തലയുയർത്തി നോക്കൂ ഹന്നാ, തലയുയർത്തൂ
text_fieldsവിയറ്റ്നാമിലെ യുദ്ധക്കുറ്റങ്ങൾക്ക് സമാനമായ വിധത്തിലുള്ള വംശഹത്യയാണ് മാസങ്ങളായി ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്നത്. പിഞ്ചു കുഞ്ഞുങ്ങളെയും ഗർഭിണികളെയും ഉന്നംവെച്ച് കൂട്ടക്കുരുതികൾ നടത്തുക, പട്ടിണിമരണങ്ങൾ വ്യാപിപ്പിക്കുക, ആശുപത്രികൾ ബോംബിട്ടു തകർക്കുക, ആൾക്കാരുടെ കണ്ണിലേക്ക് പല്ലെറ്റ് ബുള്ളറ്റുകൾ പായിച്ചു വലിയൊരു വിഭാഗം ജനങ്ങളെ അന്ധരാക്കി മാറ്റുക എന്ന പുതിയൊരു പീഡനമുറയും ഫലസ്തീൻ ജനതക്ക് മേൽ നെതന്യാഹുവും കൂട്ടുപ്രതികളും ചേർന്നു നടത്തിക്കൊണ്ടിരിക്കുകയാണ്
ചിറകുകൾ നൽകപ്പെട്ട മനുഷ്യരുടെ ആത്മാവ് മഴവില്ലിന്റെ നേർക്ക് പറന്നുയരുന്നു. പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് ചിറകടിക്കുന്നു. തലയുയർത്തി നോക്കൂ ഹന്നാ, തലയുയർത്തൂ’’ -ചാർളി ചാപ്ലിൻ
മുൻകാലത്ത് ഇന്തോ-ചൈന എന്നറിയപ്പെട്ടിരുന്ന ഭൂപ്രദേശങ്ങളിലെ ഏറ്റവും പ്രകൃതി സമ്പത്തുള്ള ഒരു ചെറു രാജ്യമാണ് വിയറ്റ്നാം. ഇന്ത്യ തന്നെയാണ് ലോകത്തിലെ സാമ്രാജ്യത്വ ശക്തികളെ അങ്ങോട്ട് ആകർഷിക്കാനും കാരണമായത്. ഈ രാജ്യത്തിന് മേലുള്ള സാമ്പത്തിക ചൂഷണത്തെ ലാക്കാക്കി ആദ്യം ജപ്പാനും പിന്നീട് ഫ്രാൻസും വിയറ്റ്നാമിൽ കടന്നാക്രമണം നടത്തി.
ഈ രണ്ട് വൻശക്തികളെയും സുദീർഘമായ സമരത്തിലൂടെ പരാജയപ്പെടുത്തിയ വിയറ്റ്നാം ജനതക്കുമേൽ 1954ൽ ജനറൽ ഡിയാമിന്റെ പാവഭരണകൂടത്തെ അടിച്ചേൽപ്പിച്ചുകൊണ്ട് അമേരിക്ക തുറന്ന യുദ്ധമാരംഭിച്ചു.
സകല അന്താരാഷ്ട്ര നിയമങ്ങളെയും ജനീവ കരാറിനെയും അതിലംഘിച്ചു കൊണ്ടു നടത്തിയ ഈ യുദ്ധത്തിൽ സാമ്രാജ്യത്വശക്തിയുടെ നവീനായുധങ്ങളും പീഡനമുറകളും വ്യാപകമായി പ്രയോഗിക്കപ്പെട്ടു.
രാസായുധങ്ങളും വിഷവാതകങ്ങളും നാപാം ബോംബുകളും ഉപയോഗിച്ച് വിയറ്റ്നാം ജനതയെ തുടച്ചുമാറ്റാൻ ജോൺസൺ ഗവൺമെന്റ് എടുത്ത നടപടികളെ ചരിത്രത്തിലെ ഐതിഹാസികമായ ധീരതയോടെയാണ് ആ ജനത പ്രതിരോധിച്ചത്. എല്ലാ വിഭാഗം ജനങ്ങളും ഹോചിമിന്റെ നേതൃത്വത്തിലുള്ള ദേശീയ വിമോചന മുന്നണിയും സുധീരമായി ചെറുത്തുനിന്നു.
