പ്രതിപക്ഷ രാഷ്ട്രീയ ഉയിര്ത്തെഴുന്നേൽപ്
text_fieldsലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം രാജ്യത്തുണ്ടായ രാഷ്ട്രീയമായ മാറ്റങ്ങള്‍ ഇൻഡ്യാ സഖ്യത്തെ പൂര്‍ണമായും എഴുതിത്തള്ളിയിരുന്നവരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. നാന്നൂറ് സീറ്റുകളുമായി എൻ.ഡി.എ പുനരവതരിക്കുമെന്ന ആദ്യകാല കണക്കുകള്‍ മാറ്റിവെച്ച് അത്തരം വിശാരദര്‍, കേവല ഭൂരിപക്ഷത്തിനുള്ള ഭരണസഖ്യത്തിന്റെ പദ്ധതികള്‍ എന്താവാം എന്ന ആലോചനയിലേക്ക് കടന്നിട്ടുണ്ട്. മൂന്നാംഭരണത്തിനുള്ള വഴിയില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടികള്‍ ബി.ജെ.പിതന്നെയും തിരിച്ചറിഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ തെരഞ്ഞെടുപ്പില്‍ ആർ.എസ്.എസ് മുന്നണിയുടെ ഉത്തരേന്ത്യന്‍ ഗ്രാമീണമേഖലയിലെ വേരോട്ടം തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു അന്ന് കോൺഗ്രസ് പരാജയത്തിന്റെ മുഖ്യകാരണം.
തീവ്ര വലതുപക്ഷ ഫാഷിസ്റ്റ് സഖ്യത്തിന്റെ തന്ത്രപരമായ കൂട്ടുകെട്ടുകളും അതിന്റെ സ്വാധീനവും ജയപ്രകാശ് നാരായണനെയും സി.പി.എമ്മിനെയും ഒപ്പംനിര്ത്തിക്കൊണ്ടുള്ള അവരുടെ രാഷ്ട്രീയതന്ത്രവും സൃഷ്ടിച്ച നിഷേധതരംഗം കൃത്യമായി മനസ്സിലാക്കുന്നതില്‍ കോൺഗ്രസ് അന്ന് പരാജയപ്പെട്ടിരുന്നുവെങ്കിൽ ഇന്ന് ബി.ജെ.പി തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ഭരണവിരുദ്ധ വികാരം വളരെ കൃത്യമായി മനസ്സിലാക്കുകയും അതിന് തടയിടാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
എന്നാല്‍, എന്ത് കാരണങ്ങളാണോ ഇപ്പോള്‍ തിരിച്ചടിയായി മാറിയിരിക്കുന്നത്, ആ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തവിധം സങ്കീര്ണമായവയാണ് എന്നതാണ് ബി.ജെ.പിയുടെ പ്രശ്നം. കാരണം അതവരുടെ ഭരണനയങ്ങളെയും പ്രത്യയശാസ്ത്ര അടിസ്ഥാനത്തെയും ചോദ്യം ചെയ്യുന്നവയാണ്. ഇപ്പോഴുണ്ടായിട്ടുള്ള പിന്നോട്ടടിയെ, അതിന്റെ കാരണങ്ങള്‍ കൂടുതല്‍ ശക്തമായി അവതരിപ്പിച്ചുകൊണ്ട് ലെജിറ്റിമേറ്റ് ചെയ്യാമെന്ന മിഥ്യാധാരണയിലാണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്. സി.എ.എ നടപ്പാക്കാനുള്ള നിയമനിർമാണം മുതല്‍ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് വരെയുള്ള നീക്കങ്ങള്‍ അങ്കലാപ്പ് നിറഞ്ഞതും ബി.ജെ.പിയെ ഗ്രാമീണമേഖലകളില്‍പോലും കൂടുതല്‍ പ്രതിരോധത്തിലാക്കുന്നവയുമാണ്.
