എം. കുഞ്ഞാമൻ ബഹിഷ്കൃതനായ ഗുരു, ധിക്കാരിയായ ദാർശനികൻ
text_fieldsപ്രഫ. എം. കുഞ്ഞാമൻ ഒരു വ്യക്തി എന്നതിലുപരി ഒരു ചരിത്രാനുഭവമായിരുന്നു. സ്വന്തം ജീവിതംകൊണ്ട് കേരളത്തിലെ പൊതുസമൂഹത്തെ ഇത്രയും ആഴത്തിൽ ചോദ്യംചെയ്ത മറ്റൊരു വ്യക്തിത്വം ഉണ്ടായിട്ടില്ല. അദ്ദേഹം പോർമുഖങ്ങൾ തുറന്നത് സമൂഹത്തിന് സ്വന്തം ബോധ്യങ്ങളുടെ മേലുണ്ടായിരുന്ന പരമമായ സ്വാസ്ഥ്യത്തെ അട്ടിമറിക്കാനായിരുന്നു. ദലിത് സ്വത്വം എന്നത് കേവലമായ ഔദ്യോഗികവത്കരണങ്ങൾക്ക് വഴങ്ങി കീഴ്പ്പെട്ടുപോകുന്നതല്ലെന്നും ചരിത്രത്തിനും വർഗ-വർണ വിചാരങ്ങളുടെ പൊതുസമ്മതികൾക്കും എതിരുനിൽക്കുന്ന ഒന്നാണെന്നും ആത്മസമരങ്ങളുടെ അനുസ്യൂതിയിലൂടെ അദ്ദേഹം കേരളീയ സമൂഹത്തെ പഠിപ്പിച്ചു. ആ അർഥത്തിൽ അദ്ദേഹം ഒരു സർവകലാശാല അധ്യാപകൻ മാത്രമായിരുന്നില്ല, ഒരു ജനതയുടെ അധ്യാപകനായിരുന്നു. തനിക്കു ലഭിച്ച സ്ഥാനങ്ങൾ പലതും നിരാകരിക്കുകയും മറ്റു ചിലതിനുവേണ്ടി അങ്ങേയറ്റത്തെ വീര്യത്തോടെ പോരാടുകയും ചെയ്തിരുന്നത് ബുദ്ധിശൂന്യമല്ലേ എന്ന് സാമാന്യയുക്തിക്ക് തോന്നാവുന്നതാണ്. എന്നാൽ, വെച്ചുനീട്ടുന്ന അധികാരത്തിന്റെയോ പുരസ്കാരത്തിന്റെയോ ദാനങ്ങളിലല്ല, താൻ സ്വയമാർജിച്ച ധൈഷണികതയുടെ പേരിലുള്ള അർഹതയാണ് സ്ഥാപിച്ചുകിട്ടേണ്ടത് എന്ന രാഷ്ട്രീയ നിലപാടായിരുന്നു അതെന്നു വളരെക്കാലം തിരിച്ചറിയപ്പെടാതെപോയി.
ആർജവത്തിന്റെ പ്രതിരൂപം
ഒരു വിദ്യാര്‍ഥിയായി കാര്യവട്ടം കാമ്പസില്‍ ചെല്ലുന്ന തൊള്ളായിരത്തി എണ്‍പതുകള്‍ മുതല്‍ അവിടത്തെ ഏറ്റവും പ്രഗല്ഭ അധ്യാപകരിൽ ഒരാളായിരുന്ന കുഞ്ഞാമന് സാറിനെ എനിക്കറിയാം. ഞങ്ങൾ പഠിക്കാനെത്തുമ്പോൾ കെ.എന്‍. രാജിന്റെ മേൽനോട്ടത്തിൽ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ (സി.ഡി.എസ്) പിഎച്ച്.ഡി ഗവേഷണത്തിനായി അദ്ദേഹം അവധിയിലായിരുന്നു. കുഞ്ഞാമൻ സാറിന്റെ അനർഗള വാക്പ്രവാഹത്തെക്കുറിച്ചും ധനശാസ്ത്ര ധാരണകളെക്കുറിച്ചും സീനിയർ വിദ്യാർഥികളുടെ വിവരണങ്ങളിൽനിന്ന് പ്രചോദിതനായ ഞാന്‍ സി.ഡി.എസില്‍ പോയി അദ്ദേഹത്തെ കാണുകയായിരുന്നു. അവിടത്തെ ലൈബ്രറിയിൽ മെംബർഷിപ് എടുക്കാൻ പ്രേരിപ്പിച്ചതും അതിനാവശ്യമായ പരിചയപ്പെടുത്തൽ നടത്തിത്തന്നതും സാറായിരുന്നു. ഞങ്ങളുടെ ദീര്‍ഘകാല സൗഹൃദം അന്നു തുടങ്ങിയതാണ്. ക്ലാസ് മുറിയിൽ പഠിപ്പിച്ചില്ലെങ്കിലും ഒരു ശിഷ്യനോടുള്ള സ്നേഹവാത്സല്യങ്ങൾ എക്കാലത്തും എന്നോട് കാട്ടി.
