരു അധികാരിക്കും നിഷേധിക്കാനാവാത്ത അവകാശമാണ്. തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന വലിയ അവകാശവാദങ്ങളെല്ലാം നിലനിൽക്കുമ്പോൾതന്നെ വോട്ട് ശരിയായി രേഖപ്പെടുത്തപ്പെട്ടുവെന്ന് സാധാരണ ബാലറ്റ് പെട്ടിയിൽ മുഖേന ലഭിച്ചിരുന്ന സംതൃപ്തി വോട്ടർക്ക് നൽകാത്ത ഒരു ബ്ലാക്ക് ബോക്സ് മാത്രമാണ് ഇ.വി.എം.
കൃത്രിമത്വം നടത്താൻ സാധ്യതകളുള്ള ഭാഗങ്ങൾ സംബന്ധിച്ച് കാര്യമായ സാങ്കേതിക തെളിവുകളുണ്ടായിരുന്നിട്ടും വോട്ടർമാരുടെ അടിസ്ഥാന അവകാശത്തെ അനാദരിച്ചുകൊണ്ട് ഇ.വി.എം സംവിധാനത്തിന്റെ കാര്യക്ഷമതയെ ശാഠ്യപൂർവം പ്രതിരോധിക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ നടപടിയിൽ ഞാൻ നിരാശനാണ്.
മാർകഡ് വാഡിയിലെ ജനങ്ങൾ പ്രകടിപ്പിച്ച വികാരം ആ ഗ്രാമത്തിലൊതുങ്ങുന്നില്ല; രാജ്യമൊട്ടുക്കുമുള്ള നിരവധി ഗ്രാമങ്ങളും ഇത് പ്രകടിപ്പിക്കുന്നു. ഇ.വി.എം സംവിധാനത്തോട് ജനങ്ങൾക്ക് പൊതുവായുള്ള അവിശ്വാസത്തെയാണ് ഇത് കാണിക്കുന്നത്.
ഗ്രാമത്തിൽ നടത്താനിരുന്ന മോക് പോൾ പ്രാദേശിക അധികാരികൾ ‘നിരോധിച്ചു’ എന്നത് നിർഭാഗ്യകരമാണ്. ജനാധിപത്യത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാൻ ഗ്രാമീണർ ഒത്തുകൂടിയതിനെ ‘നിയമവിരുദ്ധമായ സംഘംചേരൽ’ എന്ന് വിളിക്കാനും ഭരണഘടനയുടെ ആർട്ടിക്കിൾ 19 ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്താനും എങ്ങനെ സാധിക്കും? വോട്ടെടുപ്പ് നിരോധിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥരോട് നിർദേശിച്ചതിൽ കമീഷന് പങ്കുണ്ടെങ്കിൽ, അത് കൂടുതൽ ദൗർഭാഗ്യകരമാണ്. എന്തെന്നാൽ കമീഷൻ അപ്രകാരം ചെയ്യണമെന്ന് ആർട്ടിക്കിൾ 324 വിഭാവനം ചെയ്യുന്നില്ല, തെരഞ്ഞെടുപ്പ് സംബന്ധിച്ച ഏതെങ്കിലും നിയമവും അതിന് അധികാരം നൽകുന്നില്ല.
2024 ആഗസ്റ്റ് മൂന്നിന് അയച്ചതുൾപ്പെടെയുള്ള കത്തുകളിലായി, ഇ.വി.എമ്മുകളിൽ കൃത്രിമം നടക്കാനുള്ള സാധ്യതകൾ സംബന്ധിച്ച ആശങ്കകൾ ഞാൻ ഉന്നയിച്ചിരുന്നു. ഇ.വി.എമ്മുകൾ വിതരണം ചെയ്യുന്നതിനും അവയുടെ പ്രവർത്തന സമഗ്രത ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ( ECIL) എന്നിവയുടെ ബോർഡുകളിൽ ഭരണകക്ഷിയായ ബി.ജെ.പി എങ്ങനെയാണ് അവരുടെ നോമിനികളെ തിരുകിക്കയറ്റിയതെന്നും, ഇ.വി.എമ്മുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആശ്രയിക്കുന്ന ‘സാങ്കേതിക വിദഗ്ധ സമിതി’യിലെ അംഗങ്ങളുടെ താൽപര്യ വൈരുധ്യങ്ങളും നിയമപരമായ ബലഹീനതകളുമെല്ലാം ചൂണ്ടിക്കാണിച്ചിരുന്നു. ഇതിലൊന്നും നടപടി സ്വീകരിക്കാൻ കമീഷൻ താൽപര്യമെടുത്തില്ല. ഈ നിഷ്ക്രിയത്വം, ഈ ആശങ്കകളെക്കുറിച്ച് പൂർണമായി അറിയാമെങ്കിലും തങ്ങളെ നിയന്ത്രിക്കുന്ന പൊളിറ്റിക്കൽ എക്സിക്യൂട്ടിവിന് എതിരാകുമെന്നതിനാൽ ആർട്ടിക്കിൾ 324 പ്രകാരം അതിന്റെ നിയമപരമായ അധികാരം പ്രയോഗിക്കാൻ കമീഷൻ തയാറല്ലെന്ന നിഗമനത്തിലേക്ക് എന്നെക്കൊണ്ടെത്തിക്കുന്നു.