അമേരിക്കൻ ഭരണകൂടം വിയറ്റ്നാമിൽ അഴിച്ചുവിട്ട കൂട്ടക്കുരുതികളും പീഡനമുറകളും മാത്രമല്ല, ജനങ്ങളുടെ പോരാട്ടവീര്യവും കൂടിയാണ് 1967ൽ ‘യുദ്ധ’ക്കുറ്റങ്ങളുടെ അന്താരാഷ്ട്ര കോടതി’ രൂപപ്പെടാൻ കാരണമായത്. നൊബേൽ സമ്മാനിതനായ തത്ത്വചിന്തകനും മനുഷ്യാവകാശ പോരാളിയുമായിരുന്ന ബർട്രാന്റ് റസ്സലായിരുന്നു ഈ കോടതി രൂപവത്കരണത്തിനുവേണ്ടി പ്രവർത്തിച്ച കമ്മിറ്റിയുടെ ചെയർമാൻ.
സാർത്രും സിമോൺ ദി ബുവയും ജെയിംസ് ബാൾഡ്വിനും അടക്കം ലോകത്തിലെ അതിപ്രശസ്തരായ നിരവധി വ്യക്തികൾ ഇതിൽ പങ്കാളികളായി. ഇന്ത്യയിൽനിന്നും ജസ്റ്റിസ് താർഖുണ്ഡെയും ഈ കോടതിയുടെ അംഗമായിരുന്നു. 1967ൽ സ്റ്റോക് ഹോമിൽ വെച്ച് ‘യുദ്ധക്കുറ്റങ്ങളുടെ അന്താരാഷ്ട്രകോടതി’ ആദ്യമായി സമ്മേളിക്കുമ്പോൾ വിയറ്റ്നാം യുദ്ധത്തിനെതിരെ പ്രതികരിക്കാൻ ലോകത്തിലെ എല്ലാ സമുന്നത വ്യക്തിത്വങ്ങളെയും മനുഷ്യത്വത്തിന്റെ സ്പുരണം ലഭിച്ച സകല മനുഷ്യരെയും ബർട്രാന്റ് റസ്സൽ ക്ഷണിച്ചിരുന്നു.
യുദ്ധക്കുറ്റങ്ങളുടെ അന്താരാഷ്ട്ര കോടതി മുന്നോട്ടുവെച്ച പ്രധാന പ്രമേയങ്ങൾ ഇവയായിരുന്നു. (1) അമേരിക്കൻ ഭരണകൂടം അംഗീകരിച്ചിട്ടുള്ള ജനീവ ഉടമ്പടികൾ, ഐക്യരാഷ്ട്ര സഭയുടെ തീരുമാനങ്ങൾ എന്നിവ ലംഘിച്ചുകൊണ്ട് വിയറ്റ്നാമിനു മേൽ അധിനിവേശം നടത്തിയതിലൂടെ ഇതേ ഭരണകൂടം ഭരണഘടനാവിരുദ്ധമായി പ്രവർത്തിച്ചിരുന്നു. (2) രാസായുധങ്ങളും വിഷവാതകങ്ങളും പ്രയോഗിക്കുകയും നാസി മാതൃകയിലുള്ള തടങ്കൽ പാളയങ്ങളും അതിക്രൂര പീഡനമുറകളും പുനർസൃഷ്ടിക്കുകയും ചെയ്തതിലൂടെ അമേരിക്കൻ ഭരണകൂടം ഗുരുതരമായ യുദ്ധക്കുറ്റങ്ങൾ ചെയ്തിരിക്കുന്നു.
(3) വൻകിട കുത്തക സ്ഥാപനങ്ങളുടെയും ആയുധ നിർമാണ കമ്പനികളുടെയും താൽപര്യത്തിനു വേണ്ടിയാണ് വിയറ്റ്നാമിന് മേൽ അമേരിക്ക യുദ്ധം അടിച്ചേൽപ്പിച്ചിട്ടുള്ളത്. (4) യുദ്ധക്കുറ്റങ്ങൾ ചെയ്യുകയും അന്യരാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുകയും ചെയ്യുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ ഉത്തരവുകൾ അനുസരിക്കാതിരിക്കാനും എതിർക്കാനും ലോകത്തിലെ നീതിബോധമുള്ള എല്ലാ മനുഷ്യർക്കുമെന്നപോലെ അമേരിക്കയിലെ പൗരർക്കും ഉദ്യോഗസ്ഥർക്കും ന്യൂറംബെർഗ് വിചാരണയുടെ അടിസ്ഥാനത്തിലുള്ള അവകാശമുണ്ട്.