‘എതിര്’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ വലിയ ആഘാതമാണ് ഏൽപിച്ചത്. ജീവിതത്തിലെ ജാതിപരവും രാഷ്ട്രീയവുമായ വിവേചനങ്ങളും ഔദ്യോഗികമായ അവഗണനയുടെയും അവയോടുള്ള അനിതരസാധാരണമായ നിസ്സംഗതയുടെയും ബുദ്ധസാക്ഷ്യങ്ങളും നിറഞ്ഞ ആത്മകഥ കേരളത്തെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. അടുത്തറിയാവുന്നവർക്കൊഴികെ ഇങ്ങനെ ഒരു മനുഷ്യൻ, ഒരു പ്രതിഭാശാലി, നമുക്കിടയിൽ ജീവിച്ചിരിക്കുന്നു എന്നത് വലിയൊരു തിരിച്ചറിവായിരുന്നു. അവർ അദ്ദേഹത്തെ അറിയാതെപോയി എന്നതുതന്നെയായിരുന്നു ആത്മകഥയുടെ ഏറ്റവും വലിയ സന്ദേശം. അദ്ദേഹത്തെപ്പോലുള്ളവർ തിരസ്കരിക്കപ്പെടുകയും തമസ്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു ബൗദ്ധിക പൊതുമണ്ഡലമാണ് കേരളത്തിൽ കൊട്ടിഘോഷിക്കപ്പെടുന്നത് എന്ന അനിവാര്യമായ ഉള്ളറിവ് ആ ആത്മകഥ കേരളീയ സമൂഹത്തിനു പകർന്നുനൽകി.
വിദ്യാർഥി ആയിരുന്നപ്പോഴും അതിനുശേഷവും കാര്യവട്ടത്തെ ക്വാർട്ടേഴ്സിൽ നിരവധി തവണ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. നിലപാടുകളും രാഷ്ട്രീയവും ചര്‍ച്ച ചെയ്തിട്ടുണ്ട്. സി.ഡി.എസിൽ ഞാൻ എം.ഫിൽ പഠനത്തിന് ചേർന്ന കാലം മുതൽ അവിടെവെച്ചും ആശയവിനിമയം നടത്തിയിട്ടുണ്ട്. ആത്മകഥയിൽ പറയുന്ന പലകാര്യങ്ങളും അന്ന് നേരിട്ട് കേട്ടിട്ടുള്ളതാണ്. ഔദ്യോഗിക കാലത്തു നടന്ന സംഭവങ്ങൾ എനിക്ക് അക്കാലത്തുതന്നെ അറിയാവുന്നവയുമാണ്. ആദ്യകാലത്ത് ഇടതു സഹയാത്രികനായിരുന്നതിനാൽ ഇടതുപക്ഷത്തെ മുറിപ്പെടുത്തുന്ന വാക്കും പ്രവൃത്തിയും തെറ്റാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. നവസാമൂഹികതയുടെ രാഷ്ട്രീയത്തെ മുൻനിർത്തുമ്പോൾ ഇടതുപക്ഷവുമായി സംഘർഷങ്ങൾ ഉണ്ടാവുന്നത് അക്കാലത്ത് ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും രാഷ്ട്രീയമായ ആർജവം അദ്ദേഹത്തെ ഒരു ധിക്കാരിയാക്കി മാറ്റുന്നുണ്ടായിരുന്നു.