ഇൻഡ്യാ സഖ്യത്തിന്റെ തിരിച്ചുവരവ്
ലോക്സഭ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് 2023ല്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിചാരിച്ച മുന്നേറ്റമുണ്ടാക്കാന്‍ കോൺഗ്രസിനും ഇൻഡ്യാ സഖ്യത്തിനും കഴിഞ്ഞിരുന്നില്ല എന്നത് ശരിയാണ്. തെലങ്കാനയില്‍ ശൂന്യതയില്‍നിന്ന് പിടിച്ചുകയറി അധികാരത്തിലേക്ക് വരാനും കർണാടകത്തില്‍ വമ്പിച്ച തിരിച്ചുവരവിനും കോൺഗ്രസിന് കഴിഞ്ഞുവെങ്കിലും മറ്റു ഏഴു സംസ്ഥാനങ്ങളില്‍ ആറിലും എൻ.ഡി.എ വിജയിക്കുകയാണുണ്ടായത്. ദക്ഷിണേന്ത്യയിൽ എൻ.ഡി.എ സഖ്യത്തിന് നിലനിൽപില്ലെന്ന പ്രതീതി സൃഷ്ടിക്കാൻ കോൺഗ്രസിനും സഖ്യകക്ഷികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സുപ്രധാനമായ ചോദ്യം ഉത്തരേന്ത്യയില്‍ പൊതുവേ നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഇന്ത്യാ മുന്നണിക്ക് കഴിയുന്നുണ്ടോ എന്നതാണ്.
രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും അതിനെ കൂടുതല്‍ അപകടകരമാക്കുന്ന കടുത്ത തൊഴിലില്ലായ്മയും വർധിക്കുന്ന ദാരിദ്ര്യവും വിലക്കയറ്റവും നോട്ടു റദ്ദാക്കല്‍ മുതല്ക്കുള്ള തെറ്റായ സാമ്പത്തികനയങ്ങളുടെ ഫലമാണ് എന്നത് ഇന്ന് പരക്കെ തിരിച്ചറിയപ്പെടുന്നുണ്ട്. ആഗോളതലത്തിലുണ്ടാവുന്ന സാമ്പത്തികക്കുഴപ്പം അതിന്റെ ഏറ്റവും രൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഏൽപിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു. ആഭ്യന്തര-അന്താരാഷ്ട്ര സാമ്പത്തികനയങ്ങളിലെ അവ്യവസ്ഥകളാണ് രാഷ്ട്രത്തിന് തിരിച്ചടിയായിട്ടുള്ളത്. സമ്പൂര്‍ണമായ നയംമാറ്റങ്ങളിലൂടെ മാത്രമേ ഇക്കാര്യത്തില്‍ പോംവഴികള്‍ ഉരുത്തിരിയൂ. കോൺഗ്രസിന്റെ പ്രകടനപത്രിക ഇക്കാര്യം മനസ്സിലാക്കുന്ന ഒന്നാണ്. എന്നാല്‍, അതുമായി ബന്ധപ്പെട്ട ഗൗരവകരമായ പ്രചാരണങ്ങള്‍ ഉണ്ടാവുന്നില്ലെന്നതും ഇൻഡ്യാ സംഖ്യം പൂർണമായും അതിനെ അംഗീകരിച്ചിട്ടില്ലെന്നതും ദൗര്‍ബല്യങ്ങള്‍ തന്നെയാണ്.
മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇപ്പോഴുള്ള പ്രധാന വ്യത്യാസം സാമ്പത്തികനയങ്ങളിലെ അപകടങ്ങള്‍ മറന്നുകൊണ്ട് മതഭൂരിപക്ഷ പ്രത്യയശാസ്ത്രത്തിന് വോട്ടുചെയ്യുക എന്ന ഗ്രാമീണ-നഗര മേഖലകളിലെ അടിസ്ഥാന വര്‍ഗത്തിന്റെയും മധ്യവര്‍ഗത്തിന്റെയും നിലപാടില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു എന്നതാണ്. മുമ്പില്ലാത്തവിധം ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മിലുണ്ടായിട്ടുള്ള ഐക്യം- അതെത്ര ദുർബലമാണെങ്കില്പോലും- ഈ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതാണ്. ബിഹാറിൽതന്നെ നിതീഷ് കുമാര്‍ ഇൻഡ്യാ സഖ്യത്തില്‍നിന്ന് വിട്ടുപോയത് സഖ്യത്തിന് ഗുണകരമായെന്നാണ് വിലയിരുത്തൽ. ബി.ജെ.പിക്കും നിതീഷ് ഭരണത്തിനും എതിരെയുള്ള വികാരങ്ങള്‍ അവിടെ പ്രത്യയശാസ്ത്രത്തിനപ്പുറം പ്രതിപക്ഷത്തിന് വോട്ടുകളായി മാറുമെന്നാണ് മനസ്സിലാവുന്നത്. ബിഹാറിലെ മഹാസഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയായ ആർ.ജെ.ഡി 26 സീറ്റുകളിലാണ് മത്സരിക്കുന്നത്. കോൺഗ്രസ് ഒമ്പത് സീറ്റുകളില്‍ മത്സരിക്കുന്നു. ഇടതുപക്ഷ പാര്‍ട്ടികളും ഈ സഖ്യത്തിലുണ്ട്. സി.പി.ഐ (എം.എൽ) മൂന്നു സീറ്റുകളും സി.പി.ഐയും സി.പി.എമ്മും ഓരോ സീറ്റിലും മത്സരിക്കുന്നു. കഴിഞ്ഞതവണ കോണ്‍ഗ്രസിന് ലഭിച്ച ഒരു സീറ്റൊഴികെ എല്ലാം നേടിയത് എൻ.ഡി.എ സഖ്യമായിരുന്നു. എന്നാല്‍, ഇതിന്റെ പകുതിപോലും അവിടെ ഇപ്രാവശ്യം നേടാന്‍ അവര്‍ക്ക് കഴിയില്ലെന്നതാണ് യാഥാർഥ്യം.
