വന്യജീവിഭീതിയിൽ വയനാട്ടുകാരുടെ ജീവിതം
text_fieldsമൂന്നാറിലെ ജനവാസകേന്ദ്രങ്ങളിൽ കടുവകൾ ഇറങ്ങാനുള്ള അതേ കാരണമായിരിക്കില്ല വയനാട്ടിൽ കടുവകൾ നാടിറങ്ങാൻ ഇടയാക്കുന്നത്. അതിനാൽ, ഓരോ പ്രദേശത്തെയും പ്രത്യേകമായി പഠനവിധേയമാക്കിവേണം പരിഹാരം തേടാൻ
ഗ്രാമവാസി-നഗരവാസി ഭേദമന്യേ വയനാട്ടിലെ ഓരോ മനുഷ്യന്റെയും മനസ്സിൽ ഇപ്പോൾ രാവും പകലും ഭീതിയുടെ ഇരുട്ടാണ്. സന്ധ്യമയങ്ങും മുമ്പേ ടൗണുകളും അങ്ങാടികളും കോവിഡ് മൂർധന്യകാലത്തെ അനുസ്മരിപ്പിക്കുംവിധം വിജനമാകുന്നു.
ജീവിതച്ചെലവിനുള്ളത് എന്തെങ്കിലും സമ്പാദിച്ച് എത്രയും പെട്ടെന്ന് വീടിന്റെ സുരക്ഷിതത്വത്തിലണയാൻ അവർ തിടുക്കപ്പെടുന്നു. വീടണഞ്ഞാൽപോലും വന്യജീവി ആക്രമണത്തിൽനിന്ന് സുരക്ഷിതരല്ല എന്ന ചിന്ത അവരുടെ ഉറക്കവും നഷ്ടപ്പെടുത്തുന്നു.
ജനുവരി 12ന് മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമണമേറ്റ തോമസ് എന്ന കർഷകൻ കൊല്ലപ്പെട്ടതോടെയാണ് ഭീതി പാരമ്യത്തിലായത്. തോമസിനെ ആക്രമിച്ച കടുവ പുതുശ്ശേരിയിൽനിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ച് നടമ്മലിൽ എത്തിയത് ജനവാസ കേന്ദ്രങ്ങളിലൂടെയാണ്.
ഇതുവരെ വന്യജീവിശല്യമില്ലാതിരുന്ന പ്രദേശമാണ് നടമ്മൽ. ഈ കടുവയെ രണ്ടു നാൾക്കകം വലയിലാക്കാൻ വനപാലക സംഘത്തിന് കഴിഞ്ഞെങ്കിലും അന്നുതന്നെ മാനന്തവാടി മണിയൻകുന്നിൽ മറ്റൊരു കടുവ പശുവിനെ കൊന്നത് ജനങ്ങളുടെ ഭീതി ഇരട്ടിപ്പിച്ചു.
ഭൂപ്രദേശത്തിന്റെ 38 ശതമാനവും വനമായ വയനാട്ടിൽ ആന, കടുവ, പുലി, കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങ് തുടങ്ങിയ ജീവികളുടെ ശല്യം അതിരൂക്ഷമാവുകയാണ്. വന്യജീവികൾ കൃഷി നശിപ്പിച്ചതിന്റെ വാർത്തകൾ ഇല്ലാത്ത ദിവസങ്ങൾ അപൂർവം.
യാത്ര-ചികിത്സാസൗകര്യങ്ങൾ അപര്യാപ്തമാണെന്നതിനാൽ വന്യജീവി ആക്രമണം സമം മരണം എന്നഭയമാണ് ജനങ്ങളിൽ നിറക്കുന്നത്. സൗകര്യങ്ങളില്ലാത്ത മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളജിൽനിന്ന് രോഗിയെ വിദഗ്ധ ചികിത്സക്കായി കൽപറ്റ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടിവന്ന വിചിത്ര സംഭവത്തിന് വയനാട് സാക്ഷിയായിട്ടുണ്ട്.
കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന് വിദഗ്ധ ചികിത്സ ലഭിച്ചിരുന്നില്ലെന്ന ആരോപണം കുടുംബാംഗങ്ങളും ജനപ്രതിനിധികളുമെല്ലാം ഉന്നയിച്ചിരുന്നു. വേനൽ കനക്കുന്നതോടെ വന്യജീവി ആക്രമണം വർധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
വയനാട്ടിൽ പച്ചപിടിക്കുന്ന വിനോദസഞ്ചാര മേഖലയേയും ഇത് ബാധിച്ചേക്കും. 2021 ജനുവരിയിൽ ഒരു കോളജ് അധ്യാപിക വയനാട്ടിലെ റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 23 ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസഭകളുമുള്ള വയനാട്ടിൽ വന്യജീവിശല്യത്തിൽനിന്ന് ഒഴിവായ ഒരിഞ്ചുസ്ഥലം പോലുമില്ല.
കടുവ പരിചരണകേന്ദ്രം ഹൗസ് ഫുൾ
വയനാട്ടിൽ 160 ജീവനുകൾ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞതായാണ് വനംവകുപ്പിന്റെ കണക്ക്. ഇതില് 151 എണ്ണവും കാട്ടാനയുടെ ആക്രമണത്തിലാണ്. കഴിഞ്ഞ 10 വർഷത്തിനിടെ വയനാട്ടിൽ 50 മനുഷ്യർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു.
41 പേർ കാട്ടാന ആക്രമണത്തിലും ആറുപേർ കടുവയുടെ ആക്രമണത്തിലുമാണ് മരിച്ചത്. ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ 2018ലെ കണക്കനുസരിച്ച് വയനാട്ടിൽ 154 കടുവകളുണ്ട്. 2022ൽ കടുവ സെൻസസ് നടത്തിയെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
കടുവയുടെയും ആനകളുടെയും പ്രത്യുൽപാദനരീതിയിലുണ്ടായ മാറ്റവും ഭക്ഷണം തേടി ഇതരസംസ്ഥാന കാടുകളിൽനിന്ന് വൻതോതിലുള്ള കടന്നുവരവും കണക്കിലെടുത്താൽ കുറഞ്ഞത് 200-250 കടുവകൾ വയനാട്ടിൽ ഉണ്ടാകാമെന്നാണ് നിഗമനം.
ആനകളുടെ എണ്ണവും വയനാടൻ കാടുകൾക്ക് ഉൾക്കൊള്ളാനാകുന്നതിലും അപ്പുറമാണ്. 2005ൽ ജില്ലയിൽ 882 കാട്ടാനകൾ ഉണ്ടായിരുന്നത് 2007ൽ 1240 ആയി വർധിച്ചു. 2017ൽ കേരളത്തിലെ ആനകളുടെ കണക്കെടുപ്പ് നടന്നെങ്കിലും ജില്ലതിരിച്ചുള്ള എണ്ണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ലഭ്യമാക്കിയിട്ടില്ല. കുറഞ്ഞത് 1500 ആനകളെങ്കിലും ഇപ്പോൾ വയനാട്ടിലുണ്ടാകുമെന്നാണ് നിഗമനം.
സുൽത്താൻ ബത്തേരി കുപ്പാടിയിലെ വന്യമൃഗങ്ങൾക്കുള്ള പാലിയേറ്റിവ് പരിചരണകേന്ദ്രത്തിൽ കടുവകളുടെ എണ്ണം അഞ്ചായി. പരിചരണകേന്ദ്രം തുടങ്ങുമ്പോൾ നാല് കടുവകളെയും രണ്ട് പുലികളെയും വരെ പാർപ്പിക്കാനാണ് വനംവകുപ്പ് ഉദ്ദേശിച്ചത്.
നാട്ടിലിറങ്ങുന്ന കടുവകളുടെ എണ്ണം കൂടിയതോടെ അധികൃതരുടെ കണക്കുകൂട്ടലുകൾ തെറ്റി. ഇവയെ ഉൾക്കാട്ടിൽ തുറന്നുവിട്ടാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ നാട്ടിൽ വീണ്ടും തിരിച്ചെത്താനിടയുണ്ട്.
