കേരളവർമ പഴശ്ശിരാജ: പോരാട്ടത്തിന്‍റെ മറ്റൊരു പേര്
text_fieldsകേരളവർമ പഴശ്ശിരാജയുടെ വീരരക്തസാക്ഷി ദിനമാണിന്ന്. 1805 നവംബർ 30 നാണ് വയനാട് പുൽപള്ളിക്കാട്ടിലെ കങ്കണംകോട്ടക്ക് സമീപത്തുവെച്ച് അദ്ദേഹം വീരചരമം പ്രാപിക്കുന്നത്. മരണത്തെക്കുറിച്ച് രണ്ട് തരം അഭിപ്രായങ്ങളുണ്ട്. ഈ റിപ്പോർട്ട് ബ്രിട്ടീഷുകാരുടെ രേഖകളിൽ ലഭ്യമാണ്. ഒരു ഭാഗത്ത് പറയുന്നത് ഏറ്റുമുട്ടലിൽ മരിച്ചുവെന്നാണ്. അതേ റിപ്പോർട്ടിന്‍റെ മറ്റൊരുഭാഗത്ത് കുറച്ചു ദൂരെ ഒരു വെടിയൊച്ചകേട്ടുവെന്നും സൂചിപ്പിക്കുന്നു.
തലശ്ശേരി സബ് കലക്ടറായ തോമസ് ഹാർവേ ബാബറിന്‍റെ നേതൃത്വത്തിലെ സൈന്യവും ബ്രിട്ടീഷ് പക്ഷപാതിയായ കരുണാകരമേനോനും സംഘവും പഴശ്ശിരാജയെ പിടികൂടാൻ പുൽപള്ളികാട്ടിലെത്തിയിരുന്നു. കരുണാകരമേനോനെ കണ്ട പഴശ്ശി `ഛീ മാറി നിൽക്ക് ഇല്ലേൽ നിന്നെ ഞാൻ വധിക്കും' എന്ന് പറഞ്ഞശേഷം പിന്നെ കേൾക്കുന്നത് വെടിയൊച്ചയാണെന്നും പറയുന്നു. അതിനാൽ പഴശ്ശി വെടിവെച്ച് ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് കണക്കാക്കുന്നു. ഇതിനിടയിൽ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള ഐതിഹ്യം വൈരംവിഴുങ്ങി ആത്മഹത്യചെയ്തെന്നാണ്. ഇത്, ശരിയാവാൻ വഴിയില്ല. വൈരം വിഴുങ്ങിയാൽ ഉടൻ മരണം ഉണ്ടാകില്ലെന്ന് ശാസ്ത്ര ലോകം അഭിപ്രായപ്പെടുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാത്ത സമരം ഹൃദയത്തിൽ കുറിച്ച രാജാവാണ് പഴശ്ശി. അദ്ദേഹത്തിനു ബ്രിട്ടീഷ് അനുകൂലികളുടെ വെടിയുണ്ടകൾക്ക് കീഴടങ്ങുന്നതിനേക്കാൾ അഭിമാനം ആത്മഹത്യതന്നെയായിരിക്കുമെന്ന് നമുക്കുറപ്പിക്കാം. ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്.