മാറുന്ന രാഷ്ട്രീയബോധ്യങ്ങള്‍
രാജസ്ഥാൻ, മധ്യപ്രദേശ് നിയമസഭകളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണഭൂരിപക്ഷം നേടുന്നതില്‍ കോൺഗ്രസ് പരാജയപ്പെട്ടുവെങ്കിലും ഈ മേഖലകളിലും ഇൻഡ്യാ സഖ്യം ശക്തിപ്പെടുന്നുണ്ട്. ഉത്തർപ്രദേശിലും മധ്യപ്രദേശിലും കോൺഗ്രസും സമാജ്വാദി പാർട്ടിയും തമ്മിലുണ്ടാക്കിയ സഖ്യമാണ് ഈ മാറ്റത്തിന് കാരണമായത്. സീറ്റ് വിഭജന കരാർ പ്രകാരം, യു.പിയിൽ കോൺഗ്രസിന് 17 സീറ്റുകൾ എസ്.പി നൽകുകയും പകരം മധ്യപ്രദേശിലെ ഖജുരാഹോ നേടുകയും ചെയ്തു.
ഇതോടെ ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ഇൻഡ്യാ സഖ്യത്തിന് കഴിഞ്ഞേക്കും. രാജസ്ഥാനിൽ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയും സി.പി.എമ്മും കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പുരംഗം മാറ്റിമറിച്ചിരിക്കുകയാണ്. 2014ലെയും 2019ലെയും പൊതുതെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തെ 25 സീറ്റുകളും കാവി പാർട്ടിയാണ് തൂത്തുവാരിയത്.
എന്നാൽ, പരമ്പരാഗത അനുയായികളായിരുന്ന ജാട്ട് മധ്യവര്‍ഗം കോൺഗ്രസിന് അനുകൂലമായി മാറുകയും എം.പി സ്ഥാനവും ബി.ജെ.പിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ച രാഹുൽ കസ്വാൻ ഉൾപ്പെടെയുള്ളവരുടെ കോണ്‍ഗ്രസിലേക്കുള്ള വരവും ഇന്ത്യാ സഖ്യത്തിന് ഊർജം പകര്‍ന്നിട്ടുണ്ട്. പടിഞ്ഞാറൻ രാജസ്ഥാനിലെ ബാർമർമുതൽ വടക്ക് ശ്രീഗംഗാനഗർവരെ നാഗൗർ ജില്ലയിലൂടെയും ശെഖാവതി മേഖലയിലൂടെയും വ്യാപിച്ചുകിടക്കുന്ന ജാട്ട് ബെൽറ്റിൽ വിളകൾക്ക് മിനിമം താങ്ങുവില (എം.എസ്.പി), കാർഷിക ഉൽപന്നങ്ങൾക്കുള്ള ആദായവില, ഇലക്ടറൽ ബോണ്ടുകൾ, അഗ്നിവീർ പദ്ധതി, ഗുസ്തിക്കാരുടെ പ്രതിഷേധം തുടങ്ങിയ പ്രശ്നങ്ങള്‍ ശക്തമായി ഉയരുന്ന മത്സരമാണ് രാജസ്ഥാനില്‍ നടക്കുന്നത്.
