ലിയു സിയാബോ എന്ന പ്രതീകം
text_fieldsചൈനീസ് തടവറയിൽ ജൂലൈ 13ന് അന്തരിച്ച സമാധാന നൊേബൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ലിയു സിയാബോ ചരിത്രത്തിൽ വലിയ പ്രതീകമാണ്-തടവറകളിലും കീഴടങ്ങാത്ത ജനാധിപത്യബോധത്തിെൻറ. ചൈനക്കും മനുഷ്യകുലത്തിനും താണ്ടേണ്ട ദൂരങ്ങൾ ഇനിയുമേറെയുണ്ടെന്ന ഒാർമപ്പെടുത്തൽകൂടിയാണ് ആ ജീവിതവും മരണവും...
Killing the chicken to scare the monkeys എന്നൊരു പ്രയോഗം ചൈനയിലുണ്ട്. ഒരാൾക്കു മുന്നറിയിപ്പ് നൽകാൻ മറ്റൊരാളെ ഉദാഹരണമാക്കുക എന്നതാണ് ഇതിലൂടെ അർഥമാക്കുന്നത്. ലിയു സിയാബോ എന്ന മനുഷ്യാവകാശ പ്രവർത്തകനോട് ചൈന സ്വീകരിച്ച നയവും ഈ പ്രയോഗത്തോട് സാമ്യമുള്ളതാണ്. 2008 ഡിസംബർ പത്തിന് ലോകം മനുഷ്യാവകാശ ദിനം ആചരിച്ചപ്പോൾ ചൈനയിൽ ചാർട്ടർ-08 എന്ന പേരിൽ ഒരു രാഷ്ട്രീയ പ്രകടനപത്രിക പുറത്തിറക്കി. പുതിയ ഭരണഘടനക്കും സ്വതന്ത്ര നീതിന്യായ സംവിധാനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആഹ്വാനം ചെയ്യുന്നതായിരുന്ന ചാർട്ടർ-08.
ചെക്കോസ്ലോവാക്യയിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിൽ അസംതൃപ്തരായ ഒരു വിഭാഗം ആളുകൾ ചേർന്ന് 1976ൽ തയാറാക്കിയ രാഷ്ട്രീയ പ്രകടനപത്രികയായിരുന്ന ചാർട്ടർ-77. ഇതേ മാതൃകയിലായിരുന്നു ചൈനയിലും ചാർട്ടർ-08 എന്ന രാഷ്ട്രീയ പ്രകടനപത്രിക പുറത്തിറക്കിയത്. ചൈനയിലെ 300 ആക്ടിവിസ്റ്റുകൾ ചാർട്ടർ-08ൽ ഒപ്പുെവച്ചു. പിന്നീട് രാജ്യത്തിനകത്തെയും പുറത്തെയും നിരവധി പേർ ചാർട്ടർ-08ൽ ഒപ്പുെവക്കുകയുണ്ടായി. ലിയു സിയാബോ എന്ന നൊബേൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു ചാർട്ടർ-08െൻറ മുഖ്യശിൽപി. ലിയു സിയാബോക്കൊപ്പം ഡസൻ കണക്കിനു മനുഷ്യാവകാശ പ്രവർത്തകരും രാഷ്്ട്രീയ മാനിഫെസ്റ്റോ തയാറാക്കാൻ യത്നിച്ചു.
ചൈനയിൽ മനുഷ്യാവകാശ പ്രവർത്തനം വിമതപ്രവർത്തനമായിട്ടാണ് ഭരണകൂടം കരുതിപ്പോരുന്നത്. വിമതപ്രവർത്തനത്തിലേർപ്പെടുന്നവർക്കു മേൽ രാജ്യദ്രോഹകുറ്റം ചുമത്തുന്നതും പതിവാണ്. ചാർട്ടർ-08 പുറത്തിറക്കിയ സിയാബോക്കു മേൽ ചുമത്തിയ കുറ്റവും മറ്റൊന്നായിരുന്നില്ല. 2009ലാണ് സിയാബോക്കെതിരെ ഈ കുറ്റം ചുമത്തി തുറുങ്കിലടച്ചത്. 3554 ചൈനീസ് അക്ഷരങ്ങൾ മാത്രമുള്ളതായിരുന്നു ചാർട്ടർ-08. പക്ഷേ, ഒരു രാജ്യത്തെ ജനതയെ സ്വാധീനിക്കാൻ പ്രാപ്തമാംവിധമുള്ള നിർേദശങ്ങൾ അതിൽ അടങ്ങിയിരുന്നു. ചൈനയെ ഒരു സ്വതന്ത്ര, ജനാധിപത്യ രാജ്യമാക്കണമെന്ന് ഭരണകൂടത്തോടും നേതാക്കളോടും അഭ്യർഥിക്കുന്ന ആവശ്യങ്ങളുടെ ഒരു നീണ്ടപട്ടിക ചാർട്ടർ-08ലുണ്ടായിരുന്നു. 2018 ഡിസംബർ 10 ആകുേമ്പാൾ ചാർട്ടർ-08 പുറത്തിറക്കിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടും. എന്നാൽ അതിെൻറ പ്രധാന രചയിതാവ് ലിയു സിയാബോ വിടപറഞ്ഞിരിക്കുന്നു.