സമാനതകളില്ലാത്ത സമരവീര്യം
നമ്മുടെ രാജ്യത്ത് നിരവധി പ്രതാപികളായ രാജാക്കന്മാരുണ്ടായിരുന്നു. എന്നാൽ, അവർക്കൊന്നും ലഭിക്കാത്ത അംഗീകാരം പഴശ്ശിരാജക്ക് ലഭിക്കുന്നതായി നൂറ്റാണ്ടുകൾക്കിപ്പുറത്തുനിന്ന് നമുക്ക് ബോധ്യപ്പെടുന്നുണ്ട്. ജനകീയതയാണ് പഴശ്ശിയുടെ മുഖമുദ്ര. അദ്ദേഹം ഏത് മൂല്യങ്ങൾക്ക് വേണ്ടി നിലനിന്നുവോ ആ മൂല്യങ്ങളെ ഇന്നും കേരളം ആദരിക്കുന്നതുകൊണ്ടാണ് നാമിന്നും ആ ഓർമ കൊണ്ടുനടക്കുന്നത്. സംസ്ഥാനത്തെ എല്ലാ പഴശ്ശിസ്മാരകങ്ങളിലൂടെയും ഈ സ്മരണ നിലനിൽക്കുകയാണ്. പഴശ്ശിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം കോട്ടയം നാടിന്‍റെ മോചനമായിരുന്നു. അന്ന്, ഇന്നുകാണുന്ന രീതിയിൽ ദേശീയത വളർന്നുവന്നിരുന്നില്ല. ജർമനിപോലുള്ള നാടുകളിൽ 1880കളിലാണ് ദേശീയതാസങ്കൽപം രൂപം കൊണ്ടത്. അപ്പോൾ അതിനുമുമ്പുതന്നെ ഇന്ത്യയിൽ ദേശീയ കാഴ്ചപ്പാട് ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നതിൽ അർഥമില്ല. അദ്ദേഹത്തിന്‍റെ പോരാട്ടങ്ങളെ തെറ്റായി ചിത്രീകരിച്ച് തള്ളിക്കളയുന്ന ചില ചരിത്രകാരന്മാരെ കേരളത്തിൽ തന്നെ കാണാം. എന്നാൽ, 'ബ്രിട്ടീഷുകാർ എത്ര വലിയ ശക്തിയായാലും ഞാൻ ചെറുത്തുനിൽക്കും, വേണ്ടി വന്നാൽ ആത്മത്യാഗം തന്നെ ചെയ്യു'മെന്നും പറഞ്ഞ ഒരേയൊരു യുവരാജാവിനെ മാത്രമേ ഇന്ത്യാചരിത്രത്തിൽ കാണാൻ കഴിയൂ, അതാണ് പഴശ്ശി.
ടിപ്പുവിനെ അദ്ദേഹം സഹായിച്ചുവെച്ച് ആരോപണമായി പറയുന്നവരുണ്ട്. വയനാടിന്‍റെ മോചനമായിരുന്നു പഴശ്ശി അപ്പോഴെല്ലാം സ്വപ്നം കണ്ടതെന്ന് കാണാം. ടിപ്പുവുമായുള്ള സൗഹൃദം കൊണ്ടാണ് മൈസൂർ രാജ്യത്തിലേക്ക് പലായനം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞത്. പഴശ്ശിരാജാവിന്‍റെ ഏറ്റവും വലിയ ഗുണം ആദിവാസികൾക്കൊപ്പം നിന്നുവെന്നതായിരുന്നു. ആദിവാസികളും കർഷകരും അദ്ദേഹത്തെ സ്നേഹിച്ചു. പഴശ്ശിക്കുവേണ്ടി ആത്മാഹുതി ചെയ്യാൻ തയാറായ ആദിവാസികളെ കാണാൻ കഴിയുന്നത് അതുകൊണ്ടാണ്.
കുറിച്യരും കുറുമരുമെല്ലാം പഴശ്ശിക്കൊപ്പം ഗറില്ല യുദ്ധമുറകളിൽ പങ്കാളികളായി. അദ്ദേഹത്തിനു വേണമെങ്കിൽ കേരളത്തിലെ മറ്റു രാജാക്കന്മാരെപ്പോലെ ബ്രിട്ടീഷ് കമ്പനിയുമായി സഖ്യം ചെയ്തുകൊണ്ട് നികുതിപ്പണം സ്വീകരിച്ച് കമ്പനിക്കെത്തിച്ച് സുരക്ഷിതനാവാമായിരുന്നു. അതിന് തയാറായിരുന്നില്ല കാരണം, ആ നികുതി കർഷകരെ പിഴിഞ്ഞെടുക്കുന്നതിന് സമാനമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ് ബ്രിട്ടീഷുകാരുമായി കരാറിലേർപ്പെടാതിരുന്നത്.
