വീടില്ലാതെ അലയുന്നു സത്യം
text_fieldsബഹിഷ്കൃതരായ എല്ലാ സത്യങ്ങളും നേരുകളും നീതിയുമെല്ലാം ഒരു ആശ്വാസം കണ്ടെത്തുന്നത് എഴുത്തുകാരിലാണ്, സർഗാത്മക പ്രവർത്തകരിലാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഉത്തരവാദിത്തം ഏറെ വർധിക്കുന്നുണ്ട്. സത്യത്തെ സംരക്ഷിക്കുകയെന്ന ഒരു ചുമതലകൂടി എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കുമുണ്ട്- മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. മുകുന്ദൻ ഓർമപ്പെടുത്തുന്നു.
മാധ്യമ പ്രവർത്തനം വലിയ ബുദ്ധിമുട്ടുള്ള മേഖലയാണിപ്പോൾ. പഴയകാലത്ത് മാധ്യമ പ്രവർത്തനമെന്ന് പറയുന്നത് വളരെ എളുപ്പമായിരുന്നു. പണ്ട് ഞാൻ നാട്ടിൽ ജീവിച്ചിരുന്ന കാലത്ത് ഒരു പത്രപ്രവർത്തകന്റെ പ്രധാന ജോലി എവിടെയെങ്കിലും ഒരു മന്ത്രിയോ പ്രധാന വ്യക്തികളോ വരുന്ന സമയത്ത് അവിടെ പോവുക, പ്രസംഗം കുറിച്ചെടുക്കുക, അത് റിപ്പോർട്ട് ചെയ്യുക എന്നതൊക്കെ മാത്രമായിരുന്നു. അന്ന് ദൃശ്യമാധ്യമങ്ങൾ ഇല്ല. ഇതേ സാഹചര്യം തന്നെയാണ് ഞാൻ ഡൽഹിയിലും കണ്ടിരുന്നത്. പഴയകാലത്ത് ഐ.ഇ.എൻ.എസ് ബിൽഡിങ്ങിലാണ് (ഇപ്പോഴത് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി-ഐ.എൻ.എസ് ബിൽഡിങ് ആണ്) പ്രധാനപ്പെട്ട പത്രങ്ങളുടെയെല്ലാം ഓഫിസുകൾ പ്രവർത്തിച്ചിരുന്നത്. ദ ഹിന്ദു, മാതൃഭൂമി, മനോരമ എന്നിവയുടെയെല്ലാം ഓഫിസുകൾ അവിടെയായിരുന്നു. വൈകുന്നേരങ്ങളിൽ ഒരൽപം ഒഴിവുസമയം ലഭിച്ചാൽ ഞാൻ ഏതെങ്കിലുമൊരു പത്രത്തിന്റെ ഓഫിസിൽ ചെന്നിരിക്കുമായിരുന്നു. അങ്ങനെ ഇരുന്നാൽ പിറ്റേദിവസം പത്രം വായിക്കേണ്ട ആവശ്യമില്ലാത്ത വിധം പ്രധാനപ്പെട്ട വാർത്തകളെല്ലാം അവിടെനിന്ന് ലഭിക്കുമായിരുന്നു. അക്കാലത്ത് വാർത്തകൾ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ഇന്നതിന് മിന്നൽ വേഗമാണ്.
മാധ്യമ പ്രവർത്തനം ഒരുപാട് മാറിക്കഴിഞ്ഞു, അതിന്റെ സങ്കൽപം തന്നെ മാറിയിരിക്കുന്നു. വളരെയേറെ അപകടം പിടിച്ച മേഖലകൂടിയായി എന്നതാണ് മറ്റൊരു മാറ്റം. ഏതാണ്ട് എല്ലാ തൊഴിൽ മേഖലയിലും അപകടങ്ങളും വെല്ലുവിളികളുമുണ്ടാവാം; അവയെ നേരിടുതന്നെ വേണം.