ദലിത്-ന്യൂനപക്ഷങ്ങളുടെ പിന്തുണ
മഹാരാഷ്ട്രയില്‍ കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യം വലിയ തിരിച്ചടികള്‍ക്ക് ശേഷവും ശക്തമായ പ്രഹരശേഷിയുള്ള മുന്നണിയായി തുടരുന്നു എന്നതില്‍ സംശയമില്ല. പഞ്ചാബിലും മറ്റു ചെറിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ പ്രതിപക്ഷം നിലമെച്ചപ്പെടുത്താനുള്ള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഉണ്ടാക്കിയ വൈകാരികതക്കപ്പുറം ഏറ്റവും പ്രധാനമായത് വളരെപ്പെട്ടെന്ന് എ.എ.പി-കോണ്‍ഗ്രസ് സഖ്യത്തിന് അത് ഡല്‍ഹിയില്‍ വഴിയൊരുക്കി എന്നതാണ്. ഇതോടെ ഡല്‍ഹിയിലെ രണ്ട് സീറ്റും ബി.ജെ.പിക്ക് നഷ്ടപ്പെടാനാണ് സാധ്യത തെളിയുന്നത്.
മണിപ്പൂര്‍ പ്രശ്നവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇടപെടലുകളും അവിടെ ബി.ജെ.പിക്കുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെപ്പോലെ ആ സംസ്ഥാനങ്ങളില്‍ വിജയിക്കാമെന്ന വ്യാമോഹംപോലും അവർക്കില്ല. മണിപ്പൂര്‍ പ്രക്ഷോഭവും പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭവും മറ്റനേകം നിലപാടുകളും ഗുജറാത്തിലടക്കം ന്യൂനപക്ഷ വോട്ടുകള്‍ ഇൻഡ്യാ സഖ്യത്തിന് തിരികെ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെകൂടി പ്രതിഫലനമാണ് കേരളത്തില്‍ എസ്.ഡി.പി.ഐപോലും അപ്രതീക്ഷിതമായി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. ശക്തമായ ഹിന്ദുത്വ വികാരം എല്ലാ ബി.ജെ.പി-ഇതര പാര്‍ട്ടികളിലും നിലനില്ക്കുന്നു എന്ന് പരസ്പരം ആരോപിക്കുന്ന കേരളത്തില്‍ ഇത് ഗുണം ചെയ്യില്ലെന്ന വിശകലനമുണ്ടെങ്കിലും ഇൻഡ്യാ സഖ്യത്തിന് അനുകൂലമായ പാന്‍ ഇന്ത്യന്‍ ന്യൂനപക്ഷ വികാരത്തെ ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.
ദലിത് വോട്ടുകളുടെ വിഭജനം മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിനെ ദോഷകരമായി ബാധിച്ചിരുന്നു. എന്നാലിപ്പോള്‍ ഇൻഡ്യാ സഖ്യത്തിന്റെ പ്രാധാന്യത്തിനപ്പുറം ഹിന്ദുത്വവിരുദ്ധ വോട്ടുകളുടെ സംയോജനം ആവശ്യമാണെന്നത് നിരവധി ദലിത് സംഘടനകളും മുന്നോട്ടുവെക്കുന്ന ആശയമായിരിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഇന്നത്തെ അവസ്ഥയില്‍ പത്തുസീറ്റെങ്കിലും തികച്ചുകിട്ടുമെന്ന് ബി.ജെ.പിക്ക് പ്രതീക്ഷിക്കാന്‍ വകയില്ല. എന്നാല്‍, ഈ മാറിയ പാന്‍ ഇന്ത്യന്‍ സാഹചര്യങ്ങളുടെ ആനുകൂല്യം എത്രത്തോളം നേട്ടമാക്കാന്‍ കഴിയുമെന്നതാണ് ആന്തരിക ഛിദ്രങ്ങള്‍ ഇപ്പോഴും വിട്ടുമാറിയിട്ടിലാത്ത ഇൻഡ്യാ മുന്നണി നേരിടുന്ന പ്രധാന വെല്ലുവിളി. നയപരമായും പ്രത്യയശാസ്ത്രപരമായുമുള്ള പോരാട്ടമായി തെരഞ്ഞെടുപ്പിനെ മാറ്റുകയെന്ന ഉത്തരവാദിത്തമാണ് ഇൻഡ്യാ മുന്നണിക്കുള്ളത്. അതിനവര്‍ക്ക് കഴിയുമോ എന്നതാണ് രാജ്യം ഈ തെരഞ്ഞെടുപ്പില്‍ ഉറ്റുനോക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.