ലവ് ജിഹാദ്: പെരുംനുണ മെയ്ഡ് ഇൻ കേരള
text_fieldsഒരു തെളിവിന്റെയും പിൻബലമില്ലാതെ പടച്ചുവിട്ട 'നാർകോട്ടിക് ജിഹാദ്' ആരോപണത്തോടൊപ്പം ഏതാനും വർഷമായി സംഘ്പരിവാറും സഭയും ആരോപിച്ചുകൊണ്ടിരിക്കുന്ന ലവ് ജിഹാദും വീണ്ടും ചർച്ചയാവുകയാണ്. ഇത്തരം ആരോപണങ്ങളുടെ നിജഃസ്ഥിതി വ്യക്തമാക്കുന്നതിലും സാമൂഹിക ഐക്യം തകർക്കുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിലും മാധ്യമ സ്ഥാപനങ്ങളുടെ സ്വതന്ത്ര വസ്തുതാന്വേഷണങ്ങൾക്ക് വലിയ പങ്കുണ്ട്. ഇംഗ്ലീഷ് പോർട്ടലായ ആർട്ടിക്കിൾ-14ൽ ഇൗയിടെ പ്രസിദ്ധീകരിച്ച ലവ് ജിഹാദ് അന്വേഷണ റിപ്പോർട്ടിന് സമകാലിക ചുറ്റുപാടിൽ ഏറെ പ്രാധാന്യമുണ്ട്. ഹരിയാനയിലെ അശോക സർവകലാശാല അധ്യാപകനും പ്രശസ്ത ചിന്തകനുമായ അനികേത് ആഖ, പ്രമുഖ മാധ്യമ പ്രവർത്തകരായ കെ.എ. ഷാജി, ചിത്രാംഗദ ചൗധുരി എന്നിവർ സ്വതന്ത്ര വസ്തുതാന്വേഷണത്തിലൂടെ തയാറാക്കിയ സമഗ്ര റിപ്പോർട്ടിെൻറ സംക്ഷിപ്ത രൂപം
2020 ജനുവരിയിലാണ് ദേശീയ വനിത കമീഷന് അധ്യക്ഷ രേഖ ശര്‍മ കേരള സര്‍ക്കാറിന് ലവ് ജിഹാദിനെക്കുറിച്ച് അതിശക്തമായ മുന്നറിയിപ്പ് നല്‍കുന്നത്. ഏതു നിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന ടൈം ബോംബാണ് ലവ് ജിഹാദെന്നും ഉടൻ വേണ്ടവിധം പ്രതികരിച്ചില്ലെങ്കില്‍ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അവര്‍ സർക്കാറിനെ അറിയിച്ചു. ലവ് ജിഹാദിന് ഇരകളാകുന്നത് ഹിന്ദു മതത്തിൽനിന്നും ക്രിസ്തു മതത്തിൽനിന്നുമുള്ള യുവതികളാണെന്നും അവരെ ആകര്‍ഷിക്കാനും മതപരിവര്‍ത്തനം ചെയ്യാനും മുസ്ലിം ചെറുപ്പക്കാർ വ്യാപക ഗൂഢാലോചന നടത്തി വലവിരിച്ചു കാത്തിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
എന്നാൽ, അതിനുശേഷം ഏതാണ്ട് ഒരു വർഷം കേരളത്തിൽ ലവ് ജിഹാദ് വാർത്തകളിൽ വലിയ തോതിൽ ഇടം പിടിച്ചില്ല, ഈ വർഷം കേരളത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ ആ ആരോപണത്തിന് വീണ്ടും ചില മാനങ്ങൾ കൈവന്നു. ലവ് ജിഹാദിനെതിരെ നിയമ നിർമാണം വേണം എന്ന ആവശ്യവുമുയർന്നു. കേന്ദ്ര സർക്കാറും സുപ്രീംകോടതിയും ഇന്ത്യയുടെ പ്രധാന അന്വേഷണ ഏജന്‍സികളും ദേശീയ ന്യൂനപക്ഷ കമീഷനും എന്തിന്, രേഖ ശർമയുടെ ദേശീയ വനിത കമീഷൻപോലും അന്വേഷണം നടത്തി തെളിവില്ല എന്നു കണ്ടെത്തി തള്ളിക്കളഞ്ഞ നനഞ്ഞ പടക്കമായിരുന്നു ലവ് ജിഹാദ്. കത്തോലിക്ക സഭയിലെ ചില ബിഷപ്പുമാരും പുരോഹിതരും ലവ് ജിഹാദുണ്ട് എന്നു പറഞ്ഞു പ്രചരിപ്പിക്കുമ്പോൾ മറ്റൊരു വിഭാഗവും വിവിധ സഭ പരിഷ്കരണവാദ ഗ്രൂപ്പുകളും ലവ് ജിഹാദിനെ അസംബന്ധം എന്ന രീതിയിലാണ് സമീപിച്ചത്.
തങ്ങള്‍ കേരളത്തിൽ അധികാരത്തിലെത്തിയാല്‍ ലവ് ജിഹാദിനെ പ്രതിരോധിക്കാന്‍ വേണ്ട നിയമനിർമാണം നടത്തുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ആവർത്തിച്ചു. എന്നാൽ, എല്ലാ സീറ്റുകളിലും തോറ്റ ബി.ജെ.പി തെരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ കൂടുതൽ അപ്രസക്തമായി.