കുഞ്ഞാമൻ സാറും രാഷ്ട്രീയ സമൂഹവും
തന്റെ ഗവേഷണം ഏറ്റവും സത്യസന്ധമായി കേരളത്തിലെ ആദിവാസി ജീവിതത്തിന്റെ സാമ്പത്തിക വശങ്ങൾ ചർച്ചചെയ്ത് കേരളത്തിലെ ആദിവാസി സമരത്തിന് ധൈഷണികമായ അടിത്തറ നൽകുമ്പോൾ അതിന്റെ പ്രായോഗിക സമരം ഇടതുപക്ഷത്തെ ബാധിക്കുമോ എന്ന രാഷ്ട്രീയമായ ആകുലതയിലായിരുന്നു അദ്ദേഹം. എന്നാൽ, ഇടതുപക്ഷമടക്കം കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ അദ്ദേഹത്തെ ഉൾക്കൊള്ളാൻ തയാറായിരുന്നില്ല. പിൽക്കാലത്ത് ആത്മകഥയിൽ അക്കാര്യം അദ്ദേഹംതന്നെ പറയുന്നുമുണ്ട്. രാഷ്ട്രീയത്തിലെ ഒരു സവിശേഷത ‘അകപ്പെട്ടവരുടെ’ (insiders) വാക്കുകൾക്കുള്ള പ്രാധാന്യം അകപ്പെടാത്ത സഹയാത്രികരുടെപോലും വിമർശനാത്മകമോ അല്ലാത്തതോ ആയ നിലപാടുകൾക്ക് ഉണ്ടാവില്ല എന്നതാണ്. ഇത്തരം കാര്യങ്ങൾ കുഞ്ഞാമൻ സാറുമായി അക്കാലത്തു ഞാൻ ധാരാളം ചർച്ചചെയ്തിട്ടുണ്ട്. പ്രതിബദ്ധത പാർട്ടിയോടായിരുന്നുവെങ്കിലും നവസാമൂഹികതയുടെ രാഷ്ട്രീയത്തിന്റെ പ്രാധാന്യം അദ്ദേഹം ഉൾക്കൊണ്ടിരുന്നു. പിന്നീട് അദ്ദേഹം ഒരു കടുത്ത പാർട്ടി വിമർശകനായി മാറിയത് എന്നെ അത്ഭുതപ്പെടുത്താത്തതിന് കാരണം കുഞ്ഞാമൻ സാറിന്റെ തിക്താനുഭവങ്ങൾ എനിക്ക് നേരിട്ടറിവുള്ളതാണ് എന്നതുകൊണ്ടാണ്. കേരളത്തിലെ സർവകലാശാല സംവിധാനത്തിനകത്തു തനിക്കർഹമായത് ലഭിക്കണം എന്നുമാത്രമേ അദ്ദേഹം ആഗ്രഹിച്ചിട്ടുള്ളൂ. എന്നാൽ, അതിനുവേണ്ടി പൊരുതാൻ സ്വയം ഇറങ്ങേണ്ടിവന്നത് സാറിനെ ആഴത്തിൽ മുറിവേൽപിച്ചു. അതിന്റെ അനന്തരഫലങ്ങൾ താങ്ങാനായില്ല. വ്യക്തിപരമായി ഒരു മൂകാവസ്ഥയിലേക്കു വളരെക്കാലം അദ്ദേഹം ആണ്ടുപോയത് ഈ തിരസ്കാരത്തിന്റെ ഫലമായായിരുന്നു.
