ഹൃദയത്തിൽ പതിച്ച കണ്ണുനീർ
text_fieldsവർഷങ്ങൾക്കു മുമ്പ് പതിവായി കണ്ടുമുട്ടിയിരുന്ന ഒരു വ്യക്തിയെ ഓർത്തുപോകുന്നു. കൂടെയുള്ളവരെ ഇകഴ്ത്തി സംസാരിക്കുക, മാനസികമായോ അല്ലാതെയോ നോവിക്കുക എന്നതൊക്കെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന നേരംപോക്കുകൾ. തരക്കേടില്ലാത്ത ജോലിയും മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയുമെല്ലാം ഉണ്ടായിരുന്ന ഇയാൾ സ്വന്തം കാര്യങ്ങളെല്ലാം കൃത്യതയോടെ, പൂർണതയോടെ ചെയ്തുതീർക്കും. ഒരുപക്ഷേ, മനഃശാസ്ത്രത്തിലെ ഒരു കള്ളിയിലും ഒതുങ്ങാത്ത ദ്വന്ദ്വ സ്വഭാവമുള്ള ഒരു മനുഷ്യൻ.
എല്ലാവരെയും അകറ്റുന്ന പ്രകൃതമുള്ളതുകൊണ്ട് അദ്ദേഹത്തിന് അടുപ്പക്കാർ കുറവായിരുന്നു. ഒരിക്കൽ അദ്ദേഹത്തോട് നേരിട്ടുതന്നെ ഈ രീതിയെക്കുറിച്ച് സംസാരിച്ചപ്പോൾ ‘‘ഞാൻ എല്ലാം വെട്ടിത്തുറന്ന് പറയുന്നയാളാണ്. എനിക്ക് ഒന്നും മറച്ചുവെക്കാനില്ല. ഞാൻ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയാണ് ഞാൻ ചെയ്യുന്നത്’’ എന്ന അവനവൻ ചെയ്യുന്നതെല്ലാം നൂറുശതമാനം ശരിയെന്ന് വിശ്വസിക്കുന്ന സ്വഭാവക്കാരുടെ പതിവ് മറുപടിയാണ് എനിക്കും ലഭിച്ചത്.
വർഷങ്ങൾ കടന്നുപോയി. ഈ മനുഷ്യൻ ഓർമയിൽനിന്ന് അകലുകയും ചെയ്തു. കാലങ്ങൾക്കുശേഷം അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ അറിഞ്ഞത് അൽപം ദുഃഖമുള്ള കാര്യമായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സഹികെട്ട സഹപ്രവർത്തകർ അദ്ദേഹത്തിനെതിരെ പ്രതികരിക്കുകയും അത് സ്വന്തം ജോലി നഷ്ടപ്പെടുന്നതിലേക്ക് വഴിവെക്കുകയും ചെയ്തുവത്രേ! പിന്നീട് കച്ചവടത്തിൽ ഒരു കൈനോക്കിയെങ്കിലും സഹകച്ചവടക്കാരുമായും ഉപഭോക്താക്കളുമായുമുള്ള നിരന്തര കലഹംമൂലം അതും പൂട്ടി.
അങ്ങനെ, എല്ലാം നഷ്ടപ്പെട്ട അദ്ദേഹം അവനവനോടും കുടുംബാംഗങ്ങളോടും കലഹിച്ച് വീട്ടിൽ ഒരു മുറിക്കകത്ത് ഒതുങ്ങിക്കഴിയുകയാണ് എന്നായിരുന്നു ഞാനറിഞ്ഞത്. കുറച്ചുകാലംകൂടി കഴിഞ്ഞപ്പോൾ ഗുരുതര രോഗം ബാധിച്ച അദ്ദേഹത്തെ മക്കൾ അടക്കമുള്ളവർ ഉപേക്ഷിച്ചുപോയി എന്നും കേട്ടു. രോഗവിവരമന്വേഷിച്ച് ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു. പൂർണമായും തകർന്നുപോയെങ്കിലും പഴയ ശൗര്യത്തിന്റെ നിഴലാട്ടങ്ങൾ അപ്പോഴും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും വാക്കുകളിലും അവശേഷിക്കുന്നുണ്ടായിരുന്നു. രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും അന്വേഷിച്ചപ്പോൾ അയാൾ പൊട്ടിത്തെറിച്ചു. ‘‘എന്റെ കൈയിൽ പണമില്ല! എനിക്കാരുമില്ല! ഞാൻ ന്യായമായ കാര്യത്തിന് വേണ്ടി മാത്രമേ സംസാരിച്ചിട്ടുള്ളൂ. എനിക്ക് ഈ ലോകത്തോടുതന്നെ വെറുപ്പാണ്!’’ മറുത്തൊന്നും പറയാതെ ഞാൻ അവിടെനിന്ന് മടങ്ങുകയും ചെയ്തു.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടി. പല കാര്യങ്ങൾ പങ്കുവെച്ച കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ കാര്യവും കടന്നുവന്നു. ആ വ്യക്തിയുടെ പകപോക്കലിനും നോവിക്കലിനും പലപ്പോഴും ഇരയായ ആൾ കൂടിയായിരുന്നു ഇദ്ദേഹം. പക്ഷേ, അതേക്കുറിച്ചൊന്നുമല്ല ഈ സുഹൃത്ത് സംസാരിച്ചത്. ‘‘രോഗം ബാധിച്ചതറിഞ്ഞ് ഞാനദ്ദേഹത്തെ കാണാൻ പോയിരുന്നു. ആദ്യമൊക്കെ ബഹളം വെച്ചാണ് എന്നോട് സംസാരിച്ചതെങ്കിലും പൊടുന്നനെ മട്ടുമാറി. എനിക്കാരുമില്ല, ആരുമെന്നെ തിരിഞ്ഞുനോക്കുന്നില്ല എന്നുപറഞ്ഞ് വിതുമ്പിക്കരഞ്ഞ് എന്റെ കൈകളിലേക്ക് ചാഞ്ഞു. ഇപ്പോൾ അദ്ദേഹത്തിന്റെ ചികിത്സ കാര്യങ്ങളിൽ ഇടപെടുകയും സാമ്പത്തികമായും അല്ലാതെയും സഹായിക്കുകയും ചെയ്യുന്നു.’’
