കെജ്രിവാളിന് ഒരു തുറന്ന കത്ത്
text_fieldsജനാധിപത്യ സംരക്ഷണത്തിന് പ്രതിപക്ഷ പാർട്ടികൾ നടത്തിയ റാലിയിൽ ജയിലിൽ കിടന്നിരുന്ന കെജ്രിവാളിനും ഹേമന്ത് സോറനും വേണ്ടി കസേരകൾ ഒഴിച്ചിട്ടപ്പോൾ (ഫയൽ ചിത്രം)
പ്രിയപ്പെട്ട അരവിന്ദ് കെജ്രിവാൾ,
ഫെബ്രുവരി 8 താങ്കൾക്ക് അത്ര സുഖകരമായ ദിവസമായിരുന്നിരിക്കില്ല. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ താങ്കളുടെ പാർട്ടി നേടിയതിനെക്കാൾ ഇരട്ടിയിലധികം സീറ്റുകൾ നേടിയ ബി.ജെ.പി 27 വർഷത്തെ ഇടവേളക്കുശേഷം ദേശീയ തലസ്ഥാനത്ത് സർക്കാർ രൂപവത്കരിക്കുകയാണ്.
കടുത്ത പകപോക്കൽ രാഷ്ട്രീയത്തിന്റെ ഇരയായി ജയിലിൽ അടക്കപ്പെട്ടതുൾപ്പെടെ പോയ വർഷം താങ്കളെ സംബന്ധിച്ചടത്തോളം എത്രമാത്രം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് എനിക്കൂഹിക്കാനാവും.
മറ്റു കാര്യങ്ങൾ പറയുന്നതിന് മുമ്പ് ഒന്ന് പറയട്ടെ. താങ്കൾ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷമുള്ള പ്രഭാതത്തിൽ ഞാൻ ഡൽഹി റോസ് അവന്യൂവിലുള്ള ആം ആദ്മി പാർട്ടി ഓഫിസ് സന്ദർശിച്ചിരുന്നു. പ്രവർത്തകരോട് ഐക്യദാർഢ്യപ്പെടാൻ വേണ്ടി മാത്രമല്ല, ജനാധിപത്യത്തിനെതിരായ ആ ലജ്ജാകരമായ ആക്രമണത്തിൽ എന്റെ രോഷവും പ്രതിഷേധവും അറിയിക്കുക കൂടിയായിരുന്നു അതിന്റെ ഉദ്ദേശ്യം.
ആപ് ഓഫിസിൽ എത്തിച്ചേരൽ അത്ര എളുപ്പമായിരുന്നില്ല. പൊലീസ് നിങ്ങളുടെ അനുയായികളെ ബസുകളിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. അതിരാവിലെ ജോലിക്ക് പോകുന്ന വഴിയിൽ റോഡരികിൽ ഇരുന്ന് ചായ കുടിക്കുകയായിരുന്ന ചിലയാളുകളെപ്പോലും പൊലീസ് ബസുകളിലേക്ക് വലിച്ചുകയറ്റി. പാർട്ടി ഓഫിസ് സ്ഥിതിചെയ്യുന്ന റോഡിൽ കനത്ത ബാരിക്കേഡുകൾ ഉണ്ടായിരുന്നുവെങ്കിലും ഒരു റിക്ഷാ ഡ്രൈവർ അവിടെയെത്താൻ പറ്റുന്ന വഴി കാണിച്ചുതന്നു.
ഇടുക്കുകളിലൂടെ നടന്നും ഇടമതിലുകൾ ചാടിക്കടന്നും അവിടെയെത്തി. ഓഫിസ് അടച്ചിട്ടിരിക്കുകയായിരുന്നു. എന്നിരുന്നാലും, വളരെ കുറച്ച് സബ് സ്ക്രൈബർമാർ മാത്രമുള്ള, അതേസമയം സമകാലിക ഇന്ത്യൻ ചരിത്രം രേഖപ്പെടുത്തിവെക്കാൻ ശ്രമിക്കുന്ന എന്റെ India Speaks (indiaSpeaks2u) എന്ന ചെറിയ യൂട്യൂബ് ചാനലിനുവേണ്ടി കുറച്ച് പാർട്ടി പ്രവർത്തകരെ അഭിമുഖം ചെയ്യാൻ എനിക്ക് സാധിച്ചു.