ജനറല്‍ മെറിറ്റ് സീറ്റില്‍ പ്രഫസറാകാന്‍ അപേക്ഷിച്ചതിന്റെ പേരിൽ കേരള സർവകലാശാല സിന്‍ഡിക്കേറ്റ് ശത്രുവായി കണ്ടു എന്നത് അദ്ദേഹത്തെ ആഴത്തിൽ പിടിച്ചുലച്ച സംഭവമായിരുന്നു. സമീപകാലത്തെ ചില നിലപാടുകൾ പരക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ആ നിലപാടുകൾ പൂർണമായവയല്ല. ഒരു അക്കാദമിക് എന്ന നിലയിൽനിന്ന് പൊതുവീക്ഷണങ്ങൾ പറയുമ്പോൾ അതിനുപിന്നിലെ ചില ധൈഷണിക വശങ്ങൾ വിശദീകരിക്കാൻ അദ്ദേഹത്തിന് സാവകാശം ലഭിക്കുന്നുണ്ടായിരുന്നില്ല. മാധ്യമങ്ങൾ ബൈറ്റുകളിലേക്കു ചർച്ചകൾ ചുരുക്കുന്നതുകൊണ്ടും ആ രീതി അദ്ദേഹത്തിന് വഴങ്ങാത്തതുകൊണ്ടും നിലപാടുകളെക്കുറിച്ചു തെറ്റിദ്ധാരണകൾ ഉണ്ടാകാനിടയുണ്ട്. അതിന്റെ ആനുകൂല്യം അദ്ദേഹത്തിന് നൽകാൻ നമുക്ക് ബാധ്യതയുണ്ട്.
എം. കുഞ്ഞാമനെപ്പോലൊരു വലിയ പണ്ഡിതന് ഏറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന നിരവധി പദവികളുണ്ടായിരുന്നു. ആസൂത്രണ ബോര്‍ഡില്‍ അദ്ദേഹം ഒരിക്കലും ഉണ്ടായില്ല. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഉന്നത സ്ഥാനങ്ങളില്‍, ഉന്നത സമിതികളില്‍ അദ്ദേഹം ഉണ്ടാവേണ്ടതായിരുന്നു, പക്ഷേ, ഒഴിവാക്കപ്പെട്ടുകൊണ്ടിരുന്നു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഉന്നതപദവികൾ വിശ്വസ്തരെ ഏൽപിക്കാനുള്ള സ്ഥാനങ്ങളാണ്. അവർ ചിലപ്പോൾ അർഹരായിരിക്കാം, അല്ലായിരിക്കാം. അവരെക്കാൾ അർഹരായവർ ഉണ്ടായിരിക്കാം. കുഞ്ഞാമൻ സാറാവട്ടെ, അധികാരത്തോടുള്ള ഈ വിശ്വസ്തത ഒരു മെറിറ്റായി കണ്ടിരുന്നില്ല. സ്വത്വപരമായ സാമൂഹിക പരിമിതികൾ അദ്ദേഹം മുറിച്ചുകടക്കുമ്പോൾപോലും കേരളത്തിന്റെ രാഷ്ട്രീയ സമൂഹം അദ്ദേഹത്തെ ബഹിഷ്കരിച്ചിരുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്.
ഇനി നമ്മോടൊപ്പം അദ്ദേഹമില്ല. ‘Sreekumar, you may know better’ എന്ന വിനീതമായ ആമുഖത്തോടെ എനിക്കറിയാത്ത നിരവധി കാര്യങ്ങൾ ക്ഷമയോടെയും സ്നേഹത്തോടെയും ഉപദേശിച്ചുതന്ന ഗുരുവും പ്രതിഭാശാലിയുമായ ഒരു സുഹൃത്തിനെയാണ് വ്യക്തിപരമായി എനിക്ക് നഷ്ടപ്പെട്ടത്. കേരളീയ സമൂഹത്തിനും അദ്ദേഹം നൽകിയ വിലപ്പെട്ട ആത്മപാഠങ്ങളും സാമൂഹിക ദാർശനികതയും പുതിയ സമൂഹസൃഷ്ടിക്കുള്ള ഉപദാനങ്ങൾ കൂടിയാണെന്നതും തിരിച്ചറിയേണ്ടതുണ്ട്. എം. കുഞ്ഞാമൻ എന്ന ദാർശനികന്റെ ജീവിതത്തോടും മരണത്തോടും മരണാനന്തരമെങ്കിലും നീതിപുലർത്താൻ നമുക്ക് ബാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.