ലോക്ഡൗൺ ഹർത്താലല്ല; തമാശയായെടുക്കരുത്
text_fieldsഇറ്റലിയുൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളൊന്നും കോവിഡിനെ പിടിച്ചുകെട്ടാൻ പോയിട്ട് തടഞ്ഞുനിർത്താനുള്ള ശ്രമത്തിൽ പോലും വിജയിച്ചില്ല. അതേസമയം, ചൈനയും ദക്ഷിണകൊറിയയും ജപ്പാനും ഈ യുദ്ധത്തിൽ തൽക്കാലമെങ്കിലും മേൽക്കൈ നേടി. അപ്പോൾ ഈ യുദ്ധം വിജയിക്കാൻ കഴിയുന്നതാണ് എന്നർഥം. സർക്കാറും ജനങ്ങളും ഒരുമിച്ചു തയാറെടുക്കണം, പോരാടണം എന്നു മാത്രം. ഈ ലോക്ഡൗൺ കാലത്ത് കോവിഡ് യുദ്ധത്തിൽ നമുക്ക് എങ്ങനെ പങ്കാളിയാവാം?
ലോക്ഡൗൺ ഹർത്താൽ അല്ല
ഇതൊരു സാധാരണ ഹർത്താലോ ബന്ദോ ഒന്നുമല്ല, കഴിഞ്ഞ നൂറുവർഷത്തിനിടയിൽ മനുഷ്യകുലം നേരിട്ടിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. രണ്ടാം ലോകയുദ്ധ കാലത്ത് പോലും ലോകത്തിലെ ഇത്രയും രാജ്യങ്ങൾ ഒരുമിച്ച് ഒരു വെല്ലുവിളി നേരിട്ടിട്ടില്ല. വിമാനങ്ങളും റെയിൽവേയും ഉണ്ടായ ശേഷം ഇന്നുവരെ ആ സഞ്ചാരങ്ങൾ പൂർണമായും നിർത്തലായിട്ടില്ല. ഇനിയുള്ള കാലത്തെ ലോകചരിത്രം കോവിഡിന് മുമ്പും പിമ്പും എന്ന രണ്ടു കാലമായിട്ടാണ് അറിയാൻ പോകുന്നത്. അതിനാൽ ഈ കാലത്തെ നിസ്സാരമായി കാണരുത്, തമാശയായെടുക്കരുത്.
ഈ യുദ്ധത്തിൽ ആരു ജയിക്കുമെന്നത് രാജ്യത്തെ സന്പത്തിനെയോ സൈന്യത്തെയോ സർക്കാറിനെയോ ആശ്രയിച്ചല്ല. ഈ വെല്ലുവിളിയെ ചൈനയും അമേരിക്കയും ജപ്പാനും ഇറ്റലിയും നേരിടുന്നതിെൻറ ചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. നമ്മുടെ ജനസംഖ്യയോട് ചേരുന്ന ഉദാഹരണങ്ങൾ ദക്ഷിണകൊറിയയും ഇറ്റലിയുമാണ്. ഏതാണ്ട് ഒരു മാസം മുമ്പ് (ഫെബ്രുവരി 20ന്) രണ്ടു സ്ഥലങ്ങളിലും കോവിഡ് പോസിറ്റിവ് കേസുകൾ നൂറിനടുത്തായിരുന്നു. ഇറ്റലിയിൽ വെറും നാല് കേസു മാത്രം. ഇപ്പോൾ ഇറ്റലിയിൽ കേസുകൾ 60,000 കവിഞ്ഞു, മരണം ആറായിരവും. ദക്ഷിണകൊറിയയിൽ കേസുകൾ ആറായിരത്തിൽ താഴെ. മരണം നൂറിനടുത്തും. അവിടെ ഓരോ ദിവസവും കേസുകൾ കുറഞ്ഞു വരുന്നു.
ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രധാനവ്യത്യാസം രോഗവ്യാപനം തുടങ്ങി എത്ര നേരത്തേ ലോക്ഡൗൺ പ്രഖ്യാപിച്ചു, അത് എത്ര ഫലപ്രദമായി നടപ്പാക്കി എന്നതാണ്. ഒരു മാസം കഴിയുന്പോൾ രണ്ടു സ്ഥലത്തെയും ലോക്ഡൗണിെൻറ രീതിയും ജനങ്ങൾക്ക് അതിനോടുള്ള സഹകരണവും മിക്കവാറും ഒരുപോലെയാണ്. പക്ഷേ, ഇറ്റലിയിൽ കാര്യങ്ങൾ അൽപം വൈകി. അതുകൊണ്ടുതന്നെ കാര്യങ്ങൾ കൈവിട്ടു.