സിയാബോക്ക് കരളിന് അർബുദമാണെന്ന് ജൂണിലാണ് രോഗനിർണയത്തിലൂടെ കണ്ടെത്തിയത്. ഇതേതുടർന്ന് സിയാബോക്ക് ചൈനീസ് ഭരണകൂടം മെഡിക്കൽ പരോള് അനുവദിച്ചു. എന്നാൽ, മെഡിക്കൽ പരോൾ അനുവദിച്ചെങ്കിലും അദ്ദേഹം കസ്റ്റഡിയിൽതന്നെ കഴിഞ്ഞു. അർബുദമാണെന്ന് കണ്ടെത്തിയെങ്കിലും ഭരണകൂടം ആദ്യമെല്ലാം വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ തയാറായില്ല. ആംനെസ്റ്റി പോലുള്ള സംഘടനകളും ആഗോളതലത്തിൽ അമേരിക്ക ഉൾെപ്പടെയുള്ള രാജ്യങ്ങളും ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് ചൈനീസ് ഭരണകൂടം സിയാബോക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ തീരുമാനിച്ചത്. ചികിത്സയിൽ കഴിഞ്ഞ മുറിയിൽ പോലും പൊലീസിനെ വിന്യസിച്ചു.
സിയാബോയെ ജയിൽമോചിതനാക്കണമെന്ന ആവശ്യം പല കോണിൽനിന്നും ഉയർന്നു. ചൈനീസ് ഭരണകൂടത്തിെൻറ മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെ വൻ പ്രതിഷേധമാണ് ആഗോളതലത്തിൽ ഉയർന്നത്. നിരവധി രാജ്യങ്ങൾ സിയാബോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, വിദേശ രാജ്യങ്ങൾ ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ചൈന മുന്നറിയിപ്പ് നൽകി. നൊബേൽ സമ്മാന ജേതാവ് സിയാബോയെപോലൊരു ഉന്നത വ്യക്തിത്വത്തിനുപോലും മാനുഷിക പരിഗണന നൽകാൻ തയാറാകാത്തതിലൂടെ ചൈനീസ് ഭരണകൂടത്തിെൻറ ക്രൂരമുഖം പ്രകടമായി.
2009ൽ ചൈനീസ് ഭരണകൂടം സിയാബോയെ തടവുശിക്ഷക്കു വിധിച്ചെങ്കിലും 2010ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം സിയാബോക്കു നൽകാൻ നൊേബൽ സമ്മാന സമിതി തീരുമാനിച്ചത് നോർവേയുമായുള്ള ചൈനയുടെ നയതന്ത്ര ബന്ധത്തിൽ അകൽച്ചയുണ്ടാകാനും കാരണമായിരുന്നു. ചൈനയിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവരെ െവച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശമാണ് സിയാബോയിലൂടെ ബെയ്ജിങ് ലോകത്തിനു നൽകിയത്. 2012ൽ പ്രസിഡൻറായി അധികാരമേറ്റ ഷി ജിൻപിങ് വിമതർക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ െവച്ചുപൊറുപ്പിക്കില്ലെന്ന നിലപാടാണ് ജിൻപിങ്ങിനുള്ളത്. സിയാബോ വ്യത്യസ്തനാവുന്നത് ഇവിടെയാണ്. ചൈനീസ് ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചിട്ടും സിയാബോ ഭയപ്പെട്ടു പിന്മാറാൻ തയാറായില്ല. അദ്ദേഹം വിശ്വസിച്ച ആശയങ്ങൾക്കു വേണ്ടി നിലകൊള്ളാൻ എപ്പോഴും തയാറായി. 1989ൽ ടിയാനെൻെമൻ സ്ക്വയർ വിദ്യാർഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോൾ സിയാബോ അമേരിക്കയിലായിരുന്നു. ചൈനയിലേക്കു പോകുന്നത് അപകടമാണെന്ന് അറിഞ്ഞിട്ടും അദ്ദേഹം ചൈനയിലേക്കു തിരിച്ചു. പ്രക്ഷോഭത്തിനു നേതൃത്വം നൽകുകയും അറസ്റ്റ് വരിക്കുകയും ചെയ്തു.
പിന്നീട് 2010ൽ സിയാബോ തടവിൽ കഴിയുമ്പോൾ ഭരണകൂടം അദ്ദേഹത്തിന് നാടുവിട്ടുപോകാനുള്ള അവസരം ഒരുക്കി. പക്ഷേ, ഭരണകൂടത്തിനെതിരെ നടത്തിയ എല്ലാ പ്രവൃത്തികൾക്കും കുറ്റസമ്മതം നടത്തണമെന്ന ഒരൊറ്റ വ്യവസ്ഥയായിരുന്നു ഭരണകൂടം മുന്നോട്ടുെവച്ചത്. എന്നാൽ, ഭരണകൂടത്തിെൻറ വ്യവസ്ഥ അംഗീകരിക്കാൻ സിയാബോ തയാറായില്ല. പകരം തെൻറ മോചനം നിരുപാധികമായിരിക്കണമെന്നാണ് സിയാബോ ആവശ്യപ്പെട്ടത്. ഇത്തരത്തിൽ സിയാബോ പല അർഥത്തിലും അസാധാരണമായൊരു വ്യക്തിത്വമായിരുന്നു.
21ാം നൂറ്റാണ്ടിൽ ചൈനയുടെ യാത്ര എവിടേക്കാണ്? ഏകാധിപത്യത്തിനു കീഴിൽ ഭരണം തുടരാനാണോ ശ്രമിക്കുന്നത്, അതോ ആഗോള മാനവിക മൂല്യങ്ങളെ പുണരുമോ? സംസ്കാരമുള്ള രാജ്യങ്ങളുടെ കൂട്ടായ്മയിൽ പങ്കുചേരുമോ? ചൈനയിൽ 2008 ഡിസംബറിൽ പുറത്തിറക്കിയ ചാർട്ടർ-08 എന്ന മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ചോദ്യമാണിത്. ഇതിനുള്ള ഉത്തരം ബെയ്ജിങ് നൽകിയിരിക്കുന്നു. ആ ഉത്തരമാണ് ‘ലിയു സിയാബോ’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.