നാടിറങ്ങുന്ന കടുവകൾ പലവിധം
വയനാട് വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഒരു കടുവയുടെ ടെറിട്ടറി അഞ്ച് സ്ക്വയർ കിലോമീറ്ററാണ്. റഷ്യയിൽ ഇത് 3000 സ്ക്വയർ കിലോമീറ്ററാണ്. കാടിന്റെ സ്വഭാവവ്യത്യാസമാണ് ഇതിന് കാരണം. വയനാട്ടിൽ അഞ്ച് സ്ക്വയർ കിലോമീറ്റർ പരിധിയിൽതന്നെ ഒരു കടുവക്ക് ജീവിക്കാനാവശ്യമായ ഇരമൃഗങ്ങൾ ഉണ്ടാവും.
അതിനാൽ ചെറിയ ദൂരമുള്ള കാട് മതി ഇവിടെ ഒരു കടുവക്ക്. ഒരു കടുവയുടെ ആധിപത്യപ്രദേശത്ത് പുതിയത് എത്തിയാൽ പരസ്പരം ആക്രമിക്കുകയും കരുത്തൻ അതിജീവിക്കുകയും ദുർബലൻ പുറംതള്ളപ്പെടുകയും ചെയ്യും. പുറംതള്ളപ്പെടുന്നവയും ഇരതേടുമ്പോഴടക്കം പരിക്കേൽക്കുന്നവയും രോഗം ബാധിച്ചവയുമാണ് കൂടുതലായി നാട്ടിലിറങ്ങുന്നത്.
ജനവാസകേന്ദ്രങ്ങളിൽ ആക്രമണമഴിച്ചുവിട്ട ഭൂരിഭാഗം കടുവകളും മുറിവേറ്റവയോ പല്ല് കൊഴിഞ്ഞവയോ ആയിരുന്നുവെന്ന് വനപാലകർ വ്യക്തമാക്കുന്നു. തള്ളയിൽനിന്ന് വേറിടുന്ന രണ്ട്-രണ്ടര വയസ്സുള്ള കടുവക്കുട്ടികൾക്ക് സ്വന്തമായി ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ കഴിയാതെവരുമ്പോൾ നാടിറങ്ങും.
ആൾപ്പെരുമാറ്റമില്ലാത്ത എസ്റ്റേറ്റുകളിൽ ഇവ താവളമാക്കും. തോട്ടത്തിലെ അടിക്കാട് വെട്ടിയാൽ ഇവിടെനിന്ന് പിൻവാങ്ങിയേക്കും. ഇരതേടുമ്പോഴോ മറ്റോ പരിക്കേറ്റ കടുവകൾ നാട്ടിലിറങ്ങി കെട്ടിയിട്ട വളർത്തുമൃഗങ്ങളെ കൊന്നുതിന്നാൻ തുടങ്ങും.
രോഗം ബാധിച്ച കടുവകളും കാടിറങ്ങി നാട്ടിലെത്തി നാശംവിതക്കും. നരഭോജികളായി മാറുന്ന കടുവകളാണ് മനുഷ്യർക്ക് ഏറ്റവും ഭീഷണി. സ്വഭാവവ്യതിയാനം വന്ന്, നാട്ടിലിറങ്ങി ഇരതേടൽ എളുപ്പമുള്ള പരിപാടിയാണെന്ന് മനസ്സിലാക്കുന്ന കടുവകളും ഇപ്പോൾ പുതുതായി ഉണ്ടാകുന്നുണ്ട്.
അവസാനമില്ലാതെ മനുഷ്യ-വന്യജീവി സംഘർഷം
വയനാട്ടിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മനുഷ്യ-വന്യജീവിസംഘർഷം വളരെ വർധിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. മൃഗങ്ങളുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങളുണ്ടാവുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
കാട്ടാനകൾ ഒറ്റക്ക് നാട്ടിലിറങ്ങി നാശംവരുത്തുന്ന പഴയരീതി മാറി. വയനാട്ടിലും മറ്റും കൂട്ടമായി എത്തി വിളകളടക്കം നശിപ്പിക്കുന്ന സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്. കാലാവസ്ഥാമാറ്റം, സ്വാഭാവിക വനത്തിന് പകരം ഏകവിള തോട്ടങ്ങൾ വർധിച്ചത്, വനങ്ങളിൽ സെന്ന പോലുള്ള അധിനിവേശ സസ്യങ്ങൾ വ്യാപകമായി പടർന്നുപിടിക്കുന്നതുമെല്ലാം മൃഗങ്ങളുടെ സ്വഭാവത്തിൽ വ്യതിയാനം വരുത്തുന്ന ഘടകങ്ങളാണ്.