യുദ്ധക്കുറ്റങ്ങളുടെ അന്താരാഷ്ട്ര കോടതിയുടെ രൂപവത്കരണവും ബർട്രാന്റ് റസ്സൽ മുൻകൈയെടുത്ത് നടത്തിയ പ്രചാരണങ്ങളും ലോകത്താകമനം വിയറ്റ്നാം യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന് രൂപംകൊടുത്തു. വിയറ്റ്നാമിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും നഗരങ്ങളിൽ വൻ പ്രകടനങ്ങൾ നടന്നു. വിദ്യാർഥി പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളും സമരരംഗത്തണിനിരന്നു.
ഇന്ന് സ്വത്വവാദ പ്രസ്ഥാനങ്ങൾ എന്നറിയപ്പെടുന്ന കറുത്തവരുടെയും സ്ത്രീകളുടെയും കുടിയേറ്റക്കാരുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും മുന്നണികൾ മേൽപ്പറഞ്ഞ പ്രക്ഷോഭത്തിൽ കണ്ണിചേർന്നു. യുദ്ധത്തിൽ ജീവഹാനി സംഭവിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളും കുടുംബങ്ങളും ഇവർക്കൊപ്പം ചേർന്നു. ഇതിനെല്ലാം പുറമെ, നൂറുകണക്കിന് പട്ടാളക്കാർ സ്വമേധയാ യുദ്ധമുന്നണി വിട്ടുപോന്നു.
റസ്സലിനെ മുഴുഭ്രാന്തനായും അമേരിക്കയുടെ ദേശീയ അന്തസ്സിനെ കളങ്കപ്പെടുത്തിയ പിശാചായും ചിത്രീകരിച്ച് ഭരണകൂടവും യുദ്ധവെറിയൻ മാധ്യമങ്ങളും രംഗത്തുവന്നു. മുഹമ്മദലി, ആഞ്ചല ഡേവിസ് മുതലായ മഹാ പ്രതിഭകൾക്കൊപ്പം നൂറുകണക്കിന് വിദ്യാർഥി-യുവജന പ്രക്ഷോഭകരെ അമേരിക്കൻ ഭരണകൂടം ജയിലിലടച്ചു. വിയറ്റ്നാമിലാണ് വൻ ശക്തിയായ അമേരിക്ക ആദ്യമായി പരാജയപ്പെട്ടത്.
ആ നാട്ടിലെ ജനങ്ങളുടെ ചെറുത്തു നിൽപ്പിനൊപ്പം അമേരിക്കയിലെയും യൂറോപ്പിലെയും സർവകലാശാലകളും മഹാനഗരങ്ങളും കേന്ദ്രമായി അലയടിച്ച യുദ്ധവിരുദ്ധ മുന്നേറ്റങ്ങളും വിയറ്റ്നാമിൽനിന്ന് ഏകപക്ഷീയമായി പിൻവലിയാൻ അവരെ നിർബന്ധിതരാക്കി.
അറുപതുകളുടെ അവസാനം ലോക ഗതിയെത്തന്നെ മാറ്റിമറിച്ച മേൽപ്പറഞ്ഞ മുന്നേറ്റങ്ങൾ രൂപപ്പെടുത്തിയ പ്രധാനപ്പെട്ട മുദ്രാവാക്യം ‘യുദ്ധത്തിന് എതിരെ , വംശീയതക്കെതിരെ, സെക്സിസത്തിനെതിരെ’ എന്നതായിരുന്നു.
വിയറ്റ്നാമിലെ യുദ്ധക്കുറ്റങ്ങൾക്ക് സമാനമായ വിധത്തിലുള്ള വംശഹത്യയാണ് മാസങ്ങളായി ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്നത്.