എന്നെപ്പോലുള്ള എഴുത്തുകാരും മാധ്യമപ്രവർത്തകരും ചെയ്യുന്നത് ഒരേ ജോലിയാണ്. നമ്മൾ നേരിന്റെ പക്ഷത്ത് നിൽക്കുന്നു, നേര് വിളിച്ചു പറയുന്നു. പക്ഷേ, എഴുത്തുകാർ അവർക്ക് പറയാനുള്ള കാര്യങ്ങൾ കഥാപാത്രങ്ങളെക്കൊണ്ട് പറയിക്കാറാണ്, മാധ്യമ പ്രവർത്തകർ അവ നേരിട്ട് പറയും. അങ്ങനെ നോക്കുമ്പോൾ എഴുത്തുകാർ ഒരൽപം സുരക്ഷിതരാണ്, അപ്രിയ സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ ഞങ്ങൾക്ക് രക്ഷപ്പെടാൻ കഴിയും. ഞാനല്ല, എന്റെ കഥാപാത്രമാണ് പറഞ്ഞതെന്ന് വേണമെങ്കിൽ പറഞ്ഞ് രക്ഷപ്പെടാം.
നേരിന്റെ കൂടെ നടക്കുന്നവരാണ് മാധ്യമ പ്രവർത്തകർ. ഓരോ മാധ്യമ പ്രവർത്തകരും സത്യത്തിന്റെ ഗൺമാനാണ്. കൈകളിൽ ഗൺ ഇല്ലെന്ന വ്യത്യാസം മാത്രമേയുള്ളൂ. മാധ്യമ പ്രവർത്തകരാണ് സത്യത്തിന് സുരക്ഷയേകി സംരക്ഷിക്കേണ്ടത്.
സത്യമാകട്ടെ, ഇന്ന് വീടില്ലാതെ അലഞ്ഞു നടക്കുകയാണ്. പഴയകാലത്ത് നാം സത്യത്തെ ദർശിച്ചിരുന്നത് രാഷ്ട്രീയ രംഗത്തായിരുന്നു, അല്ലെങ്കിൽ മതത്തിൽനിന്നായിരുന്നു. എന്നാൽ, ഇന്ന് മതത്തിന്റെ ലോകത്തുനിന്നും രാഷ്ട്രീയത്തിന്റെ ഇടങ്ങളിൽനിന്നുമെല്ലാം മതം ബഹിഷ്കൃതമായിരിക്കുന്നു.
അനാഥമായി അലയുന്ന സത്യത്തിന് തലചായ്ക്കാൻ ഒരിടം വേണമല്ലോ. ബഹിഷ്കൃതരായ എല്ലാ സത്യങ്ങളും നേരുകളും നീതിയുമെല്ലാം ഒരു ആശ്വാസം കണ്ടെത്തുന്നത് എഴുത്തുകാരിലാണ്, സർഗാത്മക പ്രവർത്തകരിലാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഉത്തരവാദിത്തം ഏറെ വർധിക്കുന്നുണ്ട്. സത്യത്തെ സംരക്ഷിക്കുകയെന്ന ഒരു ചുമതലകൂടി എഴുത്തുകാർക്കും മാധ്യമ പ്രവർത്തകർക്കുമുണ്ട്.
രാഷ്ട്രീയത്തിൽ സത്യത്തിന് സ്ഥാനമില്ല. എന്തു കൊണ്ടെന്നാൽ, ഭരണപക്ഷം പറയുന്ന സത്യം പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം നുണയാണ്. പ്രതിപക്ഷം പറയുന്ന സത്യം ഭരണപക്ഷത്തിന് നുണയായാണ് അനുഭവപ്പെടുന്നത്.
സത്യവും നുണയും ആപേക്ഷികമായി മാറിയിരിക്കുകയാണ്.
നേരിന്റെ കൂടെ സഞ്ചരിക്കുകയെന്നത് വളരെ അപകടകരമാണ്. എന്നാൽ, നുണകളുടെ കൂടെ നടക്കൽ എളുപ്പവുമാണ്, അതുകൊണ്ടാണ് പലരുമിന്ന് സത്യത്തെ ഉപേക്ഷിച്ച് നുണകൾക്ക് അകമ്പടി പോകുന്നത്. അത് സുരക്ഷിതമാണ്. നാം എളുപ്പവഴിയും സുരക്ഷയും തേടിപ്പോവുകയല്ല വേണ്ടത്. മറിച്ച് സത്യങ്ങൾ എന്താണെന്നുപോലും തിരിച്ചറിയാത്ത കാലത്ത് സത്യത്തെ സംരക്ഷിക്കുക എന്നതുതന്നെയാണ് എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ഏറ്റവും വലിയ കടമ.