പത്ത് ദിവസങ്ങൾക്കുശേഷം, രാംലീല മൈതാനത്ത് നടന്ന ജനാധിപത്യ സംരക്ഷണ റാലിയിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഒത്തുകൂടി, നിങ്ങളുടെ പരമ്പരാഗത രാഷ്ട്രീയ എതിരാളിയായ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ താങ്കളുടെ തടങ്കലിനെതിരെ ശക്തമായി സംസാരിച്ചു. അവർ വേദിയിൽ രണ്ട് കസേരകളും ഒഴിച്ചിട്ടിരുന്നു -ഒന്ന് താങ്കൾക്കും മറ്റൊന്ന് അക്കാലത്ത് ജയിലിലായിരുന്ന ഹേമന്ത് സോറനും. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് ബി.ജെ.പിയെ വെല്ലുവിളിക്കുന്നത് പ്രതീക്ഷ നൽകുന്ന സന്ദർഭമായിരുന്നു. അവശ്യ സന്ദർഭത്തിൽ പ്രതിപക്ഷം താങ്കൾക്കുവേണ്ടി നിലകൊണ്ടില്ലെന്ന് പറയാനാവില്ല.
ദുർബലമായ ജനാധിപത്യത്തിലെ ഒരു പൗരന്റെ ബാധ്യതയായി കരുതി ആ റാലിയിലും ഞാൻ പങ്കെടുത്തു. രാഹുൽ ഗാന്ധി, തേജസ്വി യാദവ്, അഖിലേഷ് യാദവ്, കൽപന സോറൻ, പരേതനായ സീതാറാം യെച്ചൂരി എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങൾ കേട്ടു, നിരവധി ആളുകളുമായി അഭിമുഖവും നടത്തി. ഡൽഹിയിലെ ഒരു ബിസിനസുകാരനായ ദേവീന്ദറുമായി നടത്തിയ സംഭാഷണം എടുത്തുപറയണം. വർഗീയതയും ജാതീയതയും സാമ്പത്തിക അസമത്വവും ഇന്ത്യയെ തകിടം മറിക്കുന്നതിൽ വിഷമം സൂക്ഷിച്ച ആ മനുഷ്യൻ പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിന് അതിൽ മാറ്റം കൊണ്ടുവരാനാകുമെന്ന് വിശ്വസിച്ചിരുന്നു.
അതീവ വ്യക്തതയോടെയും കൃത്യതയോടെയും സംസാരിച്ച ജിന്ദിൽനിന്ന് വന്ന കലി റാം എന്ന കർഷകൻ പറഞ്ഞത് റഷ്യയിലെയും ചൈനയിലെയും ഏകാധിപതികളുടെ പാതയിലാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വവുമെന്നാണ്.
ഹരിയാൻവി ശൈലിയിലുള്ള ഹിന്ദിയിൽ അദ്ദേഹം വ്യക്തമായി പറഞ്ഞു, ‘ഞാൻ ഏതെങ്കിലും ഒരു പ്രത്യേക പാർട്ടിയുടെയും ആളല്ല, പക്ഷേ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് അങ്ങേയറ്റം ആശങ്കാകുലനായതിനാലാണ് ഇവിടെ വന്നത്. പ്രതിപക്ഷ നേതാക്കളോട് എന്റെ വിനീതമായ അഭ്യർഥന അവരുടെ സ്വാർഥ താൽപര്യങ്ങൾ മാറ്റിവെച്ച് ജനാധിപത്യത്തെ സംരക്ഷിക്കാൻ മുന്നോട്ടുവരണം എന്നാണ്’.
കെജ്രിവാൾ, താങ്കൾ പൊതുനന്മക്കുവേണ്ടി സ്വാർഥ താൽപര്യം മാറ്റിവെച്ചിരുന്നുവോ?
ഈ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വോട്ടുചെയ്താലും ഇല്ലെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന്റെ കാര്യത്തിൽ ആത്മാർഥമായ താൽപര്യം പുലർത്തുന്ന ഒരുപാട് ആളുകളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ചില ചോദ്യങ്ങൾ താങ്കൾക്ക് മുന്നിൽവെക്കാനുള്ള സ്വാതന്ത്യമെടുക്കുകയാണ് ഞാൻ.