ഇറ്റലിയെയും ദക്ഷിണകൊറിയയെയും അപേക്ഷിച്ച് നമ്മുടെ ആശുപത്രികൾ, ബെഡുകൾ, വെൻറിലേഷൻ തുടങ്ങിയ സൗകര്യങ്ങൾ വളരെ കുറവാണ്. ഇപ്പോൾത്തന്നെ ഏറ്റവും അടിസ്ഥാനമായ വ്യക്തിസുരക്ഷാ ഉപകരണങ്ങൾ (േപഴ്സനൽ പ്രൊട്ടക്ടിവ് എക്യുപ്മെൻറ്- പി.പി.ഇ) വേണ്ടത്ര സ്റ്റോക്കില്ല. അതിനാൽ കേസുകൾ നമ്മുടെ സംവിധാനത്തിനകത്ത് നിർത്തുകയാണ് ഈ യുദ്ധം ജയിക്കാൻ ആകെയുള്ള മാർഗം. അതിന് ഒരേയൊരു വഴി വൈറസ് ബാധ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സന്പർക്കം ഏറ്റവും കുറക്കുകയാണ്.
രണ്ടാഴ്ചപോലും വേണ്ടിവരില്ല
ഒരാൾ ശരാശരി രണ്ടുപേരിലേക്ക് രോഗം പകർന്നു നൽകിയാൽ, രണ്ടിൽനിന്നു നാലിലേക്കും നാലിൽനിന്നു എട്ടിലേക്കുമായി ഇപ്പോഴത്തെ നൂറ് പതിനായിരമാകാൻ രണ്ടാഴ്ച പോലും വേണ്ടിവരില്ല. അതേസമയം രോഗമുള്ള ഒരാളിൽനിന്നു പകരുന്ന കേസുകളുടെ എണ്ണം ഒന്നിൽ താഴെ നിർത്തിയാൽ ആയിരം കേസുകൾക്കുള്ളിൽ രോഗത്തെ പിടിച്ചുനിർത്താം. അതു മാത്രമാണ് നമ്മുടെ രക്ഷ.
ഇവിടെയാണ് ലോക്ഡൗണിെൻറ പ്രസക്തി. ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി കുറക്കുന്നതിലൂടെ വൈറസ് ബാധ ഉള്ളവർ മറ്റുള്ളവരുമായി ഇടപെടാനുള്ള അവസരങ്ങൾ പരമാവധി പരിമിതപ്പെടുത്തുന്നു. നിയന്ത്രണങ്ങൾക്ക് ചില അതിരുകൾ ഉണ്ടാക്കുക മാത്രമേ സർക്കാറിന് ചെയ്യാനുള്ളൂ. സർക്കാർ പറയുന്നതിലെ പഴുതുകൾ കണ്ടെത്തി ലോക്ഡൗൺ ലംഘിക്കുന്നത് വലിയ കഴിവായി കാണുന്നവർ അവരുടെ ജീവൻ മാത്രമല്ല, സമൂഹത്തിെൻറ ഭാവിയെയാണ് പന്താടുന്നത്.
ഫ്രാൻസ് ചെയ്തത്
കോടിക്കണക്കിന് ആളുകളുടെ ജീവിതം ഒറ്റയടിക്ക് പിടിച്ചുകെട്ടുക എളുപ്പമല്ല. ആളുകൾക്ക് ഭക്ഷണം, വെള്ളം, ആരോഗ്യസംവിധാനങ്ങൾ, സുരക്ഷ ഇതൊക്കെ നിലനിർത്തണം. അല്ലെങ്കിൽ ഒരു വശത്തുകൂടി ആളുകൾ ലോക്ഡൗൺ ലംഘിക്കും.
യൂറോപ്പിൽ ഫ്രാൻസിലാണ് ഏറ്റവും ശക്തമായ ലോക്ഡൗൺ സർക്കാർ നടപ്പാക്കിയത്. അവിടെ വീടിനു പുറത്തിറങ്ങാൻ അഞ്ചു കാര്യങ്ങൾ മാത്രമേ സർക്കാർ ഇപ്പോൾ അംഗീകരിക്കുന്നുള്ളൂ.