എനിക്ക് ഒരു പാട് മാധ്യമ സുഹൃത്തുക്കൾ ഉണ്ടായിരുന്നു, മാധ്യമ പ്രവർത്തനത്തിൽ വന്ന മാറ്റങ്ങളെ ഞാൻ കുറേയൊക്കെ നിരീക്ഷിക്കാറുണ്ട്. ഞാൻ കണ്ടതിൽ വലിയ മാറ്റം, പണ്ട് പല പത്രങ്ങളെയും ജനം തിരിച്ചറിഞ്ഞിരുന്നത് പത്രാധിപരുടെ പേരിലായിരുന്നു. ഉദാഹരണത്തിന്, പാട്രിയറ്റ് എന്ന പത്രം ഉണ്ടായിരുന്നു, അത് അറിയപ്പെട്ടിരുന്നത് അതിന്റെ പ്രഗല്ഭ പത്രാധിപരായ എടത്തട്ട നാരായണന്റെ പേരിലായിരുന്നു. അങ്ങനെയായിരുന്നു മറ്റ് ഓരോ പത്രങ്ങളും അവയുടെ എഡിറ്റർമാരും. എന്നാൽ, ഇന്ന് പത്രാധിപന്മാർ ഇല്ലാതായിരിക്കുന്നു. അവരുടെ റോൾ വളരെയേറെ ചുരുക്കപ്പെട്ടു. ആ സ്ഥാനത്ത് അമേരിക്കയിൽനിന്നും മറ്റ് വിദേശ രാജ്യങ്ങളിൽനിന്നും എം.ബി.എ പഠിച്ചുവരുന്നവരാണ് പത്രം നടത്തുന്നത്. അതായത് പത്രങ്ങൾ കോർപറേറ്റ് സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. പഴയകാലത്ത് അതായിരുന്നില്ല. നീതിക്കുവേണ്ടിയുള്ള പരിശ്രമങ്ങളിൽ പങ്കാളികളാവുക എന്നുൾപ്പെടെ സ്വാതന്ത്ര്യസമര കാലത്തടക്കം വലിയ ലക്ഷ്യങ്ങൾ പത്രങ്ങൾക്കുണ്ടായിരുന്നു, ഇപ്പോൾ അതില്ല.
ഇടതുപക്ഷ മനോഭാവമുള്ളവരാണ് നമ്മളെന്ന് പറയും, എങ്കിലും മൂലധന വ്യവസ്ഥയുടെ സ്വഭാവങ്ങളും നിയമങ്ങളും വഴികളുമാണ് നാം പിന്തുടരുന്നത്. മത്സരവും ഉപഭോഗ സംസ്കാരവുമൊന്നും ഇടതുപക്ഷ മനോഭാവത്തിന് ചേരുന്നതല്ല. കേരളത്തിൽ ഇടതുപക്ഷം എന്നു പറഞ്ഞുകൊണ്ടുതന്നെ നമ്മൾ ഈവിധ സ്വഭാവവിശേഷങ്ങളെല്ലാം സ്വാംശീകരിക്കുന്നുണ്ട്. വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും വേർതിരിക്കുന്ന അതിര് എവിടെയാണെന്ന് ഇന്ന് നമുക്കറിയില്ല. വലതും ഇടതും എന്നത് ഏകദേശം ഒന്നായി മാറിയിരിക്കുന്നു.
ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം മാധ്യമരംഗത്ത് സ്ത്രീകൾ കൂടുതലായി കടന്നുവരുന്നു എന്നതാണ്. നമ്മുടെ ദൃശ്യമാധ്യമ രംഗം ഏറെക്കുറെ പെൺകുട്ടികൾ കൈയടക്കിയിരിക്കുന്നു. അത് നല്ലതാണ്. സ്ത്രീകൾക്ക് സത്യസന്ധമായി കാര്യങ്ങൾ പറയാൻ കഴിയുന്നുണ്ട്. ആൺകുട്ടികളും ഇനിയും ഈ മേഖലയിലേക്ക് കടന്നുവരണം. സത്യത്തിന് കാവൽ നിൽക്കാൻ, ഈ കർമഭൂമിയിൽ വിജയികളാവാൻ ഏവർക്കും സാധിക്കട്ടെയെന്നാശംസിക്കുന്നു.
(കാലിക്കറ്റ് പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം ബിരുദദാന ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽനിന്ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.