വിഷമയമായ അധിനിവേശ സസ്യങ്ങൾ കാടിന് വരുത്തുന്ന നാശം വിവരണാതീതമാണ്. അവ മൃഗങ്ങളുടെ ആവാസവ്യവസ്ഥയെ തകിടംമറിക്കുന്നു. മൂന്നാറിലെ ജനവാസകേന്ദ്രങ്ങളിൽ കടുവകൾ ഇറങ്ങാനുള്ള അതേ കാരണമായിരിക്കില്ല വയനാട്ടിൽ കടുവകൾ നാടിറങ്ങാൻ ഇടയാക്കുന്നത്.
അതിനാൽ, ഓരോ പ്രദേശത്തെയും പ്രത്യേകമായി പഠനവിധേയമാക്കിവേണം പരിഹാരം തേടാൻ. ദൗർഭാഗ്യവശാൽ ഇത്തരത്തിലുള്ള പഠനങ്ങൾ നമ്മുടെ നാട്ടിൽ വ്യാപകമായി നടന്നിട്ടില്ല. ഗവേഷണങ്ങൾ നടത്തി ലഭിക്കുന്ന വിവരങ്ങൾ മുൻനിർത്തി വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിൽ പരിഹാരം രൂപപ്പെടുത്തുകയല്ലാതെ കുറുക്കുവഴികൾ ഈ പ്രശ്നം പരിഹരിക്കാൻ നിലവിലില്ല.
കാടും നാടും വേർതിരിക്കാൻ വേലിയും കിടങ്ങുകളുമെല്ലാം സ്ഥാപിച്ചാൽപോലും അവ ആനയെ തടഞ്ഞാലും കടുവയേയും കുരങ്ങിനെയുമെല്ലാം തുരത്താൻ പര്യാപ്തമാവണമെന്നില്ല. അതേസമയം, ഈ മാർഗങ്ങൾ അവലംബിക്കാതിരിക്കുന്നതും നാട്ടിൽ വന്യജീവിശല്യം വർധിക്കാൻ ഇടയാക്കും. വന്യജീവികളുടെ എണ്ണം കുറക്കാനുള്ള വിദേശരാജ്യങ്ങളിൽ അനുവർത്തിക്കുന്നതുപോലെയുള്ള കള്ളിങ് എല്ലാ മൃഗങ്ങളിലും നടപ്പാക്കാനുമാവില്ലെന്ന് ഈരംഗത്തെ വിദഗ്ധർ പറയുന്നു.
മൃഗങ്ങളെ കൊന്നൊടുക്കിയാൽ...
പ്രകൃതിയുടെ സന്തുലനം നിലനിർത്തുന്നതിൽ ഓരോ ജീവികൾക്കും അതിന്റേതായ പങ്കുണ്ട്. അതിനാൽ വന്യജീവികളുടെ നാശം കാടിനെയും ഇല്ലാതാക്കുമെന്നത് മാത്രമല്ല, അത് മനുഷ്യരുടെ നിലനിൽപിനെയും ബാധിക്കും. കാടിന്റെ, കാട്ടുമൃഗങ്ങളുടെ നിലനിൽപിനെ ആശ്രയിച്ചാണ് മനുഷ്യന്റെയും ജീവിതം എന്നബോധം എല്ലാവരിലും ഉണ്ടാവേണ്ടതുണ്ട്.
അതേസമയം, മൃഗങ്ങളുടെ ആഹാരം മനുഷ്യരാവുന്ന അവസ്ഥ ഒരുനിലക്കും അനുവദിക്കാനുമാവില്ല. പ്രകൃതിസംരക്ഷണവും മനുഷ്യസുരക്ഷയും ഒരേസമയം പ്രാവർത്തികമാക്കേണ്ട ദൗത്യമായി മാറണം. അതിനുള്ള വഴികൾ സർക്കാർതലത്തിൽതന്നെ രൂപപ്പെടുത്തേണ്ടതുണ്ട്. അതിലുണ്ടാവുന്ന ഓരോ നിമിഷത്തിന്റെ കാലതാമസവും മനുഷ്യജീവൻ അപകടനിഴലിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.