ജനകീയനായ പഴശ്ശി
1893ൽ മലബാർ ബ്രിട്ടീഷ് അധീനത്തിൽ വന്നതോടുകൂടിയാണ് ടിപ്പുവും പഴശ്ശിയും കമ്പനിയുടെ കണ്ണിലെ കരടായിമാറുന്നത്. ടിപ്പുവിനെയും പഴശ്ശിയെയും ഒന്നിച്ച് അമർച്ചചെയ്യുവാനായാണ് വെല്ലസ്ലിപ്രഭുവിനെ ഗവർണർ ജനറലായി നിയമിക്കുന്നതുപോലും. ഗവർണർ ജനറൽ ടിപ്പുവിനോട് എങ്ങനെ പെരുമാറിയോ അതേ രീതി തന്നെയാണ് പഴശ്ശിയോടും സ്വീകരിച്ചത്. ഇങ്ങനെ പരിശോധിക്കുമ്പോൾ കേരളത്തിലെ അത്യുജ്ജ്വലമായ അധ്യായമാണ് പഴശ്ശിയുടെ ജീവിതം. സ്വന്തമായി വിഭവങ്ങളോ, സൈന്യമോ, പടക്കോപ്പുകളോ ഇല്ലാതെ, എങ്ങനെയാണ് ഏതാണ്ട് 12 വർഷം കമ്പനിപ്പടയോട് ഏറ്റുമുട്ടിയത്. ഇതെങ്ങനെ സാധിച്ചുവെന്ന് അത്ഭുതപ്പെടുന്ന നിരവധി എഴുത്തുകൾ ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടായിട്ടുണ്ട്. അപ്പോഴാണ് ചൈനയിലൊക്കെ സംഭവിച്ചതുപോലെ ജനകീയ സേനയായിരുന്നു പഴശ്ശിയുടേതെന്നു കാണാൻ കഴിയുന്നത്.
സൈനികർക്ക് ഭക്ഷണമൊരുക്കിയതും മറ്റും കാർഷിക സമൂഹം തന്നെയായിരുന്നു. അതിനാൽ സൈന്യത്തിന് ചെലവ് ചുരുക്കമായിരുന്നു.
തലശ്ശേരിയിലെ കേയിയായിട്ടുള്ള മൂസയെ നാടുകടത്തിയില്ലായിരുന്നെങ്കിൽ പഴശ്ശിയെ കീഴ്പ്പെടുത്താൻ കഴിയില്ലായിരുന്നുവെന്ന് പറയുന്ന റിപ്പോർട്ടുകളുണ്ട്. പഴശ്ശിയിൽ നിന്ന് കുരുമുളക് സ്വീകരിച്ച് അദ്ദേഹത്തിനു വെടിമരുന്നും തോക്കുകളുമെത്തിച്ച് കൊടുത്തത് മൂസയായിരുന്നു. മൂസയെ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷുകാർ തയാറായിരുന്നില്ല. കാരണം വലിയ സാമ്പത്തിക ശക്തിയായിരുന്നു മൂസ. അദ്ദേഹത്തിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ കമ്പനിയുടെ വക്താക്കളും സ്വീകരിക്കാറുണ്ടായിരുന്നു. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് പഴശ്ശിക്ക് സമൂഹത്തിലെ എല്ലാതലത്തിലും സ്വാധീനമുണ്ടായിരുന്നു.
കാർഷിക വിഭവങ്ങളിൽ ചന്ദനം, കുരുമുളക്, ഏലം തുടങ്ങിയവയുടെ വില നിശ്ചയിച്ചത് കമ്പനിയായിരുന്നു. ഉദാഹരണത്തിന്
ഒരു കണ്ടി കുരുമുളക് കമ്പനി 100 രൂപക്ക് വാങ്ങിയപ്പോൾ, മാഹിയിലെ ഫ്രഞ്ചുകാർ 200 രൂപ നൽകിയെന്ന് ചരിത്രകാരി പമീല നൈറ്റിങ്ഗേൾ രേഖപ്പെടുത്തുന്നു.