എന്തുകൊണ്ടാണ് ആം ആദ്മി പാർട്ടിയും കോൺഗ്രസും ഈ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്ന് പോരാടാതിരുന്നത്? ഒരുമിച്ച് നിന്നിരുന്നുവെങ്കിൽ നിങ്ങൾക്ക് ബി.ജെ.പിയെ തോൽപിക്കാമായിരുന്നു. അതിന് സാധിച്ചില്ലെങ്കിൽപോലും പൊതുശത്രുവിനെതിരെ ഒരുമിച്ച് പോരാടാൻ പരമാവധി ശ്രമിച്ചുവെന്ന് പറയാനെങ്കിലും സാധിച്ചേനെ. പതിവുപോലെ ‘കോൺഗ്രസിന്റെ അഹങ്കാരത്തെ’ കുറ്റപ്പെടുത്താൻ എളുപ്പമാണ്, പക്ഷേ, ഈ വിഷയത്തിൽ താങ്കളുടെ ഉള്ളിലിരിപ്പും പങ്കും എന്തായിരുന്നു?
വീട് അവ്വിധം പുതുക്കിപ്പണിതുകൊണ്ട് എന്തിനാണ് നിങ്ങൾ ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ ആയുധം ഇട്ടുകൊടുത്തത്? താങ്കളുടെ വീടിന്റെ ഉൾവശം എങ്ങനെയാണെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ, പക്ഷേ, ആം ആദ്മി അഥവാ സാധാരണക്കാരുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന ഒരു പാർട്ടിയുടെ മുഖ്യമന്ത്രി എന്ന നിലയിൽ, സ്വന്തം വോട്ടർമാരിൽ ഭൂരിഭാഗവും ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും ജീവിക്കുമ്പോൾ സ്വന്തം വീട് നന്നാക്കാൻ കുറച്ച് കോടികൾ ചെലവഴിക്കുക വഴി ഒരു സെൽഫ് ഗോളല്ലേ അടിച്ചത്? (താങ്കളുടെ ആ പഴയ നീല വാഗൺ-ആർ കാർ മറക്കാനാവുന്നില്ല ...)
എന്തുകൊണ്ടാണ് താങ്കളുടെ പാർട്ടിക്ക് വ്യക്തമായ ഒരു മതേതര ആദർശം നിർവചിക്കാതിരുന്നത്? സുന്ദർകന്ദ് പഥ്, ഹനുമാൻ മന്ദിർ യാത്രകൾ നിരീക്ഷിക്കുന്ന എല്ലാവർക്കും നിങ്ങൾ മൃദു ഹിന്ദുത്വ കാർഡ് കളിക്കുകയാണെന്ന് വ്യക്തമായിരുന്നു. ഫെബ്രുവരി എട്ടിന് രവീഷ് കുമാർ തന്റെ പരിപാടിയിൽ ചൂണ്ടിക്കാണിച്ചതുപോലെ, മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കണമെന്ന് വിശ്വസിക്കാത്ത ഹിന്ദുക്കളും അല്ലാത്തവരുമായ നിരവധി വോട്ടർമാർ ഉണ്ടെന്ന് മറന്നുകൊണ്ട് നിങ്ങൾ ഡൽഹിയിലെ ജനങ്ങളെ ഹിന്ദു വോട്ടർമാരായി മാത്രം കാണാൻ തുടങ്ങിയോ? ഇപ്പോൾ താങ്കൾക്ക് വ്യക്തമായെന്ന് എല്ലാവരും കരുതുന്ന ഒരു പാഠം ബി.ജെ.പിയുടെ കളികളിൽ നിങ്ങൾക്ക് അവരെ തോൽപിക്കാൻ കഴിയില്ലെന്നതാണ്.
കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തെക്കുറിച്ച് ചിന്തിക്കാൻ താങ്കൾക്ക് ഇപ്പോൾ സമയമുണ്ട്. ഈ ചോദ്യങ്ങളിൽ ചിലതെങ്കിലും താങ്കൾ ഗൗരവത്തോടെ എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
(പരിശീലകനും സ്വതന്ത്ര മാധ്യമപ്രവർത്തകനുമാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.