കരാർ മറച്ചുപിടിക്കാൻ ട്രോളിബാഗ് വിവാദം
text_fields1988ൽ പഞ്ചാബിൽ മാൾബ്രോസ് ഇന്റർനാഷനൽ എന്ന റിയൽ എസ്റ്റേറ്റ് കമ്പനി തുടങ്ങിയത് ശിരോമണി അകാലിദൾ നേതാവ് ദീപ് മൽഹോത്രയാണ്. മൽഹോത്രയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന ഒയാസിസ് മദ്യനിർമാണക്കമ്പനികൾ ഇന്ദോറിലും പഞ്ചാബിലും രാജസ്ഥാനിലുമൊക്കെ വ്യാപിച്ചു. മന്ത്രിസഭാ കുറിപ്പിൽ പക്ഷേ പറയാതെ പോയ കാര്യം പിൽക്കാലത്ത് പല പേരുകളിൽ പലയിടത്ത് പ്രവർത്തിക്കുന്ന ഒയാസിസ് ഗ്രൂപ് കമ്പനികൾക്ക് സംഭവിച്ച പതനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്.
പഞ്ചാബിൽ സിറയിൽ അതിഗുരുതര മലിനീകരണമുണ്ടായതിനെ തുടർന്ന് മാൾബ്രോസ് കമ്പനി അടച്ചുപൂട്ടാൻ 2023 ജനുവരിയിൽ ഉത്തരവിട്ടത് ആം ആദ്മി മുഖ്യമന്ത്രി ഭഗ് വന്ത് മൻ ആണ്. ഡൽഹി ധനമന്ത്രിയായിരുന്ന മനീഷ് സിസോദിയയും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അറസ്റ്റ് ചെയ്യപ്പെട്ട ഡൽഹി മദ്യനയക്കേസിൽ ഒയാസിസ് ഡയറക്ടറായ ഗൗതം മൽഹോത്രയെയും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റെഡ്ഡിയുടെ മകളും എം.എൽ.സിയുമായ കെ. കവിതയെയും ഇ.ഡി ജയിലിലടച്ചത് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. ഇതുമൂലമാണ് ഒയാസിസ് കൊമേഴ്സ്യലിന്റെ കേരളത്തിലെ വരവ് മൂടി വെച്ചത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ നവംബർ എട്ടിനാണ് മദ്യഫയൽ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വെക്കാൻ ഉത്തരവിട്ടത്. ആ വിവരം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് എത്താതിരിക്കാനാണ് നവംബർ ആറിന് പുലർച്ചെ മുതൽ കോൺഗ്രസിനെതിരെ ട്രോളി ബാഗ് വിവാദം കത്തിച്ചത്. എക്സൈസ് മന്ത്രി എം.ബി. രാജേഷ് നേരിട്ടാണ് പൊലീസിനെ ഉപയോഗിച്ച് ഈ വിവാദം ദിവസങ്ങളോളം ആളിക്കത്തിച്ചത്.
സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ എക്സൈസ് മന്ത്രിയായിരുന്നപ്പോൾ തുടങ്ങിയതാണ് ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡും സംസ്ഥാനത്തെ ഏക മദ്യവിൽപന ശൃംഖലയായ ബെവ്കോയും തമ്മിലുള്ള വ്യാപാരം. വിദേശമദ്യ ബ്രാൻഡുകളുടെ അപരനാമത്തിൽ ഒയാസിസ് കൊമേഴ്സ്യൽ ഇറക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യക്കുപ്പികളാണ് ബെവ്കോയുടെ വിൽപനകേന്ദ്രങ്ങളിലൂടെ മലയാളികൾ ഏറെയും വാങ്ങുന്നത്.
മദ്യവ്യാപാരം നടത്തലും മദ്യനിർമാണശാല തുടങ്ങലും പൗരരുടെ മൗലികാവകാശമല്ല. അത് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന ഗവൺമെന്റിന് മാത്രമാണ്. കേരള ഹൈകോടതി വിധിക്കെതിരെ 2006ലെ വി.എസ്. അച്യുതാനന്ദന്റെ ഇടതുപക്ഷ ജനാധിപത്യ ഗവൺമെൻറ് സുപ്രീംകോടതിയിൽ നിന്ന് നേടിയ വിധിയാണ് പിണറായി ഗവൺമെന്റ് അധികാരത്തിലെത്തും വരെ കേരളത്തിലെ സർക്കാറുകൾ തുടർന്നത്.
കേരള സർക്കാർ മദ്യനയം മാറ്റിയതുകൊണ്ടാണ് ഒയാസിസ് കൊമേഴ്സ്യൽ മദ്യനിർമാണ കമ്പനി തുടങ്ങാൻ അപേക്ഷ നൽകിയതെന്നാണ് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും വാദിക്കുന്നത്. ഇതിനകം പുറത്തുവന്ന ഒയാസിസ് കൊമേഴ്സ്യലിന്റെ സ്ഥലം വാങ്ങൽ രേഖകളും വാട്ടർ അതോറിറ്റിയുമായുള്ള കരാറും മറ്റും കാണിക്കുന്നത് മദ്യനയം മാറ്റുന്നതിന് മുമ്പുതന്നെ വെങ്ങോട് യൂനിറ്റ് തുടങ്ങാനുള്ള മേൽവിലാസവും സ്ഥലവും ഉറപ്പുവരുത്തിയിരുന്നു എന്നാണ്. ആ വിലാസത്തിലാണ് എഥനോൾ നിർമാണത്തിനുള്ള ടെൻഡറിന് എണ്ണക്കമ്പനികൾക്ക് അപേക്ഷിച്ചത്.