ആ മറുപടി അക്ഷരാർഥത്തിൽ എന്നെ അമ്പരപ്പിച്ചു. നിസ്സീമമായ മനുഷ്യസ്നേഹത്തിന്റെ നീർച്ചാൽ അനുഭവവേദ്യമാക്കാൻ എന്റെ സുഹൃത്തിന് സാധിച്ചു. അനുതാപപൂർണമായ അദ്ദേഹത്തിന്റെ ഇടപെടലിനെ തുടർന്ന് ജീവിതത്തിൽ ഒരുപാട് പേരെ നോവിച്ച ആ മനുഷ്യന് തന്റെ തെറ്റുകളെ കുറിച്ചുള്ള തിരിച്ചറിവുമുണ്ടായി. കൊട്ടിയടച്ച സ്നേഹത്തിന്റെ കിരണങ്ങൾ അതിന് കാരണമായവരെ തന്നെ തേടിയെത്തുന്ന മനോഹര നിമിഷം കൂടിയായിരുന്നു അത്. എന്റെ സുഹൃത്ത് ഇല്ലായിരുന്നില്ലെങ്കിൽ സ്വയം തീർത്ത പാതാളത്തിൽ, ആ മനുഷ്യൻ ആണ്ടുപോകുമായിരുന്നു. നിങ്ങളെ ഒരുപാട് ദ്രോഹിച്ച ഒരാളോട് ഇങ്ങനെ പെരുമാറാൻ എന്തായിരുന്നു പ്രേരണ എന്ന് ഞാൻ അദ്ദേഹത്തോട് തിരക്കി.
‘‘ഈ ലോകത്ത് കുറഞ്ഞ സമയമേ നമുക്കുള്ളൂ. ഏറ്റവും നീചരെന്ന് കരുതുന്നവരിലും ചില നല്ല ഗുണങ്ങളുണ്ടാകും. സ്വന്തം തെറ്റിനെ കുറിച്ച് ഒരാളെ ബോധവാനാക്കി നന്മയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നാം നിമിത്തമാകുന്നതിലും വലിയ സുകൃതമെന്തുണ്ട്? മനുഷ്യകുലത്തിനുള്ള എന്റെ ചെറിയൊരു സംഭാവന മാത്രമാണത്.’’ അദ്ദേഹത്തിന്റെ മറുപടി ചിന്തോദ്ദീപകമായിരുന്നു.
ക്രിമിനലുകൾ, സാമൂഹിക വിരുദ്ധർ തുടങ്ങി സമൂഹത്തിന് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത ഒട്ടേറെ മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. സ്നേഹപൂർണമായ ഒരു ഇടപെടൽ മതിയാകും ചിലപ്പോൾ അവരുടെ ജീവിതത്തെ മാറ്റിമറിക്കാൻ. അപരന്റെ സഹായമില്ലാതെ ഈ ഭൂമിയിൽ ആർക്കും ജീവിക്കാൻ കഴിയില്ല എന്ന പ്രപഞ്ചസത്യം അവർക്ക് ബോധ്യപ്പെടുന്ന ഒരു സമയം വരും. അന്നേരം അവർ വെളിച്ചത്തിലേക്കുള്ള പ്രയാണം തുടങ്ങും. ആ യാത്ര വേഗത്തിലാക്കാൻ, എന്റെ സുഹൃത്തിനെ പോലെ, എവിടെ നിന്നെങ്കിലും അവദൂതനെ പോലെ ഒരാൾ പ്രത്യക്ഷപ്പെടുകയും ചെയ്യും.
ഒരാൾ തിന്മയുടെ ലോകത്തുനിന്ന് മാനസാന്തരപ്പെടുന്നു, മറ്റേയാളാകട്ടെ, ഈ പ്രപഞ്ചത്തോളം വിശാലമായ സ്നേഹവായ്പ് സൃഷ്ടിക്കാനായ നിർവൃതിയിലുമെത്തുന്നു. ഇൗ രണ്ട് മനുഷ്യരുടെ ജീവിതകഥ കാലുഷ്യവും കാപട്യവും നിറഞ്ഞ വർത്തമാന ലോകത്തോട് ഒരുപാട് കാര്യങ്ങൾ ഉറക്കെ പറയുന്നുണ്ട്. പ്രശസ്ത ആംഗലേയ എഴുത്തുകാരൻ സി.എസ്. ലൂയിസിന്റെ വാക്കുകൾ മനോഹരമാണ്. ‘‘അയാളുടെ കണ്ണിൽനിന്ന് പൊടിഞ്ഞ ആദ്യത്തെ കണ്ണുനീർ അത്രമേൽ ആഴമേറിയതായിരുന്നു. അതെന്റെ ഹൃദയത്തിലേക്ക് നേരിട്ട് പതിച്ചെന്ന് ഞാൻ കരുതി.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.