ഇന്ന് മൾട്ടിനാഷനൽ കമ്പനികളാണ് വില നിശ്ചയിക്കുന്നത്. കർഷകരെ പാപ്പരാക്കുന്ന സമീപനമാണ് അക്കാലത്തുതന്നെ ബ്രിട്ടീഷുകാർക്കുണ്ടായിരുന്നത്. അവിടെയാണ് പഴശ്ശിയുടെ ഇടപെടൽ ആദിവാസികൾക്കും കർഷകർക്കും പ്രിയപ്പെട്ടതായി തീർന്നത്.
എന്‍റെ വ്യക്തിപരമായ ഒരനുഭവം പറയാം 1972ൽ ആദ്യമായി വയനാട്ടിൽ പഴശ്ശിയെ കുറിച്ച് പ്രസംഗിക്കാൻ പോയപ്പോൾ, ഏതാണ്ട് 25നാഴിക അകലെ നിന്ന് കുറുമ സമുദായത്തിൽപെട്ട ചെറുപ്പക്കാരൻ നടന്നുവന്നിരുന്നു. പഴശ്ശിയെന്ന ഓർമ എത്രമാത്രം ആവേശമായി നിലനിൽക്കുന്നുവെന്നതിന്‍റെ ദൃഷ്ടാന്തമായിരുന്നു ആ സംഭവം. തലശ്ശേരി സബ് കലക്ടറായ തോമസ് ഹാർവേ ബാബറാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് അയച്ചത്. എന്നാൽ, വസ്തുത മറ്റൊന്നായിരുന്നുവെന്ന് കാലം നമ്മെ ബോധ്യപ്പെടുത്തി. നാളിതുവരെയുള്ള വിവിധങ്ങളായ സമരങ്ങൾക്ക് പഴശ്ശിയുടെ ധീരത വിത്തുപാകിയിട്ടുണ്ട്. ഞാനിതിനെ വിശേഷിപ്പിക്കുന്നത് കർഷക കലാപമെന്നാണ്. ഇന്ത്യയിലാകെ ഇത്തരത്തിലുള്ള കർഷക കലാപം നടന്നിട്ടുണ്ട്. ആദിവാസി നേതാക്കൾ നയിച്ച വർഗസമരമായി വ്യാഖ്യാനിക്കാവുന്നതാണ്.
പഴശ്ശിയുടെ ധീരത ഇന്നും ആവേശം നൽകുന്നതാണ്. ആ അർഥത്തിൽ പഴശ്ശിക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നാണ് എന്‍റെ അഭിപ്രായം. കൽപ്പറ്റയിലെ സിവിൽ സ്റ്റേഷന്റെ മുന്നിൽ പഴശ്ശിയോടൊപ്പം നിന്നവരെയും കൊല്ലപ്പെട്ട ബ്രിട്ടീഷുകാരെയും സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കാൻ കഴിയണമായിരുന്നു. കുറെക്കൂടി ഉചിതമായ സ്മാരകം വേണം. അത്, ആദിവാസികളുടെ ഉന്നമനം കൂടി ലക്ഷ്യമിടുന്നതാവണം. എന്തുകൊണ്ട് പഴശ്ശിയുടെ വലംകൈയായിരുന്ന തലയ്ക്കൽ ചന്തുവിന്‍റെ സ്മരണയിൽ അമ്പെയ്ത്ത് മത്സരം അന്താരാഷ്ട്ര തലത്തിൽ നടത്തിക്കൂടാ?. ഇനിയും ആ ധീരപുത്രന്‍റെയും ഒപ്പം നിന്നവരുടെയും ഓർമ നിലനിർത്താൻ ഏറെ ചെയ്യാനുണ്ടെന്നാണെന്‍റെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.