ഇ.വി.എമ്മുകളുടെ കാര്യക്ഷമതയിൽ ആത്മവിശ്വാസമില്ലാത്തതിനാൽ, ഇത്തരമൊരു മോക് പോളിന്റെ ഫലം നേരിടാൻ ഭയക്കുന്ന അധികാരികൾ മാർകഡ് വാടി ഗ്രാമവാസികളെ പ്രതീകാത്മക വോട്ടിങ് നടത്താൻ അനുവദിക്കുന്നതിൽ പുലർത്തിയ വിമുഖത ഒരുപക്ഷേ നിങ്ങൾ തന്ത്രപൂർവം അംഗീകരിച്ചതാകാം.
നിങ്ങളുടെ സ്ഥാനത്ത് നേരായ ചിന്താഗതിയുള്ള ഏതൊരാളായിരുന്നുവെങ്കിലും തങ്ങളുടെ വോട്ട് വിനിയോഗിക്കുന്നതിൽ പ്രതിബദ്ധത പ്രകടിപ്പിച്ച, വോട്ട് അവർക്കിഷ്ടമുള്ള സ്ഥാനാർഥിക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ശ്രമിച്ച ഗ്രാമവാസികളെ നിറഞ്ഞ മനസ്സോടെ അഭിവാദ്യം ചെയ്യുമായിരുന്നു. ഞങ്ങളിൽ പലരും പലവുരു ആവശ്യപ്പെടുകയും കൃത്യമായ കാരണമില്ലാതെ കമീഷൻ ദുർവാശിയോടെ എതിർത്തുനിൽക്കുകയും ചെയ്തൊരു കാര്യമാണ് മാർകഡ് വാഡി നിവാസികൾ സ്വന്തം നിലയിൽ ചെയ്യാൻ മുന്നോട്ടുവന്നത്.
ജനവികാരത്തിന് ചെവിയോർക്കുന്നതിൽ കമീഷൻ പരാജയപ്പെടുമ്പോൾ, ജനങ്ങൾക്ക് മുന്നിൽ അവശേഷിക്കുന്ന ഒരേയൊരു ബദൽ അവരുടെ തീരുമാനം ഉറപ്പിച്ചു പറയാനുതകുന്ന നൂതനവഴികൾ കണ്ടെത്തുകയെന്നതാണ്. നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് വഴികാണിച്ചുകൊണ്ട് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വരും ദിവസങ്ങളിൽ നിരവധി മാർകഡ് വാഡികൾ ഇനിയും ഉയർന്നുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഭരിക്കുന്ന രാഷ്ട്രീയ എക്സിക്യൂട്ടിവിന്റെ പക്ഷം പിടിക്കാതെ രാഷ്ട്രീയാതീതമായി ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കേണ്ട ഭരണഘടനാസ്ഥാപനം എന്ന നിലയിലുള്ള സ്വന്തം അധികാരത്തെക്കുറിച്ച് ചിന്തിക്കാനുള്ള ആഹ്വാനമായി മാർകഡ് വാഡി മുന്നേറ്റത്തെ അംഗീകരിക്കുക. ഉണർന്ന് പ്രവർത്തിക്കുന്നതിൽ കമീഷൻ വീഴ്ചവരുത്തിയാൽ, അതുവഴി പൊതുജനങ്ങളർപ്പിച്ച വിശ്വാസ്യത തന്നെയാണ് നഷ്ടമാവുക.
വിശ്വസ്തതയോടെ, ഇ.എ.എസ്. ശർമ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.