സർക്കാറിന്റെ മദ്യനയം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ ചാനലുകളിൽ ഇരുന്ന് വിയർക്കുകയും കയർക്കുകയും ചെയ്യുന്ന പാർട്ടി വക്താക്കളോട് സഹതാപം പ്രകടിപ്പിച്ച് പറയട്ടെ. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറക്കാൻ സഹായകമായ നയം സർക്കാർ സ്വീകരിക്കും, മദ്യവർജനം പ്രോത്സാഹിപ്പിക്കാൻ പ്രസ്ഥാനത്തിന് രൂപം നൽകും തുടങ്ങി കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയും എന്നടക്കമുള്ള മൂന്ന് ഖണ്ഡികകൾ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തതിന്റെ മൂന്നാം ദിവസം ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ മദ്യവ്യാപാരി കാണാനെത്തി. മുഖ്യമന്ത്രിയുടെ വിജയത്തിൽ ആശംസകളറിയിച്ച് നൽകിയ നിവേദനത്തിൽ പാലക്കാട്ടെ കഞ്ചിക്കോട്ട് അഞ്ചുലക്ഷം ഹെക്ടാലിറ്റർ ബിയർ ഉൽപാദനശേഷിയുള്ള ബ്രൂവറി തുടങ്ങാൻ നൽകിയ അപേക്ഷക്കുമേൽ നികുതി വകുപ്പ് അടയിരിക്കുകയാണെന്നും അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ബ്രൂവറി ലൈസൻസ് നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള നിർദേശത്തോടെ നിവേദനം ഓഫിസിലെ കമ്പ്യൂട്ടർ സെല്ലിലേക്ക് അയക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
നികുതി വകുപ്പ് സെക്രട്ടറിയും അഡീഷനൽ ചീഫ് സെക്രട്ടറിയുമായ മാരാപാണ്ഡ്യനും എക്സൈസ് കമീഷണറായിരുന്ന ഋഷിരാജ് സിങ്ങും എൽ.ഡി.എഫ് ഗവൺമെന്റിന്റെ നയം ഉയർത്തിപ്പിടിച്ചതിന്റെ കാലതാമസം മറികടക്കേണ്ടി വന്നതുകൊണ്ടാണ് കഞ്ചിക്കോട്ടെ ബ്രൂവറി അന്നു വൈകിയത്. നികുതി വകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയായി എത്തിയ ടോം ജോസ് ആണ് പിന്നീട് എലപ്പുള്ളി വില്ലേജിൽ 9.92 ഏക്കർ ഭൂമിയിൽ ബ്രൂവറി തുടങ്ങാൻ അപ്പോളോ ബ്രൂവറീസ് ആൻഡ് ഡിസ്റ്റിലറീസിന് അനുവാദം നൽകി 2018 ജൂൺ 28ന് ഉത്തരവിട്ടത് (GO(RT) No 461/2018). ഇതോടൊപ്പം കണ്ണൂരിലെ ചേലോറ ഗ്രാമത്തിൽ ശ്രീധരൻ ബ്രൂവറിക്കും പെരുമ്പാവൂരിലെ ശ്രീചക്ര ഡിസ്റ്റിലറീസിന് സ്ഥലം, ഉൽപാദനശേഷി തുടങ്ങിയ വിവരങ്ങളില്ലാതെ തൃശൂർ ജില്ലയിലും, ഡൽഹിയിലെ പവർ ഇൻഫ്രാടെക്കിന് എറണാകുളം കിൻഫ്ര പാർക്കിലും ബ്രൂവറി തുടങ്ങാൻ പിണറായി ഗവൺമെന്റ് അനുമതി നൽകി.
പ്രതിപക്ഷ നേതാവ് തീരുമാനം ഹൈകോടതിയിൽ ചോദ്യം ചെയ്തപ്പോഴാണ് കോടതിയുടെ ചോദ്യത്തിനുമുന്നിൽ മുട്ടുവിറച്ച് കഞ്ചിക്കോട്ടെ ബ്രൂവറിയുടേതടക്കം ലൈസൻസുകൾ അടിയന്തര മന്ത്രിസഭായോഗം വിളിച്ച് റദ്ദാക്കിയത്. ലക്ഷ്യം ഉപേക്ഷിക്കാതെ ഒയാസിസ് കൊമേഴ്സ്യലിന്റെ പേരിൽ പഴയ മദ്യനിർമാണ കമ്പനികളുടെ പുനരവതാരമാണ് ഏകജാലകത്തിലൂടെ കടത്തിക്കൊണ്ടുവന്നത്. അപ്പോളോ ബ്രൂവറീസിന്റെ അപേക്ഷയിൽ സമർപ്പിച്ച തൊഴിൽ സാധ്യതയുടെയും സർക്കാറിന്റെ വരുമാന വർധനവിന്റെയും കാർബൺ പകർപ്പുകളാണ് ഒയാസിസ് കമ്പനിക്കുവേണ്ടി ഇപ്പോൾ ഉയർത്തിക്കാണിക്കുന്നത്.
(അവസാനിച്ചു)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.