'ലവ് ജിഹാദ്' എന്ന ആരോപണം ഒരു ഉത്തരേന്ത്യൻ നിർമിതിയാണെന്നാണ് പൊതുവിലുള്ള വിശ്വാസം. ഉത്തരേന്ത്യയിലെ സംഘ്പരിവാറുകാർ വ്യാപകമായി ആവർത്തിച്ചിരുന്നതിനാലായിരുന്നു അങ്ങനെയൊരു പൊതുബോധം ഉണ്ടായത്. എന്നാൽ, വിചിത്രമെന്നു പറയട്ടെ, കേരളത്തിൽ സാമൂഹിക മാറ്റങ്ങൾക്ക് വലിയ സംഭാവനകൾ നൽകിയ ഒരു പ്രമുഖ മലയാള പത്രമാണ് ആദ്യമായി ഈ വിഷയം ഭീതിപരത്തുന്ന തലക്കെട്ടിനു കീഴിൽ സ്തോഭജനകമായ വാർത്തയായി ഉയര്‍ത്തിക്കൊണ്ടുവന്നത്. വളരെ വൈകാതെ കര്‍ണാടകയില്‍ രൂപപ്പെട്ട തീവ്ര ഹിന്ദു വലതുപക്ഷ സംഘടന ഈ വിഷയം ഏറ്റെടുക്കുകയും വിഷലിപ്ത പ്രചാരണം നടത്തുകയും ചെയ്തു.
രേഖ ശർമ പറഞ്ഞതും വനിത കമീഷൻ മറുപടിയും
കേരളത്തിൽ ലവ് ജിഹാദിെൻറ ഭാഗമായി നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങൾ, ഭീകര പ്രവർത്തനങ്ങൾക്കായി സ്ത്രീകൾ രാജ്യം വിട്ടുപോകുന്ന അവസ്ഥ എന്നിവയെക്കുറിച്ചെല്ലാം ദേശീയ വനിത കമീഷൻ വിശദമായി അന്വേഷണം നടത്തിയതായി രേഖ ശര്‍മ പ്രമുഖ വാര്‍ത്ത ഏജന്‍സിയായ എ.എൻ.ഐയോട് 2020 ജനുവരി 27ന് വിശദീകരിച്ചിരുന്നു. അവർ അവകാശപ്പെട്ടതു പ്രകാരം, ലവ് ജിഹാദിെൻറ പേരില്‍ സ്ത്രീകളെ പല രാജ്യങ്ങളിലേക്കും ബലമായി പിടിച്ചുകൊണ്ടുപോവുകയും ലൈംഗിക ആവശ്യങ്ങൾക്കായി മതതീവ്രവാദികൾ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
ഒരു മതത്തിൽപെട്ട വ്യക്തി മറ്റൊരു മതത്തില്‍നിന്നുള്ള ആളെ വിവാഹം ചെയ്യുന്നതിൽ ഒരു തെറ്റുമില്ലെന്ന് അഭിപ്രായപ്പെട്ട അവർ സ്ത്രീകളെ ഭീഷണിപ്പെടുത്തി മതം മാറ്റുന്നതും ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതും ഒരു വലിയ പ്രശ്നമാണെന്നും ചൂണ്ടിക്കാട്ടി. ഏതാണ്ട് പത്തു മാസങ്ങള്‍ക്കു ശേഷം, 2020 ഒക്ടോബര്‍ 20ന്, രേഖ ശര്‍മ പോയത് മുംബൈയിലേക്കാണ്. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുമായി കൂടിക്കാഴ്ച നടത്തിയ അവർ, ലവ് ജിഹാദ് കേസുകളുടെ വർധനക്ക് ആ സംസ്ഥാനം വലിയ അളവിൽ സാക്ഷ്യം വഹിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു.
എന്നാല്‍, രേഖ ശർമയുടെ പ്രസ്താവനകളുടെ വെളിച്ചത്തിൽ ഞങ്ങൾ വിവരാവകാശ നിയമപ്രകാരം ദേശീയ വനിത കമീഷനിൽനിന്ന് ഈ വിഷയത്തിലെ കണ്ടെത്തലുകൾ സംബന്ധിച്ച വിവരങ്ങൾ തേടിയപ്പോൾ കിട്ടിയ ഔദ്യോഗിക പ്രതികരണങ്ങള്‍ വെളിപ്പെടുത്തിയത് 'ലവ് ജിഹാദി'നെക്കുറിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ചും ഇന്ത്യയില്‍ എവിടെ നിന്നും കമീഷന് ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ്. മാത്രമല്ല, രേഖ ശര്‍മ ഈ വിഷയത്തിൽ നേരിട്ടു നടത്തിയതായി പറയുന്ന വിശദാന്വേഷണം 2017ല്‍ കേരളത്തിലേക്കു നടത്തിയ ത്രിദിന സന്ദര്‍ശന വേളയിൽ, മുസ്ലിം സമുദായത്തിൽനിന്നുള്ള ഒരു യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്യാൻ തീരുമാനിച്ച ഹിന്ദു യുവതി മതം മാറുന്നതിനെതിരെ രക്ഷിതാക്കൾക്കുണ്ടായ എതിർപ്പ് നേരിൽ പോയി രേഖപ്പെടുത്തിയതിൽ കൂടുതലായി ഒന്നുമില്ലെന്നും കമീഷന് വ്യക്തമാക്കി.
വിവരാവകാശ കമീഷെൻറ ആവർത്തിച്ചുള്ള ഇടപെടലുകളും നിർദേശങ്ങളും ഉണ്ടായിട്ടും രേഖ ശർമ നടത്തിയ അന്വേഷണങ്ങളുടെ അന്തിമ റിപ്പോർട്ടുകളുടെ പകർപ്പുകൾ നൽകാൻ ദേശീയ വനിത കമീഷൻ വിസമ്മതിച്ചു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.