(എ) അത്യാവശ്യ സർവിസിൽ ജോലി ചെയ്യുന്നവർക്ക് ജോലിക്ക് പോകാൻ
(ബി) അടിയന്തര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകാൻ
(സി) കുട്ടികളെയോ വയസ്സായവരെയോ അന്വേഷിക്കാനോ സഹായിക്കാനോ
(ഡി) അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ
(ഇ) അത്യാവശ്യം വ്യായാമം ചെയ്യാൻ
ഓരോ തവണയും വീടിന് പുറത്തിറങ്ങുന്പോൾ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നത് എന്ന് എഴുതി കൈയിൽ സൂക്ഷിക്കാൻ ഒരു ഫോറം ഉണ്ട്. ഈ ഫോറത്തിൽ പറഞ്ഞ കാര്യങ്ങൾ മുമ്പ് പറഞ്ഞവ ആകാതിരിക്കുകയോ ഫോറം ഇല്ലാതിരിക്കുകയോ ഫോറത്തിൽ പറയാത്ത സ്ഥലത്ത് കാണുകയോ ചെയ്താൽ ഉടൻ ഫൈൻ (പതിനായിരത്തോളം രൂപ) അടിക്കും. സർക്കാർ ചെലവിൽ വീട്ടിൽ കൊണ്ടുപോയാക്കുകയും ചെയ്യും.
ലംഘിച്ചുള്ള ശീലം ഒന്നു മാറണം
നിയമങ്ങൾ പാലിച്ചല്ല ലംഘിച്ചാണ് നമുക്ക് ശീലം. ഹെൽമറ്റ് തൊട്ട് സീറ്റ്ബെൽറ്റ് വരെ പൊലീസുകാരെ കാണുന്പോൾ ഇടാൻ നോക്കുന്നവരാണ്. ഈ ലോക്ഡൗണിനെയും അങ്ങനെ കണ്ടാൽ ഒരു സമൂഹം എന്ന രീതിയിൽ നമ്മുടെ അവസാനമാകും ഇത്.
ഈ ലോക്ഡൗണിൽ സർക്കാർ അനുവദിച്ച എല്ലാ കാര്യങ്ങളും ചെയ്യാം എന്നല്ല, സർക്കാർ അനുവദിച്ചിട്ടില്ലാത്ത ഒന്നും ഒരിക്കലും ചെയ്യില്ല, അനുവദിച്ചതുതന്നെ അത്യാവശ്യമെങ്കിൽ മാത്രം എന്ന രീതിയിലാണ് കാണേണ്ടത്. വീടിനു പുറത്തിറങ്ങുന്നത് പരമാവധി കുറക്കുക. ഫ്ലാറ്റുകളിലോ ഗേറ്റഡ് കമ്യൂണിറ്റിയിലോ ഹോസ്റ്റലിലോ ലേബർ ക്യാന്പിലോ ജീവിക്കുന്നവർ അവിടെ പൊലീസ് വരാൻ സാധ്യതയില്ലാത്തതിനാൽ കന്പനികൂടുകയോ കളിക്കുകയോ ചെയ്യാതെ പരമാവധി വീടുകളിലേക്ക് ഒതുങ്ങുക. വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ അവരെ പരമാവധി ശ്രദ്ധിച്ച് മാറ്റിനിർത്തുക. അത് അവരുടെ ആരോഗ്യത്തിനു വേണ്ടിയാണ്.
ഈ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ആരോഗ്യരംഗത്തിന് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങൾ പോകും. ഗുരുതരരോഗികളെ പോലും ചികിത്സിക്കാനാവാതെ വരും. അപ്പോൾ ലഭ്യമായ ഐ.സി.യുവും വെൻറിലേറ്ററും ആർക്ക് കൊടുക്കണം, അതായത് ആരാണ് ജീവിക്കേണ്ടത് ആരെ മരണത്തിന് വിട്ടുകൊടുക്കണം എന്ന പ്രധാന തീരുമാനമെടുക്കേണ്ടി വരും. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ ആർജിച്ച എല്ലാ സംസ്കാരവും അതോടെ ഇടിഞ്ഞുപൊളിഞ്ഞു വീഴും.
സ്വന്തം കുടുംബത്തിെൻറ കാര്യം പോലും ഉപേക്ഷിച്ച് സ്വന്തം ജീവൻ മാത്രം നിലനിർത്താൻ ശ്രമിക്കുന്ന ഒരു മനോനിലയിലേക്ക് മനുഷ്യൻ മാറും. ആരോഗ്യ, വിദ്യാഭ്യാസരംഗത്തെ നമ്മുടെ കഴിവും മുന്നേറ്റവും ഒന്നും ഇങ്ങനെ ഒരു വൈറസിൽ തട്ടി തകരാൻ അനുവദിക്കരുത്. ഇനി അധികം സമയം ബാക്കിയില്ല, സർക്കാറിന് ചെയ്യാനാവുന്നത് വേണ്ട സമയത്ത് സർക്കാർ ചെയ്യുന്നുണ്ട്. ഇനി നമ്മുടെ ഊഴമാണ്, അതു കഴിവിനുമപ്പുറം പാലിക്കുക.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.