പിഞ്ചു കുഞ്ഞുങ്ങളെയും ഗർഭിണികളെയും ഉന്നംവെച്ച് കൂട്ടക്കുരുതികൾ നടത്തുക, ദിവസങ്ങളോളം വെള്ളവും ഭക്ഷണവും നിഷേധിച്ച് പട്ടിണിമരണങ്ങൾ വ്യാപിപ്പിക്കുക, ആശുപത്രികൾ ബോംബിട്ടു തകർക്കുക, രാസായുധങ്ങളും വിഷവാതകങ്ങളും ജനാധിവാസ മേഖലകളിൽ വർഷിപ്പിക്കുക, സർവോപരി ആൾക്കാരുടെ കണ്ണിലേക്ക് പല്ലെറ്റ് ബുള്ളറ്റുകൾ പായിച്ചു വലിയൊരു വിഭാഗം ജനങ്ങളെ അന്ധരാക്കി മാറ്റുക എന്ന പുതിയൊരു പീഡനമുറയും ഫലസ്തീൻ ജനതക്ക് മേൽ നെതന്യാഹുവും കൂട്ടുപ്രതികളും ചേർന്നു നടത്തിക്കൊണ്ടിരിക്കുകയാണ്.
ഫലസ്തീനിൽ സൈനിക പരിഹാരം സാധ്യമല്ലെന്ന് ഈ കോളത്തിന്റെ മുൻ ലക്കങ്ങളിലൊന്നിൽ ഈ ലേഖകൻ ചൂണ്ടിക്കാട്ടിയിരുന്നു. ഹമാസിനെ തുടച്ചുമാറ്റുക എന്ന ഇസ്രായേലിന്റെ ലക്ഷ്യം നടപ്പാക്കാനോ ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപിന് അന്ത്യം കുറിക്കാനോ സൈനിക നടപടികൾ കൊണ്ട് സാധ്യമല്ല. അതേസമയം ഒരു വംശീയ രാഷ്ട്രമായ ഇസ്രായേലിനെ നിലക്കുനിർത്താൻ സാധാരണ നിലയിലുള്ള മാധ്യസ്ഥ്യശ്രമങ്ങൾ കൊണ്ടും സാധ്യമാവുകയില്ല.
ഈ അവസ്ഥയിൽ വിയറ്റ്നാം യുദ്ധത്തിന് എതിരെ ലോക രാഷ്ട്രങ്ങളിൽനിന്ന് ഉയർന്നുവന്നതിന് സമാനമായ ബഹുജന പ്രക്ഷോഭം ഇസ്രായേലിനകത്തും അവരെ പിന്തുണക്കുന്ന പാശ്ചാത്യ സമൂഹത്തിലും രൂപപ്പെടേണ്ടതുണ്ട്, അതിലൂടെ ഉണ്ടാവുന്ന ബഹുജന സമ്മർദം കൊണ്ടുമാത്രമേ ഫലസ്തീനിൽ ഇസ്രായേലിന്റെ സെറ്റിലർ കൊളോണിയലിസം നടത്തുന്ന വംശഹത്യകൾ അവസാനിപ്പിക്കപ്പെടുകയുള്ളൂ എന്നും ഈ ലേഖകൻ ചൂണ്ടിക്കാട്ടുകയുണ്ടായി.
മേൽപറഞ്ഞ പ്രത്യാശയെ ശരിവെക്കുന്ന തരത്തിലൊരു വംശഹത്യ വിരുദ്ധ പ്രക്ഷോഭമാണ് ഇപ്പോൾ അമേരിക്കയിലെയും യൂറോപ്പിലെയും വിദ്യാർഥികൾ അലയടിച്ചുയർത്തുന്നത്.
2023 ഒക്ടോബർ ഏഴിന് ശേഷം പലപ്പോഴായി ഫലസ്തീൻ ഐക്യദാർഢ്യ പ്രക്ഷോഭങ്ങൾ അമേരിക്കയിലെയും യൂറോപ്പിലെയും സർവകലാശാലകളിൽ ആരംഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി അതൊരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
ഇസ്രായേലിന് പാശ്ചാത്യ ഭരണകൂടങ്ങൾ നൽകുന്ന സാമ്പത്തികവും സൈനികവുമായ സഹായങ്ങൾ നിർത്തുക, വംശഹത്യക്ക് എതിരെ പൊരുതുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭകാരികൾ ഉന്നയിക്കുന്നത്. ഏപ്രിൽ പതിനെട്ടിന് കൊളംബിയ യൂനിവേഴ്സിറ്റിയിൽ ടെന്റുകൾ കെട്ടി താമസിച്ചുകൊണ്ടാണ് ഈ വിദ്യാർഥികൾ പ്രക്ഷോഭത്തിന്റെ പുതുഘട്ടത്തിലേക്ക് പ്രവേശിച്ചത്.
നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റുചെയ്തുകൊണ്ട് പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചതോടെ മുൻനിര യൂനിവേഴ്സിറ്റി മുതൽ സ്റ്റേറ്റ് യൂനിവേഴ്സിറ്റികൾ വരെയുള്ള തലങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. ഇമോറി, കാലിഫോർണിയ, ഫ്ലോറിഡ, പെൻസിൽവേനിയ, ഇൻഡ്യാന, നോർത്ത് വെസ്റ്റോൺ, ന്യൂയോർക് തുടങ്ങി ഇരുപതോളം സർവകലാശാലകളിലെ പ്രക്ഷോഭകാരികളെ ഭരണകൂടം അറസ്റ്റുചെയ്യാനാരംഭിച്ചു.
തുടർന്ന് ഇംഗ്ലണ്ടിലും ജർമനിയിലും ഫ്രാൻസിലും ഇറ്റലിയിലും ആസ്ട്രേലിയയിലും വിദ്യാർഥികൾ ടെന്റ് കെട്ടി പ്രക്ഷോഭം തുടങ്ങി. ഈ സ്ഥലങ്ങളിലെല്ലാം വിദ്യാർഥികൾക്കുനേരെ ഭരണകൂട മർദനം നടക്കുന്നതായുള്ള വാർത്ത ഏപ്രിൽ 27ന് പുറത്തുവന്നു.
അമേരിക്കയിലെ ഭരണകൂട ശക്തികൾ ഈ പ്രക്ഷോഭങ്ങളെ ആന്റി സെമിറ്റിസത്തിന്റെ പേരുപറഞ്ഞാണ് വേട്ടയാടുന്നത്. വിദ്യാർഥികളെ മാത്രമല്ല, അധ്യാപകരെയും ഭരണകൂടം ലക്ഷ്യംവെച്ചിരിക്കുകയാണ്. എഡ്വേഡ് സൈദിന്റെ ശിഷ്യനായ ജോസഫ് മസദ്, മുഹമ്മദ് അബ്ദു, കാതറിൻ ഫ്രാങ്ക് തുടങ്ങിയ അധ്യാപകർക്ക് എതിരെ കൊളംബിയ യൂനിവേഴ്സിറ്റി അന്വേഷണം പ്രഖ്യാപിച്ചു. നിരവധി അധ്യാപകരെ ഇതിനോടകം പിരിച്ചുവിട്ടു.
ഇതേസമയം വിയറ്റ്നാം യുദ്ധവിരുദ്ധ മുന്നേറ്റത്തിന് സമാനമായ സ്ഥിതിയിലേക്ക് ഈ പ്രക്ഷോഭങ്ങൾ വളർന്നേക്കുമെന്ന ഭീതി പാശ്ചാത്യ ഭരണ തലസ്ഥാനങ്ങളിൽ രൂപപ്പെട്ടിരിക്കുകയാണ്. അതിനനുസരിച്ചുള്ള മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്.
ഈ മധ്യസ്ഥ ശ്രമങ്ങൾ കണ്ണിൽ പൊടിയിടുന്നതാകരുത്, ഫലസ്തീൻ രാഷ്ട്രത്തിന്റെ സ്വതന്ത്രാസ്തിത്വവും ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾക്കുള്ള ശിക്ഷയും പിഴയുമായി മാറ്റപ്പെടേണ്ടതുണ്ട്. അത്തരത്തിലുള്ള ദിശയിലേക്കാണ് കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ആരംഭിച്ച വംശഹത്യ വിരുദ്ധ പ്രക്ഷോഭം മുന്നേറുന്നതെന്നാണ് ഇന്നിന്റെ പ്രത്യാശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.